UPDATES

ഇന്ത്യ

രാകേഷ് അസ്താനയെ സിബിഐ ഡയറക്ടറാക്കിയതിന് വിശദീകരണം തേടി സുപ്രീം കോടതി

Avatar

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം വെട്ടിക്കുറച്ചുകൊണ്ട് സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി ഗുജറാത്ത് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനെയെ നിയമിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അനില്‍ സിന്‍ഹ ഡയറക്ടര്‍ പദവിയില്‍ നിന്നും വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍ കെ ദത്തയെ സിബിഐയില്‍ നിന്നും മാറ്റിയതെന്തിനാണെന്നും കോടതി ആരാഞ്ഞു. സീനിയോറിറ്റി വച്ച് അടുത്ത സിബിഐ ഡയറക്ടറാവേണ്ടിയിരുന്നത് ദത്തയായിരുന്നു. ഇത് സംബന്ധിച്ച് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും റോഹിന്റണ്‍ എഫ് നരിമാനും അടങ്ങുന്ന ബഞ്ചായിരുന്നു കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയോട് വിശദീകരണം ആരാഞ്ഞത്.

രാകേഷ് അസ്താനയെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അസ്താന അറിയപ്പെടുന്നത്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ഒരു മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ സേവനം വെട്ടിച്ചുരുക്കുന്നതിന് മുമ്പ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, വിജിലന്‍സ് കമ്മീഷണര്‍, ആഭ്യന്തരമന്ത്രലത്തിലെ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റിയുടെ അനുമതി ലഭിച്ചിരിക്കണം. ഈ രണ്ട് വിഷയങ്ങളിലും വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ മേധാവിയെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയുടെ യോഗത്തെ പറ്റിയും ആര്‍ കെ ദത്തയുടെ കാലാവധി എങ്ങനെയാണ് വെട്ടിക്കുറച്ചതെന്നതിനെ കുറിച്ചും ഡിസംബര്‍ 15ന് സര്‍ക്കാരിന്റെ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2-ജി കേസിലും കല്‍ക്കരി ഖനി കുംഭകോണ കേസിലുമുള്ള അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ദത്തെയെ എന്തുകൊണ്ടാണ് മാറ്റിയതെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. ഈ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കോടതി ബഞ്ചുകളുടെ അനുമതിയില്ലാതെയാണ് ദത്തയുടെ സിബിഐ സേവനം വെട്ടിച്ചുരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെ നിയമിക്കുന്നതിനായി കീഴ്വഴക്കങ്ങള്‍ ലംഘിക്കുകയും കോടതി ഉത്തരവുകള്‍ കാറ്റില്‍പ്പറത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ഭൂഷണ്‍ വാദിച്ചു. സിബിഐയുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തുഷാര്‍ മേഹ്ത കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിനും പ്രതിപക്ഷ നേതാവിനും കത്തയച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസത്തേക്ക് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അതിന് ശേഷമേ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേരാന്‍ സാധിക്കുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

അസ്താനയെ സിബിഐ ഡയറക്ടറാക്കാന്‍ പൂര്‍ണ്ണമായും വഞ്ചനാപരവും ഏകപക്ഷിയവും നിയമവിരുദ്ധവുമായ മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പരാതിക്കാരായ കോമണ്‍ കോസ് എന്ന എന്‍ജിഒ ആരോപിച്ചു. ഡിസംബര്‍ രണ്ടിന് അനില്‍ ഷാ വിരമിക്കുമെന്നറിയാമായിരുന്നിട്ടും തിരഞ്ഞെടുപ്പ് സമതി യോഗം നേരത്തെ വിളിച്ചു ചേര്‍ത്തില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍