UPDATES

സിനിമ

രഞ്ജിത്തിനെ മാത്രം കുരിശിലേറ്റുന്നതെന്തിന്? അവർ സിനിമ തൊഴിലാളികളാണ്; നാവോത്ഥാന നായകരല്ല

നമ്മുടെ സ്ക്രീനിലെ കഥാപാത്രങ്ങള്‍ മാത്രം ഉദാത്തവും സ്ത്രീപക്ഷവും ആയിരിക്കട്ടെ എന്ന ചിന്ത മനോഹരമെങ്കിലും വികലമാണ്

‘രഞ്ജിത്തിനൊപ്പം; സിനിമാ തൊഴിലാളികള്‍ നവോഥാന നായകരല്ല’ എന്നു പറഞ്ഞാല്‍ പ്രശ്നമുണ്ടോ? ‘രഞ്ജിത്തിനൊപ്പം’ എന്ന തലക്കെട്ടിനര്‍ത്ഥം, രഞ്ജിത്ത് സിനിമകളിലെ അരാഷ്ട്രീയതയും സ്ത്രീവിരുദ്ധതയും ഞാനും നെഞ്ചേറ്റുന്നു എന്നതല്ല; മറിച്ച് ചില കേരളീയ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ അയാളെ മാത്രമായി കുരിശിലേറ്റുന്നതില്‍ അര്‍ത്ഥമില്ല എന്നതിനാലാണ്. ചില വസ്തുതകള്‍ ചുവടെ കുറിക്കുന്നു.

1) സ്ത്രീധന സമ്പ്രദായം നിയമം മൂലം നിരോധിച്ചിട്ടുപോലും ഇപ്പോഴും അത്തരം സാമൂഹ്യ ദുരാചാരങ്ങളില്‍ ഭാഗമാകാത്ത എത്ര പേരുണ്ട് നമുക്കിടയില്‍? സ്ത്രീധനം വ്യക്തിപരമായി വാങ്ങിയില്ലെങ്കില്‍ പോലും, അത്തരം വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് സദ്യ കഴിച്ച് ഏമ്പക്കം വിട്ട അനുഭവം എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല എന്ന് ആത്മാര്‍ഥമായി നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയുന്ന എത്രപേരുണ്ട് ഇപ്പോള്‍ എന്നെ വായിക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍?

2) മുലയ്ക്കു കരം ചുമത്തിയതിനു പകരമായി മുല ഛേദിച്ചു നല്‍കിയ പോരാളിപ്പെണ്ണിനു അക്കാലത്തെ നമ്മുടെ പൂര്‍വ്വികര്‍ അടങ്ങുന്ന പുരുഷ മേധാവി- ഭരണകൂട – ജന്മി സമൂഹം എന്ത് പിന്തുണ നല്‍കിയതായി നമ്മുടെ ചരിത്ര വായനയില്‍ തിരിച്ചറിയാന്‍ സാധിക്കും സുഹൃത്തുക്കളെ?

3) ക്ഷേത്രങ്ങളില്‍, പള്ളികളില്‍, പൌരോഹിത്യങ്ങളില്‍, സ്ത്രീ പ്രാതിനിധ്യം പേരിനെങ്കിലും അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നത് സംവിധായകന്‍ രഞ്ജിത്തോ അയാളുടെ പൂര്‍വ്വ പിതാക്കന്മാരോ ചെയ്ത എന്തെങ്കിലും പാതകത്തിന്റെ ഫലമായി ഉണ്ടായതാണോ?

4) “സ്ത്രീകള്‍ ഉമ്മറത്ത് വന്ന് ആണുങ്ങളോടൊപ്പം സംസാരിക്കുന്ന രീതി കോലോത്തില്ല “എന്ന് സുഭദ്ര തമ്പുരാട്ടിയോട് പ്രഖ്യാപിക്കുന്ന ഒരു സിനിമാ കഥാപാത്രം മാത്രമാണോ, അതോ കോവിലകവും ഒലക്കയും ഒന്നുമല്ലാഞ്ഞിട്ടും നമ്മുടെയെല്ലാം ന്യൂക്ലിയര്‍ കുടുംബങ്ങളില്‍പ്പോലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണോ? അതിനു കുറ്റക്കാരന്‍ രഞ്ജിത്ത് മാത്രമാണോ അതോ നമ്മുടെയെല്ലാം പുരുഷ മേധാവിത്വം കലര്‍ന്ന സാമൂഹ്യ വ്യവസ്ഥയാണോ? വ്യവസ്ഥയാണ് തെറ്റെങ്കില്‍ രഞ്ജിത്തിനെ മാത്രമായി കല്ലെറിയുന്നതില്‍ എന്തര്‍ത്ഥം?

5) സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് പൃഥ്വിരാജും, അത്തരം സിനിമകള്‍ സൃഷ്ടിക്കില്ല എന്ന് ആഷിക് അബുവിനെപ്പോലുള്ള ചലച്ചിത്രകാരന്മാരും പ്രഖ്യാപിച്ചിരിക്കുന്നു . എങ്കില്‍ നാളെ ബാലാത്സംഗിയും സ്ത്രീ വിരുദ്ധനും കൂട്ടിക്കൊടുപ്പുകാരനും എല്ലാമായ ഒരു കഥാപാത്രത്തെ മലയാള സിനിമയില്‍ അവതരിപ്പിക്കാന്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്നും ആളുകളെ കൊണ്ട് വരേണ്ടി വരുമോ? സിനിമ വിനോദ വ്യവസായത്തിന്റെ ഭാഗമാണ് എന്ന യാഥാര്‍ത്ഥ്യമാണോ, അതോ സിനിമകളും സിനിമാക്കാരും സാമൂഹ്യ നവോത്ഥാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹാന്മാരാണ് എന്ന കാല്‍പനികതയാണോ കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്?

6) രഞ്ജിത്ത് സിനിമകളിലെ സ്ത്രീ വിരുദ്ധതയും ഫ്യൂഡല്‍ നായക ഒറ്റയാള്‍ ഷോകളും ആസ്വദിച്ച്, കയ്യടിച്ച്, ബോക്സോഫീസുകളില്‍ കോടികള്‍ സംഭാവന ചെയ്ത സമൂഹം മലയാളികള്‍ തന്നെയാണോ അതോ ചൊവ്വാഗ്രഹത്തില്‍ നിന്നും അന്യഗ്രഹ ജീവികള്‍ വന്നു ചെയ്തതോ? മലയാളികള്‍ തന്നെയാണ് അത്തരം പ്രോത്സഹനങ്ങളുടെ പിന്നിലെങ്കില്‍, സിനിമാ ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിത്തുടങ്ങുന്ന രഞ്ജിത്ത് സിനിമകളുടെ മുഴുവന്‍ മാനവികതാ വിരുദ്ധതകളും ആസ്വദിച്ചതിനു ശേഷം, മലയാളികള്‍ ഈ ഘട്ടത്തില്‍ അയാളെ വേട്ടയാടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

7) മംഗലശ്ശേരി നീലകണ്ഠന്‍ മുതല്‍, അയാളുടെ മകന്‍ കാര്‍ത്തികേയന്‍ തുടങ്ങി, പ്രജാപതിമാര്‍ വരെയടങ്ങുന്ന രഞ്ജിത്ത് സിനിമകളിലെ നായകന്മാരോളം തീയേറ്ററുകളില്‍ കയ്യടിയും ആര്‍പ്പുവിളികളും പണവും നേടിയ നായക കഥാപാത്രങ്ങള്‍ മലയാളത്തില്‍ വേറെ ആരാണ് സൃഷ്ടിച്ചിട്ടുള്ളത്? അതെന്തുകൊണ്ടുണ്ടായി?

8) ഇപ്പോഴും രഞ്ജിത്തിന്റെ കയ്യില്‍ ഒരു കഥയുണ്ട് എന്ന് കേട്ടാല്‍, ബാക്കിയെല്ലാ പ്രോജക്റ്റുകളും മാറ്റിവച്ച് ക്ഷിപ്രവേഗത്തില്‍ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഉത്സാഹം കാണിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വരെയുള്ള താരങ്ങള്‍ ഞാനും നിങ്ങളും അറിയാത്തവരും, നാം പ്രോത്സാഹിപ്പിച്ചു വളര്‍ത്താത്തവരുമാണോ?

9) സുഹൃത്തുക്കളെ, എല്ലാം പോട്ടെ. അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണം ആദ്യം വീട്ടിലെ പുരുഷന്മാര്‍ക്ക് വിളമ്പി, ബാക്കിയുള്ളത് മാത്രം സ്ത്രീകള്‍ കഴിക്കുന്ന സാഹചര്യം സ്വന്തം വീട്ടില്‍ ഇല്ലെങ്കില്‍ പോലും കുടുംബത്തിലോ അയല്‍പക്കത്തോ അത്തരം സാഹചര്യങ്ങള്‍ക്ക് സാക്ഷിയാവാത്ത ഒരാളെങ്കിലും എന്റെ ഈ പോസ്റ്റ് വായിക്കുന്നുണ്ടോ?

10) തൃശൂര്‍ പൂരം എന്ന കേരളത്തിന്റെ മഹോത്സവം സ്ത്രീവിരുദ്ധമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? കാലമിതുവരെയായി എത്ര സ്ത്രീകള്‍ സുരക്ഷാ ഭീഷണികള്‍ ഇല്ലാതെ പുരുഷന്മാരെപ്പോലെ പൂരം ആസ്വദിച്ചിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?

11) പറഞ്ഞുവരുന്നത് രഞ്ജിത്ത് സിനിമകള്‍ ഉദാത്തമായ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നവയാണ് എന്നതല്ല, മറിച്ച്, രഞ്ജിത്ത് മുതല്‍ മമ്മൂട്ടി, ലാല്‍, ഷാരൂഖ് ഖാന്‍ തുടങ്ങി അമിതാബ് ബച്ചന്‍, ജാക്കി ചാന്‍ വരെ വിനോദ വ്യവസായത്തിലെ തൊഴിലാളികള്‍ മാത്രമാണ്. നമ്മുടെ ഉള്ളില്‍, കുടുംബത്തില്‍, സമൂഹത്തില്‍, മതങ്ങളില്‍, പ്രത്യയശാസ്ത്രങ്ങളില്‍ സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ അത് സിനിമകളിലും സാഹിത്യത്തിലുമൊക്കെ സ്വാഭാവികമായി പ്രതിഫലിക്കും. വികൃതമായ മുഖം പ്രതിഫലിപ്പിക്കുന്ന കണ്ണാടി തച്ചു തകര്‍ക്കുന്നത് നമ്മുടെ മുഖത്തിന്റെ അവസ്ഥ മാറ്റാന്‍ സഹായിക്കില്ല എന്നര്‍ത്ഥം.

12) സിനിമാ തൊഴിലാളികള്‍ എന്ന നിലയില്‍ രഞ്ജിത്ത് മുതല്‍ മമ്മൂട്ടി – ലാല്‍ വരെയുള്ള സകലര്‍ക്കും പിന്തുണ. നമുക്ക് സാമൂഹിക നവോത്ഥാനം സാധ്യമല്ലെങ്കില്‍ ഇക്കൂട്ടര്‍ ആ പണി ഏറ്റെടുക്കണം എന്ന ചര്‍ച്ചകള്‍ തന്നെ അസംബന്ധമാണ്. കൂട്ടത്തില്‍ വിസ്മയകരമായ മാനവികതയുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന പൃഥ്വിരാജിനെപ്പോലുള്ള മനുഷ്യരെ നമ്മള്‍ ഹൃദയം കൊണ്ടും നെഞ്ചേറ്റുന്നു എന്നത് വസ്തുതയാണ്. പക്ഷേ, നാളെ വളരെ പ്രസക്തവും, ശക്തവുമായ ഒരു സ്ത്രീവിരുദ്ധ കഥാപാത്രം പൃഥ്വിരാജിനെ തേടി വന്നാല്‍ അയാള്‍ അത് ചെയ്തുകൂടാ എന്ന് അയാള്‍ക്കോ നമുക്കോ എത്രകാലം വാശി പിടിക്കാന്‍ സാധിക്കും? കാരണം സമൂഹത്തില്‍ സ്ത്രീ വിരുദ്ധതയുണ്ടെങ്കില്‍ സിനിമകളിലും അതുണ്ടാവും എന്നത് സ്വാഭാവികമല്ലേ?

13) സിനിമ ഒരു വിനോദ വ്യവസായം മാത്രമാണ്; സിനിമാക്കാര്‍ അവിടുത്തെ തൊഴിലാളികളും എന്ന യാഥാര്‍ത്ഥ്യ ബോധ്യമാണ് പ്രധാനവും പ്രസക്തവും എന്ന് ഞാന്‍ കരുതുന്നു. സമൂഹം മുഴുവന്‍ അഴുകി നാറി പിന്തിരിപ്പന്‍ ആയിരിക്കട്ടെ. നമ്മുടെ സ്ക്രീനിലെ കഥാപാത്രങ്ങള്‍ മാത്രം ഉദാത്തവും സ്ത്രീപക്ഷവും ആയിരിക്കട്ടെ എന്ന ചിന്ത മനോഹരമെങ്കിലും വികലമാണ് എന്ന് പറയാതെ വയ്യ.

വിരാമാതിലകം: ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പുരോഗമന പ്രസ്ഥാനങ്ങള്‍ എത്ര ശതമാനം സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍, പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ അവസരം നല്‍കുന്നുണ്ട് എന്നതിന് നിങ്ങള്‍ ഉത്തരം തേടിയതിനു ശേഷം മാത്രം രഞ്ജിത്തുമാരെ രാഷ്ട്രീയം പഠിപ്പിച്ചാല്‍ പോരെ?

മാത്രമല്ല, അംഗന്‍വാടി- നഴ്സറികള്‍ മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ആരോഗ്യകരമായ, പരസ്പരം മനസ്സിലാക്കുന്ന ബന്ധങ്ങള്‍ ഉണ്ടാവണമെന്ന് വാശി പിടിക്കാത്ത, ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കണമെന്ന് വാശിപിടിക്കാത്ത, അത്തരം കാര്യങ്ങള്‍ സിലബസ്സിന്റെ, കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് വാശിപിടിക്കാത്ത നമ്മള്‍ രഞ്ജിത്ത് എന്ന ചലച്ചിത്ര ചലച്ചിത്ര തൊഴിലാളി മാത്രം ഉദാത്ത മാനവികതയുടെ അനശ്വരമായ അടയാളപ്പെടുത്തലായിരിക്കണം എന്ന് വാശി പിടിക്കുന്നതിന്റെ യുക്തിയെന്താണ്?

(അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍