UPDATES

സമയത്തില്‍ നിന്നു ചിതറിപ്പോയ ഒരിടം; ഒറ്റയ്ക്ക് പോവും നേരം; ധനുഷ്കോടി യാത്ര-ഭാഗം 2

Avatar

ശാലിനി പദ്മ

(ഒന്നാം ഭാഗം ഇവിടെ വായിക്കാം: ഒറ്റയ്ക്ക് പോവും നേരം; പേടികളുടെ ഒരു ധനുഷ്കോടി യാത്ര-ഭാഗം 1)

 

മഴ കുറഞ്ഞെങ്കിലും ശമിയ്ക്കുന്നില്ല. ആകാശം മുരണ്ടു കൊണ്ട് നില്ക്കുകയാണ്. ഇടയ്ക്കിടെ ഭൂമിയിലേയ്ക്കു വിരല്‍ നീട്ടുന്ന മിന്നല്‍പ്പിണരുകള്‍. സന്ധ്യയായത് പോലെ. തിരിച്ചു രാമേശ്വരത്ത് ചെല്ലണമെങ്കില്‍ അടുത്ത ബസ്സ് വരണം. കനത്ത മഴ പെയ്താല്‍ ചിലപ്പോഴവ വൈകുകയും ചെയ്യും. എന്തുചെയ്യണം എന്നറിയാതെ കടയ്ക്കുള്ളില്‍ കൂനിപ്പിടിച്ചിരിക്കുമ്പോള്‍ വീശിയടിയ്ക്കുന്ന കാറ്റിനെയും ചാറിപ്പെയ്യുന്ന മഴയേയും തരിമ്പും വകവെയ്ക്കാതെ അടുപ്പിലേയ്ക്ക് വിറകുകഷണങ്ങള്‍ തള്ളിക്കയറ്റി, ചുട്ടുപഴുത്ത തട്ടിന്മേല്‍ വെള്ളം വീശിയൊഴിച്ചു ചൂലുകൊണ്ടടിച്ച ശേഷം എണ്ണ പുരട്ടി, ചെറിയ പൊറോട്ടകള്‍ ചുട്ടെടുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച വൃദ്ധനായ കടക്കാരനെ ശ്രദ്ധിച്ചു.

 

വൃദ്ധനെന്നു പറഞ്ഞുകൂട. കടല്‍ക്കിഴവന്‍ എന്ന പദമാണ് ചേരുക. ഡാമുകളോടും മറ്റും ചേര്‍ന്ന പ്രദേശങ്ങളില്‍ കാണുന്ന ജലാശയങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരക്കമ്പുകള്‍ പോലെ. അയാളുടെ ചുമലില്‍ ഒരു കടല്‍ക്കാക്ക ചിറകുകള്‍ ഉണക്കാന്‍ എന്നോണം വിരിച്ചു പിടിച്ചു നില്‍പ്പുണ്ട് എന്ന് തോന്നും. ഷര്‍ട്ട് ഇട്ടിട്ടില്ല. നെഞ്ച് വരെ വളര്‍ന്ന താടി. പതം വന്ന ഇരുമ്പ് പോലെ ശരീരം. ഈ മഴയില്‍ കാറ്റില്‍, ഉയര്‍ന്നു വരുന്ന തിരമാലകളില്‍, അയാളെ ഭയപ്പെടുത്തുന്ന ഒന്നുമേ ഇല്ല. ചുട്ടുവെയ്ക്കുന്നതല്ലാതെ ആരോടെങ്കിലും കഴിയ്ക്കുന്നോ എന്നൊന്നും അന്വേഷിയ്ക്കുന്നില്ല. കടയ്ക്കുള്ളില്‍ അയാളുടെ മക്കള്‍ എന്ന് തോന്നുന്ന രണ്ടു മൂന്നു പേരുണ്ട്. ഒരു ചായ കൂടി കൊണ്ടുവന്നു തന്ന സ്ത്രീയോട് കുശലം ചോദിച്ചു.

 

വൃദ്ധന്റെ മകളാണ്. ‘രമേശ്വരത്താണ് വീട്. പത്തു പതിനെട്ടു കൊല്ലമായി ഇവിടെ കട നടത്തുന്നുണ്ട്. അപ്പാ രാത്രിയിലും വീട്ടില്‍ വരില്ല. ഇവിടെ കടയിലാണ് കിടപ്പ് ‘; പേടിയാവില്ലേ എന്ന ചോദ്യത്തിന്, ‘എന്ത് പേടിയ്ക്കാന്‍? അതൊക്കെ പഴക്കമായിപ്പോയി’ എന്ന് മറുപടി. ‘ഇവിടെ രാത്രി പേയിറങ്ങി നടക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.’ ‘അത് ഞങ്ങളും കേട്ടിട്ടുണ്ട്, ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍ ചില ശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കാം, സ്വന്തം കാര്യം മാത്രം അന്വേഷിച്ചു നടന്നാല്‍ ഒരു കുഴപ്പവും ഇല്ല.’ സംസാരം മതിയാക്കി അവര്‍ എണീറ്റ് പോയി. വൃദ്ധനെ നോക്കിയിരുന്നപ്പോള്‍ എനിയ്ക്ക് കാണാമായിരുന്നു. അമാവാസിയ്ക്ക് കടലില്‍ നിന്ന് കയറി വരുന്ന പ്രേതങ്ങളെ. ഈ ചാളയ്ക്ക് മുന്നിലേയ്ക്ക് ഇഴഞ്ഞും കിതച്ചും എത്തുന്ന അവയ്ക്ക് കടല്‍ക്കിഴവന്റെ കമ്പിളിയും കാപ്പിയും ചൂട് പകര്‍ന്നിട്ടുണ്ടാവാം. ജീവനും. കിഴവന്റെ വിളക്ക് മണ്ഡപംക്യാമ്പ് വരെ അവയ്ക്ക് വഴികാട്ടിയിട്ടുണ്ടാവാം. 
.
തൊട്ടപ്പുറത്ത് നിന്ന സ്ത്രീ മലയാളിയാണെന്ന് അപ്പോഴാണ് മനസിലായത്. ആവലാതി പറയുകയാണ്. കര്‍മം ചെയ്തത് പൂര്‍ത്തിയായി പുണ്യം കിട്ടണമെങ്കില്‍ ധനുഷ്‌കോടി കടലില്‍ കുളിച്ചു വസ്ത്രങ്ങള്‍ ഉപേക്ഷിയ്ക്കണമത്രേ. ധരിച്ചു വന്ന സാരി ക്ഷേത്ര നടയിലെ ഏതോ കടയില്‍ ഏല്പ്പിച്ചു നൂറു രൂപയുടെ സാരി ഉടുത്താണ് തീര്‍ഥഘട്ടങ്ങളില്‍ ഒക്കെ സ്‌നാനം ചെയ്തത്. കുളിയ്ക്കാന്‍ സാധിച്ചില്ല എങ്കില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാവില്ല. പുണ്യം കിട്ടുകയുമില്ല. ഇവിടെ ഇറങ്ങരുത് എന്നെഴുതി വെച്ച ഒരിടത്തേയ്ക്ക് നടന്ന അവരെ കടയിലുണ്ടായിരുന്നവര്‍ ഒച്ച വെച്ച് തിരിച്ചു വിളിച്ചു. അവര്‍ക്കു കടലിലിറങ്ങി കുളിച്ചേ മതിയാവൂ. അല്ലെങ്കില്‍ കുറച്ചു വെള്ളമെടുത്തു തലയില്‍ കുടഞ്ഞാല്‍ മതിയാവുമോ എന്നവര്‍ കൂടെ വന്ന സ്ത്രീയോട് ചോദിയ്ക്കുന്നു. കൂടെ വന്ന സ്ത്രീ അതിലും ദേഷ്യത്തിലാണ്. അവരുടെ സാരി കടക്കാരന്‍ തിരിച്ചു കൊടുക്കുന്നില്ല പോലും. അതൊക്കെ ദാനം കൊടുക്കേണ്ടതാണ് എന്ന് പറഞ്ഞ് അയാളത് പിടിച്ചു വെച്ചുവത്രേ. അവര്‍ സാരിയുടെ വില പറഞ്ഞ് വിലപിച്ചുകൊണ്ടിരുന്നു. മഴ മാറുന്നില്ല എന്നത് അവരെപ്പോലെ തന്നെ എന്നെയും അലട്ടുന്നുണ്ട്. അടുത്ത ബസ്സ് വന്നു. രാമേശ്വരത്ത് നിന്ന് വരുന്ന ബസ്സുകള്‍ അഞ്ചു മിനിട്ടിനകം തിരിച്ചു പോവും.

 

 

ഒന്നും ശരിയാവുന്നില്ലല്ലോ എന്ന തോന്നലോടെ അവിടെ നിന്നെണീറ്റു. തിരിച്ചു പോവുക തന്നെ. മഴ ശക്തിപ്പെടുകയാണ്. കാറ്റും. ബസ്സില്‍ കയറി. തിരിച്ചു പോന്നു. പോരുമ്പോള്‍ ഒന്നും ചിന്തിയ്ക്കാതിരിയ്ക്കാന്‍ ശ്രമിച്ചു. ഹെഡ് സെറ്റിലൂടെ ഹരിഹരന്‍ പാടിത്തുടങ്ങി. മുഝെ ഫിര്‍ വഹി യാദ് ആനെ ലഗേ ഹെ… വീണ്ടും അവരെ ഓര്‍മ വരുന്നു. കാലങ്ങളെടുത്തു മറന്ന ആരെയോ.

 

വണ്ടി തിരിച്ചു രാമേശ്വരത്തെത്തി. എങ്ങോട്ട് പോവണം എന്ന് തീര്‍ച്ചയില്ല. ഒരു ബസ്സ് വരുന്നു. അത് പാമ്പന്‍ വഴി പോവുന്നതാണ്. അതില്‍ കയറി. പാമ്പന്‍ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. പാലത്തിനു മുകളിലൂടെ അരിച്ചരിച്ചു കടന്നു വരുന്ന ട്രെയിനിലിരുന്ന് ഇത് കണ്ടിരുന്നു. കടലിനു കുറുകെ പണിത റെയില്‍വേ പാലവും, റോഡും. രണ്ടു പാലങ്ങളും സമാന്തരമാണ്. റെയില്‍ ബ്രിഡ്ജ് താഴ്ന്നും, റോഡ് ബ്രിഡ്ജ് ഉയരത്തിലുമാണ് പണിതിരിയ്ക്കുന്നത്. 64-ലെ ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങളും കാണാം. ചെന്നെയില്‍ നിന്ന് രാമേശ്വരം വരെ വന്നിരുന്ന ബോട്ട് മെയില്‍ അടക്കം സകലതിനെയും കാറ്റ് വിഴുങ്ങിയ 64-ലെ കെടുതി. വെറും 46 ദിവസം കൊണ്ട് ഇന്ന് കാണുന്ന പാലം നിര്‍മിച്ച് അതിലൂടെ മരുന്നും ഭക്ഷണസാമഗ്രികളുമായി ട്രെയിനോടിച്ച ഇ ശ്രീധരന്‍ എന്ന റെയില്‍വേ എന്‍ജിനീയര്‍.

 

പാലത്തിനു തൊട്ടുമുന്‍പുള്ള സ്‌റ്റോപ്പില്‍ ഇറങ്ങി. പാലം രണ്ടുകിലോമീറ്ററുണ്ട്. ഓട്ടോ പിടിച്ചേ പോവാന്‍ സാധിയ്ക്കൂ. പാലത്തിന്റെ നടുവില്‍ കുറച്ചു സമയം ചിലവഴിക്കാം, ചിത്രങ്ങളെടുക്കാം, നിശ്ചിത ഓട്ടോക്കൂലി കൊടുത്താല്‍ മതി. വാടക പറഞ്ഞുറപ്പിച്ചു ഓട്ടോയില്‍ കയറി. മധ്യവയസ്‌കനായ ഡ്രൈവര്‍ ഇടയ്ക്ക് തിരിഞ്ഞ് ‘ഒറ്റയ്ക്കാണോ’? എന്ന് ചോദിച്ചു, മഞ്ഞപ്പല്ലുകാട്ടി ചിരിച്ചു.

 

പാലത്തിനു നടുവിലിറങ്ങി. ജീവിതത്തില്‍ കണ്ടിരിയ്‌ക്കേണ്ട കാഴ്ചയാണ്. ആകാശമേതാണ്, കടലേതാണ് എന്ന് തിരിച്ചറിയാന്‍ വയ്യ. ദൂരെ ദൂരം വരെ തോണികള്‍. തിരകളില്ലാത്ത കടല്‍. നീലനിറം. സകലതിനെയും നീലിപ്പിച്ചു കൊണ്ട്, പ്രകാശിപ്പിച്ചുകൊണ്ട് വെയില്‍. മഴപെയ്തത് ഈ പ്രദേശം അറിഞ്ഞ മട്ടില്ല.

 

ഗംഭീരമായ്, ശാന്തമായ്കടലോളവും, നെഞ്ച് വിരിക്കുമീ കായലിനെക്കൂടി എന്ന വിജയലക്ഷ്മിക്കവിത ഓര്‍മ വന്നു. ഗഗനനീലം പോലെ ശാന്തം എന്നാല്‍ ഇതാണ്. കുപ്പായം പറപ്പിച്ചു കൊണ്ട് ഇടയ്ക്ക് വീശിയടിയ്ക്കുന്ന കാറ്റ്. ചിലത് കാണുമ്പോള്‍ നിറയുന്നത് കണ്ണാണോ മനസാണോ എന്നറിഞ്ഞുകൂടാ. ചിത്രങ്ങളെടുത്തു. ഇടയ്ക്കിടെ കടന്നു പോവുന്ന വാഹനങ്ങള്‍. അപ്പുറത്ത് വേറെയും സഞ്ചാരികള്‍ ഇറങ്ങി നില്‍പ്പുണ്ട്. കുറച്ചു സമയത്തിന് ശേഷം ഗംഭീരനീലിമയിലെ നില്‍പ്പുമതിയാക്കി അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് നേരെ നടന്നു.

 

അടുത്തെത്താറായപ്പോഴെയ്ക്കും ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തിരുന്നു. കയറുന്നതിനു മുന്‍പേ അയാള്‍ ഓടിച്ചു പോയി. കുറച്ചു ദൂരം മുന്നോട്ടു പോയി പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി ഇളിച്ചു കാണിച്ചു. എന്താണ് കാര്യമെന്ന് മനസിലാവും മുന്നേ ഓട്ടോ കണ്ണില്‍ നിന്നു മറഞ്ഞിരുന്നു. പാലത്തിന്റെ ഒത്ത നടുക്കാണ്. ഓട്ടോ പോയ ദിശയില്‍ കുറച്ചപ്പുറം മാറി കുറച്ചു പേര്‍ ഫോട്ടോ എടുക്കുന്നുണ്ട്. പാലത്തില്‍ സ്വകാര്യ വാഹനങ്ങളോ ഓട്ടോകളോ അല്ലാതെ മറ്റു വാഹനങ്ങള്‍ നിര്‍ത്തുകയില്ല. ഓട്ടോ ഒന്നും കാണാനില്ല. സ്വകാര്യ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കാനും തോന്നിയില്ല. നടക്കുകയേ നിവൃത്തിയുള്ളൂ. ഓട്ടോ പോയ ദിശയില്‍ എന്തായാലും വേണ്ട. പാമ്പന്‍ ബസ് സ്‌റ്റോപ്പ് ആ വശത്താണ്. പിന്നെയും അയാളെ കണ്ടാല്‍ ഒന്നും രണ്ടും പറഞ്ഞു ബഹളമാവും. എതിര്‍ദിശയില്‍ നടക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ദിശയില്‍.

 

രണ്ടു കിലോമീറ്ററോളം ദൂരമുള്ള പാലമാണ്. ദ്വീപിന്റെ ദിശയില്‍ ആദ്യത്തെ ബസ് സ്റ്റോപ്പാണ് പാമ്പന്‍. തീര്‍ച്ചയായും ഇന്ത്യന്‍ മെയിന്‍ ലാന്‍ഡിലും ഒരു ബസ് സ്‌റ്റോപ്പ് കാണണം. കരുതിയിരുന്ന വെള്ളം കുടിച്ചു നടത്തം ആരംഭിച്ചു. താഴെ റെയില്‍ പാലത്തിലൂടെ കുറച്ചാളുകള്‍ നടന്നു പോവുന്നുണ്ട്. പാലത്തില്‍ അങ്ങിങ്ങ് ആളുകള്‍ അനന്തതയിലേയ്ക്ക് നോക്കി നില്ക്കുന്നുണ്ട്. മുറിച്ച കക്കരിക്കയും കൈതച്ചക്കയും വില്ക്കുന്ന ഒരാളെ കടന്നു നടപ്പ് തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ കൈകൊട്ടി
വിളിച്ചു ചോദിച്ചു, എങ്ങോട്ടാണെന്ന്. മറുപടി പറഞ്ഞില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു പേര്‍ ഈ ദിശയില്‍ നടന്നു വരുന്നുണ്ട്. അവരെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. രണ്ടു ദിശയിലും. ബസ്സിനു കൈ കാണിച്ചു. നിര്‍ത്തുന്നില്ല. പുറകെ വരുന്നവര്‍ക്ക് വേഗം കൂടുന്നുണ്ട്. ഒരു ലോറി മെയിന്‍ ലാന്‍ഡിന്റെ ദിശയില്‍ കടന്നു പോയി. കുറച്ചു ദൂരം പോയി പാലത്തില്‍ നിര്‍ത്തിയിട്ടു. ആരും ഇറങ്ങുന്നില്ല. എഞ്ചിന്‍ റണ്ണിങ്ങ് ആണോ എന്ന് തീര്‍ച്ചയില്ല.

 

 

ലോറിയ്ക്കും എനിയ്ക്കും ഇടയ്ക്ക് ഒരാള്‍ കാത്തു നില്ക്കുന്ന മട്ടില്‍ നില്ക്കുന്നുണ്ട്. അയാളെ ഒഴിവാക്കാന്‍ റോഡു മുറിച്ചു കടന്നു മറുവശത്ത് കൂടി നടന്നു. ‘മിസ്സായ്ട്‌ച്ചേ’ എന്ന് കേള്‍ക്കത്തക്കവണ്ണം പറഞ്ഞുകൊണ്ട് അയാളും റോഡ് മുറിച്ചു കടന്നു. അയാള്‍ നേരെ വരികയാണ്. അയാളെ കടന്നു പോവുമ്പോള്‍ ഹൃദയമിടിക്കുന്നത് കേള്‍ക്കാമായിരുന്നു. കാതില്‍ പിറുപിറുക്കുന്നത് പോലെ എന്തോ പറഞ്ഞ് അയാള്‍ കടന്നുപോയി. താഴെ റെയില്‍ പാലത്തിലൂടെ നടക്കുന്നവരിലൊരാല്‍ കൈയുയര്‍ത്തി ഒരശ്ലീല ആംഗ്യം കാണിച്ചു. ലോറിയുടെ വാതില്‍ തുറന്ന്‍ വണ്ടിയില്‍ നിന്നിറങ്ങാതെ ഒരാള്‍ ഈ ദിശയില്‍ തിരിഞ്ഞിരിപ്പുണ്ട്. ആദ്യം വന്ന രണ്ടു പേരും കടന്നു പോയ മൂന്നാമനും കൂടി മൂന്നുപേരും ഈ ദിശയില്‍ വരികയാണ്. അവരും വേഗം കൂട്ടിയിട്ടുണ്ട്.

 

സാധ്യതകളെപ്പറ്റി ആലോചിച്ചു. അഥവാ ഇവര്‍ പിടിച്ചു ആ വാഹനത്തില്‍ കയറ്റിയാല്‍ കടന്നുപോവുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് സംഭവം പിടികിട്ടുമ്പോഴെയ്ക്കും ലോറി ഓടിച്ചു പോകാവുന്നതേ ഉള്ളൂ. പാലത്തില്‍ ഒരു പിടിവലി നടന്നാല്‍ ആരും വാഹനം നിര്‍ത്തി ഇറങ്ങി നോക്കണം എന്നില്ല. ഇതിനൊന്നുമുള്ള സമയം ഉണ്ടാവില്ല എന്നതാണ് വാസ്തവം. ‘പെട്ടുപോവുകയാണോ പടച്ചോനേ’ എന്ന നിശബ്ദ നിലവിളിയോടെ ആദ്യം കണ്ട ബൈക്കിനു കൈ
കാണിച്ചു. മുഖത്തെ ഭയം കണ്ടാണോ ദയ തോന്നിയിട്ടാണോ എന്നറിഞ്ഞുകൂട, അയാള്‍ വണ്ടി നിര്‍ത്തി. ‘സഹായിയ്ക്കണം. ബസ് സ്റ്റോപ്പില്‍ എത്തിക്കണം. അവരെന്റെ പുറകെ വരികയാണ് ‘ എന്ന് പറഞ്ഞു തീരും മുന്നേ എന്നെയും കൊണ്ട് ബൈക്ക് പറന്നു. കുറെ അപ്പുറം മാറിയുള്ള മറ്റൊരു ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പ്രകാരം അയാള്‍ വണ്ടി നിര്‍ത്തി. വേണമെങ്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞു. അയാളെയും വിശ്വാസമുണ്ടായിരുന്നില്ല. നന്ദി പറഞ്ഞു കൈ കൊടുത്തപ്പോള്‍ തിരിച്ചു കൈകൂപ്പി അയാള്‍ പറഞ്ഞു. ‘നിങ്ങള്‍ നടന്ന ദിശയില്‍ മറ്റു ബസ് സ്‌റ്റോപ്പുകള്‍ ഒന്നുമില്ല. കുറെ അപ്പുറത്ത് കുട്ടികള്‍ക്ക് വേണ്ടിയുള്ള പാര്‍ക്കുണ്ട്. അതല്ലാതെ കാര്യമായി ആള്‍പ്പാര്‍പ്പില്ല’. 

 

കുറച്ചു സമയം കണ്ണടച്ച് നിന്നു അയാള്‍ പറഞ്ഞത് പലതവണ കേട്ടു. ആള്‍ക്കൂട്ടത്തിനിടയ്ക്ക് ബസ്സ് കാത്തുനില്ക്കുമ്പോള്‍ പാലത്തില്‍ കണ്ടത് പോലൊരാള്‍ ഒരു ബൈക്കിന്റെ പുറകില്‍ വന്നിറങ്ങി. അയാള്‍ തന്നെ ആണോ എന്നുറപ്പില്ല. തീര്‍ച്ചപ്പെടുത്താന്‍ നില്‍ക്കാതെ കണ്ട ബസ്സില്‍ ചാടിക്കയറി. തിരുച്ചിയ്ക്ക് പോവുന്ന ബസ്സുകള്‍ നിര്‍ത്തുന്നിടത്തിറങ്ങി, ആ ബസ്സില്‍ കയറി ഏതോ സ്റ്റോപ്പിലിറങ്ങി ഷെയര്‍ ഓട്ടോകള്‍ മാറിക്കയറി വളഞ്ഞുതിരിഞ്ഞ വഴികളിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുമ്പോഴേയ്ക്കും ബോധവും ശക്തിയും ധൈര്യവും നഷ്ടപ്പെട്ടിരുന്നു. ഒരു ട്രെയിന്‍ പോവാനുണ്ട്. അതിനു കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേയ്ക്ക് കയറി ഒരു സിമന്റു ബെഞ്ചില്‍ ബാഗ് തലയ്ക്കു വെച്ച് കിടന്നു. തിരിച്ചറിയാനാവാത്ത വിധം കത്തി നശിച്ചൊരു മൃതദേഹം സ്വന്തം ബന്ധുവിന്റെയാണ് എന്ന് തിരിച്ചറിയാനുള്ള ഏകവഴി ഉച്ചയ്ക്ക് അയാള്‍ ബിരിയാണിയാണ് കഴിച്ചിരുന്നത് എന്നതായിരുന്നു എന്ന് പറഞ്ഞു കരഞ്ഞ സുഹൃത്തിനെ ഓര്‍മ വന്നു. കത്താതെ കിടന്ന ഒരുപിടി വറ്റായിരുന്നു അതയാളാണ് എന്നതിന് ഏക തെളിവ്. എന്താണ് കഴിച്ചത് എന്ന്, എന്താണ് വേഷം എന്ന്, എവിടെയാണ് എന്ന് ലോകത്ത് ആര്‍ക്കും അറിഞ്ഞുകൂട. കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. ശരീരം കുലുങ്ങി വിറയ്ക്കുന്നത് കണ്ടാവണം, തലയിലാരോ തൊടുന്നു. വൃദ്ധ സ്ത്രീശബ്ദം. ‘ഏ മ്മാ അഴുവ്രേ? ന്നാച്ച്?’ അവസാനമായി എപ്പോഴാണ് അങ്ങനെ ഒരു ചോദ്യം കേട്ടത് എന്നോര്‍മയില്ല. മുഖത്തിട്ടിരിയ്ക്കുന്ന ദുപ്പട്ട വലിച്ചു മാറ്റാന്‍ അവര്‍ ശ്രമിച്ചു എങ്കിലും സമ്മതിച്ചില്ല. ഭൂമിയുടെ അറ്റത്തിട്ട സിമന്റു ബെഞ്ചില്‍ കിടന്നു കരയുകയാണ്. ഒരടികൂടി വെച്ചാല്‍ ഭൂമിയുടെ വക്കുകളില്‍ നിന്നു താഴേയ്ക്ക് വീഴും. എത്ര നേരം പോയി എന്നറിയില്ല. ആരൊക്കെ കണ്ടു എന്നും എന്തൊക്കെ കരുതി എന്നും.

 

 

എണീറ്റപ്പോള്‍ സ്‌റ്റേഷനിലെ തിരക്കുകുറഞ്ഞിരുന്നു. പുറത്തിറങ്ങി ഒരു തട്ടുകടയില്‍ നിന്നും വയറു നിറയെ ഭക്ഷണം കഴിച്ചു. ഒരു കുപ്പി വെള്ളം വാങ്ങി ധനുഷ്‌കോടിയിലേയ്ക്കുള്ള ബസ്സില്‍ കയറി. ബസ്സ്
ധനുഷ്‌കോടിയിലെത്തിയപ്പോള്‍ രാവിലെ കണ്ട സ്ഥലമേയല്ല. ആളും ബഹളവും. കരിമ്പനയ്ക്കല്‍ എന്നെഴുതിയ ഒരു വാഹനം കടന്നു പോയി. ധാരാളം മലയാളികളുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് പറ്റിയ ഒരു വാഹനം കണ്ടു പിടിച്ചു; തെലുങ്കും തമിഴും കലര്‍ത്തി സംസാരിയ്ക്കുന്ന നാല് ചെറുപ്പക്കാരും ഒരു ബംഗാളി കുടുംബവും മലയാളി ദമ്പതികളും. അവര്‍ക്കൊപ്പം വാനില്‍ കയറി. ജനാലയ്ക്കടുത്തു പുറത്തേയ്ക്ക് നോക്കി മിണ്ടാതിരിയ്ക്കുന്ന തലയിലൂടെ ദുപ്പട്ടയിട്ട സ്ത്രീയെ ആരും ഗൌനിച്ചില്ല. വഴിയില്ല. കടലില്‍ വെള്ളം കുറവുള്ള ഭാഗങ്ങളിലൂടെ വെള്ളത്തിലിറങ്ങിയും കയറിയും ആടിക്കുലുങ്ങി വാന്‍ നീങ്ങുന്നു. വെളുത്ത മണല്‍. വെയിലത്ത് തിളങ്ങുന്ന മണല്‍. നീലാകാശം. തിരകളില്ലാതെ നോക്കെത്താ ദൂരത്തോളം നീലക്കടല്‍. ഒരു മണല്‍ തിട്ടയില്‍ കുതിരകള്‍ പായുന്നു. നുള്ളി നോക്കി. സ്വപ്നമല്ല. ധനുഷ്‌കോടി മുനമ്പില്‍ എത്തിയിരിയ്ക്കുന്നു. ദിശയറിഞ്ഞുകൂട. ഫോണ്‍ സിഗ്‌നല്‍ ഇല്ല. ചില സമയങ്ങളില്‍ അവിടെ നിന്നാല്‍ ഫോണില്‍ ശ്രീലങ്കന്‍ ടെലികോം സര്‍വീസിന്റെ സിഗ്‌നല്‍ കാണിയ്ക്കും എന്ന് ഡ്രൈവര്‍ പറഞ്ഞു. ശരവണന്‍. അന്‍പേശിവം എന്നെഴുതിയ വണ്ടി ഇങ്ങോട്ടും തിരിച്ചും ഓടിച്ചു മടുത്തു എന്ന് അയാളുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ‘ഇവിടെയൊക്കെ നടന്നു കണ്ടോളൂ പതിനഞ്ചു മിനിട്ട് കഴിഞ്ഞു തിരിച്ചു പോവണം’ എന്ന് പറഞ്ഞു അയാള്‍ എങ്ങോട്ടോ പോയി. കൂടെ വന്നവര്‍ പല വഴിയ്ക്ക് പിരിഞ്ഞു.

 

1964-നു ശേഷം ഇവിടെ സമയം മുന്നോട്ടു പോയിട്ടില്ല. സര്‍വവും നിശബ്ദമാണ്. നിശ്ചലവും. തകര്‍ന്ന റെയില്‍വേ സ്‌റ്റേഷന് മുന്നിലെത്തി. ബോട്ട് മെയില്‍ ഈ സ്‌റ്റേഷന്‍ വരെ വരും. ഇവിടെ നിന്ന് യാത്രികരെ ബോട്ടുകളില്‍ ശ്രീലങ്കയിലെ തലൈമാന്നാറില്‍ എത്തിയ്ക്കും. 64-നു ശേഷം സര്‍ക്കാര്‍ ഈ പ്രദേശം പ്രേതഭൂമിയായി പ്രഖ്യാപിച്ചു. ആവാസയോഗ്യമല്ല എന്നെഴുതിത്തള്ളിയ പ്രദേശത്ത് അടിസ്ഥാനസൌകര്യങ്ങള്‍ പോലുമില്ല. വൈദ്യുതിയടക്കം. ഭൂമിയുടെ അറ്റത്തെന്നോണം സമയത്തില്‍ നിന്ന് ചിതറിപ്പോയ ഒരു പ്രദേശം. കുറച്ചു മാറി ധനുഷ്‌കോടിയുടെ പ്രതീകമായ തകര്‍ന്ന പള്ളിയുണ്ട്. എത്ര പ്രാര്‍ഥനകള്‍ കണ്ട ആള്‍ത്താരയാവും. പള്ളി നിര്‍മിച്ചിരിയ്ക്കുന്നത് ചിപ്പികള്‍ ഉപയോഗിച്ചാണ്. വലിയ കടല്‍ക്കക്കകള്‍. അവ ഇപ്പോഴും കേടുകൂടാതെ നില്‍ക്കുന്നുണ്ട്. തകര്‍ന്ന പള്ളിക്കൂടം. മണല്‍ മൂടിപ്പോയ പ്രാഥമികാരോഗ്യകേന്ദ്രം അങ്ങനെ ഒരു നഗരം മുഴുവന്‍ മണലില്‍ ഉറങ്ങുന്നു. മനുഷ്യന്റെ ഇടപെടലില്ല എങ്കില്‍ പ്രകൃതി എത്ര സുന്ദരമാണെന്നു ധനുഷ്‌കോടി കണ്ടാലറിയാം. തെളിഞ്ഞ കടല്‍. വൃത്തിയുള്ള നീലക്കടല്‍. കുറച്ചപ്പുറത്ത് ആളുകള്‍ കര്‍മം ചെയ്യുന്നുണ്ട്. ചിലര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിയ്ക്കുന്നു. കടലിലിറങ്ങി നിന്നു. ചെറിയ, തണുത്ത തിരമാലകള്‍. കാറ്റ് വന്നു തൊടുന്നു. കടല് വന്നു തൊടുന്നു. പിതൃക്കള്‍ വന്നുതൊടുന്നു. ഞങ്ങളറിയുന്നു എന്ന നിശബ്ദത.

 

കടലിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ രാമസേതു കാണാം എന്ന് പറഞ്ഞ് ഒരാള്‍ ദൂരദര്‍ശിനി കൊണ്ടുവന്നു. അതിലൂടെ നോക്കി. ഒരു മണല്‍ത്തിട്ട കാണാം. എന്താണെന്നറിഞ്ഞുകൂട. ഒന്നുകൂടി ശ്രമിച്ചപ്പോള്‍ ദൂരെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ബോട്ടിന്റെ നമ്പര്‍ കണ്ടു. സമയമായി എന്നു പറഞ്ഞു ബഹളം വെച്ചുകൊണ്ടിരുന്ന ശരവണന് കുറച്ചു കാശ് കൂടുതല്‍ കൊടുക്കാം എന്ന് എല്ലാവരും കൂടി സമ്മതിപ്പിച്ചു. ആര്‍ക്കും പെട്ടന്ന് തിരിച്ചു പോവണ്ട. നിശബ്ദതയിലൂടെ കുറച്ചു ദൂരം നടന്നു. വെയില്‍ സഹിയ്ക്കാന്‍ വയ്യ. തിരിച്ചു വന്നു കടല്‍ ചിപ്പികളും കരകൌശല വസ്തുക്കളും വില്ക്കുന്ന ചില സ്റ്റാളുകളുടെ നിഴലില്‍ ഇരുന്നു. ചൂട് സഹിയ്ക്കവയ്യാതെ ഒരു നായ കടലിലിറങ്ങിയിരിയ്ക്കുന്നു. ആളുകള്‍ ചിപ്പികളില്‍ നിര്‍മിച്ച ദൈവരൂപങ്ങളും മാലയും മറ്റും വാങ്ങുന്നുണ്ട്. അപ്പുറത്തിരുന്ന ചെറുപ്പക്കാരനോട് ഏതു ദിശയിലാണ് ശ്രീലങ്ക എന്ന് ചോദിച്ചു. അയാള്‍ ദൂരേയ്ക്ക് വിരലു ചൂണ്ടി. അവിടെയാണ് തലൈമാന്നാര്‍. ജാഫ്‌ന. ജാഫ്‌നയിലെ ലൈബ്രറി. മുല്ലൈത്തീവിലെ തെരുവുകള്‍. ബട്ടിക്കലോവ. ചെറുപ്പക്കാരന്‍ എന്തെങ്കിലും വാങ്ങിക്കൂടെ എന്ന് ചോദിച്ചു. വില കൂടുതലാണ്, കയ്യില്‍ കാശില്ല എന്ന് പറഞ്ഞു. ‘നിങ്ങളെപ്പോലുള്ളവര്‍ വരുമ്പോഴാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നത്, വേറെന്താണ് ഇവിടെ വരുമാനം.’ എന്നയാള്‍ വിഷണ്ണഭാവത്തില്‍ ചോദിച്ചു. കയ്യില്‍ കാശുണ്ടായിരുന്നില്ല. ‘പുറത്തു പോയി ജോലി നോക്കിക്കൂടെ? ഇവിടെയിങ്ങനെ…’ എന്ന് മുഴുമിപ്പിക്കും മുന്‍പേ അയാള്‍ പറഞ്ഞു തുടങ്ങി. ‘ഞങ്ങള്‍ വ്യാപാരികളല്ല. കൃഷിക്കാരുമല്ല. ആകെ അറിയാവുന്നത് മീന്‍പിടുത്തമാണ്. ഒരു വ്യാപാരിയെ കൊണ്ട് വന്നീ കടലിലിടൂ, മുങ്ങിച്ചത്തു പോവും. അതുപോലെയാണ് ഞങ്ങളും. ഉപ്പുവെള്ളം ദേഹത്ത് പറ്റുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ട്. ഈ മണലില്‍ രാത്രി നക്ഷത്രം നോക്കി കിടക്കുന്നപോലെ. അതൊന്നും ഉപേക്ഷിയ്ക്ക വയ്യ. ഒരു സിനിമ കാണണം എങ്കില്‍, ഒന്ന്‍ ആശുപത്രിയില്‍ പോവണം എങ്കില്‍ ഒക്കെ ബുദ്ധിമുട്ടാണ്. എത്ര ദൂരം  പോവണം. പക്ഷെ ഈ കടലുണ്ടല്ലോ, ഇതുള്ളടത്തോളം കാലം അതൊന്നും ബുദ്ധിമുട്ടല്ല.’

 

കുറച്ചു നേരം മിണ്ടാതെയിരുന്നു. ‘അപ്പുറത്ത് നിന്നും വെടിയൊച്ചകള്‍ കേട്ടിരുന്നുവോ’ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സംശയത്തോടെ നോക്കി. ‘നിങ്ങള്‍ പത്രത്തില്‍ നിന്നാണോ?’ അല്ല എന്ന് തലയാട്ടി. യുദ്ധം അവസാനിച്ചിട്ട് അധികമായിരുന്നില്ല. ‘കേട്ടിരുന്നു’ എന്ന് പറഞ്ഞ് അയാള്‍ മുഖം കുനിച്ചു. പിന്നെ ഒന്നും സംസാരിച്ചില്ല. പോവാന്‍ എണീറ്റപ്പോള്‍ അയാളൊരു ചിപ്പി വെച്ച് നീട്ടി. കാശില്ല എന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്ന് പറഞ്ഞു. വാങ്ങാനാവുന്ന വിലയ്ക്ക് എന്തെങ്കിലും തരാന്‍ പറഞ്ഞപ്പോള്‍ ഒരു ശംഖിന് മേലെ ഉറപ്പിച്ച സിന്ദൂരച്ചെപ്പു തന്നു. അതുകൊണ്ട് എന്ത് പ്രയോജനം എന്ന് തോന്നി, എങ്കിലും വാങ്ങി. അയാളോട് യാത്ര പറഞ്ഞു പിന്നെയും പള്ളിയുടെ മുന്നില്‍ വന്നു. അവിടെ ഒരു സ്ത്രീയിരുന്നു വല തുന്നുന്നുണ്ട്. അവരുടെ അടുത്തിരുന്നു കുറച്ചു സംസാരിച്ചു.അവര്‍ ഒരു കിണറു കാട്ടിത്തന്നു. അമ്പതു മീറ്റര്‍ അകലെ കടലാണ്. കിണറ്റില്‍ ശുദ്ധ ജലമുണ്ട്. കിണറു തന്നെയാണോ ഏതെങ്കിലും വിധത്തിലുള്ള ജലസംഭരണി ആണോ എന്നൊന്നും അറിഞ്ഞുകൂട. കുട്ടികളൊക്കെയില്ലേ എന്ന ചോദ്യത്തിന് ‘ഉണ്ട്. ഇവിടെ തന്നെയാണ് പ്രസവിച്ചത്. ആശുപത്രിയിലൊന്നും പോയില്ല. ഉപ്പുവെള്ളത്തേക്കാള്‍ വലിയ മരുന്നുണ്ടോ’ എന്ന് ചിരിച്ചു കൊണ്ടു മറുപടി. സ്ത്രീകളുടേതായ ബുദ്ധിമുട്ടുകളെപ്പറ്റി അവരോടു സംസാരിച്ചു കൊണ്ടിരിക്കെ മലയാളി ദമ്പതികള്‍ വന്നു.

 

 

‘ഇവിടെ എന്തരു പറ്റിയതാണെന്നാണ് പറയണത്? എന്ന ചോദ്യവുമായി. അവരോട് ധനുഷ്‌കോടിയുടെ ചരിത്രം വിശദീകരിച്ചു കൊണ്ടു വണ്ടിയിലേയ്ക്ക് നടന്നു. തിരിച്ചു പോരികയാണ്. വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷം ഗതാഗതം നിരോധിച്ചിട്ടുണ്ട്. അഞ്ചു മണിയ്ക്ക് ശേഷം ബസ് സ്‌റ്റേഷനില്‍ നിന്നും ഇങ്ങോട്ട് വാഹനങ്ങള്‍ വരികയില്ല.

 

ബസ് നിര്‍ത്തിയിടത്ത് നിന്നും അവരുടെ കൂടെത്തന്നെ അബ്ദുല്‍ കലാമിന്റെ വീടും ശ്രീരാമന്‍ ലങ്കയിലേയ്ക്ക് പാലം നിര്‍മിക്കാന്‍ ഉപയോഗിച്ചത് എന്ന് വിശ്വസിയ്ക്കപ്പെടുന്ന കല്ലും കാണാന്‍ പോയി. കല്ല് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. പ്ലവനത ഉള്ള കല്ലായിരിയ്ക്കണം. വായുവോ വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ മറ്റെന്തെങ്കിലുമോ അകപ്പെട്ടു പോയ ഇനം കല്ലുകളുണ്ട്.

 

‘മൂപ്പര് ദൈവാര്‍ന്ന് ച്ചാ ഈ പാലം ഒക്കെ കെട്ടണ്ട കാര്യണ്ടോ. അതും അണ്ണാറക്കണ്ണനെ കൊണ്ടൊക്കെ മണല് ചുമപ്പിച്ചിട്ട്? ഇനീപ്പോ പാലം കെട്ടണം ച്ചാ, ശ്രീധരനെ വിളിച്ചാ പോരെ? എന്ന് തോന്നിയതിനെ മറ്റൊരാളുടെ ഭാഷയില്‍ ‘ചത്ത് കെടക്ക്വ ച്ചാലും തെമ്മാടിത്തരം കുറയ്ക്കരുത്,’ എന്ന് ശാസിച്ചു ചിരിച്ചു.

 

അടുത്ത ബസ്സില്‍ കയറി മണ്ഡപം ക്യാമ്പിനു മുന്നിലിറങ്ങി. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ താമസിയ്ക്കുന്നത് അവിടെയാണ്. അകത്തു കയറാന്‍ സാധിയ്ക്കില്ല. ആ വഴി വെറുതെ നടന്നു; ഒരിടവഴി തിരിഞ്ഞപ്പോള്‍ ഒരു കുടിലിനു മുന്നില്‍ ആള്‍ക്കൂട്ടം. അകത്തു പ്രസവം നടക്കുകയാണ്. കുറേക്കൂടി മുന്നോട്ടു പോയി ഒരു പനച്ചുവട്ടില്‍ ഇരുന്നു. കുറച്ചു കുട്ടികള്‍ വന്നു. ഫുട്ബാള്‍ കളിയ്ക്കാന്‍. അവരുടെ കൂടെ കുറച്ചു നേരം കളിച്ചു. വെയില്‍ അസ്തമിയ്ക്കാന്‍ തുടങ്ങുന്നു. അടുത്തുകണ്ട റോഡിലിറങ്ങി ഓട്ടോ പിടിച്ചു കോവില്‍ തെരുവിന് മുന്നിലെത്തി വെറുതെ നടന്നു. സന്ധ്യയാവുന്നു. കടന്നു പോവുന്നവരുടെ മുഖങ്ങള്‍ അവ്യക്തമായി വരുന്നു. ദിവസം അവസാനിക്കുകയാണ്. തെരുവുകളിലൂടെ അലഞ്ഞുമടുത്തപ്പോള്‍ തിരിച്ചു റെയില്‍വേ സ്റ്റേഷനിലെത്തി. രാത്രി വണ്ടിക്കു ടിക്കറ്റ് തരപ്പെടുത്താന്‍ ശിപായിയ്ക്ക് കൈക്കൂലി കൊടുത്തു ചട്ടംകെട്ടിയിരുന്നു. വണ്ടിയുടെ വാതിലില്‍ വന്നു നിന്ന കൂറ്റന്‍ കാളയോട് ‘കയറിക്കോ, അപ്പര്‍ ബെര്‍ത്ത് തരാം’ എന്ന് പറഞ്ഞു വണ്ടിയില്‍ കയറി. ഇരുള് വീണു സര്‍വതും മാഞ്ഞു തുടങ്ങിയ നേരത്ത് മടക്കയാത്ര ആരംഭിച്ചു. വശങ്ങളിലെ വീടുകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ കൈവീശിക്കാണിയ്ക്കുന്നു. ആളുകള്‍ കസേരകള്‍ മുറ്റത്തെടുത്തിട്ടു വട്ടംകൂടി സൊറ പറയുന്നു. പാമ്പന്‍ കടന്നു പോരുമ്പോള്‍ നോക്കാതിരിയ്ക്കാന്‍ ശ്രമിച്ചിട്ടും വിജനമായ പ്രദേശങ്ങള്‍ കണ്ടു. മഴപെയ്തു തുടങ്ങി. കാതില്‍ ജഗ്ജീത് സിങ്ങും.

 

ഓരോ യാത്രയും ഓരോ പാഠങ്ങളാണ്. ഭയത്തെ ജയിക്കാന്‍. അവനവനെ അറിയാന്‍. സ്വന്തം
നിഗമനങ്ങളെ വിശ്വസിക്കാന്‍. അവനവനു കാവലിരുന്ന് എന്തിനാണ് ഇങ്ങനെ പോവുന്നതെന്ന് ചോദിച്ചാല്‍, അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ആരും കാത്തിരിക്കാനില്ലാത്ത അതിസാധാരണയായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്രകള്‍ എന്നത് പൊള്ളിയ വിരലു കുടയും പോലെ ഒരു പ്രക്രിയയാണ്. വഴികള്‍ അവസാനിക്കാത്തിടത്തോളം കാലം എല്ലാത്തിനും വഴികളുണ്ട് എന്ന് ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞതു പോലെ.

 

പിന്നെയുമൊരുപാട് തവണ രാമേശ്വരത്ത് പോയി. ഒറ്റയ്ക്കും അല്ലാതെയും. ധനുഷ്‌കോടി ബീച്ച് വരെ നീളുന്ന റോഡിന്റെ പണി പുരോഗമിക്കുന്നു. മൊബൈല്‍ ടവറുകള്‍ വന്നു. സ്വപ്നങ്ങളില്‍ പേടിപ്പെടുത്തുന്ന നിശബ്ദ നീലിമയില്‍ ധനുഷ്‌കോടി ലങ്കതന്‍ ആകാശമാകെ നിറയുന്ന ശ്രീരാവണനെ ചെന്നു തൊടാന്‍ വിരല്‍ നീട്ടി നില്‍ക്കുന്നു.

 

(കെമിക്കല്‍ എഞ്ചിനീയറാണ് ശാലിനി)

അഴിമുഖം പ്രസിദ്ധീകരിച്ച ശാലിനിയുടെ മുന്‍ ലേഖനം ആണ്‍ അരാഷ്ട്രീയതയുടെ ആഘോഷ രൂപങ്ങള്‍ 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍