UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ, നിങ്ങള്‍ത്തന്നെയാണ് ഇരകള്‍; ചില കൂടുകളില്‍ നിന്ന്‍ പുറത്തുവന്നേ മതിയാവൂ

Avatar

സനിത മനോഹര്‍ 

 

വര്‍ഷങ്ങള്‍ക്കു മുന്നെ ക്രൂരമായ പീഡനത്തിന് ഇരയാവുകയും ഇന്ന്‌ സാധാരണമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടുകാരിയുണ്ട് എനിക്ക്. 18 വര്‍ഷം മുന്നെ അവള്‍ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത് ഒപ്പം പഠിച്ച കൂട്ടുകാരിയെ കാണാനാണ്. വൈകുന്നേരം 6 മണിക്ക് എത്തേണ്ട ട്രെയിന്‍ എത്തുന്നത് രാത്രി 9 മണിക്ക്. അന്ന്‌ മൊബൈലൊന്നും ഇല്ലാത്തതു കൊണ്ട്‌ ട്രെയിന്‍ ഇറങ്ങി കൂട്ടുകാരിയെ വിളിക്കുന്നു. കൂട്ടുകാരിയും അച്ഛനും വീടിനടുത്തുള്ള സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കാമെന്ന് പറയുന്നു . മുന്‍പ് പോയിട്ടുള്ള സ്ഥലമായതു കൊണ്ട് അവള്‍ക്കു പരിചയമുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ്‌ കയറുന്നു. കണ്ടക്ടറോട് സ്ഥലപ്പേര്‌ ചോദിച്ച് അങ്ങോട്ടുള്ള ബസ്സാണെന്ന് ഉറപ്പ് വരുത്തിയാണ് കയറിയത്. നിര്‍ഭാഗ്യവശാല്‍ പറഞ്ഞപ്പോള്‍ വന്ന പിശകില്‍ ബസ് മാറി. അരീക്കോട് എന്നു പറയുന്നതിന് പകരം അരീക്കാട് എന്നു പറഞ്ഞുപോയി. സ്ഥലം അതല്ല, ഉദാഹരണത്തിന് എടുത്തതാണ്.

 

റൂട്ട് മാറിയപ്പോള്‍ ആണ് മനസ്സിലായത്. എന്നാലും നല്ലവനായ കണ്ടക്ടര്‍ ആശ്വസിപ്പിച്ചു. വേറൊരു സ്ഥലത്ത് ഇറങ്ങിയാല്‍ ഓട്ടോ കയറി പറഞ്ഞ സ്ഥലത്തിറങ്ങാമെന്ന്. ആ സ്‌റ്റോപ്പില്‍ ഇറക്കി ഓട്ടോ സ്റ്റാന്‍ഡും കാണിച്ചുകൊടുത്താണ് കണ്ടക്ടര്‍ പോയത്. ഓട്ടോയില്‍ കയറി സ്ഥലം പറയുന്നു.യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ പൊടുന്നനെ മറ്റൊരു ഓട്ടോ വന്ന് തടഞ്ഞ് അവളെ വലിച്ച് ആ ഓട്ടോയില്‍ കയറ്റുകയും അവള്‍ വന്നുകൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവറോട് തിരിച്ചുപോവാനും ആരോടേലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവള്‍ സഹായത്തിന് അപേക്ഷിച്ചെങ്കിലും അയാള്‍ നില്‍ക്കാതെ തിരിച്ചുപോയി. ഡ്രൈവറെക്കൂടാതെ മറ്റ് രണ്ടു പേര്‍കൂടി ഉണ്ടായിരുന്നു ഓട്ടോയില്‍. ചെറുത്തുനില്‍ക്കാനാവില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അവളെ അവര്‍ കൊണ്ടുപോയത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ പഴയ ഡിസ്‌പെന്‍സറി കെട്ടിടത്തിലേക്കാണ്. ഡിസ്‌പെന്‍സറി റോഡ്‌സൈഡിലേക്ക് മാറ്റിയപ്പോള്‍ പഴയ കെട്ടിടം സാമൂഹ്യദ്രോഹികള്‍ക്ക് വിഹരിക്കാനുള്ള സ്ഥലമായിമാറി. എതിര്‍ത്താല്‍ കൊല്ലുമെന്നായിരുന്നു അവരുടെ ഭീഷണി. അതോടെ അവള്‍ കീഴടങ്ങി. മൂന്നുപേരുടെയും ആവശ്യം കഴിഞ്ഞപ്പോഴേക്കും അവള്‍ തളര്‍ന്നിരുന്നു. തനിക്ക് വയ്യെന്നും ഇവിടെ ഉപേക്ഷിച്ചുപോയാല്‍ നാളെ എല്ലാവരും അറിയുമെന്നും മെഡിക്കല്‍കോളേജിനടുത്തു കൊണ്ടുവിടാനും പറയുന്നു. പറഞ്ഞതുപോലെ അവര്‍ അവളെ അവിടെ വിടുന്നു. ബൂത്തില്‍കയറി ഒപ്പംപഠിച്ച വിശ്വസിക്കാവുന്ന ഡോക്ടര്‍ സുഹൃത്തിനെ വിളിക്കുന്നു. അയാള്‍ അവളെ വീട്ടില്‍കൊണ്ടുപോയി വേണ്ട ചികിത്സകള്‍ കൊടുത്തശേഷം അവളുടെ ഏട്ടനെ വിളിച്ചു വിവരം പറയുന്നു. പിറ്റേദിവസം അച്ഛനും ഏട്ടനും എത്തുന്നു. എന്തുചെയ്യും? പോലീസ്‌ കേസ് ആയാല്‍, കോടതി, ചോദ്യങ്ങള്‍ തനിക്കു വയ്യെന്ന് അവള്‍. അതിലും ഭേദം എന്നെ മരിക്കാനനുവദിക്കൂ എന്നായിരുന്നു അവള്‍ പറഞ്ഞത്. അവള്‍ക്കു മുന്നില്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുണ്ടായിരുന്നു.

 

ആ സംഭവത്തില്‍ ഇര തന്നെ പീഡിപ്പിക്കപെടുകയായിരുന്നല്ലോ പിന്നെയും പലവിധത്തില്‍. ഇറങ്ങി ഓടാമായിരുന്നില്ലേ എന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടിയോട്‌ ചോദിച്ച സമൂഹമോ കോടതിയോ അവളെ കയറിപ്പിടിക്കാന്‍ പോയ നാല്പതും അമ്പതും വയസ്സുള്ളവരോട് മകളുടെ പ്രായമുള്ള കുട്ടിയായിരുന്നില്ലേ രക്ഷിക്കാമായിരുന്നില്ലേ എന്ന്‌ ചോദിച്ചില്ല.

 

ഇന്ന് എന്താണ്‌ സൂര്യനെല്ലിയിലെ ആ കുട്ടിയുടെ സ്ഥിതി?അവളുടെ മാത്രമല്ല ആ കുടുംബത്തിന്റെയും. ദൂരെ ഒരു സ്ഥലത്ത് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. നാട്ടുകാരോ കുടുംബക്കാരോ തുണയായില്ല. കുടുംബത്തിലോ നാട്ടിലോ ആഘോഷങ്ങളുടെ ഭാഗമാവാന്‍ അവര്‍ക്കാവുന്നില്ല. സൂര്യനെല്ലി സംഭവത്തിന്‌ ശേഷം ആ കുടുംബം സമൂഹത്തിലേക്ക് ഇറങ്ങിയിട്ടില്ല. ഇറങ്ങാത്തതല്ല. ഇറക്കാത്തതാണ് പരിശുദ്ധതയും പവിത്രതയുമൊക്കെ അവകാശപ്പെടുന്ന ന്നമ്മുടെ വിശുദ്ധസമൂഹം. ഒറ്റപ്പെടുത്തിയത് അവളെ മാത്രമാണ്. അവളെ കയറിപ്പിടിക്കാന്‍ പോയവരെ ഈ വിശുദ്ധസമൂഹം സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്ക് ഇറങ്ങിനടക്കുന്നതിനോ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനോ വിലക്കുകളില്ല. ശിക്ഷയുണ്ടെങ്കില്‍ത്തന്നെ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്ക്‌ നെഞ്ചുംവിരിച്ച് സമൂഹത്തില്‍നടക്കാം.

 

ചില പെണ്‍കുട്ടികളെ കുടുംബം പോലും തള്ളിക്കളയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട്‌ പോവുന്ന അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ധൈര്യമില്ലാത്തവര്‍ പുനരധിവാസകേന്ദ്രങ്ങളില്‍ തകര്‍ന്നുപോയ സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്തുവച്ച് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. പുനരധിവാസം പ്രഹസനമാണ്. അതിദയനീയമാണ് മിക്കയിടത്തെയും പെണ്‍കുട്ടികളുടെ അവസ്ഥ. കൃത്യമായി ഭക്ഷണംപോലും കിട്ടുന്നുണ്ടോ എന്ന്‌ സംശയം. ഇരയായവള്‍ ശിക്ഷ അനുഭവിക്കുന്ന അവസ്ഥ.

 

 

പക്ഷേ തന്നെ ദ്രോഹിച്ചവരെ വെറുതെവിടാന്‍ എന്റെ സുഹൃത്ത് ആഗ്രഹിച്ചിരുന്നില്ല. കൂട്ടുകാരിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ അവര്‍ എത്തുന്നു. കൂട്ടുകാരിയുടെ അച്ഛന് പരിചയമുണ്ട്‌ സംഭവം നടന്ന സ്ഥലത്തെ എസ്‌ഐയെ. അദ്ദേഹത്തെ വിവരം അറിയിക്കുകയും അദ്ദേഹം ആദ്യത്തെ ഓട്ടോക്കാരന്‍ ഉള്‍പ്പെടെ നാലുപേരെയുംപിടിക്കുകയും ചെയ്യുന്നു. പിടിക്കാന്‍ സഹായകരമായത് ആദ്യം കയറിയ ഓട്ടോയുടെ നമ്പര്‍ അവള്‍ക്കറിയാമായിരുന്നത്‌ കൊണ്ടാണ്. കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നും എന്റെ മകള്‍ക്കായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമോ അതൊക്കെ ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് എസ്‌ഐയും കൂട്ടരും അവളെ ആക്രമിച്ചവരെ തല്ലിപ്പരുവമാക്കുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാക്കി. അതില്‍ ഒരുത്തനെ അച്ഛന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു.എവിടെയാണ് ആളെന്ന് ഇന്നും അറിയില്ല. മറ്റു മൂന്നുപേര്‍ തല്ല്‌ നല്‍കിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി നാട്ടില്‍ തന്നെ ജീവിച്ചു. നാട്ടുകാരും കുടുംബക്കാരും വീട്ടില്‍ക്കയറ്റാതായി. അറപ്പും അവഗണനയും സഹിക്കവയ്യാതെ ഒരാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

 

പ്രതികള്‍ ആരെന്ന് ആ നാട്ടുകാര്‍ അറിഞ്ഞെങ്കിലും പെണ്‍കുട്ടിയെ ആരും അറിഞ്ഞില്ല. അറിയിക്കാതിരിക്കാന്‍ ആ സംഭവുമായി ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിച്ചു. ഇന്നത്തെപ്പോലെ അന്ന് ചാനലുകളുടെ ചര്‍ച്ചാ ആഘോഷങ്ങളും മൊബൈലും ഫേസ്ബുക്കും വാട്‌സ്അപ്പും ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇന്നും ആ പെണ്‍കുട്ടിയെ ആര്‍ക്കും അറിയില്ല. സംഭവിച്ചത് മനുഷ്യര്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടാവുന്ന ഒരു ആക്‌സിഡന്‍ഡ് ആണെന്നും ആ ആക്‌സിഡന്റില്‍ ഉണ്ടായ പരുക്കുകളെ തനിക്ക് ഉണ്ടായിട്ടുള്ളുവെന്നും അവള്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞു വിവാഹിതയാവുകയുകയും രണ്ടുകുട്ടികളുടെ അമ്മയായി, ഡോക്ടറായി സന്തോഷത്തോടെ ജീവിക്കുന്നു.

 

സ്ത്രീകള്‍ ബസ്സില്‍, ട്രെയിനില്‍, പൊതുവഴിയില്‍, തൊഴിലിടങ്ങളില്‍, ആരാധാനാലയങ്ങളില്‍, വീടുകളില്‍, സ്‌കൂളുകളില്‍ കോളേജുകളില്‍ തുടങ്ങി എല്ലാ ഇടങ്ങളിലും ആക്രമണത്തിന് ഇരയാവുന്നുണ്ട്. പരാതിയുമായി പോലീസിനെ സമീപിച്ചാലുള്ള അവസ്ഥയെന്താണ്?മിക്കവാറും കേസില്‍ പരാതിക്കാര്‍ക്ക്‌ നീതി ലഭിച്ചിട്ടില്ല എന്നുമാത്രമല്ല പരാതിക്കാരെ പരിഹാസ്യരാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ അടുത്ത് ശ്രീജിത്ത് രവിക്കെതിരെ പരാതി പറഞ്ഞ കുട്ടികളുടെ അവസ്ഥ നമ്മള്‍ കണ്ടതാണ്. പരാതിയുമായി എത്തിയ കുട്ടികളും മാതാപിതാക്കളും ശ്രീജിത്ത് രവിയില്‍ നിന്ന് ഉണ്ടായി എന്നു പറയുന്നതിനേക്കാള്‍ അപഹാസ്യമായ കാര്യങ്ങളാണ്‌ പോലീസില്‍ നിന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ കാശും സ്വാധീനവും വേണം. അതുള്ളവര്‍ക്ക് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് താരതമ്യേനെ ചുരുക്കമായിരിക്കും. ഉണ്ടായെങ്കില്‍ത്തന്നെ കേസുകള്‍ കോടതിയില്‍ എത്തിക്കാറില്ല, സ്വയം കൈകാര്യംചെയ്യും. സാധാരണക്കാരാണ് കൂടുതലും ഇരകള്‍.

 

കേസുമായി പോവുമ്പോഴുണ്ടാവുന്ന പീഡനത്തെ ഭയന്ന് പൂറത്തറിയിക്കാത്ത ബലാത്സംഗങ്ങളും പീഡനങ്ങളും നിരവധിയാണ്. സൗമ്യ കേസില്‍ പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയോ?ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്ന പ്രതിയോട്‌ സഹതാപവുമായി ഇറങ്ങുന്ന മനുഷ്യാവകാശക്കാരും വാദിയെ പ്രതിയാക്കാന്‍ നോക്കുന്ന പോലീസുകാരും പഴുതുകളുടെ പാരമ്പര തന്നെയുള്ള നിയമവും സ്ത്രീകള്‍ പൊതുഇടങ്ങളില്‍ ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവര്‍ക്ക് വേണ്ട സുരക്ഷിതത്വം നല്‍കാന്‍ നടപടികള്‍ എടുക്കാതെ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന ഭരണകൂടവും ഇരയായവരുടെകണ്ണീര് വില്‍ക്കുന്ന ചാനലുകാരും ഒരു തുടര്‍ച്ചയായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

സമൂഹത്തിന്റെയും മതത്തിന്റെയും കുടുംബത്തിന്റെയും ഭരണാധികാരികളുടെയും ഒക്കെ അടക്കിഭരണത്തില്‍നിന്ന് കുറെയൊക്കെ സ്വതന്ത്രയാവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പുരുഷനു വേണ്ട സുഖസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടവളും മതവിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിക്കെണ്ടവളും എതിര്‍പ്പും മുറുമുറുപ്പും കൂടാതെ വീട്ടുജോലിചെയ്യേണ്ടവളും തന്നെയാണെന്ന് വിശ്വസിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സമൂഹം അവള്‍ക്ക് ചുറ്റും എന്നും ഉണ്ടെന്നതാണ് അവളുടെശാപം. ഇതേ സമൂഹം തന്നെയാണ്‌ ചെറുപ്പം മുതല്‍ തന്നെ കുട്ടികളില്‍ ആണ് ഉടമയാണെന്നും പെണ്ണ് അടിമയാണെന്നും ഉള്ള ബോധം ഉണ്ടാക്കുന്നതും സ്ത്രീയെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ പുരുഷന് അവകാശമുണ്ടെന്നു കരുതുന്നതും, അര്‍ദ്ധരാത്രി ഒറ്റയ്ക്ക്‌ നടന്നതുകൊണ്ടോ അല്പവസ്ത്രമിട്ടതുകൊണ്ടോ ആയിരുന്നില്ല സൗമ്യയും ശാരിയും അനഘയും നിരവധി കൊച്ചുകുട്ടികളും പീഡിപ്പിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം മുന്നിലുണ്ടായിട്ടും ബലാത്സംഗത്തിന് കാരണമായി പെണ്ണിന്റ അല്പവസ്ത്രധാരണവും ആണിനൊപ്പമുള്ള യാത്രകളും രാത്രിസഞ്ചാരങ്ങളും നിരത്തുന്നതും പ്രതീകരിക്കുന്നവരെ കുടുംബത്തില്‍ പിറക്കാത്തവളെന്നും തന്നിഷ്ടക്കാരിയെന്നും വിശേഷിപ്പിച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്നതും.

 

ഇതേ സമൂഹത്തിന്റെ സൃഷ്ടികളാണ്‌ സ്ത്രീകള്‍ ലൈംഗീകതൃഷ്ണയുമായി നടക്കുന്നവരാണെന്നും പുരുഷന്റെ സ്പര്‍ശമോ കയറിപ്പിടുത്തമോ അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒക്കെ സമര്‍ത്ഥിക്കുന്ന സിനിമകളും എഴുത്തുകളും. പെണ്ണിന്റെ പരിശുദ്ധി ചാരിത്ര്യമെന്ന വിലപ്പെട്ട എന്തോ ഒന്നിലാണെന്നും അത്‌ നഷ്ടമാവുന്ന പെണ്ണ് ആത്മഹത്യ ചെയ്യുന്നതാണ് ജീവിക്കുന്നതിനേക്കാള്‍ ഭേദമെന്നും വിശ്വസിക്കുന്ന ഇതേ സമൂഹമാണ് ആണിനില്ലാത്ത പരിശുദ്ധി പെണ്ണിന് വേണമെന്ന് ശഠിക്കുന്നതും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്നതും ചെയ്തവനെ ഹീറോയാക്കുന്നതും.

 

 

ഇതേ സമൂഹത്തിന്റെ പ്രതിഫലനമാണ്‌ ജെബി ജംഗ്ഷനിലും നാം കണ്ടത്. ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന രീതിയില്‍ തുടങ്ങിയ ചാനല്‍ തുടക്കകാലത്ത് അത്തരം നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരിപാടികള്‍ കാണാന്‍ അടിയുറച്ച ചില സഖാക്കള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ ജെബി ജംഗ്ക്ഷന്‍ പോലുള്ള പൈങ്കിളികള്‍ വന്നശേഷമാണ് ചാനല്‍ കാണാന്‍ ആളുകളെ കിട്ടിത്തുടങ്ങിയത്. ഭൂരിഭാഗം കാഴ്ച്ചക്കാര്‍ ആഗ്രഹിക്കുന്നത് അത്തരം പരിപാടികളാണ്. കണ്ണീരിനും പൈങ്കിളിക്കുമാണ് മാര്‍ക്കറ്റ്.

 

മാര്‍ക്കറ്റില്‍ വിജയിക്കണമെങ്കില്‍ കൊട്ടിഘോഷിച്ച ആദര്‍ശം മറന്ന് ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന് ദുരന്തമാവുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഏത് ശക്തമായ സ്ത്രീ കഥാപാത്രത്തെയും പുരുഷന്‍ ഒന്നു ചുംബിക്കുമ്പോഴോ കെട്ടിപ്പിടിക്കുമ്പോഴോ അവനോട് അലിഞ്ഞുചേരുന്ന കാഴ്ച്ചകള്‍ സമ്മാനിക്കുന്ന നമ്മുടെ സിനിമകളിലെ വികലമായ സ്ത്രീകഥാപാത്രങ്ങളെ കണ്ടല്ല ഇടതുപക്ഷ അനുഭാവമുള്ള സാം, നിങ്ങള്‍ കവിതയെഴുതേണ്ടത്. പണ്ടുകാലത്ത് പഴയ തറവാടുകളില്‍ വീട്ടുപണിക്ക്‌ പോവുന്ന സ്ത്രീകളെ കാരണവരോ മക്കളോ പീഡിപ്പിച്ചാലും അടുത്ത ദിവസങ്ങളില്‍ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും വേലയ്ക്ക്‌ ചെല്ലുന്നത് പ്രണയം കൊണ്ടോ ആരാധന കൊണ്ടോ പീഡനം ആസ്വദിച്ചതു കൊണ്ടോ അല്ല സാം, ഗതികേടുകൊണ്ടാണ്. പീഡിപ്പിക്കപ്പെട്ട ഒരു ഇരയോടെങ്കിലും സംസാരിക്കണമായിരുന്നു നിങ്ങള്‍. പുഴുവരിക്കുന്നപോലെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ആ അവസ്ഥയെക്കുറിച്ച് അവര്‍ പറഞ്ഞു തരുമായിരുന്നു നിങ്ങള്‍ക്ക്. അങ്ങനെയൊരു അവസ്ഥയില്‍ ഉള്ളില്‍ രൂപപ്പെടുന്നത്‌ നിലാവായിരിക്കില്ല ഒരു അഗ്‌നിഗോളമായിരിക്കും എന്നും തന്നെ കത്തിച്ചാമ്പലാക്കാന്‍ പോന്ന ആ അഗ്‌നിഗോളത്തെ നശിപ്പിക്കാനേ ഏതൊരു പെണ്ണും ആഗ്രഹിക്കൂ എന്നുമാണ് താങ്കളുടെ പടര്‍പ്പ്‌ കേട്ടിട്ട് എന്റെ കൂട്ടുകാരി പറഞ്ഞത്.

 

മരിച്ചു പോവുകയും നരകിച്ചു ജീവിക്കുകയും ചെയ്യുന്ന ഇരകള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും പീഡിപ്പിച്ചവന്റെ നിലാവ് ഉള്ളില്‍ ഉള്ളതുകൊണ്ട് പീഡിപ്പിച്ചവനോട് പ്രണയം തോന്നുന്ന ഇരയെക്കുറിച്ച് ഒരുളുപ്പുമില്ലാതെ കവിതയെഴുതിയവനോ അവനെ വിളിച്ചിരുത്തി അഭിനന്ദിക്കുന്ന മാധ്യമക്കാഴ്ചയോ മാത്രമല്ല അത്ഭുതപ്പെടുത്തിയത്; അവിടെയിരുന്നു കയ്യടിച്ച പെണ്‍കുട്ടികളാണ്. ആ പെണ്‍കുട്ടികളാണ്‌ സ്ത്രീകളുടെ ഏറ്റവും വലിയ ദുരന്തം. കന്യകാത്വവും ഭാവശുദ്ധിയും പറഞ്ഞു പെണ്ണിനെ മാത്രം പവിത്രീകരിക്കാന്‍ നോക്കുന്നവര്‍ക്കും മുന്നില്‍പ്പെട്ടത്‌ പെണ്ണായതുകൊണ്ട് കയറിപ്പിടിക്കാന്‍ തക്കംനോക്കിനടക്കുന്നവര്‍ക്കും ആണ് ആ കയ്യടി നിങ്ങള്‍ നല്‍കിയത്. അപമാനിക്കപ്പെടുന്ന ഇടങ്ങളില്‍നിന്ന് കൂവിയിറങ്ങിപ്പോവാന്‍ എന്ന്‌ പെണ്‍കുട്ടികള്‍ തയ്യാറാവുന്നുവോ അന്നേ സ്ത്രീശാക്തീകരണം സാധ്യമാവൂ. വ്യക്തിത്വവികസനത്തിന് ക്ലാസെടുക്കാന്‍ വന്നിട്ട് ബയോളജി പഠിപ്പിക്കാന്‍ നോക്കിയ മഹാനെതിരെ കൂവാന്‍ അത്രയും പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ഉണ്ടായുള്ളൂ എന്നത് അപമാനകരമാണെങ്കിലും ഒരു പെണ്‍കുട്ടിയെങ്കിലും ഉണ്ടായിരുന്നുഎന്നതായിരുന്നു പ്രതീക്ഷ.

 

ഏത് ജീവിതാവസ്ഥയില്‍ നിന്നാണ്‌ നാം സ്ത്രീജന്മങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ന്നുവന്നത്. എന്തൊക്കെ പ്രതിരോധങ്ങളെ, പ്രതിഷേധങ്ങളെ അതിജീവിച്ചിട്ടുണ്ട്‌ നമുക്കു മുന്നെ നടന്ന പെണ്‍ധൈര്യങ്ങള്‍. അവര്‍ കത്തിച്ചു വച്ച വിളക്ക് ആളിക്കത്തിക്കാനായില്ലെങ്കിലും ഊതിക്കെടുത്താതിരിക്കാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്‌ പെണ്‍കുട്ടികളെ.

 

(ഒമാനില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍