UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്ണുടലിലെ ആണത്തം; സുഹറാത്തയും നോമ്പുതുറയും-സഫിയ എഴുതുന്ന നോമ്പോര്‍മ്മ

Avatar

സഫിയ

സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി പലതരം ഭക്ഷണങ്ങള്‍ കഴിക്കാം എന്നതാണ് കുട്ടികള്‍ക്ക് നോമ്പുകാലം പ്രിയപ്പെട്ടതാക്കുന്നത്. ഞങ്ങള്‍ കുട്ടികള്‍ക്ക് അധികം നോമ്പൊന്നും എടുക്കേണ്ട. തലനോമ്പ്, വെള്ളിയാഴ്ച നോമ്പ്, പതിനേഴാം രാവ്, ഇരുപത്തിയെഴാം രാവ്, അവസാനത്തെ നോമ്പ് ഇത്രയുമേ ഞങ്ങളെക്കൊണ്ട് ഉമ്മാമ എടുപ്പിക്കൂ.. ചിലപ്പോള്‍ ഇതും എടുക്കാറില്ല.

എല്ലാ ദിവസവും നോമ്പ് തുറക്കുമെങ്കിലും ചിലപ്പോള്‍ ‘നോമ്പുതുറ’ ഒരു ചടങ്ങായി തന്നെ നടത്താറുണ്ട്. വീട്ടില്‍ ആരുടെയെങ്കിലും വിവാഹം പുതുതായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ‘പുയ്യാപ്ല’യുടെ വീട്ടുകാരെ വിളിച്ച് നോമ്പു തുറപ്പിക്കണം. പിന്നെ പെണ്‍വീട്ടുകാര്‍ ‘പുയ്യാപ്ല’യുടെ വീട്ടിലേക്ക് പലഹാരങ്ങള്‍ കൊണ്ടുപോകണം. അതും ഒരു ചടങ്ങാണ്. 

നോമ്പുതുറയുടെ ദിവസം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ തിരക്കുകളായി. രണ്ടു ദിവസം മുന്‍പേ സുഹറാത്തയോട് വരാന്‍ പറയും. വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റെടുക്കാന്‍ വേണ്ടിയാണത്. അവര്‍ പറയുന്നതിനനുസരിച്ച് ഞങ്ങള്‍ കുട്ടികള്‍ എഴുതിയെടുക്കും. ഇത് ഞങ്ങള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമായിരുന്നു. 

നോമ്പ് തുറ ദിവസം സുഹറാത്ത രാവിലെ തന്നെ വീട്ടിലെത്തും. ലിസ്റ്റിലെ സാധനങ്ങളൊക്കെ നേരത്തെ വാങ്ങിയിട്ടുണ്ടാവും. നെന്‍മീനും ഇറച്ചിയുമൊക്കെ വാങ്ങാന്‍ ഇക്കാക്ക അതിരാവിലെ തലശ്ശേരിയില്‍ പോവും. ആ ദിവസം വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഒട്ടും വിശ്രമം ഉണ്ടാകില്ല. കാലത്ത് മുതല്‍ ഓരോരോ പണികളുണ്ടാകും. ഉച്ചയ്ക്ക് നിസ്ക്കാരം കഴിഞ്ഞാല്‍ പിന്നെ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാവും. അരക്കലും പൊടിക്കലും കുഴക്കലും പരത്തലും വറുക്കലും പൊരിക്കലും ഒക്കെയായി തിരക്കോട് തിരക്ക്. 

ഞങ്ങള്‍ കുട്ടികള്‍ അടുക്കള വശത്ത് ചുറ്റിപ്പറ്റി നില്ക്കും. കോഴിയടയുടെയും ഇറച്ചിപത്തലിന്റെയും അരികുകള്‍ കൈകൊണ്ടു ഭംഗിയായി പിരിച്ചെടുക്കുന്നത് കാണാന്‍ നല്ല രസമാണ്. ചിലപ്പോള്‍ ഞങ്ങളും അതൊന്നു പഠിക്കാന്‍ ശ്രമിക്കും. ആദ്യമൊക്കെ ഒട്ടും ശരിയാവില്ല. പലപ്പോഴും നോമ്പില്ലാത്ത ഞങ്ങളായിരിക്കും പലഹാരങ്ങള്‍ പാകം നോക്കുന്നത്. നോമ്പെടുത്തുകൊണ്ടു ഭക്ഷണം ഉണ്ടാക്കുമ്പോഴും ചേരുവകള്‍ എങ്ങിനെയാണ് ഇത്ര ഒത്തുവരുന്നത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.  

വീട്ടില്‍ സല്‍ക്കാരമോ നോമ്പുതുറയോ ഉണ്ടെങ്കില്‍ മാമുത്തങ്ങളുടെ മകള്‍ സുഹറാത്ത അടുക്കളയില്‍ ഉണ്ടാവും. നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമല്ല അലങ്കരിച്ചു വിളമ്പാനും അവര്‍ കേമിയാണ്. ഉള്ളതുകൊണ്ട് എല്ലാവര്ക്കും തികയ്ക്കുക എന്നതാണ് അവരുടെ പോളിസി. നന്നായി മുറുക്കുകയും ബീഡി വലിക്കുകയും ചെയ്യുന്ന അവര്‍ ഞങ്ങള്‍ക്ക് ഒരത്ഭുതം തന്നെയായിരുന്നു. പെണ്ണുടലില്‍ ഒരാണത്തം അവരെപ്പോഴും കാത്തുവെച്ചിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുകയും തന്‍റേടത്തോടെ സംസാരിക്കുകയുമൊക്കെ ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ ബന്ധുക്കള്‍ക്കൊന്നും അവരെ ഇഷ്ടമായിരുന്നില്ല. അവരുടെ കുടുംബം വീടിനടുത്തുള്ള എന്റെ വല്യമ്മാവന്റെ ലൈന്‍ മുറിയിലായിരുന്നു താമസം. അവരുടെ ഉപ്പ മാമുത്തങ്ങള്‍ ചില ചികിത്സകളും മന്ത്രിച്ചൂതലും ഒക്കെയുള്ള ആളായിരുന്നു. ഞങ്ങളുടെ വീട്ടിലെ കല്യാണങ്ങള്‍ക്ക് ബിരിയാണി ഉണ്ടാക്കുന്നത് എപ്പോഴും മാമുത്തങ്ങള്‍ തന്നെയായിരുന്നു. 

പഠനത്തിനായി കോട്ടയത്തും എറണാകുളത്തുമൊക്കെയായി വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവരൊക്കെ ഓര്‍മ്മകളില്‍ നിന്ന് എങ്ങോട്ടൊക്കെയോ പടിയിറങ്ങിപ്പോയി. സുഹറാത്തയുടെ മരണം ദാരുണമായിരുന്നു. ഒരു ദിവസം അനിയത്തിയാണ് വിളിച്ചു പറഞ്ഞത്. സുഹറാത്തയെ മട്ടന്നൂരില്‍ വെച്ച് ആരോ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന്. പിന്നീട് ഏതോ ഒരു ചാനലില്‍ ക്രൈം പരിപാടിയില്‍ അവര്‍ കൊല്ലപ്പെട്ട് കിടക്കുന്നതും യാദൃശ്ചികമായി കാണേണ്ടിവന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരു ഇത്ത(ദ്ദ) കാലത്തിന്റെ ഓര്‍മയ്ക്ക്
ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍
മാമ്പഴമഴക്കാലം: വിശുദ്ധമായ കൂട്ടുകള്‍
മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം
ഉപ്പിലിട്ടുസൂക്ഷിച്ച ഓര്‍മ്മകള്‍

സത്യത്തില്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല. പക്ഷേ നോമ്പുതുറയെ കുറിച്ചോര്‍ക്കുമ്പോള്‍ സുഹറാത്തയെ ഓര്‍ക്കാതിരിക്കാനാവില്ല. 

നോമ്പ് തുറക്കുന്നതിന് നോമ്പുതുറ, ചായകുടി, മുത്തായം, അത്തായം എന്നിങ്ങനെ ഒരു ക്രമമുണ്ട്. കാരക്കയും തണുത്ത വെള്ളവും കൊണ്ട് ആദ്യം നോമ്പ് തുറക്കും. പിന്നെ എല്ലാവരും മഗരിബ് നിസ്ക്കരിക്കാന്‍ പോകും. പുരുഷന്‍മാര്‍ക്ക് പലപ്പോഴും പള്ളിയില്‍ സമൂഹ നോമ്പുതുറ ഉണ്ടാകും. പല വീടുകളില്‍ നിന്നായി പള്ളിയിലേക്ക് പലഹാരങ്ങള്‍ എത്തിക്കും.

മഗരീബ് നിസ്ക്കാരം കഴിഞ്ഞാല്‍ ചായകുടിയാണ്. ഇറച്ചിപ്പത്തല്‍, ഉന്നക്കായ, കോഴിയട, കൈവീശല്‍, പഴം നിറച്ചത്, റൊട്ടി നിറച്ചത്, മുട്ടയട, ഉള്ളിവട, പരിപ്പുവട, കുമ്പളത്തപ്പം, പഴംപൊരി, ഈന്തപ്പഴം പൊരിച്ചത്, മുട്ടപ്പോള, പോള, തുടങ്ങി നിരവധി പലഹാരങ്ങളും തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, ആപ്പിള്‍, റവ കാച്ചിയത്, ഇളനീര്‍ ജ്യൂസ്, ലൈം ജ്യൂസ് എന്നിവയും ഉണ്ടാകും. ചായകുടി കഴിഞ്ഞു വിശ്രമം. പിന്നെ തറാവി നിസ്ക്കാരത്തിന് ആണുങ്ങള്‍ പള്ളിയില്‍ പോകും. തറാവി കഴിഞ്ഞു വരുമ്പോഴേക്കും മുത്തായത്തിനുള്ള ഭക്ഷണം തയ്യാറായിട്ടുണ്ടാവും. തറാവി നിസ്ക്കാരത്തിന് ശേഷം കഴിക്കുന്ന ഭക്ഷണമാണ് മുത്തായം.    

മുത്തായത്തിന് നെയ്പ്പത്തിരി, ഒറോട്ടി, കക്കൊറോട്ടി, മീനൊറോട്ടി, കല്ലുമ്മക്കായ നിറച്ചു പൊരിച്ചത് (അരിക്കടുക്ക), ചട്ടിപ്പത്തിരി, അട്ടിപ്പത്തിരി, വാട്ടിപത്തിരി,  നേയ്ച്ചോര്‍, മീന്‍ മുളകിട്ടത്, ഇറച്ചിക്കറി, ജീരകക്കഞ്ഞി, പൊടിയരിക്കഞ്ഞി തുടങ്ങിയ വിഭവങ്ങളുണ്ടാവും. മുത്തായം കഴിഞ്ഞു എല്ലാവരും ഉറങ്ങാന്‍ പോകും. പിന്നെ പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് ഉണരണം. അത്തായം കഴിക്കാന്‍. ചോറും മീന്‍കറിയും ഉപ്പേരിയും മീന്‍ വറുത്തതും ഒക്കെയുണ്ടാവും. പുയ്യാപ്ലമാരുണ്ടെങ്കില്‍ നെയ്ചോറും ഉണ്ടാവും. ചില ആണുങ്ങള്‍ക്ക് ചപ്പാത്തി നിര്‍ബന്ധമായിരിക്കും. 

പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ പള്ളിയില്‍ നിന്ന് ഉസ്താദ് ഖുറാന്‍ ഓതുന്നത് കേള്‍ക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം ആണുങ്ങള്‍ സുബഹി നമസ്ക്കാരത്തിനായി പള്ളിയില്‍ പോകും. തിരിച്ചു വന്നിട്ട് അവര്‍ എത്രനേരം വേണമെങ്കിലും കിടന്നുറങ്ങും. പെണ്ണുങ്ങള്‍ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമായി വീണ്ടും തിരക്കുകളിലേക്ക്….   

സഫിയയുടെ നോമ്പോര്‍മ്മയിലെ ആദ്യ ലേഖനം

നോമ്പുകാലത്ത് നടന്നു വരുന്നവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍