UPDATES

മാഗി നൂഡില്‍സിന്റെ ഇടം സ്വന്തമാക്കാന്‍ രാംദേവിന്റെ ആട്ടാ നൂഡില്‍സ്

Avatar

അഴിമുഖം പ്രതിനിധി

ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് നൂഡില്‍സ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. നെസ്ലെ മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പ് വിറ്റിരുന്ന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവുമായിട്ടാകും രാംദേവിന്റെ പതഞ്ജലി വെജ് ആട്ടാ നൂഡില്‍സ് എത്തുക. രണ്ടാഴ്ചയ്ക്കുള്ളില്‍ നൂഡില്‍സ് വിപണിയിലെത്തിക്കാനാണ് രാംദേവിന്റെ നീക്കം. നെസ്ലേയ്ക്ക് കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കുന്നതിന് മുമ്പ് വിപണിയിലെത്താനാണ് പതഞ്ജലി ലക്ഷ്യം വയ്ക്കുന്നത്. പതഞ്ജലിയുടെ വെജ് ആട്ടാ നൂഡില്‍സ് 70 ഗ്രാമിന്റെ പായ്ക്കറ്റ് 15 രൂപ വിലയ്ക്ക് ലഭിക്കുമെന്ന് കമ്പനിയുടെ ഉല്‍പന്നങ്ങളുടെ മുംബയിലെ വിതരണക്കാരായ പിറ്റി ഗ്രൂപ്പ് സിഇഒ ആദിത്യ പിറ്റി പറയുന്നു. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞു. 10-15 ദിവസത്തിനുള്ളില്‍ നൂഡില്‍സ് വിപണിയിലെത്തുമെന്ന് ആദിത്യ കൂട്ടിച്ചേര്‍ത്തു. നെസ്ലെയുടെ മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയം അടങ്ങിയിട്ടുണ്ടെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നെസ്ലെയ്ക്ക് ഉല്‍പന്നത്തെ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അമേരിക്കയിലും മറ്റും നടത്തിയ പരിശോധനകളില്‍ ഈ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. നൂഡില്‍സ് വിപണിയില്‍ എത്തിക്കുന്നതിന്റെ അനുമതിക്കായി നെസ്ലെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. രാജ്യത്ത് 4000 കോടി രൂപയുടെ മൂല്യമാണ് നൂഡില്‍സ് വിപണിക്കുള്ളത്. അതില്‍ 70 ശതമാനത്തോളം പങ്ക് നെസ്ലെയ്ക്കായിരുന്നു ലഭിച്ചിരുന്നത്. 2016 ഓടു കൂടി 5000-6000 കോടി രൂപയുടെ വരുമാനമാണ് പതഞ്ജലി എല്ലാ ബിസിനസുകളില്‍ നിന്നുമായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവര്‍ 2000 കോടി രൂപയുടെ വരുമാന ലക്ഷ്യം കൈവരിച്ചിരുന്നു. ഡാബര്‍, മാരികോ, ഗോദ്‌റേജ്, കോള്‍ഗേറ്റ് പാംമോലീവ്, പി ആന്റ് ജി, ഇമാമി, ജ്യോതി ലാബ്‌സ് തുടങ്ങിയവരുമായാണ് രാംദേവിന്റെ കമ്പനി മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂല നിലപാടുകളാണ് രാംദേവ് സ്വീകരിച്ചിരുന്നത്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍