UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രീതി മഹാപത്രയിലൂടെ ബി.ജെ.പിക്ക് നേടാന്‍ കഴിയാതെ പോയത്

Avatar

അഴിമുഖം പ്രതിനിധി

ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധികം അത്ഭുതങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഒരു സ്ഥാനാര്‍ഥിയുടെ പരാജയം വന്‍ ശ്രദ്ധ നേടുകയുണ്ടായി. നരേന്ദ്ര മോദിയുടെ വലിയ ആരാധികയെന്ന് അവകാശപ്പെടുന്ന 37-കാരിയായ ഗുജറാത്തില്‍ നിന്നുള്ള പ്രീതി മഹാപത്രയുടെ തോല്‍വിയാണത്.

 

ഏഴു സംസ്ഥാനങ്ങളിലായി 27 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- 11, കോണ്‍ഗ്രസ്- 6, സമാജ്‌വാദി പാര്‍ട്ടി- 7, ബി.എസ്.പി- 2, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് വിജയിച്ചത്. ആകെയുള്ള 57 സീറ്റില്‍ 30 എണ്ണത്തില്‍ നേരത്തെ തന്നെ മത്സരമില്ലാതെ തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു.

 

പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം അത് സമര്‍പ്പിക്കുന്നതുവരെ പ്രീതി മഹാപത്രയെക്കുറിച്ച് അധികമാര്‍ക്കുമൊന്നും അറിവുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ കോളിളക്കമുണ്ടാക്കുകയും ചെയ്തു. അവര്‍ കൂടി രംഗത്തുവന്നതോടെ ഉത്തര്‍ പ്രദേശിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരം കടുത്തു. എന്നാല്‍ പ്രീതിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഇവിടെ നിന്ന് വിജയിച്ചത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബലാണ്.

 

പ്രീതി ഒരു സാധാരണ, സ്വതന്ത്ര സ്ഥാനാര്‍ഥിയൊന്നുമായിരുന്നില്ല എന്നറിയുമ്പോഴാണ് രാജ്യസഭ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ മനസിലാവുക. മുംബൈയില്‍ ബിസിനസുകാരനായ ഹരിഹര മഹാപത്രയുടെ ഭാര്യയാണവര്‍. ഗുജറാത്തിലെ ഖാജോദില്‍ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കുമെന്ന് ഒരിക്കല്‍ പ്രസ്താവിച്ച ബിസിനസുകാരനാണ് ഹരിഹര മഹാപത്ര. എന്നാല്‍ ഇത് നടന്നില്ല.

 

തനിക്ക് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലെന്നും എന്നാല്‍ നരേന്ദ്ര മോദി വിചാര്‍ മഞ്ചിലെ അംഗമാണ് താനെന്നുമാണ് പ്രീതി സ്വയം വിശേഷിപ്പിക്കുന്നത്. ‘യു.പിയില്‍ ജനസേവനം നടത്തണം’ എന്നായിരുന്നു പത്രിക സമര്‍പ്പിച്ച ശേഷമുള്ള അവരുടെ പ്രസ്താവന. എന്നാല്‍ യാഥാര്‍ഥ്യം അതൊന്നുമായിരുന്നില്ല. യു.പി ബി.ജെ.പിയിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു അവര്‍ക്ക് പിന്നിലുണ്ടായിരുന്നത്. നേതാക്കളായ സുരേഷ് ഖന്ന, രാധാ മോഹന്‍ ദാസ്, ബി.എസ്.പി മുന്‍ കോര്‍ഡിനേറ്റര്‍ ജുഗല്‍ കിഷോര്‍ തുടങ്ങിയവര്‍. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടും വന്‍ രാഷ്ട്രീയ പിന്തുണയോടും കൂടിത്തന്നെയായിരുന്നു അവര്‍ മത്സരത്തിനിറങ്ങിയത്.

 

സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പ്രീതിയെ പിന്തുണച്ചവര്‍: 16 ബി.ജെ.പി എം.എല്‍.എമാര്‍, ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടേയും പ്രതിപക്ഷമായ ബി.എസ്.പിയുടേയും ഒപ്പം എന്‍.സി.പിയുടേയും ഓരോ എം.എല്‍.എമാര്‍.

 

ഈ രാഷ്ട്രീയ പിന്തുണയോടെ ഒരു കാര്യം വ്യക്തമായി. അവരെ രാജ്യസഭയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. കോണ്‍ഗ്രസ് എം.പി പ്രമോദ് തിവാരി ഇക്കാര്യം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. ‘ഒരു പിശകും വരുത്തരുത്. അവര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി തന്നെയാണ് മത്സരിക്കുന്നത്. തങ്ങളുടെ ഒരു സ്ഥാനാര്‍ഥിയെ മാത്രമേ വിജയിപ്പിക്കാന്‍ കഴിയൂ എന്ന് അറിയാമെന്നിരിക്കെ ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തുന്നത് വഴി കുതിരക്കച്ചവടത്തിന് വഴിയൊരുക്കുകയാണ്’- അദ്ദേഹം വിമര്‍ശിച്ചു.

 

ഈസ്‌റ്റേണ്‍ യു.പിയില്‍ നിന്നുള്ള മുസ്ലീം എം.എല്‍.എയായ മൊഹമ്മദ് അയൂബ് തുടക്കത്തില്‍ പ്രീതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ബി.ജെ.പി ബന്ധം മനസിലായതോടെ പിന്തുണ പിന്‍വലിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രീതി തളര്‍ന്നില്ല. അവരുടെ മാനേജര്‍മാര്‍ ഇതിനു പകരം ബി.ജെ.പി എം.എല്‍.എമാരെ കണ്ടെത്തി.

 

പ്രീതിയുടെ ആദ്യ നോമിനേഷനെ പിന്തുണച്ച ആദ്യ 10 പേരും ബി.ജെ.പി എം.എല്‍.എമാരാണ്. ഇതിനു പുറമെ എസ്.പി, ബി.എസ്.പി, എന്‍.സി.പി, അപ്നാ ദള്‍ എം.എല്‍.എമാര്‍ക്കു പുറമെ ബി.ജെ.പിയുടെ ആറ് എം.എല്‍.എമാരും രണ്ടാമത്തെ നോമിനേഷനെ പിന്തുണച്ചു.

 


ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനൊപ്പം പ്രീതി

 

പ്രീതിയുടെ ടീം എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കപില്‍ സിബലിനൊപ്പമായിരുന്നു. 29 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് ആദ്യ പ്രിഫറന്‍സ് വോട്ടിന്റെ കണക്കില്‍ അഞ്ച് വോട്ടിന്റെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 11 സീറ്റുകളിലേക്ക് മത്സരമില്ലാതെ തന്നെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് 12-ാം സ്ഥാനാര്‍ഥിയായി പ്രീതി വന്നതോടെ ഇല്ലാതായത്. എങ്കിലും ബി.ജെ.പിയുടെ പദ്ധതി പരാജയപ്പെട്ടു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭേദമന്യേ എം.എല്‍.എമാര്‍ പ്രീതിയെ പിന്തുണച്ചതോടെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. പ്രീതിയെ രംഗപ്രവേശം ചെയ്യിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് വെറും  ചന്തന്തയാക്കി മാറ്റുകയാണ് ബി.ജെ.പി ചെയ്തതെന്നും നേതാക്കളെ ഇവിടെ മറയില്ലാതെ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഒടുവില്‍ 25 വോട്ടുകള്‍ സിബല്‍ നേടിയപ്പോള്‍ പ്രീതിയുടെ വോട്ട് 18-ല്‍ അവസാനിച്ചു.

 

എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ കാര്യം പരിശോധിക്കേണ്ടതുണ്ട്. ക്രോസ് വോട്ടിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ 25 വോട്ടുകള്‍ മാത്രം നേടാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. അതും ബി.എസ്.പിയുടെ പിന്തുണയോടെ. എസ്.പിക്കും കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആര്‍.എല്‍.ഡി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതെന്നു കൂടി കോണ്‍ഗ്രസ് മനസിലാക്കേണ്ടതുണ്ട്. അതായത്, നല്ലൊരു ശതമാനം കോണ്‍ഗ്രസ് വോട്ടുകളും പോയത് പ്രീതിക്കാണ്. ചിലര്‍ തങ്ങളുടെ ആദ്യ പ്രിഫറന്‍സ് വോട്ട് ബി.എസ്.പി സ്ഥാനാര്‍ഥിക്കും ചെയ്തു. എന്നാല്‍ മായാവതിയാകട്ടെ, തങ്ങളുടെ ആദ്യ പ്രഫറന്‍സ് വോട്ടുകള്‍ അല്ലാത്തവ മറ്റാര്‍ക്കും നല്‍കിയുമില്ല. 80 എം.എല്‍.എമാരുള്ള ബി.എസ്.പിയുടെ മിശ്ര 39-ഉം സിദ്ധാര്‍ഥ് 42 വോട്ടുകളും നേടി.

 

ക്രോസ് വോട്ടിംഗ് എസ്.പിയേയും വിഷമിപ്പിച്ചിരുന്നു. സഭയില്‍ വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും തങ്ങളുടെ ഏഴാമത്തെ സ്ഥാനാര്‍ഥിക്ക് ആവശ്യമായ ആദ്യ പ്രിഫറന്‍സ് വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല.

 

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഹരിയാന 
ഹരിയാനയില്‍ കോണ്‍ഗ്രസ് പിന്തുണച്ച പ്രമുഖ അഭിഭാഷകന്‍ ആര്‍.കെ ആനന്ദിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സീ ഗ്രൂപ്പ് തലവന്‍ സുഭാഷ് ചന്ദ്രയെ ബി.ജെ.പി വിജയിപ്പിച്ചത്. 14 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ആനന്ദ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ 17 എം.എല്‍.എമാരില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയോട് വിധേയത്വമുള്ള ഭൂരിഭാഗം പേരും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പിന്തുണച്ചേക്കില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

 

ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് അടിതെറ്റി. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തലവന്‍ ഷിബു സോറന്റെ മകന്‍ ബിയാന്ത് സോറനെ കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ഒരു ജെ.എം.എം എം.എല്‍.എയും അറസ്റ്റിലായതോടെ ബി.ജെ.പിയുടെ മഹേഷ് പൊഡ്ഡാര്‍ വിജയിക്കുകയും ചെയ്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍