UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രഞ്ജിത് സിന്‍ഹ എന്ന ‘പ്രതിഭാസം’

Avatar

ടീം അഴിമുഖം

2013 ന്റെ അവസാന കാലത്ത് ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റിന് സമീപമുള്ള കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ഓഫീസില്‍ വച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഒരു ഉന്നതതല യോഗം നടക്കുകയായിരുന്നു. സിബിഐ തലവന്‍ രഞ്ജിത് സിന്‍ഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെ സെക്രട്ടറി മറ്റ് ചിലര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിബിഐയുടെ പുതിയ അഡീഷണല്‍ ഡയറക്ടറെ നിയമിക്കുക എന്നതായിരുന്നു യോഗത്തിന്റെ അജണ്ട.

അജണ്ട നിശ്ചയിച്ചത് സിബിഐ ആയിരുന്നു. സാധ്യതയുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും പേര് ചേര്‍ത്തും അവരുടെ പ്രവര്‍ത്തന ചരിത്രം പരിശോധിച്ചും എല്ലാ പ്രതികൂല പരാമര്‍ശങ്ങളുടെയും രേഖകള്‍ ഉള്‍പ്പെടുത്തിയും അവര്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കി പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള പൊതുസമ്മതനായ ഐപിഎസ് ഓഫീസര്‍ ആര്‍ കെ പാച്ച്‌നന്ദയായിരുന്നു പട്ടികയില്‍ ഒന്നാമത്. യോഗത്തില്‍ പങ്കെടുത്ത മറ്റെല്ലാവരും പാച്ച്നന്ദയെ നിയമിക്കുന്നതിനുള്ള തീരുമാനത്തിലേക്ക് എത്തുന്ന സമയത്ത് സിബിഐ ഡയറക്ടര്‍ സിന്‍ഹ തന്റെ ഫയലില്‍ നിന്നും ഒരു കടലാസ് പുറത്തെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചണ്ഡിഗഡില്‍ സിബിഐയില്‍ ജോലി ചെയ്യുന്ന സമയത്ത് സിബിഐയുടെ ചാരവിരുദ്ധ വിഭാഗം പശ്ചിമ ബംഗാള്‍ കേഡറിലെ ഉദ്യോഗസ്ഥനായ പാച്ച്‌നന്ദയ്‌ക്കെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു എന്ന വാദമാണ് സിന്‍ഹ മുന്നോട്ട് വച്ചത്.

യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കാര്‍ക്കും തങ്ങള്‍ കേട്ടത് വിശ്വസിക്കാനായില്ല. പട്ടികയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിച്ച സിബിഐ തലവന്‍, ഒരിക്കല്‍ പോലും ഔദ്യോഗിക രേഖകളില്‍ പാച്ച്‌നന്ദക്കെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിരുന്നില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ സാധ്യമായ നിയമനം അട്ടിമറിച്ചിരിക്കുന്നു. സിന്‍ഹയുടെ പെരുമാറ്റം എത്ര ബാലിശമാണെന്ന് ഓര്‍ക്കണമെന്ന് കുപിതനായ ആഭ്യന്തര സെക്രട്ടറി തുടര്‍ന്നടിച്ചു. മാത്രമല്ല, പാച്ച്‌നന്ദയ്‌ക്കെതിരെ പ്രതികൂല പരാമര്‍ശമടങ്ങുന്ന ഒരു രേഖയും ഇന്റലിജന്‍സ് ബ്യൂറോയുടെ പക്കല്‍ ഇല്ലെന്ന് ഏതാനും ദിവസത്തില്‍ സിവിസിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ സിന്‍ഹയുടെ പരാമര്‍ശങ്ങള്‍ കൃത്യമായി പരിശോധിക്കാതെ ഒരു അന്തിമ തീരുമാനം ഉണ്ടാവില്ലെന്നായിരുന്നു മൃദുഭാഷിയായ സിവിസി പ്രദീപ് കുമാര്‍ യോഗത്തെ അറിയിച്ചത്.

താന്‍ ആഗ്രഹിച്ചത് നേടിയെടുക്കാന്‍ സിന്‍ഹയ്ക്ക് സാധിച്ചു: യോഗത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരുടെ മാന്യമായ പെരുമാറ്റം മുതലെടുത്ത് പാച്ച്‌നന്ദയുടെ നിയമനം അട്ടിമറിക്കുക എന്ന ലക്ഷ്യം. മാത്രമല്ല ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് കേഡറിലുള്ള അര്‍ച്ചന രാമസുന്ദരത്തിനെ ഇതേ തസ്തികയില്‍ അന്നത്തെ യുപിഎ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ നിയമിക്കുന്നതിലും സിന്‍ഹ വിജയിച്ചു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലോടെ ഇപ്പോള്‍ ഈ നിയമനം കുഴപ്പത്തിലായിരിക്കുകയാണ്.

അദ്ദേഹത്തിന്റെ സ്വഭാവവും ഔദ്യോഗിക പെരുമാറ്റവും ഒരു താഴെക്കിടയിലുള്ള സിബിഐ ഉദ്യോഗസ്ഥന് പോലും യോജിച്ചതല്ലെന്ന കിംവദന്തി പ്രചരിക്കുകയും വളരെ അപൂര്‍വമായി അതിന് തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട സങ്കീര്‍ണ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ രഞ്ജിത് സിന്‍ഹ അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. അദ്ദേഹം സിബിഐയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായി മാറി. വായനക്കാരെ, അതാണ് നിങ്ങളുടെ ഇന്ത്യ.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലാലു പ്രാസാദ് യാദവും മറ്റ് നിരവധിപ്പേരും കുറ്റാരോപിതരായ കാലിത്തീറ്റ കുംഭകോണ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ അംഗമായിരുന്ന രഞ്ജിത് സിംഗ്, ലാലു പ്രസാദ് യാദവിനെ രക്ഷിക്കാന്‍ നീക്കം നടത്തിയതിന്റെ പേരില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ക്ക് പാത്രമാവുകയും സിബിഐയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. നിരവധി വര്‍ഷം അദ്ദേഹം സിബിഐയ്ക്ക് പുറത്തായിരുന്നു. റയില്‍വേ സംരക്ഷണ സേനയുടെ തലവന്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ അദ്ദേഹം എത്തിപ്പെടുകയും, അവിടെയെല്ലാം അദ്ദേഹം പ്രതികൂല പ്രചാരണങ്ങള്‍ സ്വയം നേടിയെടുക്കുകയും ചെയ്തു.

സിബിഐ തലവന്റെ തസ്തികയിലേക്ക് വരാനുള്ള ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരുടെ പട്ടികയില്‍ അദ്ദേഹം ആദ്യം ഉള്‍പ്പെട്ട അവസരത്തില്‍, അത് നിഷ്‌കരുണം തള്ളപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടാം തവണ അദ്ദേഹം നുഴഞ്ഞ് കയറി. സിബിഐ തലവന്റെ നിയമനത്തില്‍ സംഭവിച്ച ഫലപ്രദമല്ലാത്ത പ്രക്രിയയും, ലാലുവിനെ പോലുള്ളവരുടെ പിന്തുണയില്‍ നിലനിന്നിരുന്ന യുപിഎ സര്‍ക്കാരിന്റെ പിടപ്പുകേടും മൂലം സിന്‍ഹ സിബിഐ തലവനായി; എന്തൊരു നിയമനമായിരുന്നു അത്!

ആദര്‍ശ് കുംഭകോണം മുതല്‍ 2ജി കുംഭകോണം വരെയുള്ളതിന്റെ അന്വേഷണങ്ങളില്‍ സിന്‍ഹ വ്യക്തിപരമായിത്തന്നെ വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ മിക്കപ്പോഴും ഇത് കുറ്റാരോപിതര്‍ക്ക് വേണ്ടിയായിരുന്നു. സിന്‍ഹയുടെ നിഴലില്‍ വളര്‍ന്നുവരുന്നതില്‍ സിബിഐയിലെ സത്യസന്ധരായ എല്ലാ ഓഫീസര്‍മാരും അസ്വസ്ഥരായിരുന്നു; എന്ന് മാത്രമല്ല, തങ്ങളുടെ അന്വേഷണം അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമിച്ചേക്കും എന്ന് അവര്‍ ഭയക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം 

സി.ബി.ഐയുടെ കാര്യത്തിലെങ്കിലും വാക്കുപാലിക്കാന്‍ മോദി തയാറാകുമോ?
സി ബി ഐയെ പാഠം പഠിപ്പിക്കാന്‍ കെ എം എബ്രഹാം തയ്യാറാകുമോ?
നരേന്ദ്ര മോദിയും ‘സിബിഐ പാര്‍ട്ടി’കളും
മി. പ്രധാനമന്ത്രി, അദാനിയുടെ കള്ളപ്പണം മാത്രമല്ല പ്രശ്നമെന്ന് ഞങ്ങള്‍ക്കുമറിയാം
അഡ്മിറല്‍ ജോഷി എന്ന \’വിഡ്ഡി\’

സിബിഐ തലവനായുള്ള സിന്‍ഹയുടെ ഭരണകാലത്ത്, രണ്ട് വിഭിന്നധാരകള്‍ പ്രകടമായി നിലനിന്നിരുന്നു. നിരവധി ആളുകള്‍ക്കെതിരായ പ്രാഥമിക അന്വേഷണങ്ങള്‍ {Preliminary Enquiries (PEs)} തന്റെ അധികാര പരിധി ഉപയോഗിച്ച് സിബിഐ തലവന്‍ അവസാനിപ്പിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ നേരിട്ട് അവസാനിപ്പിക്കാനുള്ള അധികാരം സിബിഐ തലവനുണ്ട്. തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഇങ്ങനെ നിരവധി പ്രാഥമിക അന്വേഷണങ്ങള്‍ സിന്‍ഹ അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഒരു പ്രാഥമിക അന്വേഷണം, ആദ്യ അന്വേഷണ റിപ്പോര്‍ട്ടുകളായി {First Information Report (FIR)} മാറിക്കഴിഞ്ഞാല്‍, സിബിഐ വിചാരണ കോടതിയില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കുറ്റാരോപണം നേരിടുന്ന വ്യക്തിയെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകള്‍ ലഭ്യമല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കൂ.

എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ട പല കേസുകളും അവസാനിപ്പിക്കാന്‍ സിബിഐ അമിത താല്‍പര്യം പ്രകടിപ്പിച്ചു. അല്ലെങ്കില്‍, ധാരാളം തെളിവുകള്‍ നിലനിന്നിരുന്ന ആദര്‍ശ് കുംഭകോണം പോലെയുള്ള കേസുകളില്‍ ഉന്നതരെ രക്ഷിക്കുന്നതിനായി നിയമ വാദഗതികള്‍ മുന്നോട്ട് വച്ചു. ഉദാഹരണത്തിന്, ആദര്‍ശ് കുംഭകോണ കേസില്‍ അശോക് ചവാനെ വിചാരണ ചെയ്യാന്‍ സിന്‍ഹയ്ക്ക് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, ആ നീക്കം മുംബൈ ഹൈക്കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

2ജി അഴിമതിക്കേസിലോ മാരന്‍ കേസിലോ ഉള്ള സിന്‍ഹയുടെ ഇടപെടലില്‍ മാത്രമല്ല സുപ്രീം കോടതി ഇടപെടല്‍ നടത്തേണ്ടത്. മറിച്ച്, സിബിഐ തലവനായുള്ള സിന്‍ഹയുടെ മുഴുവന്‍ കാലാവധിയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടിരിക്കുന്നു. 2ജി കേസില്‍ നിന്നും സിന്‍ഹ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ശുദ്ധീകരണ പ്രക്രിയ പൂര്‍ണമാകും എന്നാണ് പരമോന്നത നീതിപീഠം കരുതുന്നതെങ്കില്‍ അത് തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്ന് വിനയപൂര്‍വം ചൂണ്ടിക്കാട്ടേണ്ടി വരും. നമ്മുടെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയുടെ തലവന്റെ ദുര്‍മാര്‍ഗ്ഗങ്ങളെ കുറിച്ച് ഓരോ പകലും രാത്രിയും ഇത്തരം ഞെട്ടിക്കുന്ന പുതിയ കഥകളാണ് പുറത്ത് വരുന്നത്. ന്യൂഡല്‍ഹിയില്‍, മിക്കപ്പോഴും സത്യത്തെക്കാള്‍ കൃത്യത കിംവദന്തികള്‍ക്കാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍