UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശുകുടുക്കകള്‍ നിറയുന്ന കാലം-സഫിയയുടെ നോമ്പോര്‍മ്മകള്‍

Avatar

സഫിയ

ഞങ്ങള്‍ കുട്ടികളുടെ കാശുകുടുക്ക നിറയുന്ന കാലമാണ് നോമ്പുകാലം. റംസാന്‍ പതിനേഴ് മുതലാണ് സക്കാത്ത് കൊടുത്തു തുടങ്ങുക. അതുകൊണ്ടു തന്നെ ആ ദിവസത്തെ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണത്. ഒരു മുസല്‍മാന്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട അഞ്ചു കാര്യങ്ങളില്‍ ഒന്നാണ് കഴിവിനനുസരിച്ച് സക്കാത്ത് കൊടുക്കുക എന്നത്.

റംസാന്‍ പതിനേഴിന് ദൂരെ നിന്നുപോലും നമുക്കറിയാത്ത പലരും വരും. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും വേറെ വേറെയായിട്ടാണ് വരുന്നത്.  എന്നാലും ചിലര്‍  നോമ്പ് തുടങ്ങുമ്പൊഴേ വരും. വീട്ടില്‍ വരുന്ന ആരെയും വെറും കൈയ്യോടെ തിരിച്ചയക്കുന്നത് കണ്ടിട്ടില്ല.  ഇക്കാക്കയുടെയും അമ്മാവന്റെയും പൈസയൊന്നും എത്തിയിട്ടില്ലെങ്കിലും അരിയും തേങ്ങയും പൈസയും കുപ്പായത്തുണിയും ഒക്കെയായിട്ട് എന്തെങ്കിലും കൊടുക്കും.  

നോമ്പ് പതിനേഴിന് ഞങ്ങളുടെ വീട്ടില്‍ ആദ്യം സക്കാത്ത് വാങ്ങാന്‍ വരുന്നത് ചന്തനും കല്യാണിയും അവരുടെ മക്കളും ആണ്. വയലിനക്കരെയുള്ള ലക്ഷം വീട് കോളനിയിലാണ് അവര്‍ താമസിക്കുന്നത്. അവരൊരിക്കലും വീടിനകത്ത് കിടക്കാറില്ല. എപ്പോഴും പുറത്താണ് കിടക്കുന്നതു എന്നു എല്ലാവരും പറയുന്നതു കേട്ടിട്ടുണ്ട്. കണ്ണവം കാട്ടില്‍ നിന്ന് എപ്പോഴോ കാടിറങ്ങി വന്ന് ഞങ്ങളുടെ നാട്ടില്‍ താമസമാക്കിയവരാണ്. സ്പ്രിംഗ് പോലുള്ള അവരുടെ മുടി ഞാന്‍ പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.അവരുടെ മുഷിഞ്ഞ വേഷവും തോളിലെ ഭാണ്ഡവും കാപ്പിരി മുടിയും ഒക്കെ കാരണം എല്ലാവരുമൊന്നും അവരെ അടുപ്പിക്കാറില്ല. വീട്ടില്‍ മാസത്തില്‍ ഒരു തവണയെങ്കിലും അവര്‍ വരും. ഉമ്മാമയും മൂത്തുമ്മയും അവര്‍ക്ക് ചായയും പലഹാരവും കൊടുക്കും. വീട്ടിലെ ഇറയം ഓലമേയുന്നത് ചന്തനും കല്യാണിയും ചേര്‍ന്നാണ്. അവരുടെ മകന്‍ ബാബു വീട്ടിലെ തെങ്ങുകയറും, പറമ്പിലെ പണികളൊക്കെ ചെയ്യും. മഴക്കാലത്ത് അവര്‍  ആമയെ പിടിച്ച് തിന്നും. ചില ദിവസങ്ങളില്‍ കുണ്ടിലും കുളത്തിലും ഇടവഴികളിലും  ആമയെ തിരഞ്ഞ് നടക്കുന്നതു കണ്ടിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കള്ളുകുടിച്ചു വഴക്കുകൂടും. ചിലപ്പോള്‍ ദിവസങ്ങളോളം അവരെ കാണില്ല. പിന്നെ കാണുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ കണ്ണവത്തെ ബന്ധുക്കളെ കാണാന്‍ പോയതാണെന്ന്. അക്കാലത്ത് ഞാനെപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങളുടെ ഗ്രാമത്തില്‍ അവരുമാത്രം എന്തുകൊണ്ടാണ് ഒറ്റപ്പെട്ട് പോയതെന്ന്. അവരുടെ കൂടെ എപ്പോഴും ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടാവും. അവരുടെ പേരക്കുട്ടിയാണത്. അവളെ സ്കൂളില്‍ അയക്കാന്‍ പറയുമ്പോള്‍ അവള്‍ക്ക് സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ലാന്നു  പറഞ്ഞൊഴിയും. ഉമ്മാമയെ അവര്‍ക്ക് വലിയ ഇഷ്ടവും ബഹുമാനവുമാണ്. നോമ്പ് കാലത്ത് മാത്രമല്ല ഓണത്തിനും വിഷുവിനും ഒക്കെ അവര്‍ ആദ്യം വരുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. ‘ഉമ്മിറ്റ്യാരുടെ കൈനീട്ടം കിട്ടിയാല്‍ ഒരിയ്ക്കലും മോശമാവില്ല’ എന്നാണ് അവര്‍ പറയുക. അതവരുടെ വിശ്വാസവും അവകാശവുമാണ്. ചായയും പലഹാരവും കഴിച്ചതിന് ശേഷം പൈസയും അരിയും തേങ്ങയും തുണിയും ഒക്കെ വാങ്ങിയിട്ടാണ് അവര്‍ പോകുക.

നോമ്പ് പതിനേഴിന്‍റന്നു ഞങ്ങള്‍ കുട്ടികള്‍ നേരത്തെ എഴുന്നേല്‍ക്കും. സംഘം ചേര്‍ന്ന് ബന്ധു വീടുകളില്‍ സക്കാത്തിനുപോകും. 25 പൈസ, 50 പൈസ, ഒരു രൂപ തുടങ്ങിയ നാണയങ്ങളും പിന്നെ 2, 5, 10 തുടങ്ങിയ നോട്ടുകളുമാണ് ഞങ്ങള്‍ക്ക് കിട്ടുക. വീട്ടില്‍ നിന്നു പറഞ്ഞയച്ചിട്ടൊന്നുമല്ല ഞങ്ങള്‍ പോകുന്നത്. പോകുന്നതിന് വഴക്കൊന്നും കിട്ടാറുമില്ല. ഉമ്മാമയുടെ കുടുംബ വീടുകളിലാണ് ഞങ്ങള്‍ പോകുക. ഒഴിഞ്ഞ പൌഡര്‍ ടിന്നിലാണ് പൈസ ഇട്ടുവെക്കുന്നത്. ഒരു ദിവസം എത്ര പ്രാവശ്യം ഞങ്ങളത് എണ്ണിനോക്കും എന്നതിന് കൃത്യമായി കണക്കില്ല. നിധികാക്കുന്ന ഭൂതത്തെ പോലെ ഞങ്ങളത് കാത്തുവെക്കും. ചിലപ്പോള്‍ സക്കാത്തിന് വരുന്നവര്‍ക്കു കൊടുക്കാന്‍ വേണ്ടി ഉമ്മാമ ഞങ്ങളുടെ ചില്ലറ വാങ്ങിച്ചിട്ട് നോട്ട് തരും. പുത്തന്‍ മണമുള്ള നോട്ട് ഞങ്ങള്‍ പുസ്തകത്തില്‍ സൂക്ഷിക്കും.  

സ്കൂളില്‍ പോകുമ്പോള്‍ മിഠായി വാങ്ങാന്‍ ഉമ്മാമ തരുന്ന ചില്ലറയല്ലാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകം പൈസയൊന്നു ആരും തരാറില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക് കിട്ടുന്ന സക്കാത്ത് നിധിയെക്കാള്‍ വലുതാണ്. മറ്റാര്‍ക്കും അവകാശമില്ലാത്ത ഞങ്ങളുടെ മാത്രം പൈസ. അതുകൊണ്ട് ഞങ്ങള്‍ക്കു എന്തുവേണമെങ്കിലും വാങ്ങാം. പിന്നെയുള്ള ദിവസങ്ങള്‍ ആ പൈസ കൊണ്ട് എന്തു വാങ്ങണം എന്നാലോചിച്ചു തലപുകയ്ക്കലായിരിക്കും ഞങ്ങളുടെ പണി.

സഫിയയുടെ നോമ്പോര്‍മ്മകളിലെ ആദ്യ രണ്ട് കുറിപ്പുകള്‍ 

പെണ്ണുടലിലെ ആണത്തം; സുഹറാത്തയും നോമ്പുതുറയും
നോമ്പുകാലത്ത് നടന്നു വരുന്നവര്‍

നോമ്പ് ഇതുപതൊക്കെ ആകുമ്പോഴെക്കും കൂടനിറയെ വര്‍ണ്ണങ്ങളുമായി വള ചെട്ടിച്ചി വരും. ‘വള വേണോ വള’ എന്ന അവരുടെ ഉച്ചത്തിലുള്ള വിളി ദൂരെ നിന്നേ കേള്‍ക്കാം. മുടിയില്‍ കനകാംബര മാലചൂടി കടും നിറത്തിലുള്ള  ചേലചുറ്റി തിളങ്ങുന്ന മൂക്കുത്തിയും മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി തലയില്‍ വളക്കൊട്ടയും ചുമന്ന് ഒരു പ്രത്യേക താളത്തില്‍ അവര്‍ നടന്നു വരും. ചൊറ വള, കുപ്പി വള, കൊമ്പു വള, ഗോള്‍ഡന്‍ വള, മാലകള്‍, റിബണുകള്‍ അങ്ങനെ പലതുമുണ്ടാവും അവരുടെ കുട്ടയില്‍. കുട്ട തുറന്നാല്‍  വര്‍ണ്ണങ്ങളുടെ മഴവില്ല് തെളിയും.  എനിക്കേറെ ഇഷ്ടം പല വര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ അണിയാനാണ്. പക്ഷേ കുട്ടികള്‍ക്ക് ചൊറ വളയും കൊമ്പു വളയും മാത്രം ഇടാനേ അനുവാദമുള്ളൂ. കളിക്കുമ്പോള്‍ കുപ്പിവള പെട്ടെന്നു പൊട്ടിപ്പോകും പിന്നെ കൈമുറിയും എന്നൊക്കെ കാരണം പറഞ്ഞു ഉമ്മാമ ഞങ്ങളുടെ ആഗ്രഹങ്ങളെ തടഞ്ഞു നിര്‍ത്തൂം. വലുതായതിന് ശേഷമാണ് കുപ്പിവളകള്‍ അണിയാന്‍ കഴിഞ്ഞത്. ചെട്ടിച്ചി വന്നുപോകുന്നതോടെ കാശുകുടുക്കയില്‍ നിന്നു കുറെ പൈസ പോയിക്കിട്ടും.

അക്കാലത്തൊക്കെ പെരുന്നാളിന് പടക്കം പൊട്ടിക്കുമായിരുന്നു. പിന്നീട് പള്ളിയില്‍ നിന്നും മറ്റും വിലക്കുണ്ടായപ്പോഴാണ് അങ്ങനെ ഒരുകാര്യം നിന്നുപോയത്. ബംഗ്ലാദേശിലെ മാമന്‍ നാട്ടിലുണ്ടെങ്കില്‍ ഒരുപാട് പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവരും. മാമന്‍ നാട്ടില്‍ ഇല്ലാത്ത പെരുന്നാളിന് എട്ടനും അനിയത്തിയും ഞാനും കൂടി കാശുകുടുക്കയിലെ പൈസയെടുത്ത് കമ്പിത്തിരിയും നിലചക്രവും പൂക്കുറ്റിയും കുരുവിപ്പൊട്ടാസും ഒക്കെ വാങ്ങും. പാമ്പ് ഗുളികയായിരുന്നു അന്നത്തെ വിസ്മയങ്ങളില്‍ ഒന്ന്. കറുപ്പ് നിറത്തില്‍ ചെറിയ ഒരു ഗുളിക. അത് കത്തിച്ചാല്‍ പാമ്പ് പോലെ പൊങ്ങിവരും.

സക്കാത്ത് കിട്ടിയ പൈസകൊണ്ടു ഒരുപാട് കാര്യങ്ങള്‍ വാങ്ങിക്കാന്‍ കണക്ക് കൂട്ടും. പക്ഷേ വളരെ പെട്ടെന്നു തന്നെ അതെല്ലാം തീര്‍ന്നുപോകും. വാങ്ങിക്കാന്‍ പിന്നേയും ഒരു പാട് കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങള്‍ ബാക്കിയാക്കിക്കൊണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍