UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

റാണി പത്മിനിമാര്‍; വീട്ടിലും പിന്നെ റോഡിലും

അപര്‍ണ്ണ

പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ റാണിപത്മിനി റിലീസ് ചെയ്തു. ആഷിഖ് അബു, മഞ്ജു വാര്യര്‍, റിമ ത്രയത്തില്‍ നിന്നും കൊള്ളാവുന്ന സിനിമയെ പുറത്തുവരാന്‍ സാധ്യത ഉള്ളു എന്നൊരു പ്രതീക്ഷ ഭൂരിഭാഗം സിനിമാപ്രേമികള്‍ക്കും ഉണ്ടായിരുന്നു. റോഡ് മൂവി ഗണത്തില്‍പ്പെട്ട ഒന്നായിരിക്കും സിനിമ എന്ന സൂചനകള്‍ മുന്‍കൂട്ടി നല്‍കപ്പെട്ടിരുന്നു. ഒറ്റപ്പാലം മുതല്‍ ഇവര്‍ സഞ്ചരിച്ച ദൂരം കാണിക്കുന്ന രീതിയില്‍ ഉള്ള ചില സോഷ്യല്‍ മീഡിയ പരസ്യങ്ങളും കണ്ടു. ‘വരൂ പോകാം പറക്കാം’ എന്ന പാട്ടും ഹിറ്റ് ആയിരുന്നു.

റിമ കല്ലിങ്കലിന്റെ റാണി ‘ആണ്‍ സ്വഭാവങ്ങള്‍’ ഉള്ള പെണ്ണാണ്. കുടുംബ പ്രാരാബ്ധങ്ങളുമായി ഡല്‍ഹി നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ ജീവിക്കുന്നു. അമ്മയും അമ്മൂമ്മയുമാണ് ഇവര്‍ക്ക് കൂട്ട്. റാണിയുടെ ‘ആണ്‍ ശീലങ്ങളോട്’ അമ്മ സമരം ചെയ്യുമ്പോള്‍ അമ്മൂമ്മ സമരസപ്പെടുന്നുണ്ട്. അപ്രതീക്ഷിതവും അനിവാര്യവും ആയ ഒരു സാഹചര്യത്തില്‍ റാണിക്ക് പെട്ടന്നൊരു യാത്ര ചെയ്യേണ്ടി വരുന്നു. ഈ യാത്രക്കിടയില്‍ റാണി പത്മിനിയെ (മഞ്ജു വാര്യര്‍) പരിചയപ്പെടുന്നു. വിവാഹ ശേഷം ഡല്‍ഹിയില്‍ എത്തിയ ഒറ്റപ്പാലംകാരിയാണ് പത്മിനി. അമ്മായിഅമ്മയുടെ (സജിത മഠത്തില്‍) പഴഞ്ചന്‍ മൂല്യങ്ങളിലും ഭര്‍ത്താവിന്റെ ഭയങ്ങളിലും (ജിനു ജോസഫ് ) പെട്ട് കഷ്ടപ്പെടുന്ന സ്ത്രീ. അടക്കവും ഒതുക്കവും വിഡ്ഢിത്തങ്ങളും ഉള്ള പത്മിനി, ഒരു പ്രത്യേക സാഹചര്യത്തില്‍ ആര്‍ജിച്ച ധൈര്യം കൊണ്ടാണ് യാത്ര ചെയ്യുന്നത്.

പിന്നീട് ഇണങ്ങിയും പിണങ്ങിയും പരസ്പരം മനസിലാക്കിയും രണ്ടു പേരും പരസ്പരം സഹായിച്ച് ലക്ഷ്യത്തില്‍ എത്തുന്നു. യാത്രക്കിടയില്‍ ഈ രണ്ടു പേരില്‍ ഉണ്ടാവുന്ന ഇഴയടുപ്പത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ആ അര്‍ത്ഥത്തില്‍ റാണിപത്മിനി ഒരു റോഡ് മൂവി ആണ്. ഹിമാലയന്‍ ദൃശ്യ ഭംഗിയും കാഴ്ചകളും കഴിഞ്ഞേ റാണി പത്മിനിമാര്‍ക്കു പോലും സിനിമയില്‍ സ്ഥാനമുള്ളൂ. ബസ് മുതല്‍ ആകാശത്തെ പറക്കുന്ന കാഴ്ചകള്‍ വരെയുള്ള അനുഭവങ്ങളാല്‍ സമ്പന്നമാണ് സിനിമ. 22 ഫീമെയില്‍ കോട്ടയത്തില്‍ ഒക്കെ കണ്ട ദൈര്‍ഘ്യം വളരെ കുറഞ്ഞ ഒന്നാം പകുതി ആഷിഖ് അബു ഇവിടെയും പരീക്ഷിച്ചു കണ്ടു. തെല്‍മ ആന്‍ഡ് ലൂയിസിന്റെ ഓര്‍മ ഉണര്‍ത്തുന്ന ചില ഭാഗങ്ങള്‍ ഉണ്ട്. പക്ഷെ അവരില്‍ നിന്ന് വ്യതസ്തമായി റാണിയിലും പത്മിനിയിലും തിരികെ എത്താനുള്ള വ്യഗ്രത പ്രകടമാണ് സിനിമയില്‍. പിന്നെ സന്ദേശ കഥകളുടെ സ്പൂഫും കാണാന്‍ രസമുണ്ട്. 

ഒരു സിനിമയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്താന്‍ കഴിവുള്ള നടിമാരാണ് മഞ്ജു വാര്യരും റിമ കല്ലിങ്കലും. അതവര്‍ മുന്‍പുതന്നെ തെളിയിച്ചതുമാണ്. അതില്‍ കൂടുതല്‍ ഒന്നും റാണി പത്മിനിയില്‍ രണ്ടു പേര്‍ക്കും ചെയ്യാനില്ല. പത്മിനിയേക്കാള്‍ ചടുലതയും ജീവനും ചില സമയത്ത് റാണിക്ക് ഉള്ളതു പോലെ തോന്നി. റോഡ് മൂവികള്‍ തന്നെ കുറവായ മലയാള സിനിമയില്‍, അത്രയൊന്നും ചെറുപ്പമല്ലാത്ത രണ്ടു നടിമാര്‍ ഇങ്ങനെയൊരു സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതു പ്രതീക്ഷ തരുന്നു.

ഈ സിനിമയുടെ ദുര്‍ബലമായ വശം തിരക്കഥ ആണ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ റാണിയുടെയും പത്മിനിയുടെയും ജീവിതം, കഥാഗതിയുടെ പോക്ക് എന്നിവയൊക്കെ പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നവയാണ്. പത്മിനിയുടെ അസ്വാരസ്യങ്ങള്‍ ഉള്ള ദാമ്പത്യവും റാണിയുടെ അനുഭവങ്ങളും ഒന്നും പ്രതീക്ഷകളെ കവച്ചു വെച്ച് മുന്നേറുന്നില്ല. രണ്ടാം പകുതിയിലെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ സിനിമ എവിടെ അവസാനിപ്പിക്കണം എങ്ങനെ അവസാനിപ്പിക്കണം എന്നെല്ലാം സംവിധായകനും ആശയകുഴപ്പം ഉള്ള പോലെ തോന്നി. മഞ്ജു വാര്യരെ രണ്ടാം വരവില്‍ വിടാതെ പിന്തുടരുന്ന ‘മനസിലാക്കാത്ത ഭര്‍ത്താവു’ള്ള കഥാപാത്രങ്ങളുടെ ഭാരം ഇതിലും പിന്തുടരുന്നു. ഈ ആവര്‍ത്തനം അവരെ പോലൊരു പ്രതിഭയെ ടൈപ്പ് കാസ്റ്റ് ചെയ്യിക്കും.

റോഡ് മൂവി ലീഡ് ചെയ്യുന്നത് രണ്ടു സ്ത്രീകള്‍ ആണെങ്കില്‍ അത് ഒരു സ്ത്രീപക്ഷ സിനിമ ആയിരിക്കണം എന്നോ എന്റര്‍ടെയ്ന്‍മെന്റ് ഉപാധികള്‍ ഇല്ലാത്ത ഒന്നാവണം എന്നൊക്കെ പറയുന്നത് അതിവാദമാണ്. മനുഷ്യരെ പറ്റി പറയുന്ന ഒരു കലാവിഷ്കാരം എന്ന നിലയില്‍ മിനിമം ലിംഗ നീതി പുലര്‍ത്തണം എന്നെ ഉള്ളു. അത് തീര്‍ച്ചയായും റാണിപത്മിനിയില്‍ ഉണ്ട്. അടക്കവും ഒതുക്കവും വെട്ടിക്കളയുന്ന ചിറകുകളെ പറ്റി പത്മിനി പറയുന്നതും സ്ത്രീക്ക് വീടിനകവും പുറവും ഒരു പോലെ ആണെന്നുള്ള തിരിച്ചറിവും മലയാള ജനകീയ സിനിമയില്‍ ഇന്നും വലിയ വിപ്ലവമാണ്. പക്ഷെ സ്ത്രീപക്ഷ സിനിമ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാതിരിക്കാനും സ്ത്രീകളെ ഉള്‍ക്കൊള്ളാനും ഒരേ സമയം ശ്രമിച്ച് ചില ഇടങ്ങളില്‍ മുഴച്ചു നില്‍ക്കും പോലെ തോന്നി. ബന്ധങ്ങളെ സംബന്ധിച്ച് വിട്ടുവീഴ്ചകള്‍ ഇല്ലാത്ത ആഷിഖ് അബുവിനെ റാണി പദ്മിനിയില്‍ കാണാത്തതും നിരാശ ഉണ്ടാക്കി. ’22 ഫീമെയ്ല്‍ കോട്ടയ’ത്തിലെ ടെസയും, ‘ഡാ തടിയാ’യിലെ ലൂക്കയും ബന്ധങ്ങളില്‍ തങ്ങളെ അര്‍ഹിക്കുന്നില്ല എന്ന് തോന്നുന്നവരെ വിട്ടകലാന്‍ ഉള്ള ആര്‍ജവം കാണിച്ചവരാണ്. പക്ഷെ പത്മിനി ആ കാര്യത്തില്‍ പിന്നിലേക്കാണു നടക്കുന്നത്.

അതിശക്തമായ സ്ത്രീ പക്ഷ സിനിമയോ ശക്തമായ അഭിനയ മൂഹൂര്‍ത്തങ്ങളോ മലയാള സിനിമ ഇത് വരെ കാണാത്തയത്ര കെട്ടുറപ്പുള്ള തിരക്കഥയോ പ്രതീക്ഷിച്ചു പോയാല്‍ നിരാശയുണ്ടാക്കും ഈ സിനിമ. എന്നാല്‍ മലയാള സിനിമ ഇത് വരെ കാണാത്ത സ്ഥലങ്ങള്‍ ഭംഗിയായി കാണാനും, മലയാള സിനിമ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത റോഡ് മൂവി കാണാനും സിനിമ എന്ന ക്രാഫ്റ്റ് കാണാനും ആണ് പോകുന്നതെങ്കില്‍ റാണിപത്മിനിയും മധു നീലകണ്ഠന്റെ കാമറയും നിങ്ങളെ വിളിക്കുന്നു; വരൂ പോകാം പറക്കാം എന്ന്…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍