UPDATES

രാജീവിന്റെ ഘാതകരെ വിട്ടയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ തമിഴ്‌നാടിന് മോചിപ്പിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ കുറ്റവാളികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ല. സിബിഐ അന്വേഷിച്ച കേസായതിനാല്‍ സംസ്ഥാനം കേന്ദ്രവുമായി ചര്‍ച്ച നടത്തണം. 1991-ല്‍ രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വിട്ടയ്ക്കാന്‍ ജയലളിതാ സര്‍ക്കാര്‍ തീരുമാനിച്ചതിന് എതിരായി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മഹാത്മാ ഗാന്ധിയുടെ വധ കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിച്ച ഗോപാല്‍ വിനായക്‌റാം ഗോഡ്‌സയെ 1964-ല്‍ വിട്ടയച്ചത് കഴിഞ്ഞ ഓഗസ്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ സഹോദരനാണ് വിനായക്‌റാം. 1991 മേയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപതൂരിലെ പ്രചാരണത്തിനിടെ തമിഴ് പുലികള്‍ നടത്തിയ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ഒഴിവാക്കി വിട്ടയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളെ സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ വിട്ടയ്ക്കാനുള്ള തീരുമാനം എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായമാണ് കോടതി വിധിയായി പറഞ്ഞത്. ജീവപര്യന്തം തടവ് എന്നാല്‍ ജീവിതാവസാനം വരെയാണ് എന്ന് ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റു രണ്ടുപേര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍