UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാഗതം, ആര്‍ക്കും നോമ്പ് തുറക്കാവുന്ന സംജാദിന്റെ തട്ടുകടയിലേക്ക്

Avatar

ദാവൂദ് അരീയില്‍

വാ… വേഗം വാ… സമയം 6.45 കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട് ടൗണ്‍ഹാള്‍ റോഡിലൂടെ പോകുന്നവരെയെല്ലാം സംജാദ് തന്റെ തട്ടുകടയുടെ ഓരത്തേക്ക് വിളിച്ചു കൊണ്ടു പോകും. കാരക്കയും വിഭവങ്ങളും പഴങ്ങളും കയ്യില്‍ പിടിപ്പിക്കും. പിന്നെ ചായയും തരികഞ്ഞിയും നല്ല തണുത്തവെള്ളവും. ദേ കുടിച്ചോളണം. നോമ്പല്ലെ..

എല്ലാം കഴിച്ച ശേഷം പോകാന്‍ നേരത്ത് പണം നല്‍കിയാല്‍ പറയും. വേണ്ട വച്ചോളൂ റമസാനല്ലേ.

എന്താണ് യഥാര്‍ത്ഥമായ വിശുദ്ധിയെന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് കോഴിക്കോട് കിണാശ്ശേരി വല്ല്യാട്ടില്‍പറമ്പില്‍ കത്ത്യാന്‍ വീട്ടില്‍ സംജാദ്. ഇതു നോമ്പുകാലമല്ലേ… വിശുദ്ധിയും സ്‌നേഹവും പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണെന്ന് ഈ 38-കാരന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ദിവസവും ആയിരത്തോളം രൂപ ചെലവഴിച്ചു നാട്ടുകാരെ വിരുന്നൂട്ടുന്നത്.

പതിനൊന്നു മാസം ഉണ്ടാക്കിയില്ലേ. ഇനിയിപ്പോ ഒരു മാസം ഇങ്ങനെയായാലെന്താ?.. നല്ലത് ചെയ്താല്‍ ഒന്നും സംഭവിക്കാനൊന്നും പോകുന്നില്ല. മരിച്ചു പോകുന്ന ശരീരല്ലേ…. ഇതൊക്കെ തന്നെയല്ലോ നോമ്പിനു ചെയ്യേണ്ടത്..

കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ ഒരു സമ്പന്നന്‍ നോമ്പുതുറയുടെ നേരത്ത് ടൗണ്‍ ഹാളിനു സമീപം എത്തി. പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ സമീപത്തു കൂടിയിരുന്നവര്‍ തട്ടുകടയോരത്തു വന്നു നോമ്പു തുറക്കുന്നു. അയാളും വന്നു. എല്ലാ കഴിഞ്ഞപ്പോള്‍ സംജാദിന്റെ നിസ്വാര്‍ത്ഥത കണ്ടു സംഭാവന നീട്ടിയെങ്കിലും ഇത് എന്റെ രക്തത്തില്‍ നിന്നാവണമെന്ന താലപര്യമുണ്ടെന്ന് പറഞ്ഞു അദ്ദേഹത്തെ മടക്കി.

ഞായറാഴ്ച്ച ഒഴിച്ചുള്ള എല്ലാ ദിവസോം ഞാനിവിടെയുണ്ടാവും, സംജാദ് പറയുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങും. മാര്‍ക്കറ്റില്‍ പോയി വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങിയാണ് എത്തുന്നത്. പിന്നെ ഉച്ചക്ക് രണ്ടു മണിയോടെ വിഭവങ്ങളൊരുക്കാന്‍ തുടങ്ങും. സഹായിക്കാന്‍ സമീപത്തെ ചുമട്ടു തൊഴിലാളികളും ഉണ്ടാവും. നഗരത്തിലെത്തുന്ന ആരും നോമ്പുതുറക്കാന്‍ കഴിയാതെ മടങ്ങേണ്ടി വരരുതെന്ന് നിര്‍ബന്ധമുണ്ട്.

കട്ടന്‍ചായ, തരിക്കഞ്ഞി, ലൈം സര്‍ബത്ത്, കേസരി, റൊട്ടി വാട്ടിയത്, മുട്ടമറിച്ചത് ഇങ്ങനെ തുടരുന്നു വിഭവങ്ങള്‍. ദിവസവും 75 പേരെങ്കിലും തട്ടുകടയില്‍ നോമ്പുതുറക്കാനെത്തും.

കച്ചവടത്തില്‍ നിന്നു ലഭിക്കുന്ന വിഹിതമാണ് ഇതിനായി നീക്കിവെക്കുന്നത്. സമീപത്തെ ചുമട്ട് തൊഴിലാളികളും സാമ്പത്തികമായി സഹായിക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് ഒന്നും സ്വീകരിക്കില്ല. രാവിലെ പത്തുമണിയോടെ കടയിലെത്തുന്ന യുവാവ് അവസാനത്തെയാളെയും നോമ്പുതുറപ്പിച്ച ശേഷമായിരിക്കും വീട്ടിലേക്കു മടങ്ങുക. മഗ്‌രിബ് ബാങ്കുവിളിയുടെ നേരത്ത് ആര്‍ക്കും ധൈര്യമായി ഇവിടേക്ക് കയറിവരാം. ഒന്നിനും ഒരു കുറവുമുണ്ടാവില്ല. ചൂടുള്ള വെള്ളം വേണമെങ്കില്‍ അതും അതല്ല തണുത്തതാണെങ്കിലതും നല്‍കും.

നേരത്തെ കിണാശ്ശേരിയില്‍ മസാലക്കട നടത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് കൂള്‍ഡ്രിങ്‌സും മറ്റും വില്‍ക്കുന്ന തട്ടുകടയാരംഭിച്ചത്. കഴിഞ്ഞ റമസാനിലും യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കിയിരുന്നു. ഇതിനായി 25000രൂപയെങ്കിലും ആവശ്യമാണ് എന്നാലും ഇതു തുടരും. ഭാര്യയുടെയും ബന്ധുക്കളുടെയും പ്രോല്‍സാഹനമുണ്ട് ഈ പദ്ധതിക്ക്.

‘കൂട്ടുകാരില്‍ ചിലര്‍ പറയും മക്കള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാനുള്ള പണം കൊണ്ട് നീ നാട്ടുകാരെ തീറ്റിക്കൂന്ന്. പക്ഷേ ഇതെല്ലാമല്ലേ സമൂഹത്തിനായി നമുക്ക് ചെയ്യാനാവുക. അതു തന്നെയല്ലേ നോമ്പ്. അല്ലാതെ പിന്നെന്താ,’ സജാദ് പറയുന്നു.

(സാമൂഹ്യ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ദാവൂദ് അരീയിലിന്റെ ലേഖനങ്ങള്‍

ഒരു ദ്വീപിനെ തിന്ന് മണല്‍ മാഫിയ; നിശബ്ദരായി ഭരണകൂടം
ആശയും ഹരിയും: മണ്ണിന്റെ മണമുള്ള ഒരു ജീവിതം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍