UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോമ്പുകാലത്ത് നടന്നു വരുന്നവര്‍- സഫിയയുടെ നോമ്പോര്‍മ്മകള്‍

Avatar

സഫിയ

കുട്ടിക്കാലത്ത് നോമ്പുകാലം വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പെരുമഴക്കാലമാണ്. ബറാത്ത് കഴിഞ്ഞാല്‍ റംസാന്‍ മാസത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. മുതിര്‍ന്നവര്‍ക്ക് നോമ്പുകാലം ത്യാഗത്തിന്റെയും നന്‍മയുടെയും സഹിഷ്ണുതയുടെയും പ്രാര്‍ഥന കാലമാണ്. ബറാത്ത് കഴിയുന്നതോടെ മുതിര്‍ന്നവര്‍ നോമ്പുകാലത്തെ വരവേല്‍ക്കാന്‍ പലതരം തിരക്കുകളിലേക്ക് പോകും. ഞങ്ങള്‍ കുട്ടികള്‍ വരാന്‍ പോകുന്ന നോമ്പുകാലത്തെ സ്വപ്നം കണ്ടുതുടങ്ങും. കാരണം നോമ്പുകാലം അടുക്കളയില്‍ പലതരം മണങ്ങള്‍ കൊണ്ടുവരുന്നു. പിന്നെ നോമ്പുതുറയുടെ പേരില്‍ ബന്ധുവീടുകളിലൊക്കെ ഉമ്മാമയുടെ കൂടെപ്പോയി താമസിക്കാന്‍ കിട്ടുന്ന ഒരേയൊരു അവസരവും കൂടിയാണത്. സക്കാത്തായി കിട്ടുന്ന നാണയങ്ങളും കിട്ടാന്‍ പോകുന്ന പെരുന്നാള്‍ ഉടുപ്പും സ്വപ്നം കണ്ട് റംസാന്‍ മാസം ഒന്നു വേഗം വന്നിരുന്നെങ്കില്‍ എന്നാലോചിച്ചു കാത്തിരുന്നിട്ടുണ്ട് പലപ്പോഴും.

വിറകു ശേഖരണത്തോടെയാണ് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി തെങ്ങിന്‍ കൊതുമ്പുകള്‍ ശേഖരിച്ചു വെക്കും. അയല്‍വക്കത്തെ ജാനുവേട്ടത്തിയുടെ വീട്ടീന്ന് ചിരട്ടയും മടലും വാങ്ങിവെക്കും. പിന്നെ തിരക്കുകള്‍ തുടങ്ങുകയായി. നിസ്ക്കാരപ്പായ കഴുകിയിടണം, നിസ്ക്കാരക്കുപ്പായം പുഴുങ്ങിത്തിരുമ്പണം, പറമ്പിലെ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിടണം, വീട് കഴുകി വൃത്തിയാക്കണം. ഇതൊക്കെ ഇത്താത്തമാരും മൂത്തുമ്മയുടെ മക്കളും ഒക്കെ കൂടിയാണ് ചെയ്യുക. കൂട്ടത്തില്‍ ഞങ്ങളും സഹായിക്കും.8

ഉമ്മാമ കടയില്‍പോയി സാധനങ്ങള്‍ വാങ്ങിവരും. വീടിനടുത്തുള്ള കനാലിന്റെ സൈഡിലാണ് ഉമ്മാമ ഒട്ടോയില്‍ വന്നിറങ്ങുക. ഞങ്ങള്‍ തലച്ചുമടായി സാധനങ്ങള്‍ വീട്ടിലെത്തിക്കും. മല്ലി,മുളക്, ഗോതമ്പ്, പച്ചരി എല്ലാം കഴുകി ഉണക്കി പൊടിച്ചുവെക്കും. അന്നേരം വീട്ടില്‍ പലതരം മണങ്ങള്‍ വിരുന്നു വരും.

നോമ്പുകാലത്തിന്റെ വരവറിയിച്ചുകൊണ്ടു വീട്ടില്‍ ആദ്യം വരുന്നത് ദഫ്മുട്ടിപ്പാടിക്കൊണ്ട് ഫക്കീര്‍മാരാണ്. ദഫ്മുട്ടിന്റെ താളം വളരെ ദൂരെനിന്നേ കേള്‍ക്കാം. തലേക്കെട്ടും കഴുത്തിലൊരു പച്ച ഷാളും നീളന്‍ ജുബ്ബയും തോളിലൊരു ഭാണ്ഡവും ഒക്കെയായി അവര്‍ വരുന്നത് കാണാന്‍ തന്നെ ഞങ്ങള്‍ക്ക് കൌതുകമാണ്. എല്ലാ മുസ്ലിം വീടുകളിലും അവര്‍ കയറിയിറങ്ങും. ചിലപ്പോള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമായിട്ടോ ആയിരിയ്ക്കും അവര്‍ വരുന്നത്. ചില ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ മടിപിടിച്ചു കിടക്കുമ്പോഴായിരിക്കും ദഫ്മുട്ടിന്‍റെ താളത്തിനൊപ്പം ഈണത്തിലുള്ള പാട്ട് കേള്‍ക്കുന്നത്. ചാടി എഴുന്നേറ്റ് കോലായിലെത്തുമ്പോള്‍ ഉമ്മാമയും മൂത്തുമ്മമാരും ഭക്തിയോടെ കതകിന് മറവില്‍ നില്‍ക്കുന്നത് കാണാം.അജ്മീരിലും മുത്തുപ്പേട്ടയിലും നാഗൂറിലും മറ്റുമുള്ള ജാറങ്ങള്‍ സന്ദര്‍ശിച്ചു വരുന്ന ഈ ഫക്കീര്‍മാര്‍ക്ക് വീട്ടില്‍ നല്ല സ്വീകരണമാണ് ലഭിച്ചിരുന്നത്. അജ്മീര്‍ ഖാജയുടെയും ഉള്ളാളം സയ്യിദ് മദനി തങ്ങളുടെയും നാഗൂര്‍ ഷാഹുല്‍ ഹമീദ് ഔലിയയുടെയും അപദാനങ്ങളാണ് അവര്‍ പാടിയിരുന്നത്.

     ഉള്ളാളം സയ്യിദ് മദനി
     നാഗൂര് ഷാഹുല്‍ ഹമീദ്
     അജ്മീര് ഖാജാ ഷരീഫ് ഔലിയാ.… എന്നിങ്ങനെ അവര്‍ പാടിത്തുടങ്ങും. ഒറ്റയ്ക്ക് പാടുന്നതിനേക്കാള്‍ എനിക്കിഷ്ടം രണ്ടുമൂന്നു പേര്‍ ഒന്നിച്ചു പാടുന്നത് കേള്‍ക്കാനാണ്. പാടിത്തീരുമ്പോഴേക്കും അവര്‍ നന്നായി ക്ഷീണിച്ചിട്ടുണ്ടാവും. ഉമ്മായും മൂത്തുമ്മയും അവരെ സല്‍ക്കരിക്കാനുള്ള തത്രപ്പാടിലായിരിക്കും. അരിപ്പത്തലും മീന്‍മുളകിട്ടതും ആട്ടിന്‍പാലൊഴിച്ച ചായയും അവര്‍ക്കായി ഒരുക്കിയിട്ടുണ്ടാവും. അതൊക്കെ കോലായിലെ ടീപ്പോയിയില്‍ കൊണ്ടുവെക്കുന്നത് ഞങ്ങള്‍ കുട്ടികളാണ്. അവര്‍ക്ക് കൈ കഴുകാനുള്ള വെള്ളം കിണ്ടിയില്‍ നിറച്ചുവെക്കാന്‍ മൂത്തുമ്മ പറയേണ്ട താമസം ഞങ്ങളിലാരെങ്കിലും കിണറ്റിന്‍ കരയിലേക്കോടും. ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കുടുംബത്തിന്റെ ഐശര്യത്തിനും ദീര്ഘായുസ്സിനും വേണ്ടി കുറെ നേരം അവര്‍  ദുആ ചെയ്യും. പിന്നെ മൂത്തമ്മയും ഉമ്മാമയും അവര്‍ക്ക് പൈസകൊടുക്കും. ഉമ്മാമ നേരിട്ടാണ് കൊടുക്കുക. മൂത്തുമ്മ കതകിന് മറഞ്ഞു നിന്നു പൈസ ഞങ്ങളെ ഏല്‍പ്പിക്കും. പിന്നെ ഇക്കാക്കയുടെ പഴയ ഷര്‍ട്ടും മുണ്ടുമൊക്കെ അവര്‍ക്ക് കൊടുക്കും. ചിലപ്പോള്‍ അവര്‍ ഞങ്ങളില്‍ ആരെയെങ്കിലും ചൂണ്ടി ഞങ്ങളെ പോലുള്ള മക്കളുണ്ടെന്ന് പറയും. അപ്പോള്‍ ഞങ്ങളുടെ ഉടുപ്പുകള്‍ കൊടുക്കും. പിന്നെ അജ്മീരിലേക്കും മറ്റുമുള്ള നേര്‍ച്ചപ്പണം അവരെ ഏല്‍പ്പിക്കും.

അലൂമിനിയം പാത്രങ്ങളുടെ ഒരു ചെറുകുന്നും തലയിലേറ്റി  പൊന്നാനിക്കാരന്‍ അബു വരുന്നത് കണ്ടാലറിയാം നോമ്പുകാലം അടുത്തെത്തിയെന്ന്. അടച്ചെമ്പും ഉരുളിയും കപ്പുകളും ഒക്കെ പെണ്ണുങ്ങള്‍ അയാളോട് വില പേശി വാങ്ങും. ചെറിയ തുക അഡ്വാന്‍സ് കൊടുത്താല്‍ മതി. ബാക്കി അയാള്‍ പിന്നീട് വന്നു വാങ്ങിച്ചോളും. പലനിറങ്ങളിലുള്ള പ്ലാസ്റ്റിക് ബക്കറ്റുകളും പാത്രങ്ങളുമായി വരുന്ന തമിഴന്‍മാരുടെ രൂപവും ഭാവവുമൊക്കെ കാണുമ്പോള്‍ മൂത്തുമ്മയ്ക്ക് പേടിയാണ്. അവരെ വിളിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൂത്തുമ്മ പിറുപിറുക്കും. കുഞ്ഞുമ്മയ്ക്ക് അവരെയൊന്നും പേടിയില്ല. തമിഴന്‍മാര്‍ക്കു ബക്കറ്റിന് പകരം പഴയ പാന്റും ഷര്‍ട്ടും സാരിയുമൊക്കെ കൊടുത്താല്‍ മതി. പിന്നെ അമ്മികൊത്തുന്നവര്‍, കത്തി മൂര്‍ച്ചകൂട്ടുന്നയാള്‍, ചെമ്പ് പാത്രം ഈയം പൂശുന്നവര്‍, പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റുകള്‍ കൂട്ടിയോജിപ്പിക്കുന്നവര്‍, മുറവും ചിരട്ടക്കയിലും വില്‍ക്കുന്ന അമ്മൂമ്മ അങ്ങനെ പലരും വന്നുപോകും. കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടുന്ന ചക്രം കറങ്ങുമ്പോള്‍ തീപ്പൊരി ചിതറുന്നതും കുളിമുറിയിലെ വെള്ളം ചൂടാക്കുന്ന വലിയ ചെമ്പുപാത്രത്തിന്റെ കറുത്തുപോയ അകഭാഗം ഈയം പൂശി വെളുപ്പിക്കുന്നതും വലിയ അത്ഭുതത്തോടെയാണ് അന്നൊക്കെ നോക്കി നിന്നത്.

അതേ.. നോമ്പുകാലം പലതരം മണങ്ങളുടെ കാലം മാത്രമല്ല ഞങ്ങള്‍ കുട്ടികള്‍ക്ക് പല അത്ഭുത കാഴ്ചകളുടെയും കാലം കൂടിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍