UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം: നടപടി എടുക്കാന്‍ രാജ് നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.

അതേസമയം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഎന്‍യു സംഭവുമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കന്‍ഹയ്യയും ഉണ്ടായിരുന്നു.

രാജ്യത്ത് ഒരുവിധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്നും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ സാധ്യമായ ശക്തമായ നടപടി എടുക്കാന്‍ ദല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.

ദല്‍ഹി പൊലീസ് നേരത്തെ ഈ സംഭവുമായി ബന്ധപ്പെട്ട് രാജ്യ ദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. ബിജെപി എം പി മഹേഷ് ഗിരിയും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.

അതേസമയം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ അപലപിച്ച് ദല്‍ഹി പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ച ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ എസ് എ ആര്‍ ഗിലാനിക്ക് എതിരേയും പൊലീസ് രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ജെ എന്‍ യുവില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷാ വാര്‍ഷികവുമായി ബന്ധപ്പെട്ട് പരിപാടി നടന്നതും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതും. ദേശവിരുദ്ധം എന്നാരോപിച്ച് എബിവിപി പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പരിപാടി നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചിരുന്നു.

അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തിയതിനെ കുറിച്ച് ജെ എന്‍ യു അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗിരി ജെ എന്‍ യു വൈസ് ചാന്‍സലര്‍ക്കും എച്ച് ആര്‍ ഡി മന്ത്രാലയത്തിനും എഴുതിയിട്ടുണ്ട്.

ഇന്ത്യാ മാതാവിനെ അപമാനിക്കുന്നത് രാജ്യത്തിന് ഒരിക്കലും സഹിക്കാനാകില്ലെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍