UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് കോടതി

അഴിമുഖം പ്രതിനിധി

പ്രണയസമയത്ത് ശാരീരികബന്ധത്തെ എതിര്‍ക്കാത്ത, വിദ്യാഭ്യാസവും 18നു മേല്‍ പ്രായവുമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഈ ബന്ധത്തെ മാനഭംഗമെന്ന് ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വിധി. സമൂഹം ലൈംഗികബന്ധങ്ങളോട് തൊട്ടുകൂടായ്മ കാണിക്കുന്നുണ്ടെന്നു പറഞ്ഞ കോടതി ഇത്തരമൊരു ബന്ധത്തോട് അതില്‍ ഉള്‍പ്പെടുന്നവര്‍ എതിര്‍പ്പ് കാണിക്കുന്നില്ലെങ്കില്‍ അത് ഉഭയകക്ഷി സമ്മതത്തോടെയാണ് നടന്നതെന്നു കണക്കാക്കുമെന്നും നിരീക്ഷിച്ചു.

ഇരുപത്തിയഞ്ചുകാരനായ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 24 വയസുകാരിയുമായി ബന്ധമുണ്ടായിരുന്ന യുവാവ് യുവതിക്ക് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം യുവാവ് പിന്‍വാങ്ങി. ഇരുവരും വേര്‍പിരിഞ്ഞു.

തുടര്‍ന്ന് യുവതി മാനഭംഗം, വഞ്ചന, ശാരീരികപീഡനം തുടങ്ങി നിരവധി കുറ്റങ്ങള്‍ ആരോപിച്ച് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇരുവരും ഒരുമയിലായിരുന്നപ്പോള്‍ യുവാവ് പല ഹോട്ടലുകളില്‍ തന്നെ മാനഭംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ ആരോപണം. ഇക്കാലത്ത് ഗര്‍ഭിണിയായ യുവതിയോട് അബോര്‍ഷന്‍ നടത്താനും യുവാവ് നിര്‍ബന്ധിച്ചു. യുവാവിനെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അറസ്റ്റ് ഭയന്ന് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യാപേക്ഷയെ എതിര്‍ത്ത യുവതിയുടെ വക്കീല്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം മാനഭംഗമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് മൃദുല ഭട്കര്‍ യുവതിയുടെ പരാതി തള്ളി.

‘ഇത് മാനഭംഗമായി കണക്കാക്കാനാകില്ല. നിങ്ങള്‍ വിദ്യാഭ്യാസവും പ്രായപൂര്‍ത്തിയുമുള്ള ആളാണ്. വിസമ്മതിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയത്ത് നിങ്ങള്‍ വിസമ്മതം കാണിച്ചില്ലെങ്കില്‍ അത് ഉഭയകക്ഷി സമ്മതത്തോടെയാണെന്നു കരുതണം.’ ജാമ്യം അനുവദിച്ച് ജസ്റ്റിസ് ഭട്കര്‍ പറഞ്ഞു.

എന്നാല്‍ യുവതിയെയോ കുടുംബാംഗങ്ങളെയോ സമീപിക്കുകയോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍നിന്ന് കോടതി യുവാവിനെ വിലക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍