UPDATES

വായന/സംസ്കാരം

റാണ അയൂബിന്റെ ‘ഗുജറാത്ത് ഫയല്‍സി’നെ ആരാണ് ഭയക്കുന്നത്?

Avatar

അഴിമുഖം പ്രതിനിധി

2002-ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയുമായിരുന്ന കാലത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുമായാണ് റാണാ അയൂബിന്റെ പുതിയ പുസ്തകമായ “ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവര്‍ അപ്” കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. 2010-2011 സമയത്ത് തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എട്ടു മാസത്തോളം ഗുജറാത്തില്‍ ചെലവഴിച്ച് ഒളിക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളിലെ വിവരങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും പുസ്തകം ലഭ്യമായതോടെ വന്‍തോതിലാണ് ഇതിപ്പോള്‍ വിറ്റഴിയുന്നത്. കിന്‍ഡിലും ആവശ്യക്കാര്‍ നിരവധിയാണ്. രാജ്യത്തെ മിക്ക പുസ്തകശാലകളും പുസ്തകം വിതരണം ചെയ്യാന്‍ പോലും മടിച്ചപ്പോള്‍ പ്രസിദ്ധീകരണ സ്ഥാപനമായ ലെഫ്റ്റ് വേള്‍ഡ് ഇപ്പോള്‍ ഇതിന്റെ വിതരണം ഏറ്റെടുത്തിട്ടുണ്ട്. ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 

 

2002-നു ശേഷം മോദിക്കും അമിത് ഷായ്ക്കും അതോടൊപ്പം സംസ്ഥാനത്തെ ഒട്ടുമിക്ക മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് റാണയുടെ പുസ്തകത്തിലുള്ളത്. 2010-ല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുന്നതിലേക്ക് നയിച്ച ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടക്കമുള്ളവ പുറത്തുകൊണ്ടുവന്നതിനു പിന്നില്‍ റാണയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ അനൗദ്യോഗികമായി സംസാരിക്കാന്‍ തയാറായെന്ന് റാണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ ലഭിച്ച വിവരങ്ങളൊക്കെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് മനസിലായെന്നും കൂടുതല്‍ ആഴത്തില്‍ വിവരങ്ങള്‍ തിരക്കേണ്ടതുണ്ടെന്നും മനസിലായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

പിന്നീടാണ് സ്വന്തം ഐഡന്റിറ്റി തന്നെ മാറ്റി മൈഥിലി ത്യാഗി എന്ന പേരില്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലുള്ള American Film Institute Conservatory-യില്‍ നിന്നുള്ള സ്വതന്ത്ര സിനിമ സംവിധായകയായി ‘വൈബ്രന്റ് ഗുജറാത്തി’നെക്കുറിച്ച് സിനിമ എടുക്കാന്‍ റാണ ഗുജറാത്തിലെത്തുന്നത്. തന്റെ പുതിയ ഐഡന്റിറ്റിക്കുള്ള മറയായി ഫ്രാന്‍സില്‍ നിന്നുള്ള വിദ്യാര്‍ഥിയായ മൈക്കിനെയും കൂടെക്കൂട്ടി. അഹമ്മദാബാദിലേയും പരിസരങ്ങളിലേയുമൊക്കെ സാഹചര്യങ്ങള്‍ നന്നായി പഠിച്ച ശേഷമായിരുന്നു റാണ മുതിര്‍ന്ന ബ്യൂറോക്രാറ്റുകളെയും പോലീസ് ഉദ്യോഗസ്ഥരേയും കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചവരേയുമൊക്കെ കണ്ടത്. അമിത് ഷായുടെ അറസ്റ്റിനു തൊട്ടുമുമ്പ് അഹമ്മദാബാദില്‍ താമസിക്കുമ്പോള്‍ അറിയില്ലാത്ത ഏതോ നമ്പരില്‍ നിന്ന്  ‘നിങ്ങള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ എന്ന മെസേജ് ഫോണില്‍ ലഭിച്ചിരുന്ന വിവരവും അവര്‍ പറയുന്നുണ്ട്.

 

 

ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത് 2002 സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന അശോക് നാരായണുമായുള്ള കൂടിക്കാഴ്ചയിലാണ്. ഇതിനെക്കുറിച്ച് റാണ പറയുന്നത്…

 

റാണ: കലാപം നിയന്ത്രിക്കുന്നതില്‍ കാലതാമസം വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ വല്ലാതായിട്ടുണ്ടാകും അല്ലേ?

നാരായണ്‍: അയാള (മോദി)തൊരിക്കലും ചെയ്യില്ല. അതുപോലെ ഒരു കാര്യങ്ങളും രേഖാമൂലവും ചെയ്യില്ല. അയാള്‍ക്ക് അതിനൊക്കെ ആളുകളുണ്ട്. വി.എച്ച്.പിയിലെ ആളുകളിലൂടെ, അനൗദ്യോഗികമായി തന്നെ നിര്‍ദേശങ്ങള്‍ താഴേക്കുപോകും. അവിടെ നിന്ന് താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരിലേക്കും മറ്റും.

റാ: അന്വേഷണ കമ്മീഷന് ഒരു തെളിവും കിട്ടിയില്ലേ?

നാ: അന്ന് നിരവധി മന്ത്രിമാര്‍ റോഡില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തെ ഇളക്കിവിട്ടിരുന്നു. ഒരിക്കല്‍ മോദിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ടെലിഫോണ്‍ കോള്‍ ലഭിച്ചു. ഒരു മന്ത്രി ഇത്തരത്തില്‍ ചെയ്യുന്നു എന്ന്. തുടര്‍ന്ന് മോദി അയാളെ തിരിച്ചു വിളിച്ചു.

റാ: ബി.ജെ.പി മന്ത്രി?

നാ: അതേ, അയാളുടെ സ്വന്തം മന്ത്രി

റാ: മന്ത്രിമാരൊന്നും അകത്തായില്ലേ?

നാ: എല്ലാവരും പുറത്തുണ്ട്. പക്ഷേ ആരെങ്കിലും അത് ചെയ്യേണ്ടതായിരുന്നു. പക്ഷേ തെളിവുകള്‍ ഇല്ലാതെ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും? ആരും മുന്നോട്ടു വരാന്‍ തയാറായിരുന്നില്ല. കാരണം ടെലിഫോണ്‍ വഴിയൊക്കെ സംസാരിക്കുന്നതില്‍ അവര്‍ അത്ര സ്മാര്‍ട്ടാണ്. ചില ഉദ്യോഗസ്ഥരെ വിളിച്ച് അവര്‍ പറയും: “ആ പ്രദേശം നോക്കിക്കൊള്ളണം കേട്ടോ”. സാധാരണക്കാര്‍ക്ക് തോന്നുക ആ നിര്‍ദേശം “അവിടെ കലാപം പടരാതെ നോക്കിക്കൊള്ളണം” എന്നായിരിക്കും. എന്നാല്‍ അതിന്റെ ശരിയായ അര്‍ഥം “അവിടെ കലാപം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തണം” എന്നായിരിക്കും. അവരൊന്നും നേരിട്ട് ചെയ്യില്ല. അതിനൊക്കെ ഏജന്റുമാരുണ്ട്, ഏജന്റുമാര്‍ക്ക് ഏജന്റുമാര്‍. ഒടുവില്‍ കേസെടുക്കുന്നത് ജനക്കൂട്ടത്തിനെതിരെ. എങ്ങനെയാണ് ജനക്കൂട്ടത്തെ അറസ്റ്റ് ചെയ്യുക?

 

ഗോധ്രയില്‍ 58 പേര്‍ ട്രെയിനില്‍ വെന്തു മരിച്ചതിന്റെ പിറ്റേന്ന് വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദോടു കൂടിയാണ് ഗുജറാത്ത് കത്താനാരംഭിച്ചത്. ഇതിനെക്കുറിച്ചുള്ള അശോക് നാരായണിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. “ഞാന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോള്‍, രേഖാമൂലമുള്ള ഉത്തരവുകള്‍ ഇല്ലാതെ ഒരു കാര്യവും ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ബന്ദ് പ്രഖ്യാപിച്ച ദിവസം ചീഫ് സെക്രട്ടറി സുബ്ബറാവു എന്നെ ബന്ധപ്പെട്ടിട്ട് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ പിറ്റേന്ന് ബന്ദ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്, എന്താണ് ഇക്കാര്യത്തില്‍ അഭിപ്രായം എന്നാരാഞ്ഞു. ഒരിക്കലും അതിന് അനുമതി നല്‍കരുത്, കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രി ഇതറിഞ്ഞു. അദ്ദേഹത്തിന്റെ മറുപടി നിങ്ങള്‍ക്കെങ്ങനെ ഇത് പറയാന്‍ പറ്റും എന്നായിരുന്നു. അവര്‍ക്ക് അനുമതി നല്‍കണമെന്നും മോദി വ്യക്തമാക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു. സര്‍, അങ്ങനെയെങ്കില്‍ അങ്ങ് രേഖാമൂലം ഉത്തരവ് നല്‍കൂ എന്ന്. എന്നെ തുറിച്ചു നോക്കുകയായിരുന്നു മോദി അപ്പോള്‍ ചെയ്തത്. കലാപ സമയത്ത് മോദി വി.എച്ച്.പിയെ പിന്തുണച്ചിരുന്നു. അത് ചെയ്തതു വഴി അയാള്‍ക്ക് ഹിന്ദു വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. അതിനു വേണ്ടി അയാള്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ അയാള്‍ ചെയ്തു.”

 

മോദിയുടെ നേതൃത്വത്തില്‍ നടന്ന വിവാദമായ ഉന്നതോദ്യോഗസ്ഥരുടെ മീറ്റിംഗിനെ കുറിച്ചും ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യ ഇക്കാര്യത്തില്‍ മോദിക്കെതിരെ രംഗത്തുവന്നതിനെ കുറിച്ചും അശോക് നാരായണ്‍ പറയുന്നുണ്ട്. പാണ്ഡ്യയെ പിന്നീട് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി.

 

 

ഗോധ്രയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവന്നതാണ് പിന്നീടുണ്ടായ കൂട്ടക്കൊലയ്ക്ക് കാരണമായി നാരായണ്‍ ചൂണ്ടിക്കാട്ടുന്നത്. മോദിയാണ് ആ തീരുമാനമെടുത്തതെന്നും നാരായണ്‍ പറയുന്നു.

 

അഡീഷണല്‍ ഡി.ജി.പിയായി 2009-ല്‍ വിരമിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത രാജന്‍ പ്രിയദര്‍ശി ഐ.പി.എസും കലാപത്തില്‍ മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്കിനെ കുറിച്ച് പറയുന്നുണ്ട്. രാജന്‍ പ്രിയദര്‍ശിയുമായുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു.

 

റാ: നിങ്ങളുടെ മുഖ്യമന്ത്രി ഇവിടെ ഭയങ്കര പോപ്പുലറാണെല്ലോ?

രാജന്‍: അതേ, അയാള്‍ എല്ലാവരേയും വിഡ്ഡിയാക്കുകയാണ്, ജനങ്ങള്‍ വിഡ്ഡികളാവുകയും.

റാ: നിയമവാഴ്ച കാര്യമായി ഇവിടെയില്ല അല്ലേ? നല്ല ഉദ്യോഗസഥരും കുറവാണ്?

രാ: വളരെ കുറച്ച് പേരുണ്ട്. ഗുജറാത്തില്‍ മുസ്ലീങ്ങളെ കൊന്നതിന്റെ ഉത്തരവാദിത്തം മോദിക്കാണ്.

റാ: പല പോലീസ് ഉദ്യോഗസ്ഥരും പറയുന്നത് തങ്ങളെ ഇതില്‍ (വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍) പെടുത്തി എന്നാണ്.

രാ: എങ്ങനെ പെടുത്തി എന്നാണ്? അവരത് ചെയ്തതാണ്. ഇപ്പോള്‍ അവരൊക്കെ അകത്താകാന്‍ പോവുകയാണ്. അവരൊരു ഏറ്റുമുട്ടലില്‍ ഒരു പെണ്‍കുട്ടിയെ കൊല്ലുകയും ചെയ്തു.

റാ: ശരിക്കും?

രാ: അവളെ ലഷ്‌കര്‍ ഭീകരവാദിയെന്നാണ് അവര്‍ വിളിച്ചത്. മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. മോദിലെ കൊല്ലാന്‍ ഗുജറാത്തിലേക്ക് വന്ന ഭീകരവാദിയാണെന്ന കഥയുണ്ടാക്കുകയായിരുന്നു.

റാ: അതു വ്യാജമായിരുന്നോ?

രാ: അതെ, അത് വ്യാജമായിരുന്നു.

റാ: ഇവിടെ എത്തിയ ദിവസം മുതല്‍ കേള്‍ക്കുന്നതാണ് ഒരു സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടലിനെക്കുറിച്ച്.

രാ: രാജ്യം മുഴുവന്‍ അതിനെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. മന്ത്രിക്കു വേണ്ടി അവര്‍ സൊഹ്‌റാബുദീനേയും തുള്‍സി പ്രജാപതിയേയും ഇല്ലാതാക്കുകയായിരുന്നു. ആ മന്ത്രി, അമിത് ഷാ, ഒരിക്കലും മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്നില്ല. അയാള്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു, താന്‍ ഈ മനുഷ്യാവകാശ കമ്മീഷനിലൊന്നും വിശ്വസിക്കുന്നില്ല എന്ന്. ഇപ്പോള്‍ നോക്കൂ. കോടതി അയാള്‍ക്ക് ജാമ്യവും നല്‍കി.

 

ഡല്‍ഹിയിലെ മാധ്യമ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് മുന്‍ എം.പി സന്ദീപ് ദീക്ഷിത്, മാധ്യമ പ്രവര്‍ത്തകരായ സര്‍ദീപ് ദേശായി, ബര്‍ഖാ ദത്ത്, സബാ നഖ്‌വി, പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് തുടങ്ങി വന്‍ നിരയും ചടങ്ങിനെത്തിയിരുന്നു. ഇതിനിടെ സര്‍ദീപ് ദേശായി ചടങ്ങില്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും ഭാവിയില്‍ വിവാദമായേക്കും. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ജഡ്ജിയോട് സംസാരിച്ചപ്പോള്‍ പറഞ്ഞ മറുപടി “ഈ മുസ്ലീങ്ങള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല. ഇത് അവര്‍ക്ക് സംഭവിക്കേണ്ടതു തന്നെയായിരുന്നു” എന്നാണ്. ആ സമയത്ത് തന്റെ കൈയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള ഈ ജഡ്ജി രാജ്യം കണ്ട ഏറ്റവും വലിയ രണ്ടു കൂട്ടക്കൊലകള്‍ അന്വേഷിച്ചയാളാണെന്ന കാര്യവും പേരു പറയാതെ സര്‍ദേശായി വെളിപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം അസഭ്യവര്‍ഷവും ഭീഷണിയുമാണ് റാണയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍