UPDATES

ചെന്നിത്തലയുടെ അബ്ദുള്‍ഖാദര്‍ പരാമര്‍ശവും തട്ടം ഊരിച്ച മോദിയും; കാവി മനസുകളുടെ ചില ഐക്യപ്പെടലുകള്‍

അബ്ദുള്‍ഖാദറിന് ക്ഷേത്രത്തില്‍ കയറാന്‍ മതപരമായ തടസ്സങ്ങളുണ്ടെങ്കിലും ജനപ്രതിനിധിയെന്ന നിലയിലും പൗരനെന്ന നിലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം ഭരണഘടന അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്

നിയമസഭ ഇന്നലെ പ്രക്ഷുബ്ധമായി അവസാനിച്ചപ്പോള്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് ഭരണപക്ഷത്തിനാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയുള്ളിലെ കാവി പൂച്ചയെ പുറത്തുചാടിക്കാന്‍ സാധിച്ചുവെന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാടക പരാമര്‍ശം മുതല്‍ ബല്‍റാം ഫേസ്ബുക്കിലൂടെ പറഞ്ഞ വിരട്ടാന്‍ നോക്കേണ്ട വരെ വിവാദമായ നിരവധി പ്രസ്താവനകള്‍ ഉയര്‍ന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ചെന്നിത്തലയുടെ പരാമര്‍ശത്തിലാണ്. കാരണം അതിലടങ്ങിയിരിക്കുന്ന വര്‍ഗ്ഗീയ സൂചന തന്നെ.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടുകാര്യങ്ങളില്‍ കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്താണ് കാര്യമെന്ന ചെന്നിത്തലയുടെ ചോദ്യമാണ് വിവാദത്തിലായത്. ഗുരുവായൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് അബ്ദുള്‍ ഖാദര്‍ എന്നത് പോലും ഓര്‍ക്കാതെയായിരുന്നു ചെന്നിത്തലയുടെ ഈ ചോദ്യം. പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അറിയാതെയോ അറിഞ്ഞോ ചെന്നിത്തലയ്ക്കുള്ളിലുള്ള സംഘപരിവാര്‍ സ്വഭാവം പുറത്തു ചാടിയെന്നേ ഇതിനെ വ്യാഖ്യാനിക്കാനാകൂ. മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം സംസാരിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് വിവാദ പ്രസ്താവന നടത്തിയത്. ഗുരുവായൂരിലെ പ്രസാദ ഊട്ട് മുടങ്ങുന്നതിനും പോലീസ് വഴിവച്ചു എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാരാണ് ചാവക്കാട്ട് നിന്നും ഗുരുവായൂരിലേക്ക് വെള്ളം എത്തിക്കാന്‍ തടസ്സം നിന്നതെന്ന് അബ്ദുള്‍ ഖാദര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഗുരുവായൂര്‍ പ്രസാദ ഊട്ട് തടസ്സപ്പെടുന്നതിനെ അബ്ദുള്‍ഖാദര്‍ ന്യായീകരിക്കുന്നതെന്തിനാണെന്ന് ചെന്നിത്തല ചോദിച്ചത്. ഭരണപക്ഷം ഇതിനെ വര്‍ഗ്ഗീയ പരാമര്‍ശമായി വ്യാഖ്യാനിക്കുകയും ചെയ്തു.

അബ്ദുള്‍ഖാദറിന് ക്ഷേത്രത്തില്‍ കയറാന്‍ മതപരമായ തടസ്സങ്ങളുണ്ടെങ്കിലും ജനപ്രതിനിധിയെന്ന നിലയിലും പൗരനെന്ന നിലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം ഭരണഘടന അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യുകയാണ് രമേശ് ചെന്നിത്തല ചെയ്തിരിക്കുന്നത്. അബ്ദുള്‍ഖാദറിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇവിടെ ചെന്നിത്തല നടത്തിയിരിക്കുന്നത്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഇടപെടലാണ് ഇത്. സംഘപരിവാര്‍ പറയുന്നതും ഇതുതന്നെയാണ്.

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പര്‍ദ്ദ ധരിച്ചെത്തിയവര്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രവേശനം നിഷേധിച്ചത് ഇതിന് ഉദാഹരണമാണ്. പിന്നീട് പര്‍ദ്ദ മാറ്റിയശേഷമാണ് ഇവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്. പ്രധാനമന്ത്രിക്ക് വേണ്ടി സംഘപരിവാര്‍ നടപ്പാക്കിയ വര്‍ഗീയ അജണ്ടയായിരുന്നു ഇത്. ഇവിടെയും ജനപ്രതിനിധികളെങ്കിലും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയായിരുന്നു. ജനപ്രതിനിധികളുടെ പോലും സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ കടന്നു കയറുന്ന സംഘപരിവാറും രമേശ് ചെന്നിത്തലയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാകുന്നത് ഇവിടെയാണ്. പുറമേ ധരിച്ചിരിക്കുന്ന ഖദറിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കാവി വസ്ത്രം രമേശ് അറിയാതെ പുറത്തേക്കു വരികയായിരുന്നെന്നും പറയാം. രമേശിന്റെ ഈ കാവിമനസാണ് ജനപ്രതിനിധിയെങ്കിലും അബ്ദുള്‍ഖാദര്‍ ക്ഷേത്രവിഷയത്തില്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍