UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റിച്ചിറയങ്ങാടീലെ കുലുക്കി സര്‍ബത്ത് ങ്ങള് കഴിച്ച്ക്കാ…

Avatar

കെ പി എസ് കല്ലേരി

കോഴിക്കോട്ടുകാരുടെ റംസാന്‍ കാഴ്ചയെന്നാല്‍ കുറ്റിച്ചിറയാണ്. ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ. മിശ്കാല്‍പള്ളിക്കു ചുറ്റും കറങ്ങുന്ന കുറ്റിച്ചിറ അങ്ങാടിയും പരിസരപ്രദേശങ്ങളും പുലരുംവരെ കണ്ണും തുറന്നിരിക്കുന്നത് ഒന്നു കണ്ടുതന്നെ അറിയണം. നോമ്പുകാലത്ത് വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരമ്പര്യത്തിന് കോഴിക്കോടന്‍ പൈതൃക പെരുമയുടെ പിന്‍ബലവുമുണ്ട്. 


റംസാന്‍ വ്രതക്കാലമായാല്‍ കുറ്റിച്ചിറക്കാര്‍ക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നോമ്പു കാലത്ത് ഇവിടെയെത്തുന്നവര്‍ക്ക് ഒരു പുതുമയെങ്കിലും നല്‍കാനുള്ള ഒരുക്കത്തിലാകും ഇവിടത്തുകാര്‍. നോമ്പുതുറയ്ക്കായി കോഴിക്കോടന്‍ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സമ്പന്നമാകും. 


സാമൂതിരി ഭരണത്തിന്റെ അടയാളമായി ഒരേക്കര്‍ വിസ്താരമുള്ള ചിറ. സമീപത്തായി ചരിത്രത്തിന്റെ ഏടുകള്‍ വിശ്രമിക്കുന്ന മിശ്ക്കാല്‍ പള്ളിയും ജുമാഅത്ത് പള്ളിയും. പ്രദേശനാമം വിശാലമായ ചിറയ്ക്ക് ചാര്‍ത്തി നല്‍കിയതോടെ കുറ്റിച്ചിറയുടെ മഹിമ വിദേശികളും സ്വദേശികളും ഏറ്റുപാടി. കോഴിക്കോടന്‍ സംസ്‌കാരത്തിനും സൗഹാര്‍ദ്ദത്തിനും സാഹിത്യത്തിനും സംഗീതത്തിനും ലഭിച്ച മേന്മയ്ക്കും സ്വീകാര്യതയ്ക്കും കുറ്റിച്ചിറയുടെ പങ്ക് അനിര്‍വചനീയമാണ്.


14-ആം നൂറ്റാണ്ടില്‍ യമന്‍ സ്വദേശി നാഖൂദ മിശ്ഖാല്‍ നിര്‍മ്മിച്ച മിശ്ക്കാല്‍പള്ളിയും 1200 വര്‍ഷം പഴക്കമുള്ള മുച്ചുന്തിപള്ളിയും കുറ്റിച്ചിറയില്‍ പൈതൃകത്തിന്റെ ആലേഖനങ്ങളായി ഇന്നും നിലകൊള്ളുന്നു. കോഴിക്കോട്ടെ ഖാദിമാരുടെ ആസ്ഥാനം കൂടിയാണ് മിശ്ക്കാല്‍പള്ളി. മിശ്ക്കാല്‍ പള്ളിയിലും ജുമാഅത്ത് പള്ളിയിലും മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞാല്‍ പിന്നെ കുറ്റിച്ചിറയിലെ രുചിഭേദങ്ങള്‍ തേടി ഓരോരുത്തരും ഇറങ്ങും. പ്രദേശവാസികള്‍ പള്ളികളിലേയും തറവാടുകളിലും നടക്കുന്ന തറാവി നമസ്‌ക്കാരത്തിനു ശേഷമാകും കുറ്റിച്ചിറയിലേക്ക് കുടുംബസമേതമെത്തുക.


ചട്ടിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, മുട്ട സുര്‍ക്ക, ഇറച്ചിപ്പത്തിരി, കട്‌ലറ്റുകള്‍, സമൂസ, നൈസ് പത്തിരി, ഐസ് ഒരതി തുടങ്ങിയ കോഴിക്കോടന്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്കൊപ്പം ഇന്ത്യന്‍, അറേബ്യന്‍ മെനുവും ഫ്രൂട്ട് സാലഡുകളും ഇവിടെ ലഭിക്കും. വിവിധതരം മാംസത്തിലും മത്സ്യത്തിലും തയ്യാറാക്കിയ വൈവിധ്യങ്ങളായ വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇഷ്ട ഭക്ഷണം തത്സമയം പാകം ചെയ്ത് സ്വന്തമാക്കാനും ഇവിടെ അവസരം ലഭിക്കും.


കുടുംബസമേതമെത്തി ഇഷ്ടഭക്ഷണം വാങ്ങി കുറ്റിച്ചിറയുടെ കല്‍പടവുകളിലിരുന്ന് കിസ പറഞ്ഞ് കഴിയ്ക്കാനെത്തുന്നവര്‍ ഏറെയാണ്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നാണ് നോമ്പുകാലം അപൂര്‍വ്വ സുന്ദര അനുഭവമാക്കാന്‍ നിരവധി പേര്‍ ഇവിടെയെത്തുന്നത്. ഇഷ്ടവിഭവങ്ങള്‍ കഴിച്ചും ആവശ്യത്തിന് വീട്ടിലേക്ക് വാങ്ങിയുമാണ് പലരും കുറ്റിച്ചിറയില്‍ നിന്നും മടങ്ങുക. നോമ്പുതുറ കഴിഞ്ഞ് അടുത്ത ദിവസത്തെ വ്രതത്തിനുമുമ്പുള്ള അത്താഴം കഴിച്ച് മടങ്ങുന്നവരും നിരവധിയാണ്. പത്ത് വര്‍ഷത്തോളമായി കുറ്റിച്ചിറയിലെ രുചിഭേദങ്ങളുടെ നോമ്പുകാലം തുടങ്ങിയിട്ട്.


കുറ്റിച്ചിറയുടെ സമീപത്തെ അതിരാണിപാടത്തിന്റേയും മിഠായിത്തെരുവിന്റേയും കഥപറഞ്ഞ എസ്.കെ. പൊറ്റെക്കാട്ടും എന്‍.പി. മുഹമ്മദും സാഹിത്യരംഗത്ത് കുറ്റിച്ചിറയെ അടയാളപ്പെടുത്തിയാണ് കടന്നുപോയത്. നാടകം കളിയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കാലത്ത് അരങ്ങിലേറാന്‍ ധൈര്യം കാണിച്ച കോയമാരും ഇവിടെയുണ്ടായിരുന്നു. സിനിമരംഗത്ത് തിളങ്ങുന്ന ഹാസ്യതാരം മാമുക്കോയ, ഭരണരംഗത്ത് മിന്നിയ സി.എച്ച്. മുഹമ്മദ്‌കോയയും അതിന്റെ പരമ്പരകളാണ്. എം.എസ്. ബാബുരാജും കോഴിക്കോട് അബ്ദുഖാദറും മലയാള സംഗീതത്തിന്റെ ശ്രേഷ്ഠപദവിയിലേക്കെത്തുന്നതും കുറ്റിച്ചിറയിലേയും സമീപങ്ങളിലേയും കൂട്ടുകുടുംബ സഹൃദയ സദസ്സുകളിലൂടെയാണ്.


നോമ്പുകാലത്ത് രാത്രി മുഴുവനും ഇവിടെത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കും. കുറ്റിച്ചിറയ്ക്ക് ചുറ്റുമുള്ള സ്ഥിരം കടകളും താല്‍കാലിക കടകളിലുമായി നിന്നും തിരിയാന്‍ സ്ഥലത്തിലാകും പുരുഷാരം. ഒഴുവുദിവസങ്ങളിലും ഞായറാഴ്ചകളിലും തിരക്ക് പാരമ്യത്തിലെത്തും.


വിവിധയിടങ്ങളില്‍ നിന്നുമെത്തിയവര്‍ ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും വാങ്ങി രാത്രി വൈകി മടങ്ങുമ്പോഴും കുറ്റിച്ചിറക്കാരന്റെ മനസ് അസ്വസ്ഥമായിരിക്കും. എല്ലാം ഇഷ്ടമായില്ലെ, എന്ന ചോദ്യത്തിന് ചിരിച്ചുള്ള മറുപടി വരെയുള്ള സന്ദേഹമാണത്. അടുത്ത നോമ്പിനും വരണമെന്ന ക്ഷണത്തിനൊപ്പം കുറ്റിച്ചിറക്കാരന്‍ അടുത്ത അതിഥിയെ വരവേല്‍ക്കാനുള്ള തിരക്കിലേക്ക് അമരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍