UPDATES

വിദേശം

സൂര്യനസ്തമിക്കാത്ത രാജ്യങ്ങളിലെ റമദാന്‍ വ്രതം

ആന്‍ഡ്ര്യൂ മാര്‍ട്ടിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാനഡയിലെ നഗരമായ ഇഖ്‌വാല്യൂറ്റില്‍ നിര്‍മിക്കപ്പെടുന്ന ആദ്യത്തെ മോസ്കിന്റെ പണി ശിശിരത്തിന് മുന്‍പേ തീര്‍ക്കുവാനുള്ള ധൃതിയില്‍ കൂടുതല്‍ സമയം ജോലിയെടുക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍.  ഇതിനുവേണ്ടി രാത്രിയോ പകലോ എന്നില്ലാതെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് തൊഴിലാളികള്‍ 22 മണിക്കൂറോളം ആണ് പണിയെടുക്കുന്നത്.

ലോകത്തിലെ മറ്റനേകം മുസ്ലീങ്ങളെ പോലെ ഈ തൊഴിലാളികളും പുണ്യമാസമായ റംസാന്‍റെ ഭാഗമായി സൂര്യോദയം മുതല്‍ അസ്തമയം വരെ നോമ്പ് എടുക്കുന്നവരാണ്. ഇത്തവണ വേനല്‍കാലത്താണ് നോമ്പ് വന്നത് എന്നതുകൊണ്ട്‌  ഉത്തര മേഖലാ ഭാഗത്തുള്ള ആളുകള്‍ക്ക്  കൂടുതല്‍ സമയം ഭക്ഷണവും വെള്ളവും ഇല്ലാതെ നോമ്പ് എടുക്കുക എന്നത് ദുഷ്കരമായ ഒന്നായി തീര്‍ന്നിട്ടുണ്ട്. 

എന്നാല്‍ ഉത്തര ധ്രുവമേഖലയില്‍ വസിക്കുന്നവര്‍ക്കാണ് ഇത് ഒരു വെല്ലുവിളിയായി തീര്‍ന്നത്. കാരണം അവിടെ സൂര്യന്‍ അസ്തമിക്കുന്നേയില്ല. കാനഡയുടെ ഏറ്റവും ഉത്തരമേഖാലാ നഗരമായ ഇഖ്‌വാളിററ്റില്‍ ഏകദേശം രാത്രി 11 മണിക്കാണ് സൂര്യന്‍ അസ്തമിക്കുന്നത്. ഉദിക്കുന്നതോ പുലര്‍ച്ചെ രണ്ടുമണിക്കും. സെന്റ്‌.പീറ്റേഴ്സ്ബര്‍ഗ്ഗില്‍ 21 മണിക്കൂര്‍ സൂര്യനെ കാണാന്‍ സാധിക്കും. സ്റ്റോക്ക്‌ഹോമില്‍ പുലര്‍ച്ചെ ഒരു മണിക്കാണ് സൂര്യാസ്തമയം. കൃത്യം രണ്ടര മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും ഉദിക്കും. അര്‍ദ്ധരാത്രിയിലും സൂര്യനെ കാണാവുന്ന ഈ സ്ഥലങ്ങള്‍ നോമ്പ്തുറയ്ക്കും പിന്നീടുള്ള ഭക്ഷണത്തിനും സമയം തീരെ നല്‍കില്ല എന്നര്‍ത്ഥം. 

സൂര്യനസ്തമിക്കാത്ത രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ എങ്ങനെയാണ് റമദാന്‍ വ്രതം എടുക്കേണ്ടത് എന്ന ചോദ്യം മതനേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്‌ എന്ന് വിര്‍ജീനിയ യൂണിവേര്‍‌സിറ്റിയിലെ മതപഠന വിഭാഗത്തിലെ അദ്ധ്യാപകനായ ശങ്കര്‍ നായര്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ട് വരെ ധ്രുവപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മുസ്ലീങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ കുടിയേറ്റവും അഭയാര്‍ഥി നയങ്ങളും കാനഡയിലേക്കും യൂറോപ്പിന്‍റെ വടക്ക് ഭാഗങ്ങളിലേക്കും കൂടുതല്‍ മുസ്ലീങ്ങളെ എത്തിക്കാന്‍ കാരണമായി. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏകദേശം 600,000 മുസ്ലീങ്ങള്‍ ഉണ്ട്. കാനഡയില്‍ ആകട്ടെ ഇത് ഏകദേശം ഒരു മില്യണ്‍ വരും.

ഈജിപ്തില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും മറ്റു ഇസ്ലാമിക മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ ഇതിനകം തന്നെ സൂര്യനസ്തമിക്കാത്ത സ്ഥലങ്ങളില്‍ എങ്ങിനെ റംസാന്‍ നോമ്പ് എടുക്കണം എന്ന കാര്യത്തില്‍ വൈരുധ്യം നിറഞ്ഞ പല ഫത്വവകളും പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ പ്രദേശങ്ങളിലെ മുസ്ലീങ്ങള്‍ക്ക് ഇവയില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം.

ചിലര്‍ തങ്ങളോടു ചേര്‍ന്ന് കിടക്കുന്ന എന്നാല്‍ കുറച്ചുകൂടി തെക്കുഭാഗത്തുള്ള പ്രദേശങ്ങളിലെ സൂര്യോദയ- അസ്തമയ സമയങ്ങള്‍ക്കൊപ്പം നീങ്ങാന്‍ തീരുമാനിച്ചുവെന്ന് കാനഡയിലെ സഹായസംഘടനയായ സുബൈദ തല്ലാബ് ഫൌണ്ടേഷന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ജനറല്‍ മാനേജരും ആയ ഹുസൈന്‍ ഗൈസ്റ്റി പറഞ്ഞു. അതായത് ഇഖ്‌വാളിററ്റില്‍ (ഒട്ടാവയിലെ നോമ്പ് സമയം അനുസരിച്ച് പോലെതന്നെ) രാവിലെ 5.30 മുതല്‍ രാത്രി 9 മണിവരെ ആയിരിക്കും നോമ്പ് സമയം. എന്നാല്‍ സമൂഹത്തിലെ പലര്‍ക്കും ആ  പ്രദേശത്തെ  മതനേതാക്കള്‍ തീരുമാനിച്ച നീണ്ട നോമ്പ് എടുക്കാനാണ് താത്പര്യം എന്ന് ഗൈസ്റ്റി പറഞ്ഞു. ‘ആളുകള്‍ ഇതിനെ ഗൌരവപൂര്‍വ്വം സമീപിക്കുന്നതിന്‍റെ ലക്ഷണം ആണ് ഇത്. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഇത് ശരിക്കും വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഒരു ദിവസം പൂര്‍ണ്ണമായും ഭക്ഷണം ഇല്ലാതിരുന്നാല്‍ അത് തളര്‍ച്ചയ്ക്കും തലവേദനക്കും ഗുരുതരമായ നിര്‍ജലീകരണത്തിനും  കാരണമാകും. നോമ്പ് തുറന്നാല്‍ തന്നെ ഭക്ഷണവും വെള്ളവും കഴിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വളരെ കുറച്ചു സമയം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ.

സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്ത സ്വീഡനിലെ കിരുനയിലെ മുസ്ലീങ്ങള്‍ക്കാകട്ടെ ഇതേറെ കഠിനമാണ്. ‘ജോലി കഴിഞ്ഞു മടങ്ങുമ്പോഴേക്കും നടക്കാന്‍ സാധിക്കാത്ത അത്ര ക്ഷീണിതയായ ഞാന്‍ ബസ്സില്‍ ആണ് വീട്ടിലേക്ക് പോകാറ്.’ അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ കനീസ് പറഞ്ഞു. ‘ഞാന്‍ ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ടേയിരിക്കും’. അവര്‍ പറഞ്ഞു.

ഇത് മനുഷ്യശരീരത്തിനു മുകളില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് പ്രകാരം സെന്റ്‌.പീറ്റര്‍സബര്‍ഗിലെ റമദാന്‍ നിരീക്ഷണ ചുമതലയുള്ള യെലിഴാവെറ്റ ഇസ്മായിലോവ പറഞ്ഞു. ഇഖ്‌വാല്യൂറ്റില്‍ നോമ്പ് തുറ രാത്രി ഏറെ വൈകിയതിനു ശേഷം വരുന്നതിനാലും ഭക്ഷണം കഴിക്കുന്നതിനുള്ള  സമയം വളരെ കുറച്ചു മാത്രം ലഭിക്കുന്നതിനാലും ആളുകള്‍ ജോലിസമയത്തിനുശേഷം ഒന്ന് മയങ്ങുക കൂടി ചെയ്യുന്നു.

ഇവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് മറ്റു ചില വെല്ലുവിളികള്‍  കൂടി നേരിടേണ്ടി വരുന്നുണ്ട്. തങ്ങളുടെ  ചുറ്റും ജീവിക്കുന്നവരില്‍ ഭൂരിഭാഗവും ധാരാളം വെള്ളവും ഭക്ഷണവും കഴിച്ചുകൊണ്ട് ജീവിക്കുന്നത് കാണുക കൂടി വേണം ഇവര്‍. “നിങ്ങള്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ അവിടെ ആളുകള്‍ ഭക്ഷണം കഴിക്കുന്നതും, വെള്ളം കുടിക്കുന്നതും കാണുന്നു. ധാരാളം കൊതിപ്പിക്കുന്ന ഭക്ഷണങ്ങള്‍, ഐസ്ക്രീം ഒക്കെ ഇവര്‍ കാണുന്നുണ്ട്.” ഗൈസ്റ്റി പറഞ്ഞു. ഒരു മുസ്ലീം രാജ്യത്ത് എല്ലാവരും ഒരുപോലെ നോമ്പ് എടുക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രലോഭനങ്ങള്‍ക്ക് സാധ്യതയില്ല.

ഇത്രയും ബുദ്ധിമുട്ടുകള്‍ക്ക് ഉണ്ടായിട്ടും ആരും ഒരു പരാതി പോലും പറയുന്നില്ല. ദീര്‍ഘനേരം നോമ്പ് എടുക്കേണ്ടിവരുന്നത്‌ തങ്ങളുടെ  വിശ്വാസത്തെ പരീക്ഷിക്കാന്‍ വേണ്ടിയാണെന്ന് അവര്‍ വിശ്വസിക്കുന്നു.  ഇഖ്‌വാല്യൂറ്റിലെ മോസ്ക് പണിയുന്ന ഒരു മരപ്പണിക്കാരന്‍ തന്നോട് പറഞ്ഞ ഒരു കാര്യം  നുനവുഡിലെ ഇസ്ലാമിക് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് ഹസന്‍ പങ്കുവച്ചു. “ഈ കുളിരുള്ള കെട്ടിടത്തിനുള്ളില്‍ നമുക്കൊരിക്കലും ദാഹം അനുഭവപ്പെടുന്നില്ല.” ഒരിക്കല്‍ നാം ഈ 22- 23 മണിക്കൂറിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അതൊരിക്കലും ഒരു പ്രശ്നമായി തോന്നുകയേ ഇല്ല എന്നാണ് ഇസ്ലാമിക് സൊസൈറ്റിയുടെ പ്രസിഡന്റ് സയീദ് ആസിഫ് അലി പറഞ്ഞത്. ‘ഇത് നമ്മുടെ ശീലമായി മാറും. പിന്നെ നമ്മള്‍ ഈ സമയദൈര്‍ഘ്യം അറിയുകകൂടിയില്ല’. 

സസ്കറ്റ്ഷെവാനിലെ രേഗിനയില്‍ ആണ് അലി ഇപ്പോള്‍ താമസിക്കുന്നത്. ആദ്യമൊക്കെ ഈ സമയദൈര്‍ഘ്യം എങ്ങിനെ കൈകാര്യം ചെയ്തു എന്നത്  ഇപ്പോള്‍ അത്ഭുതത്തോടെ ആണ് ഓര്‍ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു കാര്യം നമ്മള്‍ ചെയ്യാതിരിക്കുമ്പോള്‍ എങ്ങനെയാണ് അത് ചെയ്തത് എന്ന് ആലോചിക്കുക കൂടി അത്ഭുതമായി തോന്നും. എനിക്കോര്‍മ്മ പോലുമില്ല. നാം എന്തിലാണോ വിശ്വസിക്കുന്നത് അതിനുവേണ്ടി ചെയുന്നതെല്ലാം നമുക്ക് ലളിതമായി തോന്നുന്നു.’ അദ്ദേഹം പറഞ്ഞു.

മറ്റുള്ള മുസ്ലീം സമൂഹങ്ങള്‍ വ്യത്യസ്തമായൊരു പരിഹാരം കണ്ടെത്തി. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഏറ്റവും ഉത്തരാര്‍ദ്ധത്തിലെ മുസ്ലീം പള്ളി സ്ഥിതി ചെയുന്ന   കാനഡയിലെ ഇനുവിക്കില്‍, ദിവസത്തില്‍ മുഴുവന്‍ സമയവും സൂര്യപ്രകാശം ലഭിക്കും. ഇവിടെയുള്ളവര്‍ സൌദി അറേബ്യയിലെ മക്കയിലെ സമയക്രമം അനുസരിച്ച് ആണ് നോമ്പ് സമയം തിട്ടപ്പെടുത്തിയതെന്നു ഈ പള്ളിയിലെ അംഗവും 1991ല്‍ സുഡാനില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്ത ആളുകളില്‍ ഒരാളുമായ അബ്ദുള്ള മുഹമ്മദ് പറഞ്ഞു. അവര്‍ മക്കയിലെ സമയക്രമം അതേപോലെ പിന്തുടരുകയല്ല ചെയ്യുന്നത്. (മക്കയും കാനഡയും തമ്മില്‍ 9 മണിക്കൂര്‍ സമയവ്യത്യാസം ഉണ്ട്.) അതിനു പകരം മക്കയില്‍ നോമ്പ് നിലനില്‍ക്കുന്ന അത്രയും സമയം തന്നെ പ്രാര്‍ത്ഥനയും നിസ്കാരസമയവും കണക്കാക്കുകയും ചെയുന്നു. അപ്പോള്‍ ഒരു ദിവസം ഏകദേശം 13 മണിക്കൂര്‍ എന്ന കണക്കില്‍ രാവിലെ 5 മണി മുതല്‍ വൈകീട്ട് 6:30 വരെ നീളുന്ന ഒരു നോമ്പ് ആണ് അവര്‍ പിന്തുടരുന്നത്.

പള്ളികമ്മറ്റിയിലെ അംഗങ്ങള്‍ തമ്മില്‍ നടന്ന നീണ്ട വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു നോമ്പ് സമയത്തിലേക്ക് അവര്‍ എത്തിയത് എന്ന് മുഹമ്മദ് പറഞ്ഞു. ‘എല്ലാവര്‍ക്കും സ്വീകാര്യമായ ഒന്നിലേക്ക് എത്തുക എന്നത് ശ്രമകരം ആയിരുന്നു. ആരാധന എന്നത് ഒരു പീഡനം ആകരുത്’. മുഹമ്മദ് പറഞ്ഞു. ‘മനുഷ്യസാധ്യമല്ലാത്തത് ചെയ്യുന്നത് ഇസ്ലാമികമല്ല.’

ഇത്തവണ നീണ്ട നോമ്പ് തന്ന വേനല്‍കാല റമദാനു എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ധ്രുവപ്രദേശത്തുള്ളവര്‍ക്ക് ഇത് ഒരു സഹായം ആണ്. ‘സൂര്യന്‍ ഒരിക്കലും ഉദിക്കാത്ത ശൈത്യത്തേക്കാള്‍ എത്രയോ ഭേദമാണ് ഈ വേനല്‍കാല നോമ്പ്.’ മുഹമ്മദ്‌ പറഞ്ഞു. ഇരുട്ടുപിടിച്ച നോമ്പിനെക്കള്‍ നല്ലതാണ് നീണ്ട സമയമുള്ള ഈ നോമ്പുകാലം.  

(വിര്‍ജീനിയയിലെ ചാര്‍ലോറ്റെസ്വില്ലെയില്‍ താമസിക്കുന്ന   മാര്‍ട്ടിന്‍ ഒരു സാഹിത്യകാരനും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനുമാണ്.)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍