UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈലതുല്‍ ഖതര്‍ അഥവാ പോരിശയാക്കപ്പെട്ട രാവ്- സഫിയയുടെ നോമ്പോര്‍മ്മകള്‍

Avatar

സഫിയ 

നോമ്പ് ഇരുപതൊക്കെ കഴിയുമ്പോഴേക്കും വീട് ഭക്തിയുടെ പാരമ്യത്തിലായിരിക്കും. അവസാനത്തെ പത്തിലാണ് ലൈലതുല്‍ ഖതര്‍ എന്ന റംസാനിലെ ഏറ്റവും പുണ്യമേറിയ ദിവസം. നോമ്പ് ഇരുപത്തി ഏഴിന്‍റന്നു വീട്ടിലെല്ലാവരും ഒന്നിച്ചു നിസ്ക്കാരവും ഖുറാന്‍ പാരായണവും  തൌബാ ചെയ്യലും ഒക്കെയായി ഉറക്കമിളച്ചിരിക്കും. പോരിശയാക്കപ്പെട്ട രാവ് എന്നാണ് ഉമ്മാമ പറയുക. കുട്ടികള്‍ പ്രാര്‍ഥനകളിലൊക്കെ പങ്കുചേരുമെങ്കിലും മനസ്സ് നിറയെ പെരുന്നാളിനെ കുറിച്ചുള്ള ചിന്തയായിരിക്കും.. പെരുന്നാളിന് പുതിയ ഉടുപ്പുകള്‍ ഇടാനും മാസപ്പിറവി കണ്ടാല്‍  പടക്കം പൊട്ടിക്കാനും വേണ്ടിയുള്ള ഒരു തരം വെപ്രാളമായിരിക്കും മനസ്സ് നിറയെ. അന്ന് ഏറെ ഇഷ്ടമുള്ള മണങ്ങളില്‍ ഒന്നായിരുന്നു പുത്തനുടുപ്പിന്റെ മണം. ഇടയ്ക്കിടയ്ക്ക് പുതിയ ഉടുപ്പു എടുത്തു മണത്തു നോക്കും. പിന്നെ വളകളും മാലകളുമൊക്കെ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തും.

പെരുന്നാള്‍ അടുത്താല്‍ മൂത്തുമ്മയുടെ ആടുകളിലൊന്നിന് വിലപറയാന്‍ മൊയ്തൂക്ക വരും. കതിരൂരിലെ ഏക ഇറച്ചിക്കട അന്ന് മൊയ്തൂക്കയുടേതാണ്. നോമ്പ് ദിവസങ്ങളില്‍ ഞങ്ങള്‍ ഇറച്ചിവാങ്ങാന്‍ മൊയ്തൂക്കയുടെ കടയിലാണ് പോകുന്നത്. വലിയ മരക്കുറ്റിയില്‍ വെച്ചു ഇറച്ചി തറിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നും. ചോരയുടെ മണം മനംപിരട്ടല്‍ ഉണ്ടാക്കും. ഉപ്പില മരത്തിന്റെ ഇലയില്‍ ചുവന്ന പൂക്കള്‍ പോലെ ഇറച്ചിക്കഷ്ണങ്ങള്‍ മൊയ്തൂക്ക  പൊതിഞ്ഞു തരും. ആടിനെയും കൊണ്ട് മൊയ്തൂക്ക പോകുമ്പോള്‍ മൂത്തുമ്മയ്ക്ക് ശരിക്കും സങ്കടം വരും. സ്വന്തം മക്കളെ പോലെ പേരിട്ടു വിളിക്കുന്ന ആടുകളുമായി അവര്‍ക്ക് വല്ലാത്തൊരു ആത്മബന്ധമാണ്. മൊയ്തൂക്ക ആടിന്റെ പൈസ കൊടുക്കുമ്പോള്‍ എനിക്കും എട്ടനും അഞ്ചോ പത്തോ രൂപ തരും. അതിനു കയറ്റുകൂലി എന്നാണ് മൊയ്തൂക്ക പറയുക. ആടിനെ കെട്ടിക്കൊണ്ടു പോകുന്ന കയറിനുള്ള പൈസയാണത്.

ആകാശത്ത് ചന്ദ്രക്കല കണ്ടാലാണ് പെരുന്നാളായി എന്നുറപ്പിക്കുക. ചിലപ്പോള്‍ ദൂരെ എവിടെയെങ്കിലുമായിരിക്കും ചന്ദ്രക്കല കാണുക. ഞങ്ങള്‍ നോമ്പ് ഇരുപത്തി ഒന്നിന്റെ അന്ന് കുറെ നേരം ആകാശത്തേക്ക് നോക്കും. നാളെ  തന്നെ പെരുന്നാളാവണേ എന്നായിരിക്കും ഞങ്ങള്‍ പ്രാര്‍ഥിക്കുക. മുതിര്‍ന്നവര്‍ക്കാണെങ്കില്‍  നോമ്പ് മുപ്പതും കിട്ടണം എന്ന ഒറ്റ ആഗ്രഹമായിരിക്കും. ചന്ദ്രക്കല എവിടെയെങ്കിലും കണ്ടോ എന്നറിയാന്‍ ഇടയ്ക്കു റേഡിയോ വെച്ചു നോക്കും. നോമ്പ് മുപ്പതുണ്ടെങ്കില്‍ അന്ന് വൈകുന്നേരം ഫിതര്‍ അരി കൊടുത്തുതുടങ്ങും. സമ്പത്തിന്റെ കണക്കനുസരിച്ചാണ് ഓരോരുത്തരും അരികൊടുക്കുക. പലസ്ഥലങ്ങളില്‍ നിന്നും അരിവാങ്ങിക്കാന്‍ ആളുകള്‍ വരും. പലപ്പോഴും ബന്ധുക്കള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അരികൊടുക്കും. കുട്ടികളാണ് അരികൊടുക്കാനൊക്കെ പോകുക. നോമ്പ് ഇരുപത്തി ഒന്‍പതാണെങ്കില്‍ പിറ്റേദിവസം സൂര്യന്‍ ഉദിക്കുന്നതിന് മുന്പ് അരികൊടുക്കും.

പെരുന്നാളായി എന്നറിയിച്ചുകൊണ്ടു പള്ളിയില്‍ നിന്നു തക്ബീര്‍ കേട്ടു തുടങ്ങിയാല്‍ കുട്ടികള്‍ എല്ലാവരും ഇരുന്നു തക്ബീര്‍ ചൊല്ലും. ആണുങ്ങളെല്ലാം പള്ളിയില്‍ പോകും. പെണ്ണുങ്ങള്‍ പെരുന്നാള്‍ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇടയ്ക്ക് പലസ്ഥലങ്ങളില്‍ നിന്നും പടക്കം പൊട്ടുന്ന ശബ്ദം കേട്ടുതുടങ്ങും.ഞങ്ങളും പടക്കം പൊട്ടിക്കലും പൂക്കുറ്റി കത്തിക്കലും ഒക്കെ തുടങ്ങും. ആലയുടെ അടുത്തു നിന്നു പടക്കം പൊട്ടിച്ചാല്‍ ആടുകള്‍ പേടിച്ചുപോകും എന്നു പറഞ്ഞു മൂത്തുമ്മ ഞങ്ങളെ വഴക്കു പറയും. വലിയ പടക്കങ്ങളൊക്കെ തീര്‍ന്നാല്‍ പിന്നെ കുത്തിപ്പൊട്ടാസാണ് ബാക്കിയുണ്ടാവുക. ചെറിയ പെട്ടിയില്‍ പൊട്ടുപോലെയുള്ള കുഞ്ഞ് പടക്കങ്ങള്‍. കല്ലുകൊണ്ടു അത് കുത്തിപ്പൊട്ടിക്കുമ്പോള്‍ ചെറിയ ശബ്ദമുണ്ടാകും. ഒരു കുഞ്ഞ് തീപ്പൊരി ചിതറും.. പെരുന്നാള്‍ തലേന്നു രാത്രി ഞങ്ങള്‍ക്കൊന്നും ഉറക്കം ഉണ്ടാവില്ല.  രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ മൈലാഞ്ചി ഇടും.  

രാവിലെ എഴുന്നേറ്റ് കുളിച്ചു  പുതുവസ്ത്രങ്ങള്‍ ധരിച്ചു ആണുങ്ങളും ആണ്‍കുട്ടികളും പള്ളിയില്‍ പെരുന്നാള്‍ നിസ്കാരത്തിന് പോകും. പെണ്ണുങ്ങള്‍ പത്തിരിയും ഇറച്ചിക്കറിയും ഒക്കെ  ഉണ്ടാക്കാനുള്ള തിരക്കുകളില്‍ മുഴുകും. ഞങ്ങള്‍ ഓരോരുത്തരായി കുളിച്ചു പുതിയ ഉടുപ്പുകള്‍ ഇടും. പിന്നെ ഉമ്മാമയുടെ അനിയത്തിയുടെയും മറ്റും വീടുകളില്‍ പോകും. അവിടത്തെ കുട്ടികളുടെ ഉടുപ്പൊക്കെ കണ്ടു ഞങ്ങളുടെ ഉടുപ്പു അവരെ കാണിച്ചു മടങ്ങിവരും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു അത്.

അപ്പോഴേക്കും വീട്ടില്‍ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും. വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മസാലക്കൂട്ടുകളും ഒക്കെ ചേര്‍ന്ന ഇറച്ചിയുടെ മണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. പുയ്യാപ്ലമാരുണ്ടെങ്കില്‍ പെരുന്നാള്‍ വലിയ കേമമായിരിക്കും.  പെരുന്നാള്‍ ദിവസം വീട്ടിലെ ആണുങ്ങളുടെ ഭാര്യമാരൊക്കെ വിരുന്ന് വരും. കല്യാണം കഴിഞ്ഞ പെണ്‍മക്കള്‍ ഉച്ചഭക്ഷണത്തിന് ശേഷം അവരുടെ ഭര്‍ത്താക്കന്മാരുടെ വീടുകളിലേക്ക് പോകും. അപ്പോള്‍ ഞങ്ങള്‍ കുട്ടികളില്‍ ആരെയെങ്കിലും കൂടെ കൊണ്ട് പോകും. പിന്നെ രണ്ടു ദിവസമൊക്കെ കഴിഞ്ഞാവും മടങ്ങിവരിക.

പെരുന്നാള്‍ കഴിയുന്നതോടെ വീട്ടില്‍ വിരുന്ന് വന്ന  നിറങ്ങളും ഗന്ധങ്ങളുമെല്ലാം പടിയിറങ്ങിപ്പോകുന്നത് കുഞ്ഞ് സങ്കടത്തോടെ ഞങ്ങള്‍ അനുഭവിക്കും…

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച സഫിയയുടെ നോമ്പോര്‍മ്മകള്‍ 

നോമ്പുകാലത്ത് നടന്നു വരുന്നവര്‍
പെണ്ണുടലിലെ ആണത്തം; സുഹറാത്തയും നോമ്പുതുറയും
കാശുകുടുക്കകള്‍ നിറയുന്ന കാലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍