UPDATES

സിനിമ

രാജേഷ് പിള്ള; മലയാള സിനിമയുടെ ട്രാഫിക് ബ്ളോക്ക് മാറ്റിയ സംവിധായകന്‍

Avatar

ജെ. ബിന്ദുരാജ്

മരണത്തിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജേഷ്… ശനിയാഴ്ച രാവിലെ രാജേഷ് മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കൊച്ചിയിലെ പി വി എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ ജീവന്മരണപോരാട്ടത്തിലായിരുന്നിരിക്കണം ആ സംവിധായകന്‍. രാജേഷിന്റെ ‘വേട്ട’ തീയേറ്ററുകളില്‍ തലേന്ന് റിലീസ് ചെയ്യപ്പെട്ടപ്പോള്‍ പിറ്റേന്ന് മരണം ഈ സംവിധായകനെ വേട്ടയാടുമെന്ന് ആരും കരുതിയിരുന്നതല്ല. ദൈവം സംവിധാനം ചെയ്യുന്ന തിരക്കഥയുടെ സസ്‌പെന്‍സ് ആര്‍ക്കും പ്രവചിക്കാനാവില്ലല്ലോ. ഒരു മനുഷ്യജീവന്‍ നിലനിര്‍ത്താനുള്ള പൊരുതലായിരുന്നു രാജേഷിന്റെ രണ്ടാമത്തെ ചിത്രമായ ട്രാഫിക്. പക്ഷേ ആ സിനിമയ്ക്ക് ജീവന്‍ നല്‍കിയ സംവിധായകന്റെ ജീവന്‍ ജീവന്‍രക്ഷാ യന്ത്രങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും രക്ഷിക്കാനാകുന്നതിനുമപ്പുറം വഷളായി മാറിയിരുന്നു വേട്ടയുടെ ഷൂട്ടിങ്ങിനിടയില്‍. പലവട്ടം ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയപ്പോഴും അവയൊന്നും ശ്രദ്ധിക്കാതെ എങ്ങനേയും സിനിമ റിലീസിനൊരുക്കണമെന്ന ചിന്തയായിരുന്നു വാസ്തവത്തില്‍ രാജേഷിന്റെ ജീവന്‍ കവര്‍ന്നത്. അവസാനശ്വാസം വരേയ്ക്കും സിനിമയായിരുന്നു രാജേഷ് പിള്ളയുടെ വര്‍ത്തമാനങ്ങളില്‍. ‘ട്രാഫിക്കി’നുശേഷം ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസും’ ‘ലൂസിഫറു’മായിരുന്നു രാജേഷിന്റെ മനസ്സിലെങ്കിലും അവയൊന്നും യാഥാര്‍ത്ഥ്യമാകാന്‍ കാത്തുനില്‍ക്കാതെ മലയാള സിനിമയുടെ ട്രാഫിക് മാറ്റിയ സംവിധായകന്‍ വിടവാങ്ങി.

പലവട്ടം പലയിടങ്ങളിലും വച്ചു കണ്ടിട്ടുണ്ട് രാജേഷിനെ. അപ്പോഴൊക്കെ സമീപകാലത്ത് മറ്റുള്ളവര്‍ കണ്ട സിനിമകളെപ്പറ്റിയുള്ള അഭിപ്രായമാണ് അദ്ദേഹം ആദ്യം ആരായുക. സിനിമയല്ലാതെ മറ്റൊരു കാര്യവും രാജേഷ് പറയുമായിരുന്നില്ല. ഊണിനും ഉറക്കത്തിലുമൊക്കെ സിനിമ തന്നെ. നടക്കാതെ പോയ, ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്ന ചിത്രങ്ങളുണ്ടായിരുന്നു പലപ്പോഴും രാജേഷിന്റെ സ്വകാര്യ വേദനകളായി. 1980 മുതല്‍ 2012 വരെയുള്ള കാലയളവിലെ ഒരു ബൈക്കിന്റെ പുരാണമായിരുന്നു മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. ഒരു ബൈക്ക് കടന്നുപോയ വഴികളും കാലഘട്ടത്തിന്റെ മാറ്റങ്ങളും അതിന്റെ 1980-ലേയും 2012-ലേയും ഉടമസ്ഥന്മാരുടെ ജീവിതങ്ങളിലൂടെയുള്ള കഥനവുമാണ് രാജേഷ് മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ പദ്ധതിയിട്ടത്.

നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനുമായിരുന്നു നായകസ്ഥാനങ്ങളില്‍. അതേസമയം ഒരു മോഹന്‍ ലാല്‍ ആരാധകനു വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കാനുള്ള ചേരുവ ചിത്രമായിട്ടാണ് രാജേഷ് മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിനെ കണ്ടിരുന്നത്. തിരുവനന്തപുരത്ത് വച്ചൊരിക്കല്‍ രാജേഷിനെ കണ്ടപ്പോള്‍ ലൂസിഫറിനെപ്പറ്റി തിരക്കിയിരുന്നു. ‘മുരളി ഗോപി എഴുതിയ സ്‌ക്രിപ്റ്റായതിനാല്‍ നിന്നോട് അതേപ്പറ്റി പറയാനാവില്ലെന്നായിരുന്നു’ രാജേഷിന്റെ മറുപടി.

‘മോട്ടോര്‍ സൈക്കിള്‍ ഡയറീസിന്റെ കഥ ഞാനും കൂടി ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നിന്നോട് പറയുന്നതില്‍ കുഴപ്പമില്ല. പക്ഷേ മുരളി ഗോപി ലൂസിഫറിന്റെ കഥ പുറത്തു പറയരുതെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നീ പത്രക്കാരനായതു കൊണ്ട് നിന്നെ വിശ്വസിക്കാന്‍ പറ്റില്ല. നിനക്ക് ആവശ്യം വരുന്ന സമയത്ത് നീയത് എടുത്തെങ്ങാനും എഴുതിയാല്‍ പിന്നെ മുരളി ഗോപി എന്നെ വച്ചേക്കില്ല’, രാജേഷ് പിള്ള സംശയത്തോടെ എന്നെ നോക്കി. പിന്നീടൊരിക്കല്‍ ആ ചിത്രങ്ങള്‍ ‘എന്തുകൊണ്ട് മുന്നോട്ടുപോയില്ല’ എന്നു ചോദിച്ചപ്പോള്‍ ‘നടക്കാതെ പോയതിനെപ്പറ്റി ഇനി പറഞ്ഞിട്ടെന്തു കാര്യം?’ എന്നു ചോദിച്ച് ഒഴിയുകയാണ് രാജേഷ് ചെയ്തത്. ആരേയും കുറ്റപ്പെടുത്താന്‍ രാജേഷ് ഒരിക്കലും തയാറായിരുന്നില്ല. സിനിമയുടെ ലോകം തന്നെ സസ്പന്‍സ് നിറഞ്ഞതാണല്ലോ.

മലയാള സിനിമയുടെ തലവരയും ട്രാഫിക്കും മാറ്റിമറിച്ച ചിത്രമായിരുന്നു 2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക്. ബോബി-സഞ്ജയ് ടീമിന്റെ സമര്‍ത്ഥമായ തിരക്കഥയില്‍ യാദൃശ്ചികതകളെ കൂട്ടിയിണക്കിക്കൊണ്ട് നാല് ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമയെ അതുവരെയുണ്ടായിരുന്ന ട്രാക്കില്‍ നിന്നും മാറ്റി, പുതിയൊരു വഴിയിലേക്ക് നയിക്കുകയായിരുന്നു.

സമൂഹത്തിലെ നാലു തട്ടുകളിലുള്ള നാലു പേരുടെ ജീവിതം ഒരൊറ്റ കഥയായി ജീവിതത്തിന്റെ ട്രാഫിക് സിഗ്‌നലില്‍ കാത്തുകിടക്കുന്ന കാഴ്ച 2011-ലെ ആദ്യ മലയാള ചിത്രമെന്ന നിലയ്ക്കു തന്നെ വരാനിരിക്കുന്ന അഭ്രപാളിയിലെ വസന്തത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. കുടുംബപ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍, കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരന്‍, ഭാര്യയുടെ അവിഹിതബന്ധം തിരിച്ചറിഞ്ഞ ഡോക്ടര്‍, ടെലിവിഷന്‍ ജേണലിസ്റ്റായി പ്രഥമദിന ദൗത്യം ഏറ്റെടുക്കുന്ന യുവ പത്രപ്രവര്‍ത്തകന്‍ ഉദ്യോഗജനകമായ അവരുടെ കഥ മാനുഷികതയുടെ വെളിച്ചം നിറഞ്ഞ വഴിയിലൂടെ തെളിക്കുകയായിരുന്നു അദ്ദേഹം.

സൂപ്പര്‍ താരങ്ങളുടെ കോപ്രായങ്ങളില്‍പ്പെട്ട് മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിച്ചിരുന്ന സമയത്താണ് പ്രതീക്ഷയുടെ പുതിയ ജീവവായുവുമായി രാജേഷ് പിള്ളയുടെ സിനിമ ഒരു ആംബുലന്‍സ് കണക്കെ സൂപ്പര്‍ താര സമവാക്യഗര്‍ത്തങ്ങള്‍ നിറഞ്ഞ ദുര്‍ഘടപാതയിലൂടെ, അപായ ശബ്ദം പുറപ്പെടുവിച്ച് ട്രാഫിക്കിലൂടെ മുന്നോട്ടു പാഞ്ഞത്.

ആദ്യം തീയേറ്ററുകളിലേക്ക് ജനം കുറച്ചുപേര്‍ മാത്രമേ എത്തിയുള്ളുവെങ്കില്‍ കണ്ടവര്‍ കണ്ടവര്‍ വാക്കാല്‍ പകര്‍ന്ന അഭിപ്രായം മൂലം ട്രാഫിക് വമ്പന്‍ ഹിറ്റിലേക്ക് കുതിച്ചു. ട്രാഫിക്കിന്റെ വിജയമാണ് പരീക്ഷണ മോഹത്തോടെ പിന്നീട് ഒരുപിടി യുവസംവിധായകര്‍ മലയാള സിനിമയിലേക്ക് ചുവടുവയ്ക്കാനും അവര്‍ക്ക് വമ്പന്‍ വിജയം നേടാനുമൊക്ക വഴിമരുന്നിട്ടത്.

ആകെ നാല് ചിത്രങ്ങള്‍ മാത്രമേ രാജേഷിന്റേതായി പുറത്തുവന്നുള്ളുവെങ്കിലും അവ ഓരോന്നും ഒന്നിനൊന്ന് ഭിന്നമാണെന്നതാണ് അതിന്റെ പ്രത്യേകത. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ വേറിട്ട ഒരു പ്രണയകഥയായിരുന്നുവെങ്കില്‍ ‘ട്രാഫിക്’ സാമ്പ്രദായിക ചിട്ടവട്ടങ്ങളെ വെല്ലുവിളിച്ചു. അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന, ആത്മവിശ്വാസക്കുറവു മൂലം ജീവിതം ദുഷ്‌കരമായി മാറുന്ന മിലി എന്ന പെണ്‍കുട്ടിയുടെ ജീവിതവും അതിനെ മാറ്റിമറിക്കുന്ന സംഭവങ്ങളുമാണ് ‘മിലി’യിലെങ്കില്‍ ‘വേട്ട’ ഒരു മികച്ച ത്രില്ലറാണെന്ന് ഇതിനകം അഭിപ്രായം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

രാജേഷിന്റെ അകാലത്തിലുള്ള മരണം മലയാള സിനിമയുടെ നഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ഒരുപാടു യുവാക്കളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരാള്‍ എന്ന നിലയ്ക്ക് മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തിയ സംവിധായകനെന്ന നിലയ്ക്കാകും അദ്ദേഹത്തെ കാലം നാളെ അടയാളപ്പെടുത്തുക.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍