UPDATES

സിനിമ

ടേക് ഓഫ്; ഒരു രാജേഷ് പിള്ള സിനിമ

നിര്‍മാണ പങ്കാളിത്തം സൂചിപ്പിക്കുന്ന രാജേഷ് പിള്ള ഫിലിംസ് എന്ന ടൈറ്റിലില്‍ മാത്രമല്ല, ഈ സിനിമയുമായി രാജേഷ് പിള്ള എന്ന സംവിധായകന്‍ ബന്ധപ്പെട്ടിരിക്കുന്നത്

2011

രാജേഷ് പിള്ള എന്ന തടിച്ചു കുറുകിയ മനുഷ്യന്‍ സിനിമയിലെ തന്റെ ഭാഗ്യം ഒരിക്കല്‍ കൂടി പരീക്ഷിക്കുകയായിരുന്നു. ആറു വര്‍ഷം മുമ്പ് സംഭവിച്ച വീഴ്ചയില്‍ നിന്നും കരകയറാനുള്ള ശ്രമം. ഇതിലും പരാജയപ്പെട്ടാല്‍ പതനം പൂര്‍ണമാണ്.

Read: ‘ഫഹദ്.. നിങ്ങള്‍ വേറെ ലെവലാണ്’; ടേക്ക് ഓഫ് ഞെട്ടലില്‍ നാദിര്‍ഷയും ബോബന്‍ സാമുവലും ജൂഡ് ആന്റണിയും

ബോബി-സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കള്‍ക്കുപരി രാജേഷിന്റെ രണ്ടാംശ്രമത്തില്‍ പ്രേക്ഷകനില്‍ പ്രതീക്ഷയുണ്ടാക്കാന്‍ തക്ക കാരണങ്ങളൊന്നും ഇല്ലായിരുന്നു. ആദ്യസിനിമയിലെ നായകനായിരുന്ന കുഞ്ചാക്കോ ബോബനുണ്ട്, റഹ്മാനുണ്ട്, വിനീത് ശ്രീനിവാസനുണ്ട്, നായികമാരെന്നു പറയാന്‍ റോമയും രമ്യ നമ്പീശനും സന്ധ്യയും. അന്നത്തെ അവസ്ഥയില്‍ ഇവരാരും തന്നെ പ്രേക്ഷകനെ തിയേറ്ററിലേക്ക് കൊണ്ടുവരാന്‍ തക്ക പ്രാപ്തിയുള്ളവരല്ല, ശ്രീനിവാസന്‍ പോലും. അട്ടര്‍ ഫ്‌ളോപ് എന്ന നാണക്കേട് പേറുന്ന സംവിധായകന്‍; ആ ചീത്തപ്പേര് രാജേഷിന്റെ പുറത്തുണ്ടെന്നത് ബാക്കിയെല്ലാറ്റിലും വലിയ തിരിച്ചടി.

2011 ജനുവരി ഏഴിന് ട്രാഫിക് റിലീസ് ചെയ്തു.

എത്രയോ സിനിമകള്‍ക്കുശേഷമാണ് ഒരു മലയാള സിനിമയുടെ ഇന്റര്‍വെല്‍ സമയത്ത് ഇത്രയേറെ കൈയടി കേട്ടത്. സൂപ്പര്‍ സിനിമ എന്ന് ഒരു മലയാള സിനിമയെക്കുറിച്ച് റിലീസ് ദിവസത്തെ ആദ്യഷോയുടെ ഇടവേള സമയത്തു തന്നെ പറഞ്ഞു കേള്‍ക്കുന്നതും എത്രയോ കാലത്തിനൊടുവില്‍. ട്രാഫിക് പിന്നെ എന്തെല്ലാം വിശേഷണങ്ങള്‍ കൊണ്ടു വന്നൂ! ന്യൂജനറേഷന്‍ സിനിമ എന്ന സംസ്‌കാരം മലയാള സിനിമയില്‍ അവതരിപ്പിച്ച സിനിമ (തര്‍ക്കമുണ്ടെങ്കിലും), പ്രമേയത്തിലെ വ്യത്യസ്തത, കഥപറച്ചിലിലെ പുതുമ, സംവിധായക മികവ്; ട്രാഫിക്കിനെ വര്‍ണിച്ച് ഇന്നും തീര്‍ന്നിട്ടില്ല മലയാളി പ്രേക്ഷകന്; രാജേഷിനേയും.

2017 മാര്‍ച്ച് 25 ടേക്ക് ഓഫ് എന്ന ചിത്രം റിലീസ് ചെയ്ത ദിവസം.

മലയാള സിനിമയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നില്‍ക്കുന്ന ആദ്യ ചിത്രം, ക്ലീഷേകളില്‍ നിന്നും പൂര്‍ണമായി മുക്തമായ ചിത്രം, സംവിധാന മികവ്, അഭിനേതാക്കളുടെ പ്രകടനം. ടേക് ഓഫിനെ കുറിച്ച് ഈ അഭിപ്രായങ്ങളൊക്കെ വരുന്നത് സിനിമയുടെ ആദ്യ ദിവസത്തെ ഷോകള്‍ മാത്രം കഴിഞ്ഞപ്പോഴാണ്.

2011 ല്‍ റിലീസ് ചെയ്ത ട്രാഫിക്കിനും 2017 ല്‍ റിലീസ് ചെയ്ത ടേക് ഓഫിനും മലയാള സിനിമയുടെ ചരിത്രത്തില്‍ എല്ലാക്കാലവും ഒരു സ്ഥാനമുണ്ടാകും. ട്രാഫിക് 150 കോടി നേടിയിരുന്നില്ല, ടേക് ഓഫ് 150 കോടി നേടാനും സാധ്യതയില്ല. ഈ രണ്ടു സിനിമകളിലും സൂപ്പര്‍ താരങ്ങളുമില്ല. പക്ഷേ ഈ രണ്ടു സിനിമകളിലും ജീവിതമുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലെ മനുഷ്യന്റെ സാഹസികതകളുണ്ട്, പോരാട്ടമുണ്ട്, ജയവും തോല്‍വിയുമുണ്ട്. സിനിമയാണെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ സിനിമാറ്റിക് രൂപം എന്നേ ഈ രണ്ടു ചിത്രങ്ങളേയും വിശേഷിപ്പിക്കാന്‍ പറ്റൂ.

ട്രാഫിക്കിനേയും ടേക് ഓഫിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് അതിലെ സിനിമാഗുണങ്ങള്‍ മാത്രമല്ല, അവയ്ക്കു കാരണമായ രാജേഷ് പിള്ള എന്ന സംവിധായകന്‍ കൂടിയാണ്. പക്ഷേ ടേക് ഓഫ് മലയാള സിനിമയില്‍ പുതിയ ഉയരങ്ങള്‍ തേടി പറന്നുയരുമ്പോള്‍ രാജേഷ് പിള്ള ഒപ്പമില്ല. കഴിഞ്ഞ വര്‍ഷം അയാള്‍ പെട്ടെന്നങ്ങുപോയി. ഒപ്പമുണ്ടായിരുന്നവരെപോലും അറിയിക്കാതെ.

എന്നിട്ടും ടേക് ഓഫ് ഒരു രാജേഷ് പിള്ള സിനിമയാണന്നു പറയുന്നു പ്രേക്ഷകര്‍. അങ്ങനെ തന്നെയെന്നു സമ്മതിക്കുന്നു അണിയറക്കാരും അഭിനേതാക്കളും. കാരണം ടേക് ഓഫ് യഥാര്‍ത്ഥത്തില്‍ രാജേഷ് പിള്ള എന്ന സംവിധായകന്‍ ചെയ്യേണ്ടിയിരുന്ന സിനിമ തന്നെയായിരുന്നു. മരണം ഫൗള്‍ പ്ലേ കളിച്ചു ജയിച്ചില്ലായിരുന്നെങ്കില്‍. അതേ മരണത്തെ പക്ഷേ വെല്ലുവിളിച്ചിരിക്കുകയാണ് മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനുമെല്ലാം. മരണമേ, നീ തട്ടിയെടുത്ത ഞങ്ങളുടെ സുഹൃത്തിനെ ഒരു സിനിമയിലൂടെ വീണ്ടും പ്രേക്ഷകനു മുന്നില്‍ അനുഭവിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചു പറയാം മഹേഷിനും കൂട്ടര്‍ക്കും.

ടേക് ഓഫ് രാജേഷ് ആയിരുന്നു എടുത്തിരുന്നതെങ്കില്‍ എങ്ങനെ ഈ സിനിമ സംഭവിക്കുമായിരുന്നോ ആ വിശ്വാസത്തില്‍ നിന്നും താഴെ പോയിട്ടില്ല മഹേഷ് നാരായണന്റെ കന്നി സംവിധാന സംരംഭവും.

ട്രാഫിക്കിനൊപ്പം കൂടെയുണ്ട് മഹേഷ് രാജേഷിനൊപ്പം; ട്രാഫിക്കിന്റെ എഡിറ്റര്‍, മിലിയുടെ തിരക്കഥാകൃത്ത്, രാജേഷിന്റെ സിനിമ എന്താണെന്നു മഹേഷിന് അറിയാം. രാജേഷ് എന്താണെന്നും മഹേഷിനറിയാം. അതുകൊണ്ട് തന്നെ ടേക് ഓഫ് ചെയ്യുമ്പോള്‍ മഹേഷിന്റെ ചിന്തകള്‍ക്ക് രാജേഷിന്റെ സിനിമാബോധങ്ങളോടായിരുന്നു അടുപ്പം.

മഹേഷ് മാത്രമല്ല, കുഞ്ചാക്കോ ബോബനും ടേക്ക് ഓഫിനെക്കുറിച്ച് പറയുന്നത് രാജേഷ് പിള്ളയെ ചേര്‍ത്താണ്. ഒരു ചോക്ലേറ്റ് നായകന്‍ എന്ന ഇമേജില്‍ സിനിമയില്‍ പരാജയപ്പെട്ടുപോയ കുഞ്ചാക്കോയ്ക്ക് ഡോ. ഏബെലിലൂടെ പുതിയമുഖം നല്‍കിയത് രാജേഷായിരുന്നു. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ ഉടച്ചുവാര്‍ത്ത് പുതിയ രൂപത്തില്‍ പാകപ്പെടുത്തി സിനിമയ്ക്ക് മടക്കി നല്‍കിയത് രാജേഷ് പിള്ളയായിരുന്നു. വേട്ടയിലെ മെല്‍വിന്‍ ഫിലിപ്‌സിനെയും കുഞ്ചാക്കോ ബോബന്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ സിനിമ കരിയറിലെ 76 ചിത്രങ്ങള്‍ക്കിടയിലും പ്രത്യേകം മാറ്റി നിര്‍ത്തും. അതു രാജേഷ് പിള്ളയുടെ സംഭാവനയായിരുന്നു. ടേക് ഓഫിലെ റഷീദും കുഞ്ചാക്കോ ബോബന്‍ എന്ന നടനെ അടയാളപ്പെടുത്തുന്ന കഥാപാത്രമാണ്. രാജേഷ് പിള്ളയ്ക്കു കഴിയാതെ പോയത് മഹേഷ് നാരായണനു കഴിഞ്ഞിരിക്കുന്നു.

ഒന്നോ രണ്ടോപേരല്ല, പറയുന്ന ഓരോരുത്തരും ടേക് ഓഫിനെ കുറിച്ച് പറയുമ്പോള്‍ രാജേഷ് പിള്ള എന്ന പേരും പറയുന്നു. നിര്‍മാണ പങ്കാളിത്തം സൂചിപ്പിക്കുന്ന രാജേഷ് പിള്ള ഫിലിംസ് എന്ന ടൈറ്റിലില്‍ മാത്രമല്ല, ഈ സിനിമയുമായി രാജേഷ് പിള്ള എന്ന സംവിധായകന്‍ ബന്ധപ്പെട്ടിരിക്കുന്നതെന്നതിന് ഇവരുടെ വാക്കുകളിലൂടെ മനസിലാക്കാം.

അതേ, ടേക് ഓഫ് ഒരു രാജേഷ് പിള്ള സിനിമ തന്നെയാണ്…

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍