‘ആദിയില്‍ വെയിലുദിച്ചു. പിന്നെ ഭൂമിയുണ്ടായി. പിന്നെ മനുഷ്യരും. സൂര്യ വെളിച്ചത്തില്‍ ആദിമനുഷ്യന്‍ അവന്റെ അവയവങ്ങളില്‍ ചലനാത്മകത ഉണ്ടാക്കി. അതില്‍ നിന്ന് നിഴല്‍ രൂപങ്ങളുണ്ടായി. ലോകത്തിലെ ആദിമ കലാരൂപവും ഉരുവപ്പെട്ടു’. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കലാരൂപങ്ങളിലൊന്നായ നിഴല്‍ക്കൂത്തിന്റെ ഉപാസകന്‍ രാമചന്ദ്ര പുലവര്‍ പാലക്കാടന്‍ നാട്ടുശീലില്‍ പറഞ്ഞുതുടങ്ങി. മസ്‌കറ്റ് ഫെസ്റ്റിവലിലെ ഇന്ത്യന്‍ പവലിയനിലേയ്ക്ക് ഒമാന്‍ സര്‍ക്കാറിന്റെ ആഥിത്യം സ്വീകരിച്ച് എത്തിയതായിരുന്നു ഈ തോല്‍പ്പാവക്കൂത്ത് കലാകാരന്‍.
ഫ്രാന്‍സ്, റഷ്യ, സ്വീഡന്‍ തുടങ്ങി പല രാജ്യങ്ങളുടെയും സാംസ്‌കാരിക വകുപ്പുകളുടെ ക്ഷണം സ്വീകരിച്ച് പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മലയാളികള്‍ ഏറെയുള്ള ഒരു ഗള്‍ഫ് രാജ്യത്ത് എത്തുന്നതെന്ന് സന്തോഷം പ്രകടിപ്പിച്ചു, ഇദ്ദേഹം. മസ്‌കറ്റ് ഫെസ്റ്റിവല്‍ സ്റ്റാളില്‍ നിന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗങ്ങളാണ് രാമചന്ദ്ര പുലവരെ അറേബ്യന്‍ കളിയരങ്ങിലേയ്ക്ക് ക്ഷണിച്ചത്.
ചരിത്രം, ഐതിഹ്യം
വള്ളുവനാട്ടിലും പരിസര പ്രദേശങ്ങളിലും ഭദ്രകാളി സ്വരൂപം ഉള്ള ദേവീ ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചു വരുന്ന കലാരൂപം ആണ് തോല്‍പ്പാവക്കൂത്ത്. പരമശിവന്റെ കണ്ഠത്തിലെ കാകോള വിഷത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഭദ്രകാളി, ദാരികാസുര വധത്തിനു പോയ സമയത്താണ് ലങ്കയില്‍ രാമ രാവണ യുദ്ധം നടക്കുന്നത്. അതുകൊണ്ട് രാമന്‍ രാവണനെ നിഗ്രഹിക്കുന്നതു കാണാന്‍ ഭദ്രകാളിയ്ക്ക് സാധിച്ചില്ല. നിഴല്‍ നാടക രൂപത്തിലാണ് ദേവിക്ക് രാവണ നിഗ്രഹം പരമശിവന്‍ കാണിച്ചു കൊടുക്കുന്നത്. അതിനാലാണ് കൊല്ലം തോറും കാളീ ക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നടത്തി വരുന്നത്.
തോല്‍പ്പാവയിലെ വിഘ്‌നേശ്വരന്‍
ക്ഷേത്രാങ്കണത്തിന് പുറത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ കൂത്തുമാടങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് നടത്താറുള്ളത്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടങ്ങള്‍ ഉണ്ട്. കഞ്ചിക്കോട് മുതല്‍ ഒറ്റപ്പാലം പാലപ്പെട്ടി വരെ 85 ഓളം ക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നടത്താറുണ്ട്. അതില്‍ 45 ഓളം ക്ഷേത്രങ്ങളില്‍ രാമചന്ദ്ര പുലവരുടെ സംഘമായ കവളപ്പാറ സംഘം ആണ് കൂത്ത് നടത്തുന്നത്. കവളപ്പാറ മൂപ്പില്‍ നായര്‍ക്ക് പുത്രഭാഗ്യം ഉണ്ടാവുന്നതിന് വേണ്ടി പുത്തൂരില്‍ നിന്ന് കൊണ്ട് പോയി പാര്‍പ്പിച്ച ചിന്നതമ്പി പുലവരുടെ പന്ത്രണ്ടാം തലമുറ ആണത്രേ രാമചന്ദ്ര പുലവര്‍. ചിന്നതമ്പി പുലവരാണ് തോല്‍പ്പാവക്കൂത്ത് കേരളത്തില്‍ ഇന്ന് കാണും വിധം ചിട്ടപ്പെടുത്തിയത്. ശ്രീരാമാവതാരം മുതല്‍ തുടങ്ങുന്ന കൂത്ത് കവളപ്പാറ ആരിയങ്കാവില്‍ മാത്രമേ നടത്താറുള്ളൂ. ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്താം. ആരംഭം മുതല്‍ നിഷ്ഠയോടെ കളിക്കുകയാണെങ്കില്‍ 41 രാത്രികള്‍ വേണം കൂത്ത് പൂര്‍ത്തിയാക്കാന്‍ . പഞ്ചവടീപ്രവേശം മുതല്‍ക്കാണെങ്കില്‍ പതിനഞ്ച് ദിവസവും സേതുബന്ധം മുതല്‍ക്കാണെങ്കില്‍ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും. പത്താം വയസില്‍ കവളപ്പാറ ആര്യങ്കാവ് ഭഗവതിക്ഷേത്രത്തില്‍ വെച്ചാണ് രാമചന്ദ്ര പുലവര്‍ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
അരങ്ങൊരുങ്ങുന്നു. പിന്നണിയില്‍ കുത്തി ഉറപ്പിക്കുന്ന പാവകള്‍. രാമ ലക്ഷ്മണന്‍മാര്‍ക്കൊപ്പം സീതയും
ക്ഷേത്രത്തിനു പുറത്തേയ്ക്ക്
പിതാവും ഗുരുവുമായ കൃഷ്ണന്‍ കുട്ടി പുലവര്‍ ആണ് ഈ കലാരൂപത്തെ ജനകീയം ആക്കുന്നത്. ക്ഷേത്ര മതിലകങ്ങളില്‍ നിന്ന് പുറം കാഴ്ചകളിലേയ്ക്ക് തോല്‍പ്പാവക്കൂത്ത് എത്തുന്നത് അങ്ങനെയാണ്. ഏതൊരു കലാരൂപവും തിന്മയുടെ മുകളില്‍ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്ന അവബോധമാണ് ജനങ്ങള്‍ക്ക് പകരേണ്ടത് എന്ന ഗുരുവചനത്തിന്റെ, പിതൃവചനത്തിന്റെ പാതയില്‍ രാമചന്ദ്രനും തന്റെ നിയോഗം തുടരുന്നു. രാമകഥാഖ്യാനങ്ങള്‍ക്ക് പുറമേ യേശുവിന്റെ കഥയെ ആസ്പദമാക്കി മിശിഹാ ചരിതവും, മാലിന്യ മുക്ത കേരളവും മതമൈത്രിയും ഗാന്ധിചരിതവും, ഒഥല്ലോയുമൊക്കെ പാവക്കൂത്ത് രൂപത്തില്‍ അരങ്ങിലെത്തിയത് അങ്ങനെയാണ്.
രാമചന്ദ്ര പുലവര്‍ ഇരുപത്തി ഒന്ന് വിളക്കിനും തിരി തെളിച്ച് കൂത്തുമാടം ഒരുക്കുന്നു
ക്ഷേത്രകലയായി ഒതുങ്ങി നിന്ന പാവക്കൂത്തിന്റെ സാധ്യതകള്‍ നാടകവേദികളിലും ബോധവല്‍ക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തിയ തോല്‍പ്പാവക്കൂത്ത് കലാകാരനാണ് രാമചന്ദ്രപുലവര്‍. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ടെങ്കിലും ഇത് പഠിക്കാന്‍ പുതുതലമുറക്കാര്‍ക്ക് വലിയ താല്പര്യം ഒന്നും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് വര്‍ഷത്തില്‍ ഏറെ നിഷ്ഠയോടെയും സമര്‍പ്പണത്തോടെയും സ്വായത്തമാക്കേണ്ട കലാരൂപം ആണിത്. പലര്‍ക്കും ഒരു പാസ്‌പോര്‍ട്ട് നേടി വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കാന്‍ ഉള്ള ക്രാഷ് കോഴ്‌സാണ് വേണ്ടത്. ക്ഷേത്രങ്ങളിലും പലപ്പോഴും കാണികള്‍ ഉണ്ടാവാറില്ല. എന്നാലും പൈതൃകമായി കിട്ടിയ ഈ കലാരൂപം തേച്ചു മിനുക്കി സൂക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. 1993 ല്‍ ഐ.എഫ്.എഫ്.കെ യുടെ ഇന്ന് നാം കാണുന്ന ലോഗോ ചെയ്യാനായി സംവിധായകന്‍ അരവിന്ദന്‍ അച്ഛന്റെ അടുക്കല്‍ വന്നതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മോക്ഷപ്രാപ്തിയില്‍ ഉള്ള ലങ്കാ ലക്ഷ്മിയുടെ രൂപമാണത്. എല്ലാ കലാരൂപങ്ങളും മോക്ഷപ്രാപ്തിയിലേക്കുള്ള കണ്ടറിവ്, കേട്ടറിവ്, തൊട്ടറിവ്, രുചിച്ചറിവ്, മണത്തറിവ് എന്നിങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയുള്ള അറിവ് സമ്പാദിക്കല്‍ ആണ് ആദ്യം വേണ്ടത്. അതാണ് പണ്ഡിതന്‍ എന്നര്‍ത്ഥം വരുന്ന പുലവര്‍ ആദ്യം സ്വായത്തമാക്കേണ്ടതും.
ഘോരമായ രാമ രാവണ യുദ്ധം നിഴല്‍ കൂത്തില്‍
നിഴലാട്ടത്തിന്റെ കളിവിളക്ക്
നാടന്‍ കലകളുടെ കൂട്ടത്തില്‍പ്പെട്ട ഈ കലയ്ക്ക് ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ ദേവീക്ഷേത്രങ്ങളില്‍ ഉത്സവത്തിനു രണ്ടാഴ്ച മുമ്പ് രാവിനെ പകലാക്കുന്ന ഈ കഥാകഥനത്തെ വിദേശരാജ്യങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പഴമയുടെ തനിമ നിലനിര്‍ത്തി സൂക്ഷിക്കുന്ന ഈ കലാരൂപം നാടിന്റെ നന്മ നിറഞ്ഞ അധ്യായങ്ങളില്‍ ഒന്നാണെന്നു പ്രഖ്യാപിച്ചാണ് ഈ പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പാവക്കൂത്ത് ജനകീയമാക്കിയ രാമചന്ദ്രപുലവരെ ഏറെ വൈകിയാണ് അവാര്‍ഡ് തേടിയെത്തിയത്. ‘പാവകളിയിലെ കൈ മുദ്രകള്‍’ എന്ന പേരില്‍ ഇദ്ദേഹം എഴുതിയ പാവകളിയിലെ സാങ്കേതികതയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.
ശ്രീരാമ പട്ടാഭിഷേകം
അഞ്ചു പതിറ്റാണ്ടായി പാവക്കൂത്ത് പ്രചാരണവുമായി രംഗത്തുള്ള രാമചന്ദ്രന്‍ കളിവിളക്ക് ആദ്യമായി അറേബ്യന്‍ മണ്ണില്‍ തെളിയിക്കാന്‍ കിട്ടിയ അവസരത്തില്‍ ആഹ്ലാദവാനാണ്. കുറഞ്ഞത് എട്ടു പേരെങ്കിലുമുള്ള സംഘമാണ് ഇത് അവതരിപ്പിക്കാറ്. എഴുപറ, ഇലത്താളം, ശംഖ്, ചെണ്ട, മദ്ദളം, ചേങ്ങില, കുറും കുഴല്‍ എന്നിവ പിന്നണിയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ സൗകര്യം അനുസരിച്ച് റെക്കോര്‍ഡ് ചെയ്ത പിന്നണി ആണ് ചിലപ്പോഴൊക്കെ ഉപയോഗിക്കാറുള്ളത്.