UPDATES

ജെഎന്‍യു പ്രൊഫസറെ പ്രഭാഷണത്തിന് ക്ഷണിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അധ്യാപകനെ സര്‍ദാര്‍ പട്ടേല്‍ ജന്മവാര്‍ഷിക പരിപാടിക്ക് ക്ഷണിച്ചതിന്റെ പേരില്‍ ഝാര്‍ഖണ്ഡ് കേന്ദ്രസര്‍വകലാശാലാ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. ജെ.എന്‍.യുവിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. എന്‍.എം പാണിനിയെ പ്രഭാഷണത്തിന് ക്ഷണിച്ചതിന്റെ പേരിലാണ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രൊഫസറായ ഡോ. ശ്രേയ ഭട്ടാചാര്യയെ ഈ മാസമാദ്യം വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത്.

 

ജെ.എന്‍.യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ തലവനാണ് പ്രഫ. പാണിനിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അദ്ദേഹത്തിന്റെ യോഗ്യതയില്‍ സംശയമുണ്ടെന്നിരിക്കെ, ഇത്തരമൊരു ക്ഷണം നടത്തിയതു വഴി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്നും ഇത് സര്‍വകലശാലയുടെ മാത്രമല്ല, വി.സിയുടെ റെപ്യൂട്ടേഷനേയും ബാധിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വൈസ് ചാന്‍സലറെ അറിയിക്കാതെയാണ് ഡോ. ശ്രേയ ഇത്തരമൊരു ക്ഷണം നടത്തിയതെന്നും ഇത്തരമൊരു നടപടിദോഷം അംഗീകരിക്കാന്‍ പറ്റില്ലെന്നും ഉത്തരവില്‍ പറയുന്നു.

 

എന്നാല്‍ തനിക്ക് വി.സിയുടെ ഉള്‍പ്പെടെ ക്ഷണം ലഭിച്ചിരുന്നുവെന്ന് പ്രൊഫ. പാണിനി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു. “ഈ പരിപാടി നേരത്തെ നടക്കേണ്ടതായിരുന്നു, എന്നാല്‍ പിന്നീട് ഇത് മാര്‍ച്ച് 19-ലേക്ക് മാറ്റി. എന്നെ അവിടെ പ്രഭാഷണത്തിന് ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫോണ്‍ വഴി അറിയിച്ചത് വി.സി നേരിട്ടാണ്. ഞാന്‍ താമസിക്കുന്ന മൈസൂരില്‍ നിന്ന് ഡല്‍ഹി വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും പറഞ്ഞിരുന്നു. എന്നാല്‍ 17-ന് ഞാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് വി.സി വീണ്ടും തന്നെ വിളിച്ചുവെന്നും പരിപാടി റദ്ദാക്കി എന്ന് അറിയിച്ച”തെന്നും അദ്ദേഹം പറയുന്നു.

 

“ചില വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കുന്നതു കൊണ്ട് പരിപാടി റദ്ദാക്കുകയാണെന്നാണ് വി.സി തന്നോട് പറഞ്ഞത്. താന്‍ ജെ.എന്‍.യുവില്‍ നിന്നായതുകൊണ്ടാണോ പ്രതിഷേധമെന്ന ചോദ്യത്തിന് അതേ എന്ന മറുപടിയാണ് വി.സി നല്‍കിയത്. ഇതില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും വി.സി വ്യക്തമാക്കിയിരുന്നു”- പ്രൊഫ. പാണിനി പറഞ്ഞു. സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ തുടങ്ങിയവയിലെ ഡീന്‍ പദവികളില്‍ നിന്നും ഡോ. ശ്രേയയെ ഒഴിവാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സര്‍വകലാശാല ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകരുതെന്നാണ് നിര്‍ദേശം. ജെ.എന്‍.യുവിലെ “ദേശദ്രോഹ വിദ്യാര്‍ഥി”കളുടെ തലവന്‍ എന്നു വിളിച്ചതില്‍ പ്രൊഫ. പാണിനി നടുക്കവും പ്രകടിപ്പിച്ചു. താന്‍ 2009-ല്‍ ഇവിടെ നിന്ന് വിരമിച്ചതാണെന്നും ഇടത് ആഭിമുഖ്യമുള്ള സഹപ്രവര്‍ത്തകരുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വലതുപക്ഷത്തിന്റെ വിമര്‍ശകന്‍ തന്നെയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. 

  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍