UPDATES

സിനിമ

സോഷ്യല്‍ മീഡിയയ്ക്ക് പെരുത്ത് ഇഷ്ടപ്പെട്ടു രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയെ; അനു സിത്താര/ അഭിമുഖം

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഹാപ്പി വെഡ്ഡിംഗ്‌സിലൂടെയാണു നായിക നിരയില്‍ എത്തുന്നത്

അനു ചന്ദ്ര

അനു ചന്ദ്ര

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന രാമന്റെ ഏദന്‍തോട്ടം റിലീസ് ചെയ്യാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതിന് ഒരു പ്രധാനകാരണം നായിക അനു സിത്താരയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ നിമിഷം തൊട്ട് അനു സിത്താര എല്ലാ പ്രേക്ഷകരുടെയും ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഹാപ്പി വെഡ്ഡിംഗ്‌സിലൂടെയാണു നായിക നിരയില്‍ എത്തുന്നത്. മികച്ചൊരു നര്‍ത്തകി കൂടിയായ അനു സിത്താര മലയാള സിനിമയിലെ മുഖ്യധാര നായികമാരുടെ നിരയിലേക്ക് എത്തുന്നത് വളരെ ചെറിയ സമത്തിനുള്ളിലാണ്. രാമന്റെ ഏദന്‍തോട്ടം അനുവിനെ മലയാളിയുടെ പ്രിയപ്പെട്ട നായികയാക്കുമെന്ന സോഷ്യല്‍ മീഡിയ പ്രവചനം വെറുതെയാകില്ലെന്നാണ് അനുവിനു കിട്ടുന്ന സപ്പോര്‍ട്ട് കാണിക്കുന്നത്. രാമന്റെ ഏദന്‍തോട്ടം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന വേളയില്‍ അനു സിത്താര അനുചന്ദ്രയുമായി സംസാരിക്കുന്നു.

അനു ചന്ദ്ര: രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയശേഷം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അനു സിത്താരയാണ് താരം. സാധാരണ നായകന്മാര്‍ക്കു കിട്ടുന്ന സ്വീകാര്യതയാണ് ഇപ്പോള്‍ അനു സ്വന്തമാക്കിയിരിക്കുന്നത്. എന്തുതോന്നുന്നു?

അനു സിത്താര: ഒരുപാട് സന്തോഷമുണ്ട്. എനിക്ക് തോന്നുന്നു എന്നെ ഇങ്ങനെ ചര്‍ച്ച ചെയ്യാന്‍ കാരണം നായികയ്ക്കത്രയും പ്രാധാന്യം സിനിമയിലുളളത് കൊണ്ട് തന്നെയാണ്. ഈയൊരു സിനിമയില്‍ മാത്രമല്ല, നായിക കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന ഏതൊരു സിനിമയായാലും അതൊക്കെയും ഇതുപോലെ ചര്‍ച്ച ചെയ്യപ്പെടും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അനു ചന്ദ്ര: രാമന്റെ ഏദന്‍തോട്ടം നായികാപ്രധാന്യമുള്ള സിനിമയാണോ?

അനു സിത്താര: ഫീമെയില്‍ ഓറിയന്റഡ് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും, അത് ചിലപ്പോള്‍ അത്രയും ചെറിയ വേഷങ്ങളില്‍ വന്നവര്‍ക്കായാല്‍ പോലും അതിന്റേതായ പ്രാധാന്യം ഉണ്ട്.

അനു ചന്ദ്ര: ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്?

അനു സിത്താര: ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ട് അഭിനയിച്ചു തുടങ്ങിയ ആളാണ് ഞാന്‍. നായികയാകുന്നതെല്ലാം പിന്നീടാണ്. അതില്‍ തന്നെ ഇതു വരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്. ഇതില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് മാലിനി എന്നാണ്. നല്ലൊരു കഥാപാത്രമാണ്. ഇനിയും പറഞ്ഞു കഴിഞ്ഞാല്‍ ഈ ഒരു കഥയുടെ /സിനിമയുടെ ഒരു ഭാഗം തന്നെ പറയേണ്ടി വരും എന്നുളളതു കൊണ്ട് ഇത്രയേ ഞാനിപ്പോള്‍ പറയുന്നൊളളൂ. കൂടുതലായിട്ടൊന്നും പറയാന്‍ ഇപ്പോഴെനിക്ക് സാധ്യമല്ല.

എന്നാല്‍ തന്നെയും ഇതൊരു വ്യത്യസ്തമായ കഥാപാത്രമാണ്, ഞാനിതു വരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്ന് കൂടി പറയുന്നു. കാരണം അത്രമാത്രം വ്യത്യസ്തതകളുണ്ട് മാലിനിക്ക്.

അനു ചന്ദ്ര: ഷൂട്ടിംഗ് അനുഭവങ്ങള്‍. കുഞ്ചാക്കോ ബോബനുമൊത്ത് ആദ്യമായിട്ടാണല്ലോ അഭിനയിക്കുന്നതും?

അനു സിത്താര: ഈ സിനിമ എന്നെ സംബന്ധിച്ചു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. വാഗമണ്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. ഞാന്‍ വയനാട്ടുകാരിയാണ്. വാഗമണ്ണിനു വയനാടുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു സ്വന്തം നാട്ടിലെന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു. വീട് വിട്ട് മാറി നില്‍ക്കുകയാണെന്നൊന്നും തോന്നിയിട്ടില്ല. സിനിമയില്‍ ഒരുപാടു നാളത്തെ പരിചയുമുള്ളയാണു ചാക്കോച്ചന്‍, അതുപോലെ സംവിധായകന്‍ രഞ്ജിത്തേട്ടന്‍, ഇവര്‍ രണ്ടുപേരും പരമാവധി എന്നോടു സഹകരിച്ചു. മനസില്‍ നല്ല പേടിയുണ്ടായിരുന്നു, ഒരുപാട് ടേക്കുകള്‍ ഒക്കെ എടുക്കേണ്ടി വന്നാല്‍ ചാക്കോച്ചന്‍ ദേഷ്യപ്പെടുമോ എന്നൊക്കെ. പക്ഷെ, അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി ചാക്കോച്ചന്‍ ഒരു പഞ്ച പാവമാണെന്ന്. മൊത്തത്തില്‍ നല്ല അനുഭവമായിരുന്നു രാമന്റെ ഏദന്‍തോട്ടം.

അനു ചന്ദ്ര: നര്‍ത്തകിയാണ്. നൃത്തത്തിന്റെ ലോകത്തു നിന്നും അഭിനയത്തിന്റെ മേഖലയില്‍ എത്തുമെന്നും ഇതുപോലെ അറിയപ്പെടുന്ന നായികയാകുമെന്നും എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ?

അനു സിത്താര: അഭിനയം ചെറുപ്പകാലം തൊട്ട് ഇഷ്ടമായിരുന്നു. പക്ഷേ അന്നൊന്നും ഒരിടത്തും അഭിനയിക്കാനോ, അങ്ങനെയെന്തെങ്കിലും ചെയ്യാനോ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിനിമ അന്നൊന്നും സ്വപ്‌നത്തിലെ ഇല്ലായിരുന്നു. സിനിമയില്‍ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചതുമില്ല. അപ്രതീക്ഷിതമായ ഒരു എന്‍ട്രി തന്നെയായിരുന്നു സിനിമയിലേക്ക്. സിനിമയില്‍ എത്തിക്കഴിഞ്ഞാണ് ഇവിടെ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നു തോന്നി തുടങ്ങയത്. പക്ഷെ മനസില്‍ ധൃതി ഇല്ലായിരുന്നു. പെട്ടെന്നൊരു ദിവസം എല്ലാവരും അറിയപ്പെടുന്ന നായികയാകണമെന്നല്ല ഞാന്‍ തീരുമാനിച്ചത്. ചെറുതാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. അങ്ങനെയൊരു സ്‌പെയ്‌സ് എന്റെതായി ഉണ്ടാക്കിയെടുക്കുക. അതിനു കഴിയുമെന്നു തന്നെയായിരുന്നു വിശ്വാസം. അതു തെറ്റിയില്ലെന്നു തോന്നുന്നു.

അനു ചന്ദ്ര: അഭിനയിച്ചിട്ടില്ലെന്നു പറയുമ്പോഴും കുട്ടിക്കാലത്തു തന്നെ അഭിനയത്തോട് ഇഷ്ടം തോന്നാന്‍ കാരണം. മനസില്‍ കല വരുന്നത് എങ്ങനെയാണ്?

അനു സിത്താര: എനിക്കിത് പാരമ്പര്യമായി കിട്ടിയതാണ്. കോര്‍പ്പറേഷന്‍ ഓഫിസറായ അച്ഛന്‍ അബ്ദുള്‍ സലാം നാടകനടന്‍ കൂടിയായിരുന്നു. അമ്മ രേണുക നര്‍ത്തകിയും. കുട്ടിക്കാലം മുതല്‍ കാണുന്നതും അനുഭവിക്കുന്നതും കലയുടെ അന്തരീക്ഷമാണ്. എന്റെ മാതാപിതാക്കളെ സംബന്ധിച്ച് കല നേരമ്പോക്കല്ലായിരുന്നു. അവര്‍ക്കത് ആത്മസമര്‍പ്പണം ആയിരുന്നു. എന്നിലും അതും കയറിക്കൂടി. എനിക്കവിടെ പിന്തിരിയാന്‍ സാധ്യമല്ലായിരുന്നു. അത്രമേല്‍ അതെന്നില്‍ ആവേശിച്ചു.

സ്‌കൂള്‍ പഠനകാലത്ത് നൃത്ത പരിപാടികളിലായിരുന്നു കൂടുതലായും പങ്കെടുത്തിരുന്നത്. സംസ്ഥാന കലോത്സവത്തില്‍ വിജയി ആകുന്നതോടെയാണ് ഒരു പ്രമുഖ ചാനലില്‍ ഇന്റര്‍വ്യൂ വരുന്നത്. അങ്ങനെയാണ് ആദ്യ സിനിമയിലേക്കുളള ക്ഷണം വരുന്നത്. അവകാശപ്പെടാന്‍ ശക്തമായൊരു കലാപാരമ്പര്യം ഉളളത് കൊണ്ട് തന്നെയാകാം തീര്‍ച്ചയായും അഭിനയത്തോട് ഇത്രയൊക്കെ താല്പര്യം തോന്നിയത്.

അനു ചന്ദ്ര: അച്ഛനും അമ്മയുമാണ് അനു സിത്താര എന്ന നായികയ്ക്ക് പുറകിലുള്ള പൂര്‍ണ പ്രചോദനം എന്ന് പറയാം അല്ലേ?

അനു സിത്താര: അതേ. പക്ഷെ അവര്‍ക്കൊപ്പം എടുത്ത് പറയേണ്ട മറ്റൊരാളാണ് എന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്.

അനു ചന്ദ്ര: സിനിമയില്‍ എത്തിയശേഷമായിരുന്നു വിവാഹം അല്ലേ?

അനു സിത്താര: വിഷ്ണു വയനാട്ടിലെ കല്‍പ്പറ്റയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിനുശേഷമാണ് ഹാപ്പി വെഡിംഗ് എന്ന സിനിമ ചെയ്യുന്നത്. വിവാഹത്തിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും വിഷ്ണു അഭിനയത്തില്‍ എനിക്ക് പൂര്‍ണ പിന്തുണ തരുന്നുണ്ട്. എന്റെ സന്തോഷവും പ്രചോദനവുമാണ് വിഷ്ണു.

അനു ചന്ദ്ര: സാധാരണ വിവാഹശേഷം നായികമാര്‍ അഭിനയം ഉപേക്ഷിക്കുകയാണ്. അത്ഭുതം, ഇവിടെ നേരെ തിരിച്ചാണു സംഭവിച്ചിരിക്കുന്നത്?

അനു സിത്താര: അത്ഭുതമെന്നു പറയേണ്ടതുണ്ടോ? ഇന്നത്തെ കാലത്ത് വിവാഹശേഷവും സിനിമ ചെയ്യുന്ന ഒരുപാട് നായികമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണു ഞാന്‍. വിഷ്ണു ഒരു കലാകാരനാണ്. അതുകൊണ്ടു തന്നെ എന്നിലെ കലാകാരിയെ അംഗീകരിക്കുവാനും പിന്തുണക്കുവാനും വിഷ്ണു മടിക്കുന്നില്ല.

അനു ചന്ദ്ര: അനു സിത്താരയെന്ന നായികയെ കുറിച്ച് പലപ്പോഴും പറഞ്ഞു കേള്‍ക്കാം, ഒരു ആംഗിളില്‍ നിന്ന് കാവ്യ മാധവനെ പോലെ തോന്നിക്കുന്നു, മറ്റൊരു ആംഗിളില്‍ നിന്ന് അനന്യയെ പോലെ തോന്നിക്കുന്നു എന്നൊക്കെ. രൂപസാദൃശ്യത്തെ പറ്റിയുള്ള ഇത്തരം കമന്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

അനു സിത്താര: ഒത്തിരി പേര്‍ ഇങ്ങനെയെല്ലാം പറയാറുണ്ട്. പക്ഷെ ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്നു വെച്ചാല്‍ സ്വയം എനിക്കങ്ങനെ ഒന്നും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല എന്നതാണ്.

അനു ചന്ദ്ര: അഭിനേത്രി എന്ന നിലയില്‍ പേരെടുക്കുമ്പോഴും നൃത്തം കൈവിട്ടിട്ടില്ലല്ലേ. ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ടല്ലോ?

അനു സിത്താര: അതേ കല്‍പ്പറ്റയിലാണ്. നവരസ എന്നാണ് പേര്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ മുഴുവന്‍ സമയവും അവിടെയാണ് ഉണ്ടാകാറ്. പക്ഷേ പുറത്തു സ്‌റ്റേജ് പരിപാടികളില്‍ ഒന്നും ഞാന്‍ സാനിധ്യമറിയിച്ചിട്ടില്ല ഇതുവരെ. എന്റെ അസാനിധ്യത്തില്‍ അമ്മയാണ് നൃത്തവിദ്യാലയം നോക്കി നടത്തുന്നത്.

അനു ചന്ദ്ര: സിനിമയില്‍ നിന്നും മാറി ഒരു ചോദ്യം. സ്ത്രീകള്‍ സ്വന്തം പ്രവര്‍ത്തന മേഖലയില്‍ ഒതുങ്ങാതെ പൊതുയിടങ്ങളിലേക്കിറങ്ങുന്ന, സാമൂഹിക പ്രതിബദ്ധത കാണിക്കുന്ന ഒരു കാലത്തിലെത്തി നില്‍ക്കുകയാണ്. അനുവും ഇത്തരം ഇടപെടലുകളില്‍ ശ്രദ്ധിക്കുന്നുണ്ടോ?

അനു സിത്താര: തീര്‍ച്ചയായും. ഇടപെടണമെന്ന് തോന്നിയ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. ഇനിയുമങ്ങനെ തന്നെയാരിക്കും മുന്നോട്ടു പോവുന്നത്. ഒരു കാലാകാരിക്ക് സാമൂഹ്യപ്രതിബദ്ധതയും വേണ്ടതുണ്ട്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍