UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീക്ഷ്ണമായിരുന്ന പ്രചാരണയുദ്ധം ട്രംപിന് വലിയ പ്രശ്നങ്ങളുണ്ടാക്കും

Avatar

ഡാന്‍ ബ്ലാസ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പതിവ് മുന്‍ഗണനകളുമായാണ് യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വിജയി ഡൊണാള്‍ഡ് ട്രംപും ഓവല്‍ കാര്യാലയത്തിലേക്ക് എത്തുന്നത്; സമ്പദ് രംഗത്തെ ശക്തിപ്പെടുത്തുക, ദേശീയ സുരക്ഷ ഉറപ്പാക്കുക, കുടിയേറ്റം, ആരോഗ്യ സുരക്ഷാ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക. എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പിലെ പ്രചാരണയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ചെറുതായിത്തോന്നാം.

പുതിയ പ്രസിഡണ്ട് നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. രാഷ്ട്രീയ സംവിധാനം തകര്‍ന്നിരിക്കുന്നു. പരസ്പരവിശ്വാസം അപ്രത്യക്ഷമായി. അവിശ്വാസവും ശത്രുതയും നിലനില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ അമേരിക്കക്കാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ പ്രതീക്ഷയോടെ സ്വാഗതം ചെയ്തിരുന്നു. ഇത്തവണ വോട്ടെണ്ണലിന് മുമ്പുതന്നെ പടയൊരുക്കം തുടങ്ങി.

ഹിലാരി, ട്രംപ് പ്രചാരണങ്ങള്‍ ഒരിയ്ക്കലും സാധാരണ നിലയില്‍ ആയിരുന്നില്ല. ഭയം, പ്രതീക്ഷ, ക്ഷോഭം, നിരാശ, എല്ലാത്തിനും മുകളില്‍ അസ്വസ്ഥമായ ആശങ്കയും-ഇതിനിടയിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് ദിനം വന്നത്. മിക്ക അമേരിക്കക്കാരെ സംബന്ധിച്ചും 2016-ലെ നീണ്ട പ്രചാരണം ആഴത്തില്‍ ഭിന്നിച്ച ഒരു രാജ്യത്തിന്റെ ശക്തിയെ പരീക്ഷിക്കുന്നതായിരുന്നു.

ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനശിലകളെ നിശ്ചയിക്കുന്ന മൂല്യങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. വംശം, വര്‍ണം, മതം, സാമ്പത്തിക അസമത്വം, കേന്ദ്രസര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലവും അവിശ്വാസവും എന്നിവയെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വിഷയങ്ങളായി. സമൂഹത്തിലെ ഉപരിവര്‍ഗവും-രാഷ്ട്രീയ, സാമ്പത്തിക,സാംസ്കാരിക- ബാക്കി ജനതയും തമ്മിലുള്ള അന്തരത്തെയും അത് വെളിച്ചത്തുകൊണ്ടുവന്നു.

അതിലെല്ലാമുപരി അത് ഒരു രാജ്യത്തിന്റെ സ്വത്വത്തെക്കുറിച്ചുള്ള പ്രചാരണമായിരുന്നു. 2015-ല്‍ അതിന്റെ ആദ്യഘട്ടത്തില്‍ ആരും പ്രവചിക്കാതിരുന്ന ഒന്ന്. മാസങ്ങള്‍ കൂടുന്തോറും സംവാദം രൂക്ഷമായി.

പരിവര്‍ത്തനദശയിലുള ഒരു രാജ്യത്തിന്റെ സംഘര്‍ഷങ്ങളാണ് പ്രചാരണത്തില്‍ പുറത്തുവന്നത്. രാഷ്ട്രീയത്തിനപ്പുറത്തുള്ള വിഭാഗീയതകള്‍. ഏറ്റവും നല്ല വശത്തേക്ക് നോക്കിയാല്‍ ഇതിന് അമേരിക്കയെ ഒരു മഹത്തായ ദേശമാക്കുന്നത് എന്ത് എന്നതിലെ അഭിപ്രായഭിന്നതകള്‍ തുറന്നു സംവദിക്കാം. അതിന്റെ മോശം വശത്താണെങ്കില്‍ അത് വര്‍ണവെറിക്കും, സ്ത്രീവിരോധത്തിനും, സെമെറ്റിക് വിരോധത്തിനും മത വൈരത്തിനും വഴിയൊരുക്കും.

വൈവിധ്യം നിറഞ്ഞ മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ അസംസ്കൃതമായ അരികുകള്‍ ഈ തെരഞ്ഞെടുപ്പ് പുറത്തുകൊണ്ടുവന്നു. അയല്‍ക്കാരിലും സുഹൃത്തുക്കളിലും വരെ അത് ദൈനംദിന ഇടപെടലുകളില്‍ സംഘര്‍ഷം നിറച്ചു. നവ സാമൂഹ്യമാധ്യമങ്ങള്‍ ആ സംഘര്‍ഷത്തിന് ആക്കം കൂട്ടി. മത,വംശ, ലിംഗ വിവേചനത്തിനിരയായ ആരും ദേശീയ സംവാദത്തില്‍ എത്തി. അപൂര്‍ണമായ നിലവിലെ അവസ്ഥയെ അത് ഇളക്കിമറിച്ചു.

ട്രംപ് ഇതില്‍ ഭൂരിഭാഗവും തന്റെ വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് സൃഷ്ടിച്ചു. ഹിസ്പാനിക്കുകള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരെ ഈ ന്യൂയോര്‍ക്കുകാരന്‍ വ്യാപാരി അധിക്ഷേപിച്ചു. ഒട്ടും അച്ചടക്കമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അയാള്‍. പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രവുമില്ല, ഒരു പ്രസിഡന്റിന് വിവിധ വിഷയങ്ങളില്‍ ഉണ്ടാകേണ്ട ധാരണകളും ഇല്ല. സ്വന്തം കക്ഷിയെയും അതിലെ നേതാക്കളെയും അയാള്‍ ഭിന്നിപ്പിച്ചു.

എന്നിട്ടും അയാള്‍ക്ക് ഉറച്ച, വിശ്വസ്തരായ അനുയായികളുണ്ടായി. അയാള്‍ വാഷിംഗ്ടനെ അടിത്തറവരെ കുലുക്കുമെന്നും ഉപരിവര്‍ഗത്തിന്റെ പിടിയില്‍ നിന്നും മുക്തമാക്കുമെന്നും അവര്‍ വിശ്വസിച്ചു. അവരുടെ ശക്തിയും ആഗ്രഹവുമാണ് അയാളെ ജയിപ്പിച്ചത്.

അപലപനീയരായ ഒരു കൂട്ടം എന്നാണ് ഒരു ഘട്ടത്തില്‍ ക്ലിന്‍റന്‍ ട്രംപ് അനുയായികളെ വിളിച്ചത്. എങ്കിലും ജനതയില്‍ ഒരു വിഭാഗത്തിന് തോന്നുന്ന അന്യവത്കരണമാണ് അയാളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അവര്‍ സമ്മതിച്ചിരുന്നു.

രാഷ്ട്രീയ വ്യവസ്ഥയോടും പണിയെടുക്കുന്ന അമേരിക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത്തിലും സ്വീകരണ മുറികളിലും അടുക്കളകളിലുമുള്ള അമര്‍ഷമാണ് ട്രംപ് എന്ന പ്രതിഭാസം എന്നു ഒരു ക്ലിന്‍റന്‍ ഉപദേഷ്ടാവ് സമ്മതിച്ചു. ഒരു അമേരിക്കന്‍ ബ്രെക്സിറ്റ് ഉണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞ വികാരം.

താന്‍ പ്രതീക്ഷിച്ചതില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായൊരു പ്രചാരണമാണ് ക്ലിന്‍റന് 2016-ല്‍ നടത്തേണ്ടിവന്നത്. ട്രംപ് സൃഷ്ടിച്ച ഒരു ചുഴലിക്കാറ്റിലേക്കാണ് അവര്‍ക്ക് കടക്കേണ്ടിവന്നതും. ഒരു ചരിത്രമാണ് അവര്‍ സൃഷ്ടിക്കാന്‍ പ്രതിനിധാനം ചെയ്തത്. എന്തായാലും ഒബാമക്ക് രാജ്യത്തിന്റെ ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ പ്രസിഡണ്ടാകാന്‍ കിട്ടിയതിനേക്കാള്‍ പിന്തുണ അവര്‍ക്ക് ലഭിച്ചിരുന്നു.

ട്രംപല്ല അല്ലായിരുന്നു എതിരാളിയെങ്കില്‍ ക്ലിന്‍റന്‍  അമേരിക്കയുടെ ചരിത്രത്തിലെ ഏതെങ്കിലും ഒരു പ്രധാന കക്ഷിയുടെ ഇന്നേവരെയുള്ള ഏറ്റവും ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ത്ഥിയായേനെ. കാല്‍ നൂറ്റാണ്ടുകാലത്തെ പൊതുജീവിതത്തിലെ വടുക്കള്‍  അവര്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ നിശ്ചയിച്ച നിമിഷം മുതല്‍ അവരെ ഒരു ധ്രുവീകരണത്തിലേക്ക് നയിക്കുന്ന സ്ഥാനാര്‍ത്ഥിയാക്കി. സമയം മുന്നോട്ട് പോകുന്തോറും അത് വര്‍ധിച്ചതെയുള്ളൂ. അവരുടെ എതിരാളികളില്‍ നിന്നും വെറുപ്പാണ് പ്രസരിച്ചത്.

ടെലിവിഷനിലും സ്മാര്‍ട് ഫോണിലും അമേരിക്കക്കാര്‍ ഈ മേളയില്‍ കണ്ണുനട്ടിരുന്നു. ക്ലിന്‍റന്‍-ട്രംപ് സംവാദം എക്കാലത്തെയും വലിയ പ്രേക്ഷകരെ കണ്ടെത്തി.

മുമ്പ് കാണാത്ത തരം ഒന്നായിരുന്നു ഇത്തവണത്തെ പ്രചാരണം എന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. അതൊന്നവസാനിക്കാനാണ് എല്ലാവരും കാത്തിരുന്നത്.

പ്രചാരണത്തിലെ പൊരുത്തക്കേടുകളുടെ ഭാരം രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോകുന്നതിന് വെല്ലുവിളിയായ സന്ദര്‍ഭങ്ങളുണ്ട്. 2001 ജനുവരിയില്‍ വിവാദമായ 31 ദിവസം നീണ്ട ഫ്ലോറിഡയിലെ വീണ്ടുമുള്ള വോട്ടെണ്ണലും തുടര്‍ന്ന് ജോര്‍ജ് ഡബ്ല്യു ബുഷിന് പ്രസിഡണ്ട് പദവി നല്കിയ സുപ്രീം കോടതി വിധിയും അത്തരത്തില്‍ ഒന്നായിരുന്നു. നാലു വര്‍ഷം മുമ്പ് ബരാക് ഒബാമ പ്രസിഡണ്ട് പദവി നിലനിര്‍ത്തിയ പ്രചാരണവും ഭിന്നതകള്‍ ആഴത്തില്‍ വ്യക്തമാക്കിയ ഒന്നായിരുന്നു.

എന്നാല്‍ ആ രണ്ടു അനുഭവങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷം നടന്നതുമായി താരതമ്യം ചെയ്യാനാകില്ല പതിവ് തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാറിപ്പോയി. സ്ഥാനാര്‍ത്ഥികളുടെ കാഴ്ച്ചപ്പാടുകള്‍ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലെ വെല്ലുവിളികള്‍ ജനാധിപത്യത്തിന്റെ പരിമിതിയെക്കുറിച്ചുള്ള ശബ്ദായമാനമായ ബഹളങ്ങളില്‍ മുങ്ങിപ്പോയി.

വലിയ തെരഞ്ഞെടുപ്പുകള്‍ ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും, കുറഞ്ഞത് ഒരു പുതിയ നേതാവിന് ദിശ കാണിക്കാനെങ്കിലും. ഇത്തവണ ചോദ്യം അവശേഷിച്ചു.  എന്നാല്‍ നാലു വര്‍ഷം മുമ്പ് വിജയം റിപ്പബ്ലിക്കന്‍ എതിര്‍പ്പിനെ കുറയ്ക്കുമെന്ന് ഒബാമ കരുതിയിരുന്നു, വേഗത്തില്‍ ആ ധാരണ മാറ്റിയെങ്കിലും.

ട്രംപിന്റെ പ്രസിഡണ്ട് പദവി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നു ആരും പ്രവചിക്കുന്നില്ല. പ്രചാരണം വെച്ചു നോക്കിയാല്‍ അത് രാജ്യത്തെ ഭിന്നിപ്പിക്കുകയും ലോകത്തെങ്ങുമുള്ള സഖ്യകക്ഷികളെ ആശങ്കയിലാഴ്ത്തുകയും ചെയ്യും.  ട്രംപിന്റെ വിജയം വ്യവസ്ഥയിലാകേ തുടര്‍ചലനങ്ങളുണ്ടാക്കുന്ന തലമുറകള്‍ക്കുശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഭൂകമ്പമാണ്.

ക്ലിന്‍റനെ സംബന്ധിച്ച് എതിരാളികള്‍ ഇ-മെയില്‍ അന്വേഷണങ്ങളും ക്ലിന്‍റന്‍ ഫൌണ്ടേഷന്‍ ഇടപാടുകളും ഇനിയും ഉയര്‍ത്തിയേക്കാം. നീണ്ടുനില്‍ക്കുന്ന ശത്രുതകള്‍ കാത്തിരിക്കുന്നു.

അതിനപ്പുറം, ട്രംപ് പ്രസിഡണ്ടായതോടെ റിപ്പബ്ലിക്കന്‍ കക്ഷി വലിയ ചലനങ്ങള്‍ക്കാണ് വിധേയമാകുന്നത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍