UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോദ്ധ്യയില്‍ 225 കോടിയുടെ രാമായണ മ്യൂസിയം; രാമ ക്ഷേത്രം വൈകുന്നതില്‍ അതൃപ്തിയുമായി തീവ്ര ഹിന്ദുത്വക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

ഒടുവില്‍ രാമരാജ്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി. കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ നിര്‍ദ്ദിഷ്ട രാമായണം മ്യൂസിയത്തിന് വേണ്ടിയുള്ള സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഒക്ടോബര്‍ പതിനെട്ട് രാമരാജ്യ നിര്‍മ്മാണത്തിന്റെ തുടക്കം കുറിച്ച ദിനം എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്ത് നിലവിലുള്ള മതകേന്ദ്രങ്ങളില്‍ അതിഗംഭീരമായ അത്യാധുനിക സവിശേഷതകളടങ്ങിയ മ്യൂസിയമായിരിക്കും അയോദ്ധ്യയില്‍ ഒരുങ്ങുക എന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ലഖ്‌നൗവില്‍ നിന്ന് 150 കി മി അകലെയുള്ള അയോദ്ധ്യയില്‍ നിര്‍മ്മിക്കപ്പടെുന്ന മ്യൂസിയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 85 കോടിയുടെ ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്. താന്‍ ഭഗവാന്‍ ശ്രീരാമന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് തനിക്ക് കിട്ടുന്ന അംഗീകാരമാണ് എന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു.

മ്യൂസിയത്തിന് വേണ്ടി രണ്ട് സ്ഥലങ്ങളാണ് കണ്ടുവെച്ചിട്ടുള്ളത്. ഇതില്‍ എവിടമാണ് ഉചിതമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ രാമക്ഷേത്ര പദ്ധതിയുടെ സ്ഥലത്ത് നിന്നും പതിനഞ്ച് കിമി അകലെ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സ്ഥലവും നിര്‍ദ്ദിഷിട മ്യൂസിയത്തിനായി പരിഗണിക്കുന്നുണ്ട്. വിവാദ സ്ഥലത്ത് നിന്ന് 2 കി മി മാത്രം അകലമുള്ള സ്ഥലത്തിനാണ് ബി ജെ പി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും രണ്ടാമത്തെ സ്ഥലത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ശര്‍മ്മ തയ്യാറായില്ല.

കര്‍സേവകപുരത്ത് പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞത് ഇന്ത്യിലെ കോടികണക്കിന് ജനങ്ങള്‍ രാമന്‍റെ ബാല്യവും സരയു നദി കാണാനും അയോദ്ധ്യയിലെ മണ്ണ് തൊടാനും ആഗ്രഹിക്കുന്നു എന്നാണ്. ലോകത്തിന്‍റെ ഭുപടത്തില്‍ അയോദ്ധ്യ ഏറ്റവും ഉയര്‍ന്ന് നില്‍ക്കും. രാമന്റെ ജീവിതം ജനങ്ങള്‍ക്ക് അറിയാന്‍ തക്കവണ്ണമുള്ള ഒരു മ്യൂസിയത്തിന് തുടക്കം കുറിക്കുന്നതിനാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായി ആണ് താന്‍ എത്തിയിരിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു. മന്ദിരത്തിന് വേണ്ടി തൂണുകളും ശിലകളും വര്‍ഷങ്ങളായി പണിയുന്ന സ്ഥലമാണ് കര്‍സേവകപുരം.

സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളായ ഹനുമാന്‍ ഗാര്‍ഹിലും, കനക് ഭവനിലും സന്ദര്‍ശനം നടത്തിയ മന്ത്രി 1992 ല്‍ ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്തു താത്ക്കാലിക ടെന്‍റില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ബാലകന്‍റെ രൂപത്തിലുള്ള രാമനെയും തൊഴുതാണ് മടങ്ങിയത്. വി എച്ച് പി യുടെ ഭാഗമായ രാമജന്മഭൂമി ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃത്യഗോപാല്‍ ദാസുമായും ശര്‍മ്മ കൂടിക്കാഴ്ച നടത്തി.

പുരാണത്തില്‍ രാമന്‍ സഞ്ചരിച്ചത് എന്ന് കരുതപ്പെടുന്ന രാമായണപാതക്ക് വേണ്ടി ആദ്യം കേന്ദ്രം അനുവദിച്ചത് 175 കോടിയായിരുന്നു. പിന്നീട് രാമായണ മ്യൂസിയം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 225 കോടിയായി ഉയര്‍ത്തുകയായിരുന്നു.

ബി ജെ പിയുടെ രാജ്യസഭാംഗവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 90 കളില്‍ കര്‍സേവകപുരത്തിന് തുടക്കം കുറിച്ച ആളുമായ വിനയ് കട്ടിയാര്‍ കേന്ദ്രത്തിന്‍റെ നീക്കങ്ങളില്‍ പക്ഷെ തൃപ്തനല്ല. രാമായണ മ്യൂസിയം പോലുള്ള ലോലിപോപ്പുകളല്ല മറിച്ച് രാമ ക്ഷേത്രത്തിന് വേണ്ടിയുള്ള ഉറച്ച ചുവട് വെയ്പാണ് വേണ്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കര്‍സേവപുരത്ത് നടന്ന ശര്‍മ്മയുടെ പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുത്തില്ല. രാമക്ഷേത്രത്തെ കുറിച്ചുള്ള സന്യാസികളുടെ ചോദ്യങ്ങള്‍ നേരിടാന്‍ തനിക്കാവില്ല എന്നതാണ് അദ്ദേഹം കാരണമായി ചൂണ്ടികാട്ടിയത്.

താന്‍ അയോദ്ധ്യ നിവാസിയാണ്.അവരുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് മറുപടിയില്ല. അതുകൊണ്ട് മാറി നിന്നു എന്നും അദ്ദേഹം പറഞ്ഞു. 6000 യിരത്തിലധികം ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടെങ്കിലും രാമക്ഷേത്രത്തില്‍ കുറഞ്ഞ ഒന്നിലും കാര്യങ്ങള്‍ ഒത്തുത്തീര്‍പ്പിലെത്തില്ല. രാമന്‍റെ ജന്മസ്ഥലമായ അയോദ്ധ്യ രാമക്ഷേത്രമില്ലാതെ അപൂര്‍ണ്ണമാണ് എന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം 1992 ല്‍ ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് തന്നെ ക്ഷേത്രം വേണമെന്ന് വാശിയിലാണ് വി എച്ച് പി ഉള്‍പ്പടെയുള്ളവര്‍. രാമന്‍ ജനിച്ചത് അവിടെയാണ് എന്നതാണ് അവര്‍ കാരണമായി പറയുന്നത്.

രാമായണ പാതപദ്ധതി നിരവധി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ടുറിസം വകുപ്പിന് കീഴിലെ രാമായണ പാതക്ക് വേണ്ടിയുള്ള ദേശീയ കമ്മിറ്റി കഴിഞ്ഞ ജൂണ്‍ 14 നാണ് ആദ്യമായി യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംസ്ഥാനത്തെ ടുറിസം വകുപ്പിലെ അധികൃതരും യോഗത്തില്‍ പങ്കെടുത്തു. എണസ്റ്റ് യങ്ങ് എന്ന കമ്പനിയെ പദ്ധതിയുടെ വിപുലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ശേഷമായിരുന്നു യോഗം.യോഗത്തില്‍ 300 കോടിയാണ് പദ്ധതിക്കായി അനുവദിക്കപ്പെട്ടത് എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമക്ഷേത്ര വിവാദം വീണ്ടും കുത്തിപ്പൊക്കി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനാണ് തിരഞ്ഞെടുപ്പ് അടുത്ത കാലത്തത് ബി ജെ പിയുടെ ശ്രമമെന്ന് ബി എസ് പി നേതാവ് മായാവതി ആരോപിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാംക്ഷേത്ര വിവാദം വീണ്ടും കുത്തിപൊക്കിയതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത ബി ജെ പി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തുന്നത്. കഴിഞ്ഞ 20 വര്‍ഷം ഇതൊക്കെ കണ്ട ജനങ്ങള്‍ ഇതിലെ ഇരട്ടത്താപ്പ് മനസ്സിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍