UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ അമ്മയെ മാനസികരോഗിയാക്കുന്നവരെ കരണക്കുറ്റിക്ക് അടിക്കണം

Avatar

ഡി ധനസുമോദ് 

ജിഷയുടെ അമ്മ രാജേശ്വരിക്ക് നിരവധി കുട്ടികളുണ്ട്. മക്കളെ കാണാന്‍ ഇടയ്ക്ക് പുത്തന്‍ ഉടുപ്പുകളുമായി കുഞ്ഞുങ്ങളുടെ വീടുകളിലേക്ക് അവര്‍ പോകും. ജിഷയും ദീപയും മാത്രമാണ് രാജേശ്വരിയുടെ രക്തത്തില്‍ പിറന്ന മക്കള്‍. പ്രസവശുശ്രൂഷയ്ക്ക് പോയാണ് മറ്റുമക്കളെ രാജേശ്വരി സ്വന്തമാക്കിയത്. പ്രസവശുശ്രൂഷ കേവലം ഇവര്‍ക്ക് തൊഴില്‍ മാത്രമായിരുന്നില്ല, മനസ്സര്‍പ്പിച്ച് ആത്മാര്‍ത്ഥതയോടെയായിരുന്നു ശുശ്രൂഷകളത്രയും. ലൈല റഷീദ്, പെബിത ഉമ്മര്‍ തുടങ്ങിയവര്‍ അനുഭവത്തിലൂടെ ഇക്കാര്യം ശരിവയ്ക്കുന്നു. ആരുടെ മുമ്പിലും തലകുനിക്കാതെ, മക്കളെ ഉയര്‍ന്ന നിലയില്‍ എത്തിക്കണം എന്ന് ആഗ്രഹിച്ചു ജീവിച്ച ആ അമ്മയെ മാനസികരോഗിയെന്ന് വിളിക്കുന്നവരുടെ കരണക്കുറ്റിക്ക് അടിക്കണം എന്നായിരുന്നു ലൈല റഷീദിന്റെ ആദ്യ പ്രതികരണം.

നാട്ടുകാരോട് എന്നും വഴക്കിടുന്ന, ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും പോലീസിനെ  വിളിച്ചുവരുത്തുകയും വന്നില്ലെങ്കില്‍ സ്റ്റേഷനില്‍ പോകുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീ എന്ന നിലയിലായിരുന്നു ജിഷയുടെ അമ്മയെ കുറിച്ച് മാധ്യമങ്ങള്‍ ആദ്യം പ്രചരിപ്പിച്ചത്. പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനെ കള്ളനെന്നു വിളിച്ചതോടെ രാജേശ്വരിയെ മാനസികരോഗി എന്ന് മുദ്രകുത്താന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പ്പര്യമായി.

ജിഷയെന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്തു എന്നറിഞ്ഞ് പെരുമ്പാവൂരിലേക്ക് യാത്ര ചെയ്തപ്പോള്‍ കരുതിയത് ജിഷയുടെ വീട് ഏതോ ഒറ്റപ്പെട്ട സ്ഥലത്തായിരിക്കും എന്നാണ്. പെരുമ്പാവൂരില്‍ എത്തിയപ്പോഴാണ് ജിഷയുടെ വീടിനു തൊട്ടടുത്തുള്ള വീടുകളും റോഡും കണ്ടത്. കനാലിനും റോഡിനും അടുത്തു നില്‍ക്കുന്ന വീട്ടില്‍, പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും മിനിറ്റുകള്‍ക്കകം ഓടിയെത്താന്‍ കഴിയുന്ന ഈ വീട്ടില്‍ ജിഷ സുരക്ഷിതയല്ലെങ്കില്‍ കണ്ണുമടച്ച് ഒരു കാര്യം പറയാം. കേരളത്തില്‍ ഒരു വീട്ടിലും ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല.

അടച്ചുറപ്പില്ലാത്ത, സ്വന്തമായി ശൗചാലയമില്ലാത്ത (നരേന്ദ്ര മോദിയും വിദ്യാബാലനും ക്ഷമിക്കുക) ഈ വീട്ടിലേക്ക് രാത്രി ആരെങ്കിലും ടോര്‍ച്ച് അടിച്ചാല്‍, ഇവിടെ ബൈക്ക് നിര്‍ത്തി വീട്ടിലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ നോക്കിയാല്‍ ഏത് അമ്മയും പ്രതികരിക്കും, ചീത്ത വിളിക്കും. ഇങ്ങനെ പ്രതികരിക്കുന്ന അമ്മയ്ക്ക് മാനസികരോഗമുണ്ടെങ്കില്‍ കേരളത്തിലെ നല്ലൊരു ശതമാനം പെണ്‍കുട്ടികളുടെ അമ്മമാരും മാനസികരോഗികളാണ്.

ഭര്‍ത്താവ് ഉപേക്ഷിച്ച് രണ്ട് പെണ്‍കുട്ടികളുമായി കഴിയുമ്പോഴും ഒരു മോന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന വാക്ക് രാജേശ്വരിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപികയായ പെബിത ഓര്‍ത്തെടുക്കുന്നു. സെല്‍ഫി വിത്ത് ഡോട്ടര്‍ അല്ല രാജേശ്വരിയുടെ സെല്‍ഫ് തന്നെ ഡോട്ടര്‍ ആയിരുന്നു. പ്രസവശുശ്രൂഷയ്ക്ക് വേണ്ടി പെബിത, ജിഷയുടെ വളരന്‍ചിറങ്ങരയിലെ അമ്മുമ്മയെ ആണ് ആദ്യം ബന്ധപ്പെടുന്നത്. നേരത്തെ  ഏറ്റിരുന്ന മറ്റൊരു ജോലി ഉണ്ടായിരുന്നതിനാല്‍ പെബിതയുടെ പ്രസവശുശ്രൂഷ രാജേശ്വരി ഏറ്റെടുക്കുകയായിരുന്നു. പെബിതയുടെ സഹോദരിയും ജിഷയും സഹപാഠികള്‍ ആയിരുന്നതിനാല്‍ കുടുംബവുമായി വേഗം അടുത്തു.

തന്റെ ഭര്‍ത്താവും മകള്‍ ദീപയുടെ ഭര്‍ത്താവും കുടുംബത്തെ ഉപേക്ഷിച്ച് പോയതിനാല്‍ പുരുഷന്‍മാര്‍ എന്നത് സങ്കടം മാത്രം തരുന്ന ജീവികളായിട്ടാണ് അവരുടെ ജീവിതത്തില്‍ അനുഭവപ്പെട്ടത്. മകള്‍ ദീപ ചെറുപ്പത്തില്‍ ഒരാളോടൊപ്പം ഇറങ്ങിപ്പോയത് രാജേശ്വരിക്ക് അക്ഷരാര്‍ത്ഥത്തില്‍ വലിയ ഷോക്ക് ആയിരുന്നു. പിന്നീടുള്ള പ്രതീക്ഷകള്‍ മുഴുവന്‍ ജിഷയില്‍ ആയിരുന്നു.

ജിഷയെ വനിതാ എസ്.ഐ ആക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. പി.എസ്.സി അന്ന് വനിതാ എസ്.ഐ പോസ്റ്റിലേക്ക് നേരിട്ട് വിളിച്ചില്ലെങ്കിലും അമ്മയ്ക്ക് വേണ്ടി ജിഷ പഠിച്ചു. വീട്ടിനടുത്തുള്ള ഒരു അധ്യാപകന്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ആരംഭിച്ചപ്പോള്‍ ഐ.പി.എസ് ആകണമെന്നായിരുന്നു ആഗ്രഹം. അയല്‍വക്കത്ത് തങ്ങളെ അവഗണിക്കുന്ന, ഉപദ്രവിക്കുന്ന ആളുകളെ ഒരു പാഠം പഠിപ്പിക്കുന്നതിനായി മകളെ പോലീസ് ഉദ്യോഗസ്ഥ ആക്കണമെന്നായിരുന്നു അവര്‍ കൊതിച്ചത്. ഈ ആഗ്രഹം പലപ്പോഴും പെബിതയോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ആദ്യം ജോലി കിട്ടട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.

അമ്മയ്ക്ക് തന്നിലുള്ള വിശ്വാസം അണുവിട തെറ്റിക്കാതെ അമ്മ പറയുന്നത് കേട്ട് മാത്രം ജീവിക്കുന്ന ഒരു പാവം പെണ്‍കുട്ടിയായി ജിഷ മാറിയിരുന്നു. അമ്മയുടെ ആഗ്രഹത്തില്‍ നടക്കാത്ത പല കാര്യങ്ങളും ഉണ്ടെന്ന് ജിഷയ്ക്ക് തികഞ്ഞ ബോധ്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ചിരിച്ചുതള്ളുമായിരുന്നു എന്നും പെബിത പറയുന്നു. സ്വന്തം ജീവിതത്തില്‍ ജിഷ മുന്‍തൂക്കം നല്‍കിയിരുന്നത് അമ്മയുടെ ആഗ്രഹങ്ങള്‍ക്കായിരുന്നു. ദളിതയും സാധാരണക്കാരിയുമായ രാജേശ്വരിക്ക് മക്കളെക്കുറിച്ച് പുലര്‍ത്തിയ വലിയ വ്യാമോഹങ്ങള്‍ നാട്ടുകാര്‍ക്ക് അത്രയ്ക്ക് ദഹിച്ചില്ല. എന്നാല്‍ തന്‍റേയും മകളുടെയും സ്വപ്നങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് നിശ്ചയിക്കാന്‍ രാജേശ്വരി നാട്ടുകാരെ അനുവദിച്ചില്ല. അതുകൊണ്ട് നാട്ടുകാരുടെ മുമ്പില്‍ വഴക്കാളിയും അഹങ്കാരിയുമായ രാജേശ്വരിയായി അവര്‍ കളംനിറഞ്ഞു നിന്നു. യാചനയുടെയോ ആശ്രയഭാവത്തിന്റെയോ മഞ്ഞളിച്ച മുഖമായിരുന്നില്ല, മറിച്ച് തന്റേടത്തിന്റെ ആള്‍രൂപമായിരുന്നു അവര്‍.

 

ജോലി അവസാനിപ്പിച്ച് പോയ ശേഷവും പെബിതയുടെ കുട്ടിയെ കാണാന്‍ രാജേശ്വരി സന്ദര്‍ശകയായി എത്തിയിരുന്നു. വരുമ്പോളെല്ലാം കുട്ടിക്ക് പുതിയ വസ്ത്രവുമായിട്ടാണ് എത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടയിലാണ് ഈ പുതിയ വസ്ത്രം വാങ്ങുന്നത്. തടയുമ്പോഴെല്ലാം അവന്‍ എന്റെ കുട്ടിയല്ലേ എന്ന് ചോദിച്ച് മോനെ ഓമനിക്കുമ്പോള്‍ പിന്നീട് ഒന്നും പറയാന്‍ തോന്നില്ലെന്ന് പെബിത പറയുന്നു. നല്‍കുന്ന സാമ്പത്തിക സഹായം ഏറ്റുവാങ്ങാന്‍ അവര്‍ തയ്യാറായിട്ടുമില്ല. ഏറ്റവും ഒടുവില്‍ വീടുപണി നടക്കുന്ന സമയത്ത് മാത്രാണ് ചെറിയ തുക കൈപ്പറ്റാന്‍ തയ്യാറായത്. അത്രയ്ക്ക് അഭിമാനിയാണ് രാജേശ്വരി.

കീഴടങ്ങലല്ല സ്ത്രീജീവിതമെന്ന് സ്വയം കരുതുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് അവര്‍ ചെയ്തത്. സ്ത്രീവിമോചന പോരാട്ടത്തില്‍ ഒരിടത്തും രാജേശ്വരി ഉണ്ടായിരുന്നില്ല. പക്ഷെ ജീവിതം തന്നെ വലിയ പോരാട്ടമായി മാറിയ ജിഷയുടെ അമ്മയാണ് ഞാന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ്. മകളുടെ ദുരന്തം അവരുടെ മനസ്സിന്റെ താളം തെറ്റിക്കുകയാണ്. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒറ്റമുറിയില്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന രാഷ്ട്രീയ നേതാക്കളുടെ മുതലകണ്ണീരിനും സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന ഫോട്ടോ സെഷനുമായി വിട്ടുകൊടുക്കാതെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ഉതകുന്ന സാന്ത്വന ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി രാജേശ്വരിക്ക് ചെയ്തുകൊടുക്കേണ്ടത്; ഒപ്പം ആ അമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷയുമായിരുന്ന, ജീവിതത്തോട് എന്നും പൊരുതി മാത്രം ജീവിച്ച ആ പെണ്‍കുട്ടിയുടെ കൊലയാളിയെ കണ്ടെത്തുകയും. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍