UPDATES

സിനിമ

ശര്‍മ്മാജിയുടെ ‘ആനന്ദ’നടനങ്ങള്‍

Avatar

വിഷ്ണു നമ്പൂതിരി

കൈരളിയുടെ നാടകവേദിയില്‍ നിന്നുയര്‍ന്നു വന്നു മലയാള ചലച്ചിത്രലോകത്തില്‍ നിലയുറപ്പിച്ച കൊട്ടാരക്കര ശ്രീധരന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, നെടുമുടി വേണു തുടങ്ങിയ അതികായന്മാരുടെ പാതയിലൂടെ കടന്നുവന്നു സിനിമയില്‍ സജീവമാകുന്ന നടനാണ് രാജേഷ് ശര്‍മ്മ. അഭിനയത്തെ ജീവിതവ്രതമായി കാണുന്നവര്‍ വിരളമാകുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ട ശബ്ദമായ മാറുകയാണ് ശര്‍മ്മാജി. നാടകരംഗത്ത് നിന്നാരംഭിച്ച കലാപ്രയാണം സിനിമയില്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ ഗതകാല സൗഹൃദങ്ങളെ പറ്റിയും, കലയുടേയും കാലാകാരന്റേയും രാഷ്ട്രീയത്തെപ്പറ്റിയും, അവിശ്രമം തുടരുന്ന നാടകവേഴ്ചയെപ്പറ്റിയും ഉള്ള നിലപാടുകള്‍ രാജേഷ് ശര്‍മ്മ വ്യക്തമാക്കുന്നു, ഒപ്പം പുതിയ ചലച്ചിത്രമായ ആനന്ദത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

വിഷ്ണു: ആനന്ദം പ്രേക്ഷകരെ ആനന്ദിപ്പിച്ചുകൊണ്ട് മുന്നേറുകയാണല്ലോ, ആനന്ദത്തിലെ ഡ്രൈവര്‍ ജോസേട്ടന്‍ ശര്‍മ്മാജിയെ തേടിയെത്തിയതിനെക്കുറിച്ച്?
രാജേഷ്: എന്നെ സംബന്ധിച്ചിടത്തോളം പുതു സംരംഭങ്ങളില്‍ പങ്കെടുക്കുക എന്നത്, എന്നും ആനന്ദിപ്പിച്ചിരുന്നു; സിനിമയിലാണെങ്കിലും, നാടകത്തിലാണെങ്കിലും. മാത്രമല്ല അവയുടെ ഭാഗമാകുന്നതോടെ നിരന്തരമായി യാത്രകള്‍ ചെയ്യേണ്ടിവരും. ഇത്തരം യാത്രകള്‍ നല്‍കുന്ന അറിവുകള്‍, യാത്രക്കിടയില്‍ ഉണ്ടാകുന്ന അപൂര്‍വ്വബന്ധങ്ങള്‍ ഇവയെല്ലാം ഒരു പുസ്തകം വായിച്ച് ഗ്രഹിച്ചെടുക്കുന്നതിന് തുല്യമാണ്. ആനന്ദത്തിലെ കഥാപാത്രം സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷാഫി മുഖേനയാണ് ലഭിക്കുന്നത്. പന്ത്രണ്ട് ദിവസത്തോളം ഷൂട്ടിങ്ങ് ഹംബിയിലായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ കുറെ കാണാന്‍ സാധിച്ചു. എല്ലാ ദിവസവും ഷൂട്ടിംഗ് ഇല്ലായിരുന്നു. ഒഴിവുദിവസങ്ങള്‍ കാഴ്ചകള്‍ കാണാന്‍ വിനിയോഗിച്ചു. ഹംബിയില്‍ നിന്നും ഗോവയിലേക്കു ഷിഫ്റ്റ് ചെയ്തു. ചില നേരം തോന്നി പോകും സുഹൃത്തുക്കളുമായി യാത്ര ഇറങ്ങിയിരിക്കുകയാണെന്ന്. അത്ര ആഹ്ലാദഭരിതമായിരുന്നു ചിത്രീകരണം. ഒരു തവണ കൂടി ഹംബിയില്‍ പോകണമെന്നുണ്ട്. അത്ര മനോഹരമായ സ്ഥലമാണ്. 

നവാഗതസംവിധായകര്‍ക്കിടയില്‍ സ്വന്തം സിനിമയെപ്പറ്റി ഇത്രയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള സംവിധായകനാണ് ആനന്ദത്തിന്റെ സംവിധായകന്‍ ഗണേഷ് രാജ്. പുതിയ കുട്ടികള്‍ ആയിരുന്നു പ്രധാന അഭിനേതാക്കള്‍. അവരില്‍ നിന്നും പുതുതായി പലതും പഠിക്കാന്‍ സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും ആനന്ദം തന്നെയായിരുന്നു.

വി: ചാര്‍ലിയിലെ സെബാന്‍ ഒരേയൊരു രംഗത്തിലേ വരുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ പതിഞ്ഞ കഥാപാത്രമാണ്. സെബാന്‍ എങ്ങനെയായിരുന്നു ശര്‍മ്മാജിയുടെ പക്കലേക്ക് എത്തിച്ചേര്‍ന്നത് ?
രാ: ചിത്രത്തിന്റെ സഹസംവിധായകന്‍ വഴിയാണ് ആ കഥാപാത്രത്തിനായി എന്നെ വിളിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് കഥാപാത്രത്തെപ്പറ്റി പറഞ്ഞു. ആദ്ദേഹത്തിന്റെ ശൈലി ഒക്കെ അല്പം വ്യത്യസ്തമാണ്. സംതൃപ്തിയോടെ തന്നെ ആ കഥാപാത്രം ചെയ്തു. ചിത്രം കണ്ടതിന് ശേഷം എന്നെ പലരും ഉപദേശിച്ചു ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന്. എപ്പോഴും അവസരങ്ങളെ പരമാവധി ഉപയോഗിച്ചു കൊണ്ടിരുന്നൊരുവനാണ് ഞാന്‍. പലപ്പോഴും ഞാന്‍ ശക്തനാകുന്നത് പ്രതിസന്ധിയുണ്ടാകുമ്പോഴാണ്. പ്രതിസന്ധിയാണ് എന്നിലെ ക്രിയാത്മകതയുടെ അളവ് വര്‍ദ്ധിപ്പിക്കുക. അതിനാല്‍ ഞാന്‍ പ്രതിസന്ധികളെ സ്വാഗതം ചെയ്തു കൊണ്ടേയിരിക്കുന്നു. സിനിമയിലെ എന്റെ ആദ്യ സംഘട്ടനം തന്നെ ഒറ്റതവണ കൊണ്ട് ഗംഭീരമാക്കി. പക്ഷെ എന്തോ ലൈറ്റിംഗ് പ്രശ്‌നത്താല്‍ വീണ്ടുമൊരു ദിവസം കൂടി ചെയ്യേണ്ടി വന്നു. ദുല്‍ക്കറും ക്ഷമയോടെ രണ്ടാമതും നിന്നു കൊടുത്തു.

വി: രാജീവ് രവിയോടൊപ്പം ഉള്ള നിമിഷങ്ങള്‍ ?
രാ: തികച്ചും സവിശേഷമായൊരു അനുഭവം ആയിരുന്നു അത്. എന്റെ ഗുരു പി. ജെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടാണ് ഞാന്‍ രാജീവ് രവിയെ ചെന്നു കാണുന്നത്. എനിക്ക് അതുവരെ അദ്ദേഹത്തിന്റെ പശ്ചാത്തലത്തെ പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. ചെന്നു കണ്ടു കീഴടങ്ങി. ഉത്തരവാദിത്വം കൂടുതലുള്ള കഥാപാത്രം ആയിരുന്നു അന്നയും റസൂലിലും. തിരക്കഥയൊന്നും വായിക്കാന്‍ തന്നില്ല. വായിച്ചിട്ടും പ്രയോജനം ഒന്നുമുണ്ടായിരുന്നില്ല. കാരണം അനുനിമിഷം സ്‌ക്രിപ്റ്റ് മാറുകയായിരുന്നു. മികച്ചൊരു അനുഭവം തന്നെയായിരുന്നു അന്നയും റസൂലും. എന്നിലെ നടനെ നിശ്ശബ്ദമായി പുറത്തേക്ക് കൊണ്ട് വന്നു രാജീവ് രവി.

വി: ഇവിടം സ്വര്‍ഗ്ഗമാണ് -ലെ ക്യാമറാമാന്‍, ഒരു വടക്കന്‍ സെല്‍ഫിയിലെ സഖാവ്, ലോഹത്തിലെ ഗുണ്ടാത്തലവന്‍; ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളാണു കൂടുതലും ചെയ്യേണ്ടിവന്നത്. സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടി വരുമോ എന്നൊരു ഭയം തോന്നിയിട്ടുണ്ടോ?
രാ: അങ്ങനെയൊരു ഭയം ഇല്ലായിരുന്നു ഒരിക്കലും. നാടകം തരുന്ന വിശ്വാസം ഉണ്ട്, ഉറപ്പ് ഉണ്ട്, കൂട്ടിന്. ബന്ധങ്ങള്‍ വഴി വന്ന അവസരങ്ങളെ ഒരിക്കലും നിരാകരിച്ചിട്ടില്ല. ഒരു കാലത്ത് സിനിമയിലെത്തിപ്പെടണം എന്ന തീവ്രമായ മോഹം ഉണ്ടായിരുന്നു തുടര്‍ന്ന് ജെയിംസ് ആല്‍ബര്‍ട്ട് (തിരക്കഥാകൃത്ത്) വഴി വന്ന വേഷം ആയിരുന്നു ഇവിടം സ്വര്‍ഗ്ഗമാണ് – ലെ ക്യാമറാമാന്‍. സിനിമയില്‍ ആര്‍ക്കുമൊരു ബാധ്യതയാകരുതെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ നാടകത്തിലേക്ക് കൂടുതല്‍ വ്യാപൃതനായി. പിന്നീട് നല്ല വേഷങ്ങള്‍ പലതും തേടി വന്നു.

വി: ചെയ്തു വന്നതില്‍ നിന്നും വ്യത്യസ്തമായി ഹോംലി മീല്‍സിലെ ‘മോസപ്പനെ’ എങ്ങനെ ഇത്ര ഹാസ്യാത്മകമായി അവതരിപ്പിക്കുവാന്‍ സാധിച്ചു?
രാ: മോസപ്പന്‍ എന്നൊരു വ്യക്തി പാലാരിവട്ടത്ത് ഉണ്ടായിരുന്നു എന്ന് ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു. അങ്ങനെ പാലാരിവട്ടം മോസപ്പനെ തന്നെ അനുകരിക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും രണ്ടുപേരും ഒരുപാട് സഹായിച്ചു, ആ കഥാപാത്രത്തിനെ രൂപപ്പെടുത്താന്‍.

വി: സൈഗാള്‍ പാടുന്നു എന്ന സിനിമയില്‍ സിബി മലയിലിനും ടി. എ. റസാഖിനും ഒപ്പമുള്ള അനുഭവങ്ങള്‍? റസാഖുമായി അടുത്ത സൗഹൃദത്തിലുമായിരുന്നല്ലോ?
രാ: സിബി മലയിലിന്റെ സിനിമ എന്ന് കേട്ടപ്പാടെ ഞാന്‍ ആകെ എക്‌സൈറ്റഡ് ആയി. ആ ലെജന്‍ഡിന്റെ സിനിമ കണ്ട് വളര്‍ന്നതാണ് നമ്മളൊക്കെ. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നതില്‍പരം സന്തോഷകരമായ വേറെ കാര്യമില്ലായിരുന്നു. സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു കഴിയുമെങ്കില്‍ ആ സ്‌ക്കൂളില്‍ ചേരുക എന്ന്. അങ്ങനെ കോഴിക്കോട് മഹാറാണിയിലേക്ക് ചെന്നു. ടി. എ. റസാഖ് നരേന്ദ്രന്‍ എന്ന കഥാപാത്രത്തെപ്പറ്റി വിശദമായി പറഞ്ഞു. ഞാന്‍ ശരിക്കും ഒരുന്മാദാവസ്ഥയിലായിരുന്നു. സിബിസാര്‍ അപ്പോഴും ഒരക്ഷരം മിണ്ടുന്നില്ല. ഞാന്‍ ആഗ്രഹിച്ച പോലെയൊരു കഥാപാത്രമായിരുന്നു നരേന്ദ്രന്‍. റസാഖിക്ക പറഞ്ഞവസാനിപ്പിച്ചതും സിബിസാര്‍ പതിയെ സംസാരിക്കാന്‍ തുടങ്ങി. ‘ശര്‍മ്മ ചെയ്യൂ’ എന്നദ്ദേഹം സ്‌നേഹപൂര്‍വ്വം കല്‍പ്പിച്ചു. ഷൂട്ടിംഗ് വേളയിലൊക്കെ റസാഖിക്ക സുഹൃത്തിനോടെന്ന പോലെയാണ് പെരുമാറിയത്. സിബിസാര്‍ കുറച്ചുകൂടെ റിസേര്‍വ്ഡ് ആണ്. നരേന്ദ്രന്‍ എന്നാണ് പിന്നീട് മരണം വരെയും എന്നെ റസാഖിക്ക വിളിച്ചിരുന്നത്. റസാഖിക്കയുടെ രീതി അങ്ങനെയായിരുന്നു. ചലച്ചിത്രേതര സൗഹൃദമായി വളരെ പെട്ടെന്ന് ആ ബന്ധം വളര്‍ന്നു. റസാഖിക്കയുടെ ഫ്‌ളാറ്റില്‍ പോകുമായിരുന്നു മിക്കവാറും ഞാന്‍, അവിടെ പാചകം ഒക്കെ ചെയ്യുമായിരുന്നു. അത്ര ഗാഢമായ സൗഹൃദമായിരുന്നു. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി, മനസ്സില്‍ മുള്ളുതറച്ച് മറയുന്നൊരു ഓര്‍മ്മയായി റസാഖിക്കയും.

വി: നാടകത്തില്‍ നിന്ന് സിനിമയിലേക്ക് വരണമെന്ന ചിന്തയ്ക്കു കാരണം ? 
രാ: പോപ്പുലാരിറ്റി തന്നെയായിരുന്നു ആദ്യം ആകര്‍ഷിച്ചത്. പല സംവിധായകരേയും മുമ്പു ബന്ധപ്പെട്ടിരുന്നു. അവരെല്ലാം നിരാകരിച്ചു. പിന്നീട് നാടകത്തിലേക്ക് മടങ്ങി. പിന്നീട് സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു.

വി: വിപ്ലവകരമായ പരിണാമങ്ങള്‍ നാടകമേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ ഖസാക്കിന്റെ ഇതിഹാസം പോലും നാടകരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു. ചലച്ചിത്രപ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയില്‍ ഇത്തരം ശ്രമങ്ങളില്‍ ഭാഗഭാക്കാകുവാന്‍ സാധിക്കാതെ പോകുന്നുണ്ടോ?
രാ: നാടകാവസരങ്ങള്‍ ഒരിക്കലും ഒഴിവാക്കാറില്ല. നാടകങ്ങള്‍ക്ക് വേണ്ടി സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്. നാടകത്തിനെ ഉപേക്ഷിക്കരുത് എന്നാണ് പലപ്പോഴും വീട്ടുകാര്‍ പോലും പറയുന്നത്. ഭാര്യയും മകളും രണ്ടുപേരും നന്നായി നാടകശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. സ്വയം അറിയാന്‍ എന്നെ സഹായിക്കുന്നത് നാടകാഭിനയമാണ്. പലപ്പോഴും നാടകത്തിനിടയില്‍ ഒരുതരം ധ്യാനാവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട് എന്നതാണ് സത്യം. എന്റെ ഗുരുക്കന്മാര്‍ പകര്‍ന്നു നല്കിയ പാഠങ്ങളുടെ പിന്‍ബലം തന്നെയാണ് സിനിമയിലായാലും നാടകത്തിലായാലും എന്നെ സഹായിക്കുന്നത്.

വി: ഒരുപാട് ആവര്‍ത്തി ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യമാണെങ്കിലും ചോദിക്കാതേ വയ്യ- കാലികാവസ്ഥയില്‍ നാടകപ്രവര്‍ത്തകന് സുഗമമായൊരു ജീവിതം സാധ്യമാണോ ? 
രാ: തീര്‍ച്ചയായും സാധ്യമാണ്. കാലഘട്ടം മാറിയതോടെ നാടകത്തിന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രയോഗസാധ്യതയുണ്ട് എന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയാന്‍ തുടങ്ങി. വേദിയുടെ സ്വഭാവം മാറി എന്നത് സത്യമാണ്. പക്ഷേ നാടകക്കാര്‍ക്ക് ഇപ്പോള്‍ തന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള സാഹചര്യം നിലവിലുണ്ട്. ഞാന്‍ കാര്‍ വാങ്ങിയത് നാടകത്തില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നാണ്. ശില്പശാലകള്‍, ക്ലാസ്സുകള്‍, കുട്ടികളുടെ തിയേറ്റര്‍ ഇവയൊക്കെ നാടകപ്രവര്‍ത്തകന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ സഹായകമാകുന്നുണ്ട്. മിക്ക നാടക അവതരണങ്ങളും ടിക്കറ്റ് വച്ച് തന്നെയാണു നടത്തുന്നത്. പ്രേക്ഷകരുടെ പങ്കാളിത്തം ഉയര്‍ന്നുവരികയാണ് ഇപ്പോള്‍.

വി: നടനെന്ന നിലയില്‍ വിവക്ഷിക്കുമ്പോള്‍ കൂടുതല്‍ ധാര്‍മ്മികബാധ്യത ആവശ്യപ്പെടുന്നത് നാടകമാണോ ചലച്ചിത്രമാണോ? 
രാ: നാടകം തന്നെയാണ്. നടന്റെ കലയാണ് നാടകം. സംവിധായകന്റെ കലയാണ് സിനിമ. സിനിമയിലെ രംഗപ്രവേശം മുതല്‍ ചലനങ്ങള്‍വരെ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍ നാടകവേദിയില്‍ നടന്‍ തന്നെയാണ് അവന്റെ പ്രവര്‍ത്തനത്തിന്റെ ഹിറ്റ്‌ലര്‍. നാടകം ഒരു പ്രക്രിയയാണ്. സിനിമ ഒരു ഉത്പന്നവും.

വി: വിശ്വവിഖ്യാതനടന്‍ പോള്‍മുനി താന്‍ അഭിനയിച്ചിരുന്ന സിനിമകള്‍ ഒന്നും തന്നെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. താന്‍ അഭിനയിച്ച നാടകങ്ങള്‍ ഒരിക്കലും തനിക്ക് കാണാന്‍ സാധിക്കില്ലല്ലോ, പിന്നെ എന്തിനാണ് സിനിമകള്‍ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം. ഇത്തരം വാശികള്‍ എന്തെങ്കിലും ഉണ്ടോ ശര്‍മ്മാജിക്ക് ?
രാ: പോള്‍മുനിക്ക് തീര്‍ച്ചയായും വാശിപ്പിടിക്കാം. ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഞാന്‍ ഒരിക്കലും എന്നിലെ നടനെ സജ്ജനാക്കുന്നതിന് ഉപയോഗിച്ചിട്ടില്ല. അഭിനയിക്കുന്നതിന് മുമ്പായി അല്പം മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. കുറച്ച് നിശബ്ദത ആവശ്യമാണ് കഥാപാത്രത്തെ ഉള്ളിലേക്ക് തിരുകാനും എന്നിലെ നടനെ ഉണര്‍ത്താനും.

വി: സ്‌കൂള്‍ കലോത്സവ വേദികളില്‍ വിദ്യാര്‍ത്ഥികളെ ശിക്ഷണം ചെയ്തിരുന്നുവല്ലോ ഏറെ നാള്‍. രാജേഷ് ശര്‍മ്മ എന്ന നാടകസംവിധായകന് കുട്ടികളെയാണോ അതോ അഭിനയം ഉപജീവനമാര്‍ഗ്ഗമാക്കിയ അഭിനേതാക്കളെയാണോ പരിശീലിപ്പിക്കുവാന്‍ കൂടുതല്‍ താല്‍പ്പര്യം? 
രാ: കുട്ടികളെയാണ്. അഭിനേതാക്കളുടെ സര്‍ഗ്ഗാത്മകത ഞാന്‍ ഏറ്റെടുക്കേണ്ടിവരും. കുട്ടികളില്‍ അങ്ങനെ ഇല്ല. അവര്‍ നല്ലൊരു ടെക്സ്റ്റ്ബുക്കാണ്. ഈഗോയില്ല. മറ്റു പ്രശ്‌നങ്ങള്‍ ഇല്ല. കുട്ടികള്‍ നമ്മളെ വല്ലാതെ വിശ്വസിക്കും. ആ വിശ്വാസം നമ്മള്‍ കാത്തുസൂക്ഷിച്ചാല്‍ അവര്‍ വിസ്മയിപ്പിക്കും. അല്ലെങ്കില്‍ വിഷമിപ്പിക്കും.

വി: മലയാള നാടകവേദിക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ, ഇപ്പോഴും നല്‍കുന്നൊരു ഭൂമികയാണ് കൊല്ലം. ശര്‍മ്മാജിയുടെ വേരോടിയിരിക്കുന്ന ആ മണ്ണിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍?
രാ: കൊല്ലം നാടകത്തെ ഒരുപാട് ഉപയോഗിച്ചു, ആശയപ്രചരണത്തിനുവേണ്ടി. Cetnre for Performing Arts- ലെ നാടകപഠനത്തിന് ശേഷം ഒരുപാട് നാടകങ്ങള്‍ സംഘടിപ്പിച്ചു കൊല്ലത്ത്. ഇപ്പോള്‍ അത്തരം സംഘാടകരുടെ അഭാവം ശക്തമാണ്. സാംസ്‌കാരിക സംഘടനകള്‍ക്ക് അണി ചേരുവാനുള്ളതിനേക്കാള്‍ താല്‍പ്പര്യം വര്‍ഗ്ഗീയ, സമുദായ, സംഘടനകള്‍ക്ക് പിന്നാലെ പോകാനാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് പോലും അണികളെ ചേര്‍ക്കാന്‍ ആഹാരവും, മദ്യവും ഒക്കെ നല്‍കേണ്ടിവരുന്നു. പക്ഷേ സമുദായസംഘടനകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങളുടെയൊന്നും പ്രേരണ ഇല്ലാതെ അണികളെ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചിരുന്ന ചെറുപ്പക്കാരുടെ രീതികള്‍ പോലും മാറി. പണ്ട് നാടകപ്രവര്‍ത്തനവും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ജനങ്ങളുടെ അഭിരുചി മാറിപ്പോയി. അതിന്റെ ഭവിഷ്യത്തുകള്‍ കേരളം ഇപ്പോള്‍ അനുഭവിക്കുന്നുമുണ്ട്. 

കൊല്ലം മാത്രമല്ല എല്ലാ ദേശങ്ങളുടേയും അവസ്ഥ അങ്ങനെയാണ്. പബ്ലിക്ക് ലൈബ്രറിയും അതിനോട് ചേര്‍ന്നുള്ള നാടകപ്രവര്‍ത്തനങ്ങളും തന്നെയാണ് എന്നിലെ നാടകനടനെ പരുവപ്പെടുത്തിയത.് ആ ശക്തിയിലാണ് ഞാന്‍ അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചത്, ഇരുപതോളം നാടകങ്ങള്‍ സംവിധാനം ചെയ്തത്.

വി: നാടകത്തിലെയും സിനിമയയിലേയും അടുത്തരംഗങ്ങളെക്കുറിച്ച്?
രാ: ആന്റണ്‍ ചെക്കോവിന്റെ ‘ദ ബെറ്റ് ‘എന്ന ചെറുകഥയെ ആസ്പദമാക്കി ഏകാന്തം എന്ന നാടകം ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് മൂന്നു മാസമായി. ശ്രീജിത്ത് രമണനാണ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ നിന്ന് രണ്ടോളം സിനിമകള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ഇസ്ര, കാപ്പിരിത്തുരുത്ത്, സജിന്‍ ബാബു സംവിധാനം ചെയ്യുന്ന അയാള്‍ ശശി, ആ സിനിമയില്‍ ശ്രീനിവാസനാണ് നായകന്‍. സന്തോഷ് കീഴാറ്റൂറിനൊപ്പം ഓടുന്നോന്‍, അങ്ങനെ നീളുന്നു. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നു. വലിയ നക്ഷത്രമാകണം എന്നൊന്നുമില്ല, ചെറിയൊരു മിന്നാമിനുങ്ങ് ആയാലും സന്തോഷമേയുള്ളു. സ്വയം പ്രകാശിക്കാന്‍ സാധിച്ച് മറ്റുള്ളവര്‍ക്കൊരു വഴിദീപമാകാന്‍ പ്രാപ്തിയുള്ള മിന്നാമിനുങ്ങ്.

(സിനിമ പ്രവര്‍ത്തകനാണ് വിഷ്ണു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍