UPDATES

സിനിമ

രക്ഷാധികാരിയിലെ ശ്രീകല സംസ്ഥാന അവാര്‍ഡ് നേടിയ ജാനകിയാണ്; കൃഷ്ണ പത്മകുമാര്‍/അഭിമുഖം

എനിക്ക് അവാര്‍ഡ് കിട്ടുന്ന അതേവര്‍ഷം ബിജു ചേട്ടനും അവാര്‍ഡ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്യുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

നാട്ടിന്‍പുറത്തിന്റെ കളികളും രസങ്ങളും നിറഞ്ഞ സിനിമയാണ് രക്ഷാധികാരി ബൈജു, ഒപ്പ്. തിയേറ്റുകളില്‍ മുന്നേറുന്ന ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും കാഴ്ചക്കാര്‍ക്ക് ഇഷ്ടമായെങ്കിലും അതില്‍ ശ്രീകല എന്ന കഥാപാത്രത്തോട് കുറച്ചു കൂടുതല്‍ ഇഷ്ടം പ്രേക്ഷകനു തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അതു വ്യക്തമാണ്. ശ്രീകലയെ അവതരിപ്പിച്ച അഭിനേത്രിയുടെ പേരുപോലും പലര്‍ക്കും അറിയില്ലെങ്കിലും ആ കഥാപാത്രത്തെ അത്രമേല്‍ നന്നായി ചെയ്തിരിക്കുന്നു എന്നാണ് എല്ലാവരുടെയും അഭിപ്രായം. ആളറിയാതെ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന ആ അഭിനേത്രി കൃഷ്ണ പത്മകുമാറാണ്. കൃഷ്ണയുടെ വിശേഷങ്ങള്‍ കേട്ടുകഴിയമ്പോള്‍ ശ്രീലതയെ ഇഷ്ടപ്പെട്ടുപോയതില്‍ അത്ഭുതം തോന്നില്ല. നടി കൃഷ്ണ പത്മകുമാറുമായി അനു ചന്ദ്ര നടത്തുന്ന സംഭാഷണം

അനു: ശ്രീകലയെ കുറിച്ചുളള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൃഷ്ണ പത്മകുമാര്‍ അറിയുന്നുണ്ടോ?

കൃഷ്ണ: എല്ലാവരും സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണെന്ന് അറിയുന്നു. ശ്രീലത എന്ന എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്നും പലരും പറയുന്നുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സത്യമായും അറിയില്ല. കാരണം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അകൗണ്ട് ഇല്ലാത്ത ഒരാളാണ്. അതുകൊണ്ട് അവിടെ എന്ത് നടക്കുന്നു /ചര്‍ച്ച ചെയ്യപ്പെടുന്നു എന്നറിയാതെ എനിക്കൊന്നും പറയാന്‍ കഴിയില്ല. ചില മാധ്യമങ്ങളിലെല്ലാം ശ്രീകല എന്ന പേരില്‍ തന്നെ എന്നെ അഡ്രസ്സ് ചെയ്തതായി ഞാന്‍ കേട്ടിരുന്നു.

അ: സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വാസ്തവമാണ്. അവിടെയില്ലെങ്കിലും അങ്ങനെയൊക്കെ നടക്കുന്നുവെന്നു കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമല്ലേ?

കൃ: തീര്‍ച്ചയായും. എന്റെ സാനിധ്യമുളളിടത്തും അല്ലാത്തിടങ്ങളിലും ഞാന്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതെനിക്കു കിട്ടുന്ന അംഗീകാരം തന്നെയാണ്. എന്റെ കഥാപാത്രത്തിനും എന്റെ കഴിവിനുമുള്ള അംഗീകാരം. വളരെയധികം സന്തോഷമുള്ള കാര്യം തന്നെയാണിതൊക്കെ. ആ കഥാപാത്രം ഇത്രകണ്ട് സ്വീകരിക്കപ്പെടുമെന്നു സത്യത്തില്‍ ഞാന്‍ കരുതിയിരുന്നില്ല. ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും പറഞ്ഞിരുന്നു, നന്നായി ചെയ്യുന്നുണ്ട്, സിനിമ ഇറങ്ങി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ലൊരു കരിയര്‍ മുമ്പിലുണ്ടാകും, നന്നായി മുമ്പോട്ട് പോകുമെന്നൊക്കെ. എന്നാലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണു എന്നെ കുറിച്ച് ഞാനില്ലാത്തയിടങ്ങളില്‍ പോലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നറിയുന്നതില്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്.

അ: മൂവാറ്റുപുഴക്കാരി കൃഷ്ണ പത്മകുമാര്‍ എങ്ങനെയാണ് ശ്രീകലയിലേക്കെത്തുന്നത്?

കൃ: ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയല്ല രക്ഷാധികാരി ബൈജു. പതിമൂന്നാം വയസില്‍ സിനിമയില്‍ എത്തിയയാളാണു ഞാന്‍. എം.ജി ശശി സാര്‍ 2009 ല്‍ സംവിധാനം ചെയ്ത ജാനകി എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ജാനകിയെ അവതരിപ്പിച്ചതു ഞാനായിരുന്നു. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡ് ആ കഥാപാത്രത്തിലൂടെ എനിക്കു കിട്ടി. പിന്നീട് ശരത് സാറിന്റെ പറുദ്ദീസ എന്ന സിനിമയില്‍ ജഗതി സാറിന്റെ മകളായി അഭിനയിച്ചു. മുന്നറിയിപ്പ് , കാമുകി എന്നീ ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു.

അ: അഭിനയത്തിനു സംസ്ഥാന അവാര്‍ഡ് നേടിയ ആളാണ്. അപ്പോള്‍ ശ്രീലതയെ ഇത്രമേല്‍ പ്രിയപ്പെട്ടവളാക്കിയതില്‍ അത്ഭുതമില്ല.

കൃ: അങ്ങനെ അവാര്‍ഡിന്റെ അടിസ്ഥാനത്തിലൊന്നും എന്നെ അളക്കേണ്ട. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമ അഭിനയം. കാമറയെന്താണെന്നുപോലും അറിയാത്ത പ്രായം. അഭിനയം എന്നാല്‍ എന്താണെന്നും എനിക്കറിയില്ലായിരുന്നു. ബാലതാരത്തെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് എന്റെ ബയോഡാറ്റ അയച്ച് കൊടുക്കുകയായിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ എത്തുമ്പോഴാണു സിനിമയിലെ പ്രധാനകഥാപാത്രത്തെയാണു ഞാന്‍ അവതരിപ്പിക്കുന്നതെന്നുപോലും അറിയുന്നത്. തെരുവില്‍ വളര്‍ന്ന് തിരിച്ച് തെരുവിലേക്ക് പോകേണ്ടിവരുന്ന ഒരു കുട്ടിയായിരുന്നു ജാനകി. സെറ്റിലെത്തിയശേഷമാണ് എന്നോടു ജാനകിയെക്കുറിച്ചു പറഞ്ഞു തരുന്നത്. ചെരിപ്പിടാതെ, മാലയിടാതെ, കമ്മലില്ലാതെ, മുടിയൊക്കെ അഴിച്ച് പാറിപ്പിച്ച് അങ്ങനെയങ്ങനെ… സംവിധായകന്‍ പറഞ്ഞതുപോലെയെല്ലാം അഭിനയിച്ചു. ആദ്യ ഷോട്ടില്‍ തന്നെ ശരിയാക്കി ചെയ്യാന്‍ കഴിഞ്ഞത് ശശി സാറിനെ സന്തോഷിപ്പിച്ചു. വളരെ നാച്ച്വറലായി ചെയ്‌തെന്നു സാര്‍ പറഞ്ഞു. അവാര്‍ഡിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പക്ഷേ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നുകയും ചെയ്തു.

അ: ശ്രീകല എന്ന കഥാപാത്രത്തിലേക്ക് വരുന്നത്?

കൃ: സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ടിന്റെ ഭാഗമായി ചെയ്ത ഷോട്ട് ഫിലിം ആയിരുന്നു കാമുകി. അതില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഷോര്‍ട്ട് ഫിലിമിനുളള ദേശീയ അവാര്‍ഡ് നേടിയ ആ വര്‍ക്ക് ഒരു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍, രക്ഷാധികാരി ബൈജുവിന്റെ ഛായാഗ്രാഹകനായ പ്രശാന്ത് രവീന്ദ്രന്‍ സാര്‍ കണ്ടിരുന്നു. പ്രശാന്ത് സാര്‍ വഴിയാണ് രക്ഷാധികാരി ബൈജുവില്‍ അവസരം കിട്ടുന്നത്. എന്നെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആ കഥാപാത്രം. ഒട്ടേറെ വിഷമങ്ങള്‍ പേറുന്ന ഒരാളാണു ശ്രീലത. കഥാപാത്രത്തെ ഉള്‍ക്കൊണ്ടപ്പോള്‍ ശ്രീലത ഞാന്‍ തന്നെയാണെന്നു തോന്നി. കഥാപാത്രത്തിന്റെ ശക്തി തന്നെയാണു പ്രേക്ഷകര്‍ക്ക് ശ്രീലതയോട് ഇഷ്ടം തോന്നാന്‍ കാരണവും. ആ ഇഷ്ടമാണ് എനിക്കും കിട്ടുന്നത്. രഞ്ജന്‍ പ്രമോദ് സാറിനോടാണ് നന്ദി പറയേണ്ടത്.

അ: ഷൂട്ടിംഗ് അനുഭവങ്ങള്‍?

കൃ: എന്നും ഓര്‍ത്തിരിക്കുന്ന അനുഭവങ്ങള്‍. ആദ്യത്തെ ഷോട്ട് ബിജു ചേട്ടനും വിജയരാഘവന്‍ സാറിനോടും ഒരുമിച്ചായിരുന്നു. അവരെപ്പോലുള്ള സീനിയര്‍ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതൊക്കെ ഭാഗ്യമാണ്. ആ സിനിമയില്‍ ഒരു ആകസ്മികത സംഭവിച്ചിരുന്നു. ജാനകിയിലെ അഭിനയത്തിന് എനിക്കു മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കിട്ടിയ അതേവര്‍ഷം മികച്ച സഹനടനുള്ള അവാര്‍ഡ് ബിജു ചേട്ടനായിരുന്നു. ടി ഡി ദാസന്‍ എന്ന സിനിമയിലെ അഭിനയത്തിന്. അവാര്‍ഡ് ദാന ചടങ്ങില്‍ അന്നു ഞങ്ങള്‍ ഒരുമിച്ചു കണ്ടിരുന്നു. പിന്നീട് കാണുന്നത് ഒരുമിച്ച് അഭിനയിക്കാനും. അന്നത്തെ ആറാം ക്ലാസുകാരി മനസില്‍പോലും വിചാരിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നത്. എല്ലാം ദൈവാനുഗ്രഹം. എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു.

അ: അജു വര്‍ഗ്ഗീസിനോടൊത്തുളള അഭിനയം ആസ്വദിച്ചോ?

കൃ: കുമ്പളം എന്ന ഗ്രാമത്തിന്റെയും ആ നാട്ടിലുള്ള കുമ്പളം ക്ലബിന്റെയും പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥയാണ് രക്ഷാധികാരി ബൈജു. ശുണ്ഠിക്കാരനായ ഒരാളാണ് അജു ചേട്ടന്റെ കഥാപാത്രം. ആ കഥാപാത്രത്തിന്റെ ഇഷ്ടം പിടിച്ചുപറ്റാനായി ശ്രമിക്കുന്ന കഥാപാത്രമാണ് ശ്രീകല. മാക്‌സിമം സപ്പോട്ടുമായി അജു ചേട്ടന്‍ കൂടെ നിന്നു. ചെയ്തത് തെറ്റിയാല്‍ പറഞ്ഞു തിരുത്താനും, നന്നായി ചെയ്താല്‍ അതു തുറന്ന് പറയാനുമെല്ലാം മനസ് കാണിക്കുന്ന വ്യക്തിയാണ് അജു ചേട്ടന്‍. ഒത്തിരി നല്ല ഓര്‍മ്മകള്‍ ഉണ്ട് ഈ സിനിമയിലെനിക്ക്. ഷൂട്ടിങ് അനുഭവങ്ങളില്‍ എപ്പോഴും എടുത്തു പറയാവുന്ന ഒന്നാണ് ‘ആകാശം’ എന്ന പാട്ട്. നാട്ടിന്‍പുറത്ത് നടത്തുന്ന ഓണാഘോഷ പരിപാടികളാണ് ആ പാട്ടിന്റെ പശ്ചാത്തലം. സത്യത്തില്‍ വളരെ ഫണ്ണിയായി അത് പോലെ മത്സരങ്ങള്‍ ഒക്കെ നടത്തി ചെയ്താണ് പാട്ട് ചിത്രീകരിച്ചത്.

അ: ശ്രീകലയുടെ വിശേഷങ്ങളില്‍ നിന്നും കൃഷ്ണയുടെ വിശേഷങ്ങള്‍ പറയൂ…

കൃ: ഞാന്‍ മൂവാററുപുഴ നിര്‍മ്മല കോളേജില്‍ ആദ്യവര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയാണ്. മലയാള അധ്യാപികയാവുകയാണ് ആഗ്രഹം. അതേസമയം സിനിമ എനിക്കിഷ്ടമാണ്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. നായികയാകണം എന്നൊന്നുമില്ല. ശ്രീകലയെ പോലുള്ള കഥാപാത്രങ്ങള്‍ ആയാലും മതി. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തേടിവരികയാണെങ്കില്‍ അഭിനയിക്കും. ഒരു വശത്തുകൂടി സിനിമയും പോയ്‌ക്കോട്ടെ…

അ: ആരൊക്കെയാണു കൃഷ്ണ എന്ന അഭിനേത്രിയുടെ പ്രധാന പ്രോത്സാഹകര്‍?

കൃ: അച്ഛനും അമ്മയും അനിയത്തിയും അച്ഛമ്മയും എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. അച്ഛന്‍ എപ്പോഴും എന്റെ കൂടെയുണ്ടാകും. മൂന്നുവയസു മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. എന്റെ അമ്മാവനും അമ്മായിയുമാണ് ഗുരുക്കന്മാര്‍. സ്‌ക്കൂള്‍ തലം മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായതുകൊണ്ട് എന്നെ അധികമാരും തിരിച്ചറിയുകയൊന്നും ഇല്ലായിരുന്നു. രക്ഷാധികാരി ബൈജു ഇറങ്ങിയതോടെ പലരും തിരിച്ചറിയുന്നുണ്ട്. ഷൂട്ടിംഗിനു പോയപ്പോള്‍ ഒരുമാസത്തിനടുത്ത് ക്ലാസ് നഷ്ടമായിരുന്നു. പക്ഷേ അധ്യാപകരുടെ പിന്തുണയുള്ളതുകൊണ്ട് ആശങ്കയില്ല.

അ: പുതിയ സിനിമകള്‍?

അ: ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. നല്ല അവസരങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ്. മാത്രവുമല്ല, പരീക്ഷ വരികയാണ്. അതിന്റെ തിരക്കിലാണ്. പരീക്ഷ കഴിഞ്ഞിട്ടേ ഇനി സിനിമയുള്ളൂ എന്നാണു തീരുമാനം. ഇപ്പോള്‍ എല്ലാവരോടും പറയാനുളളത് നിങ്ങളെല്ലാം രക്ഷാധികാരി ബൈജു കാണണം എന്നാണ്. ഗൃഹാതുരത്വവും നന്മയും ഗ്രാമീണ പശ്ചാത്തലവുമൊക്കെയായി നര്‍മ്മത്തില്‍ പറഞ്ഞു പോകുന്ന സിനിമയാണ്. എല്ലാവരും തീര്‍ച്ചയായും കാണണം…

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍