UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ഇര രാജീവിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Avatar

രാകേഷ് സനല്‍

പ്രകൃതിയുടേയും മനുഷ്യന്റെയും മേല്‍ ഒരുപോലെ പെയ്തിറങ്ങിയ വിഷമായിരുന്നു എന്‍ഡോസള്‍ഫാന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കാസറഗോഡന്‍ ഗ്രാമങ്ങളില്‍ ആ ദുരിതത്തിന്റെ ഇരകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഈ മണ്ണില്‍ നിന്നും വിഷം മാഞ്ഞിട്ടുണ്ടെയെന്ന് സംശയം. എന്നോ കഴിഞ്ഞ കഥപോലെ ആ ദുഷിച്ച കാലത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നവരോട് പറയട്ടെ, ഇനിയൊരു അമ്പതുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തിന്റെ ബീജങ്ങള്‍ ഈ മണ്ണും മനുഷ്യനും പേറേണ്ടി വരും. കെട്ടകാലത്തിന്റെ ആകുലതകളെ അടയാളപ്പെടുത്തിക്കൊണ്ട് കുത്തിനോവിച്ച മനസുമായി ഇപ്പോഴും ഒരു കൂട്ടം മനുഷ്യര്‍ ഇവിടങ്ങളില്‍ ജീവിക്കുന്നുണ്ടെന്നു കൂടി അറിയണം. അവരൊക്കെ ഇപ്പോഴും ഭരണകൂടത്തിന്റെ ദയ തേടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകള്‍ക്കനുകൂലമായി ഇടപെട്ടിട്ടില്ല എന്നല്ല, മറിച്ച് ചെയ്തതിനേക്കാള്‍ കൂടുതലായി ഇനിയും പലതും ചെയ്യാനുണ്ടെന്ന് ഒരിക്കല്‍ ഓര്‍മപ്പെടുത്തുകയാണ് ഈ പരമ്പരയിലൂടെ…(കാസര്‍ഗോഡ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്)മുന്‍ഭാഗങ്ങള്‍ ഇവിടെ വായിക്കാം; അമ്മമാര്‍ ഉറങ്ങാത്ത നാട്55-കാരി മകള്‍ക്ക് താങ്ങ് 80-നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയുംഇരകളുടെ ലോകത്തെ മറ്റ് ചില വേട്ടക്കാര്‍; സുരേന്ദ്രനും അപ്പുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ബെള്ളൂരിലെ രാജീവി ഇന്നലെ അത്മഹത്യ ചെയ്തു. ജീവിക്കാനുള്ള കൊതി തീര്‍ന്നതുകൊണ്ടല്ല, ജീവിക്കാനുള്ള വഴി അടഞ്ഞതുകൊണ്ട്. എന്‍ഡോസള്‍ഫന്‍ ബാധിതയായ രാജീവി ദീര്‍ഘനാളായി ഹൃദ്രോഗത്തിന് അടിമയായിരുന്നു. സര്‍ക്കാര്‍ ലിസ്റ്റില്‍ പെട്ടിട്ടുണ്ടെങ്കിലും 1200 രൂപയുടെ പെന്‍ഷന്‍ മാത്രമായിരുന്നു രാജീവിക്കു ആകെ കിട്ടിക്കൊണ്ടിരുന്ന സഹായം. ദാരിദ്ര്യം മൂടിയ ജീവിതം തള്ളി നീക്കാന്‍ പോലും തികയാതിരുന്ന ഈ തുക കൊണ്ട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ചിന്തിക്കാന്‍പോലും ആ സ്ത്രീക്ക് സാധിക്കില്ലായിരുന്നു. രണ്ടാണ്‍മക്കള്‍ ഉണ്ടെങ്കിലും അവരെക്കൊണ്ട് അമ്മയുടെ ദൈനംദിന ചികിത്സകള്‍ ഏതുവിധമെങ്കിലും നടത്തിക്കൊണ്ടുപോവുകയല്ലാതെ വലിയ തുക മുടക്കി ഓപ്പറേഷന്‍ ചെയ്യുക എന്നത് അസാധ്യമായിരുന്നു. എല്ലാ ദുഃഖങ്ങള്‍ക്കും അവസാനമുണ്ടാകട്ടെ എന്നു കരുതിയാണ് രാജീവി ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ വിവരങ്ങള്‍ പറഞ്ഞു തരുമ്പോള്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാഷ് രാജീവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കിട്ടാന്‍ കാത്തു നില്‍ക്കുകയായിരുന്നു.

ഇവിടെ ഇതൊക്കെ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുകയാണ്;

മാഷ് പലതിന്റെയും ഓര്‍മപ്പെടുത്തലുകളെന്നവണ്ണം പറഞ്ഞു.

രാജീവി ജീവിതം അവസാനിപ്പിക്കുന്നതിനു മുമ്പാകണം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്രകാരം കുറിച്ചത്; 

എന്‍ഡോസള്‍ഫാന്റെ പ്രയോഗം നിരോധിച്ചിട്ട് 16 വര്‍ഷമാകുന്നു. എന്നിട്ടും രോഗാതുരതയുടെ കാര്യത്തില്‍ കുറവ് വന്നിട്ടില്ല. ജനിതകവൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ഇന്നും പിറന്ന് വീഴുന്നു. ഇത് ഗൗരവതരമായ കാര്യമാണ്. നാളെയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങളാണ് ദുരിതമേറ്റുവാങ്ങുന്നതില്‍ അധികവും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളെ മനസ്സില്‍ കണ്ട് ഏഴോളം ബഡ്‌സ് സ്‌കൂളുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ ശാരീരികമാനസികസാമൂഹിക വളര്‍ച്ചയാണ് ഈ സ്‌കൂളുകളിലൂടെ ഉദ്ദേശിക്കുന്നത്.

ഈ സ്‌കൂളുകളില്‍ പലയിടത്തും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് മനസ്സിലാക്കുന്നു. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതിയും പഠനരീതിയും നടപ്പാക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹകരണം ഉണ്ടായാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന എല്ലാ ബഡ്‌സ് സ്‌കൂളുകള്‍ക്കും പുതുജീവന്‍ പകരുവാന്‍ സാധിക്കും. ഏറ്റവും മികച്ച പഠനസൗകര്യങ്ങള്‍ ഒരുക്കി നല്‍കുവാനുമാകും.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കേവലം ഒരു ജില്ലയ്ക്കകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള ഗൗരവ ചര്‍ച്ചാവിഷയമായിരിക്കുന്നു അത്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പഠനത്തിനും റിപ്പോര്‍ടിങ്ങിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലരുമെത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇവിടെ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങിനിന്ന പ്രശ്‌നമായിരുന്നുവത്. 1977 മുതല്‍ തുടര്‍ച്ചയായി 23 വര്‍ഷമാണിവിടെ കീടനാശിനി പ്രയോഗമുണ്ടായത്. രണ്ട് പതിറ്റാണ്ടുകാലമാണ് ഇവിടുത്തെ ജനത മാരകമായ ഈ കീടനാശിനിയുടെ ഇരകളായത്.

ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ നിരവധി സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ബജറ്റില്‍ 10 കോടി രൂപയാണ് ഇതിന് വേണ്ടി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. വായ്പകള്‍ക്ക് മേലുള്ള റെവന്യൂ റിക്കവറിക്ക് മേലുള്ള മൊററ്റോറിയം ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റെവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കുവാന്‍ മന്ത്രിസഭായോഗം നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. കൃത്യസമയത്ത് തന്നെ അതെല്ലാം പൂര്‍ത്തിയാക്കും.

പിണറായിയുടെ വാക്കുകളെ വിശ്വസിക്കാം. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ നവകേരള മാര്‍ച്ച് പിണറായി ആരംഭിച്ചത് കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നിന്നായിരുന്നു. ആ യാത്രയുടെ അവസാനം പിണറായി നടന്നു കയറിയത് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കാണ്. യാത്രയുടെ തുടക്കത്തില്‍ പിണറായി നല്‍കിയ വാക്കുകളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തുന്ന ഏതാനും നടപടികള്‍ മുഖ്യമന്ത്രിയായ പിണറായി ചെയ്തു കഴിഞ്ഞു. ഇനിയും ചെയ്യാന്‍ പലതും ഉണ്ടെന്നു സമ്മതിച്ചുകൊണ്ടു തന്നെ, ആ ഉത്തവാദിത്വം നിര്‍വഹിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

ഇങ്ങനെ കുറെ മനുഷ്യരുണ്ടെന്ന് ഓര്‍മയെങ്കിലും പിണറായി വിജയനുണ്ടല്ലോ, അതു തന്നെ ഈ മുഖ്യമന്ത്രിയുടെ മനുഷ്യത്വത്തെ വെളിപ്പെടുത്തുന്നു. തന്റെ വീട്ടുപടിക്കലും പിന്നീട് സെക്രട്ടേറിയേറ്റിനു മുന്നിലും പട്ടിണിസമരം കിടന്ന കുറെ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പറഞ്ഞു പറ്റിച്ച മുന്‍ഗാമിയെക്കാള്‍ എന്തുകൊണ്ടും മാന്യന്‍.

എന്നാലും പിണറായിയോട് ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

രാജീവിയെ ഒറ്റപ്പെട്ട സംഭവമായി കാണരുത്. രാജീവിക്കു മുന്‍ഗാമികളുണ്ടായിരുന്നു. രാജീവിയെ അനുകരിക്കുന്നവരും ഇനിയുണ്ടാകും. എല്ലാ വഴികളും അടയുമ്പോള്‍ മരണം തെരഞ്ഞെടുക്കുന്നതില്‍ അവര്‍ തെറ്റുകാണില്ല, ഒരുവേള അവര്‍ അതുവരെ ജീവിച്ചു തീര്‍ത്ത ജീവിതത്തെ കുറിച്ചറിയുമ്പോള്‍ നമ്മളും ചിന്തിക്കുക അങ്ങനെ തന്നെ.

1977 മുതല്‍ 2000 വരെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധനം വന്നിട്ട് തന്നെ ഇപ്പോള്‍ 16 കൊല്ലം കഴിഞ്ഞു. ഇക്കാലമത്രയും ഒരു ജനത തലമുറവ്യത്യാസത്തോടെ മാരക വിഷത്തിന്റെ ഇരകളായി ജീവിതം ഹോമിക്കേണ്ടി വരികയാണ്. 16 വര്‍ഷമല്ല, ഇനിയൊരു അമ്പത് വര്‍ഷത്തേക്കു കൂടി ഈ രോഗദുരിതം കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. രണ്ടു മാസങ്ങള്‍ക്കു മുമ്പു പിറന്ന രണ്ടു കുഞ്ഞുങ്ങള്‍ അതിനുദാഹരണമാണ്. തലവളര്‍ന്ന കുട്ടികള്‍ എന്നോ എടുത്ത ഫോട്ടോയില്‍ മാത്രമാണെന്ന സമാധാനം വേണ്ടെന്നു തന്നെയാണു പറയുന്നത്. മാനസികവൈക്യലം ബാധിച്ചവര്‍, അംഗവൈകല്യം ബാധിച്ചവര്‍, ഹൃദയം കരള്‍, വൃക്കരോഗങ്ങള്‍ ബാധിച്ചവര്‍; എന്നിങ്ങനെ പലരൂപത്തിലും ഇരകള്‍ ഇനിയുമുണ്ടാകാം. ഉണ്ടാകല്ലേ എന്നു നമ്മളൊക്കെ പ്രാര്‍ത്ഥിച്ചാല്‍ പോലും. അത്രരൂക്ഷമത്രേ എന്‍ഡോസള്‍ഫാന്‍ എന്ന കുത്തകവിഷത്തിന്റെ വീര്യം. പ്രകൃതിയെ തന്നെ നശിപ്പിച്ചു കളയാന്‍ അതിനുശക്തിയുണ്ടെങ്കില്‍ മനുഷ്യന് എങ്ങനെ പ്രതിരോധിക്കാന്‍ കഴിയും?

കാസര്‍ഗോഡെ അമ്മമാരുടെ മുലപ്പാലിലും രക്തത്തിലും വരെ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് നടത്തിയ പരിശോധനയില്‍ കുമ്പടാജയിലെ ലളിതമ്മ എന്ന സത്രീയുടെ മുലപ്പാലില്‍ കണ്ടെത്തിയത് 22.4 പിപിഎം(പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്‍ഡോസള്‍ഫാന്‍ ആയിരുന്നു. മുത്തക്ക അമ്മ എന്ന സ്ത്രീയുടെ രക്തത്തില്‍ കണ്ടെത്തിയത് 176. 9 പിപിഎം വിഷവും. ഒന്നോര്‍ക്കണം വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ അനുവദനീയമായ അളവ് 0.18 മാത്രമാണ്!

ഈ ഭയം ഇപ്പോഴും കാസര്‍ഗോഡ് നിന്നും ഒഴിവായി പോയിട്ടില്ലെന്നു തന്നെയാണ് അനുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെയാണ് രോഗാതുരതയുടെ കാര്യത്തില്‍ ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കേണ്ടതും.

ഈ സര്‍ക്കാര്‍ ചുതലയേറ്റ് നൂറുദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി ചെയ്ത നല്ല കാര്യങ്ങള്‍ സ്മരിച്ചുകൊണ്ടു തന്നെ, മുഖ്യമന്ത്രിയുടെ വാക്കുകളോട് യോജിച്ചു പറയുകയാണ്; ഇനിയുമേറെ കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്. കൃത്യസമയത്ത് തന്നെ അതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ ചെയ്യാമായിരുന്ന, അല്ലെങ്കില്‍ ചെയ്യാതിരുന്ന ചില അടിസ്ഥാന കാര്യങ്ങള്‍ ഉടനടി ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായെങ്കില്‍ മാത്രമെ, അങ്ങു നല്‍കിയിരിക്കുന്ന വാക്കിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.

ഒരുപക്ഷേ മുഖ്യമന്ത്രിക്ക് അറിവുള്ളതാകാം, അതല്ലെങ്കില്‍ ഓര്‍മിപ്പിക്കട്ടെ, സര്‍ക്കാര്‍ കണക്കുകകളില്‍ പറയുന്നതുപോലെ 4,600 ഓളം പേര്‍ മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കാസര്‍ഗോഡുള്ളത്. 2010 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് 4182 പേരെ രോഗബാധിതരായി കണ്ടെത്തിയത്. 2011 ല്‍ നടത്തിയ ക്യാമ്പില്‍ 1318 പേരെ കണ്ടെത്തി. 2013 ലെ ക്യാമ്പില്‍ 337 പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ആ വര്‍ഷം അപേക്ഷ നല്‍കിയത് 12,000 പേര്‍. പ്രൈമറി സ്‌ക്രീനിംഗില്‍ ഇവരില്‍ നിന്നും 6000 പേരെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. അവരില്‍ നിന്നാണ് 337 പേരെ ലിസ്റ്റില്‍ പെടുത്തിയത്. ഒരുപക്ഷേ ഇപ്പോള്‍ ചിലര്‍ പറയുന്നതുപോലെ കാശ് കിട്ടാന്‍ വേണ്ടി ഇല്ലാത്ത രോഗത്തിന്റെ പേരില്‍ ലിസ്റ്റില്‍ കയറിക്കൂടാന്‍ വന്നവരായിരിക്കാം ബാക്കിയുള്ളവരെല്ലാം. എന്നല്‍ ഒന്നു ചോദിക്കട്ടെ, ആരാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരേയും അല്ലാത്തവരേയും തെരഞ്ഞെടുത്തത്? സാധാരണ ഡോക്ടര്‍മാര്‍. എന്‍ഡോസള്‍ഫാന്‍ സാധ്യത കണ്ടെത്താന്‍ തക്ക പരിജ്ഞാനമുള്ളവരായിരുന്നോ അവര്‍? ഇവരെപോലുള്ളവര്‍ തന്നെയല്ലേ എന്‍ഡോസള്‍ഫാന്‍ ബാധിതമായി വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സയില്ലെന്നു വിധിയെഴുതിയവരും? കാസര്‍ഗോഡ് ഒരു ന്യൂറോസര്‍ജന്‍ ഉണ്ടോ? വിഗദ്ധരായ ഡോക്ടര്‍മാരുടെ സേവനം എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്തുന്നതിനോ ചികിത്സിക്കുന്നിനോ നാളിതുവരെ ഏര്‍പ്പാടാക്കിയിട്ടുണ്ടോ?

സര്‍ക്കാര്‍ ലിസ്റ്റില്‍ കൂടുതല്‍ ഇരകളെ ഉള്‍പ്പെടുത്താത് ബോധപൂര്‍വമാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കശുമാവിന്‍ മരങ്ങള്‍ പിഴുതുമാറ്റി റബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കുതന്ത്രം എന്നപോലെ പരമാവധി അളുകളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെ കുറവാണെന്നു ആരെയൊക്കെയോ ബോധ്യപ്പെടുത്താനുള്ള കളികളാണ് നടക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്നും മുഖ്യമന്ത്രിക്ക് അന്വേഷിക്കാം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ കൂടിയാണ്. ഇപ്പോഴും കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളിലായി എത്ര രോഗികള്‍ ഉണ്ടെന്ന കണക്ക് സര്‍ക്കാരിന് ഇല്ല. അതുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഇപ്പോള്‍ ലിസ്റ്റില്‍പ്പെട്ടവര്‍ക്കുപോലും അര്‍ഹമായ സഹായങ്ങള്‍ (രാജീവിയുടെ കാര്യം എടുക്കുക, അവര്‍ ഒന്നാം കാറ്റഗറി ലിസ്റ്റില്‍പ്പെട്ട രോഗിയായിരുന്നു) കിട്ടുന്നില്ലെന്നിരിക്കെ അവഗണിക്കപ്പെട്ടുപോയവരുടെ അവസ്ഥ എത്രഭയങ്കരമായിരിക്കും. ഇതില്‍ ഭൂരിഭാഗം കുടുംബങ്ങളും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. കുട്ടികളും പ്രായമായവരുമായി പലതരം രോഗങ്ങളാല്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ഇത്തരം വീടുകളിലുണ്ട്. ഭര്‍ത്താക്കന്മാരില്ലാത്ത എത്രയോ അമ്മമാര്‍ അസുഖബാധിതരായ തങ്ങളുടെ കുട്ടികളെ നോക്കാന്‍ കഷ്ടപ്പെടുന്നു. ഈ കുട്ടികളെ വിട്ട് വീടിനു പുറത്തുപോലും സാധിക്കാത്തവരായിരിക്കും മിക്ക അമ്മമാരും, അവര്‍ക്കെങ്ങനെ ജോലിക്കു പോകാന്‍ സാധിക്കും? കുഞ്ഞുങ്ങളുടെ ചികിത്സ നടത്താന്‍ സാധിക്കും? ക്വാറിയിലും തോട്ടങ്ങളിലും പണിക്കുപോയി അന്നന്നത്തെ കാര്യം മാത്രം നടന്നുപോകാനുള്ള വരുമാനം കിട്ടുന്ന നിരവധി അച്ഛന്മാര്‍ സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ നട്ടംതിരിയുന്ന കാഴ്ചയും കാസര്‍ഗോഡുണ്ട്. മടിക്കൈയിലെ നന്ദനെയന്ന കുട്ടിയുടെ കാര്യമൊക്കെ എത്ര ദയനീയമാണ്. ഇന്നേവരെ ആ കുഞ്ഞിന് സര്‍ക്കാര്‍ ധനസഹായം കിട്ടിയിട്ടില്ല.12 വര്‍ഷമായി ഉറങ്ങാന്‍ പോലുമാകാത്ത ഒരു കുട്ടിയാണത്. സര്‍ക്കാര്‍ ലിസ്റ്റില്‍ പെട്ടിട്ടില്ല. ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടതല്ലാതെ ഇന്നേവരെ അതു കിട്ടിയിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ കുത്തുവാക്കുകള്‍ മിച്ചം. ഒന്നുമില്ലെങ്കില്‍ സെല്ലിന്റെ ഓഫിസ് താഴത്തെ നിലയിലേക്കെങ്കിലും മാറ്റാനുള്ള സൗമനസ്യമെങ്കിലും ഉണ്ടാകണം. പല അമ്മമാരും ഓരോരോ വിവരങ്ങള്‍ തിരക്കാന്‍ അവരുടെ വയ്യാത്ത കുട്ടികളുമായിട്ടാണ് പടികള്‍ കയറി സെല്ലിന്റെ ഓഫിസില്‍ എത്തുന്നത്. 

രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകളാണ് ഒരുപരിധിവരെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് 4600 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 1000 രൂപാവീതം ഓണസമ്മാനം പ്രഖ്യപിച്ച സര്‍ക്കാര്‍ നടപടി ഏറെ ശ്ലാഘനീയമായിരുന്നു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓണത്തിനു എന്‍ഡോസള്‍ഫാന്‍ ഇരകളെ കുറിച്ച് ഓര്‍ക്കുന്നതു തന്നെ.

പക്ഷേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഓണം കഴിഞ്ഞ് ഇത്രനാളായിട്ടും 4600 പേരില്‍ എത്രപേര്‍ക്ക് ആ ഓണസമ്മാനം കിട്ടി എന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. അല്ലെങ്കില്‍ തങ്ങളെ പറഞ്ഞു പറ്റിച്ച മറ്റൊരു മുഖ്യമന്ത്രി എന്ന് ആ പാവങ്ങള്‍ അങ്ങേക്കുറിച്ചും കരുതേണ്ടി വരും. ഓണസമ്മാനം പ്രഖ്യാപിച്ച മന്ത്രിസഭയുടേയോ മുഖ്യമന്ത്രിയുടേയോ തെറ്റല്ല ഇതൊന്നും. പക്ഷേ താഴെ തട്ടിലെ ഒരുദ്യോഗസ്ഥന്‍ ആണ് ഈവക കാര്യങ്ങളില്‍ തെറ്റ് ചെയ്യുന്നതെങ്കില്‍ പോലും അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാകും.

രാജീവിയുടെ കാര്യത്തിലേക്ക് ഒന്നുകൂടി വരാം, അവര്‍ കാറ്റഗറി ഒന്നില്‍പ്പെട്ട ഒരു എന്‍ഡോസള്‍ഫാന്‍ ഇരയായിരുന്നിട്ടും, ഇക്കൊല്ലമത്രയും പെന്‍ഷന്‍ ഒഴികെ അവര്‍ക്കൊരു ധനസഹായവും കിട്ടിയില്ല. എന്തുകൊണ്ട്? രാജീവി ആരോടും ഒന്നും അപേക്ഷിക്കാതിരുന്നിട്ടല്ല, അവര്‍ക്ക് കിട്ടേണ്ട സഹായം നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ അവരെ മരണത്തിലേക്കും തള്ളിവിട്ടു. ഇങ്ങനെയുള്ള രാജീവിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് നീതി പുലര്‍ത്തിയെന്നു പൂര്‍ണമായി പറയാന്‍ നമുക്കിവില്ലല്ലോ. അതിനാല്‍ എത്രയും വേഗം ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുണ്ട്. അതേ കുറിച്ച് അടുത്ത ഭാഗത്തില്‍…

തുടരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍