UPDATES

വായിച്ചോ‌

രാമസേതു പ്രകൃതി നിര്‍മ്മിതമോ, മനുഷ്യ നിര്‍മ്മിതമോ?: ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അന്വേഷണം

അയോദ്ധ്യ പ്രശ്‌നം വീണ്ടും സജീവമാവുകയും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നതിന് പിന്നാലെയാണ് രാമസേതു പ്രശ്‌നം വീണ്ടും കേന്ദ്രസര്‍ക്കാര്‍ മാദ്ധ്യമശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്.

രാമസേതു പ്രകൃതി നിര്‍മ്മിതമോ? മനുഷ്യനിര്‍മ്മിത പ്രതിഭാസമോ?…ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയില്‍ പര്യവേഷണം നടത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്). ഇതുവരെ സമുദ്രത്തിനടിയില്‍ നടത്തിയ ഗവേഷണങ്ങള്‍ പ്രകാരം രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും അറിയപ്പെടുന്ന പാത സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല നല്‍കുന്നതെന്ന്് ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവു അഭിപ്രായപ്പെട്ടു.

മേയില്‍ പര്യവേഷണത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങും. ഒക്ടോബറില്‍ പ്രധാന നടപടിയിലേയ്ക്ക് കടക്കും. സേതുസമുദ്രം കപ്പല്‍ പാത പദ്ധതി മുന്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തത് മുതലാണ് തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഈ ഭാഗം വിവാദകേന്ദ്രമായത്. രാമേശ്വരത്തെ വടക്കന്‍ ശ്രീലങ്കയിലെ മാന്നാറുമായി ബന്ധിപ്പിക്കുന്നതാണ് 30 കിലോമീറ്റര്‍ വരുന്ന ഈ ഭാഗം. രാമസേതുവാദക്കാര്‍ ഈ മേഖലയില്‍ ഡ്രഡ്ജിംഗ് നടത്തുന്നതിനെ എതിര്‍ത്തിരുന്നു. സംഘപരിവാര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് കൂടുതലും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നത്. പുരാണകഥാപാത്രമായ ശ്രീരാമന്റെ വാനരസേനയാണ് ലങ്കയിലേയ്ക്കുള്ള പാലം നിര്‍മ്മിച്ചതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഈ ഭാഗത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നുമാണ് അവരുടെ വാദം. പാലം നിര്‍മ്മിക്കാന്‍ രാമന്‍ ഏത് എഞ്ചിനിയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി പരിഹസിച്ചത് വിവാദമാവുകയും ചെയ്തു.

രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും വിളിക്കപ്പെടുന്ന ഭാഗം ചുണ്ണാമ്പ് കല്ലുകള്‍ അടങ്ങിയതും, പ്രകൃതി തന്നെ രൂപപ്പെടുത്തിയതുമായ ശൃംഘലയാണെന്നാണ് പ്രബലമായ വിലയിരുത്തല്‍. അയോദ്ധ്യ പ്രശ്‌നം വീണ്ടും സജീവമാവുകയും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നതിന് പിന്നാലെയാണ് രാമസേതു പ്രശ്‌നം വീണ്ടും കേന്ദ്രസര്‍ക്കാര്‍ മാദ്ധ്യമശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്. സേതുമുദ്രം കനാല്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഐസിഎച്ച്ആറിന്റെ മറൈന്‍ ടെക്‌നോളജി ട്രെയ്‌നിംഗ് പ്രോഗ്രാമിന് കീഴിലാണ് പദ്ധതി വരുന്നത്. സമുദ്രത്തിനടിയിലെ പുരാവസ്തുഗവേഷണമാണ് ലക്ഷ്യം. 15 മുതല്‍ 20 വരെ ഗവേഷകരടങ്ങിയ സംഘമായിരിക്കും പര്യവേഷണം നടത്തുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ അലോക് ത്രിപാഠി പര്യവേഷണത്തിന് നേതൃത്വം നല്‍കും. ഇതിനായി ഐസിഎച്ച്ആര്‍ സമുദ്ര പര്യവേഷകരുടെ സഹായം തേടും.

വായനയ്ക്ക്: https://goo.gl/poYs5m

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍