UPDATES

വീഡിയോ

രാം കെ നാം മുഴക്കിയ അപായമണി

ആനന്ദ് പട്വര്‍ദ്ധന്‍റെ ഡോക്യുമെന്‍ററി കാണാം

രാം കെ നാം (1992)
ആനന്ദ് പട്വര്‍ദ്ധന്‍

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പ്രചാരണമാണ് ആനന്ദ് പട്വര്‍ദ്ധന്‍റെ രാം കെ നാം എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ 1992, ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ കുറഞ്ഞത് 2,000 പേരെങ്കിലും കൊല്ലപ്പെട്ടു.

ആളുകള്‍ പറയുന്നതല്ല, ആളുകള്‍ ചെയ്യുന്നതാണ് കാണിച്ചത് എന്നതിലാണ് പട്വര്‍ദ്ധന്റെ ഡോക്യുമെന്‍ററിയുടെ കരുത്ത്. കലാപങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നും രാഷ്ട്രീയകക്ഷികളുടെ ജാഥകളിലേക്കും ഈ ഹീനമായ തന്ത്രങ്ങളുടെ ഇരകളായ സാധാരണക്കാരുടെ വാക്കുകളിലേക്കും പോകുമ്പോള്‍ അതെല്ലാം ‘രാമന്റെ പേരിലാ’ണ്. ഹിന്ദു ദൈവം രാമന്റെ ജന്‍മസ്ഥലത്തെക്കുറിച്ച് കെട്ടിപ്പൊക്കിയ വിവാദം മുഴുവനും രാഷ്ട്രീയമല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്നു പട്വര്‍ദ്ധന്‍ കാണിക്കുന്നു. കൊളോണിയല്‍ ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ഒന്നായിരുന്നു ക്ഷേത്രം തകര്‍ത്താണ് ആ പള്ളി പണിഞ്ഞതെന്ന്.  അത് അത്ര ഫലിച്ചിരുന്നുമില്ല- ഒരേ സമുച്ചയത്തില്‍ പതിറ്റാണ്ടുകളോളം ഹിന്ദുക്കളും മുസ്ലീങ്ങളും തങ്ങളുടെ ദൈവങ്ങളെ വേറെ വേറെ ആരാധിച്ചു. 1949-ല്‍ പള്ളിയില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ്  ആദ്യ അസ്വാരസ്യം ഉണ്ടാകുന്നത്. പിന്നെ അതൊരു തര്‍ക്കസ്ഥലമായി മാറി.

ഡോക്യുമെന്ററിയെക്കുറിച്ച് പട്വര്‍ദ്ധന്‍ ഇങ്ങനെ പറയുന്നു: “ഒരു ബോളിവുഡ് കലാസംവിധായകന്‍ ഒരു പുരാണ യുദ്ധരഥം പോലെ മോടിപിടിപ്പിച്ച ഒരു ശീതീകരിച്ച ടൊയോട്ട വണ്ടിയില്‍ 1990-ല്‍ എല്‍. കെ അദ്വാനി ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ തലങ്ങും വിലങ്ങും  ഇളക്കിമറിക്കുന്നതിനെ പിന്തുടരുകയായിരുന്നു രാം കെ നാം. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 16-ആം നൂറ്റാണ്ടില്‍ അയോദ്ധ്യയില്‍ പണിത പള്ളി പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാന്‍ ‘കര്‍ സേവക’രെ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭഗവാന്‍ രാമന്‍ ജനിച്ച കൃത്യം സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന വാദത്തിന്റെ പുറത്തായിരുന്നു ഇതെല്ലാം. തദ്ദേശീയരായ ഹിന്ദുക്കള്‍ക്ക് നേരെ മുസ്ലീം അധിനിവേശക്കാര്‍ നടത്തിയ പല അക്രമങ്ങള്‍ക്കും എതിരായ ചരിത്രപരമായ തിരിച്ചടിയായി ഇത് ന്യായീകരിക്കപ്പെട്ടു. ഹിന്ദുത്വ വാദത്തിന്റെ കേന്ദ്രമായ തീപ്പന്തമായിരുന്നു ആ വാദം.”

‘രാം കെ നാ’മിനായി പട്വര്‍ദ്ധന്‍ അഭിമുഖം നടത്തിയവരുടെ കൂട്ടത്തില്‍ ഒരു മഹന്ത് വളരെ സ്വാഭാവികമായി സമ്മതിക്കുന്നത്  ജില്ലാ മജിസ്ട്രേറ്റിന്റെ സഹായത്തോടെ 1949-ല്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ താനാണ് കൊണ്ടുവെച്ചത് എന്നാണ്. പള്ളി പൊളിക്കാനുള്ള വിഎച്ച്പി പ്രചാരണത്തെ ശക്തിയായി എതിര്‍ക്കുന്ന കോടതി നിയമിച്ച പൂജാരിയുടെ അഭിമുഖവും കാണിക്കുന്നുണ്ട്. “ഇതൊരു രാഷ്ട്രീയക്കളിയാണ്,” പൂജാരി പറയുന്നു. ഒരു വിഎച്ച്പിക്കാരനും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിട്ടില്ലെന്ന് മാത്രമല്ല, ആക്രമണ ഭീഷണി മുഴക്കി പലപ്പോഴും ആരാധനക്രമങ്ങള്‍ മുടക്കാറുണ്ടെന്നും പിന്നീട് അയാള്‍ പറയുന്നുണ്ട്. “ദൈവം ഇപ്പോഴേ നിലനില്‍ക്കുന്ന ഒരു കെട്ടിടം എന്തിനാണ് പൊളിക്കുന്നത്?” ഹിന്ദു വിശ്വാസ പ്രകാരം വിഗ്രഹമിരിക്കുന്ന ഏത് കെട്ടിടവും ക്ഷേത്രമാണ് എന്നുള്ളതിനാല്‍ പള്ളി തകര്‍ക്കുന്നത് ക്ഷേത്രം തകര്‍ക്കുന്നതിന് തുല്യമാണെന്ന് പറയുന്ന പൂജാരി ചോദിക്കുന്നു.

സ്വാഭാവികമായും വിഎച്ച്പി, ബിജെപി കക്ഷികള്‍ക്കും അവരുടെ അനുയായികള്‍ക്കും ‘രാം കെ നാം’ പ്രദര്‍ശിപ്പിക്കുന്നത് കടുത്ത പ്രശ്നങ്ങളുണ്ടാക്കി. രഥയാത്ര വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കില്ലെന്ന അദ്വാനിയുടെ പ്രസ്താവനയുടെ ഒപ്പം രഥയാത്ര കടന്നുപോയ വഴികളില്‍  കലാപങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയായിരുന്നു വാസ്തവം. പട്വര്‍ദ്ധന്‍ ദൃശ്യങ്ങളും ആളുകളുടെ മൊഴികളുമായി തന്റെ വാദങ്ങളെ കൃത്യമായി സാധൂകരിക്കുന്നു. അധികാരത്തിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടി മതത്തെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങളെയും രാഷ്ട്രീയക്കാരേയും ചലച്ചിത്രകാരന്‍ തുറന്നുകാണിക്കുന്നു. ഫിലിം ഫെയര്‍ പുരസ്കാരവും മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു. വിഎച്ച്പി ഈ ചിത്രത്തെ ‘ഹിന്ദുവിരുദ്ധം’ എന്നും വിശേഷിപ്പിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍