UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീ സുരക്ഷയ്ക്ക് ഒരു ഫത്തേഗഢ് സാഹിബ് മാതൃക

Avatar

അഴിമുഖം പ്രതിനിധി

സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയൊരു ആശയം പരീക്ഷിക്കുകയാണ് പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലാ ഭരണകൂടം. വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഈ രക്ഷാബന്ധന്‍ മുതല്‍ എല്ലാ സഹോദരന്മാരും രേഖാ മൂലം ഉറപ്പുനല്‍കണം. ജില്ലാ ഭരണകൂടം തയാറാക്കിയ സമ്മതപത്രം എല്ലാ സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ക്കു വിതരണം ചെയ്തുകഴിഞ്ഞു.

കുട്ടികളിലെ ആണ്‍, പെണ്‍ അനുപാതം വളരെ കുറഞ്ഞ ഫത്തേഗഢ് സാഹിബ് ജില്ല ‘ ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പരിപാടിക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്ഥലമാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സഹോദരന്മാര്‍ സമ്മതപത്രം ഒപ്പിട്ടുനല്‍കണം. കുടുംബാംഗങ്ങള്‍ സാക്ഷികളായി ഒപ്പിടണം. സ്ഥാപനമേധാവികള്‍ക്കു തിരിച്ചുനല്‍കുന്ന ഇത് ‘ ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പരിപാടിയുടെ ജില്ലാ ഓഫിസിലേക്കയക്കും.

ഇതേപ്പറ്റി ഫത്തേഗഢ് സാഹിബിലെ ഡപ്യൂട്ടി കമ്മിഷണര്‍ കമല്‍ദീപ് സിങ് സംഘ ഇങ്ങനെ പറയുന്നു: ‘വനിതാസുരക്ഷയ്ക്കായുള്ള എത്ര സര്‍ക്കാര്‍ പരിപാടികളുണ്ടെങ്കിലും സ്ത്രീകള്‍ പൊതുയാത്രാസ്ഥലങ്ങളിലും വഴികളിലും ജോലിസ്ഥലങ്ങളില്‍പ്പോലും അരക്ഷിതാവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. അവരെ ഭയപ്പെടുത്തുന്ന പുരുഷന്മാര്‍ അന്യഗ്രഹജീവികളല്ല. നമുക്കിടയില്‍ ജീവിക്കുകയും സ്വന്തം വീടുകളില്‍ മാന്യതയോടെ പെരുമാറുകയും എന്നാല്‍ പുറത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ്. എല്ലാ സ്ത്രീകളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുക എന്നതാണ് രേഖാമൂലമുള്ള ഉറപ്പുവാങ്ങലിന്റെ ലക്ഷ്യം. ജില്ലയില്‍ 42,000 കത്തുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. സഹോദരന്മാരെക്കൊണ്ട് ഒപ്പുവയ്പിച്ച് പെണ്‍കുട്ടികള്‍ അത് തിരിച്ചുകൊണ്ടുവരും.’ പദ്ധതിക്ക് 25,000 രൂപയാണു ചെലവെന്ന് സംഘ പറഞ്ഞു.

‘പഞ്ചാബ് ദി ഷാന്‍, ഔരത് ദ സമ്മാന്‍’ എന്ന തലക്കെട്ടിലുള്ള കത്ത് ഇങ്ങനെയാണ്.’ ഞാന്‍ ………(പേര്) എന്റെ സഹോദരിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍, രക്ഷാബന്ധന്റെ അവസരത്തില്‍, എല്ലാ വനിതകളെയും ബഹുമാനിക്കുമെന്ന് ഉറപ്പുനല്‍കുന്നു. സമൂഹത്തിലോ പൊതുസ്ഥലത്തോ വനിതകളോടുള്ള മോശമായ പെരുമാറ്റത്തെ ഞാന്‍ എതിര്‍ക്കും. സമൂഹത്തില്‍ വേരൂന്നിയിട്ടുള്ള സ്ത്രീധനം, പെണ്‍ഭ്രൂണഹത്യ, പെണ്‍കുട്ടികളെ കളിയാക്കല്‍  എന്നിവയ്‌ക്കെതിരെ ഞാന്‍ പോരാടും. എന്റെ സഹോദരിയോടും കുടുംബത്തിലെ മറ്റു സ്ത്രീകളോടും മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നോ അങ്ങനെ ഞാന്‍ മറ്റു സ്ത്രീകളോടും പെരുമാറും. എന്റെ കുടുംബത്തിലും /കോളനിയിലും/ ഗ്രാമത്തിലും /നഗരത്തിലും/ ജില്ലയിലും /രാജ്യത്തും എല്ലാ സ്ത്രീകളും അവര്‍ക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ട് എന്ന് അഭിമാനത്തോടെ പറയും വിധം സൗഹൃദാന്തരീക്ഷം സൃഷ്ടിക്കും. രാഖി ഒരു ചരട് മാത്രമല്ലെന്നും സ്വയം മാന്യന്‍ ആകുന്നതിനെപ്പറ്റിയാണെന്നും ഈ സമ്മതപത്രം എന്നെ എപ്പോഴും ഓര്‍മിപ്പിക്കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍