UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡിപ്പിച്ചയാളെ പെണ്‍കുട്ടി വിവാഹം കഴിച്ചു; പ്രതിയെ കോടതി വെറുതെ വിട്ടു

അഴിമുഖം പ്രതിനിധി

പീഡിപ്പിച്ചയാളുമായി യുവതി ദാമ്പത്യജീവിതം തുടങ്ങിയതോടെ കേസില്‍ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. ചെന്നൈയില്‍ നിന്നാണ് ഈ വാര്‍ത്ത. താനും പ്രതിയുമായി വിവാഹിതരായി എന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് യുവതി കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയുടെ ശിക്ഷ റദ്ദാക്കിയത്. ഇയാള്‍ ജാമ്യമെടുത്ത് വെളിയിലായിരുന്നു. എന്നാല്‍ പ്രതി പെണ്‍കുട്ടിയെ പ്രലോഭനത്തില്‍ വീഴ്ത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഉണ്ടായിട്ടുള്ളതെന്നു കാണിച്ചു പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തു വന്നിട്ടുണ്ട്.

പെണ്‍കുട്ടി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കെറ്റിന്റെ പശ്ചാതലത്തില്‍ കടലൂര്‍ ജില്ല മഹിള കോടതി ജഡ്ജി എം സെല്‍വമാണ് പ്രതിയുടെ ശിക്ഷ പുനപരിശോധിച്ച് പ്രതിയെ വെറുതെ വിടാന്‍ ഉത്തരവിട്ടത്. നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജി ഇരയുടെ ഭാവി കണക്കിലെടുത്ത് പ്രതിയുമായി കല്യാണം കഴിക്കാനുള്ള സാധ്യത ആരാഞ്ഞത് വിവാദമായിരുന്നു. ഇതേ കേസില്‍ തന്നെയാണ് ഇപ്പോള്‍ പ്രതിയും ഇരയും തമ്മില്‍ വിവാഹിതരായ സാഹചര്യത്തില്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്.ഡിസംബര്‍ 29ന് നല്‍കിയ ഉത്തരവ് ഇപ്പോഴാണ് പുറത്തുവരുന്നത്.

15 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടിയെ പ്രതിയായ മോഹനന്‍ പീഡിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും കുഞ്ഞിനു ജന്മം കൊടുക്കുകയും ചെയ്തു. ഈ കേസില്‍ മോഹനനെ ജകടലൂര്‍ മഹിളാ കോടതി ഏഴുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിന്റെ വാദത്തിനിടയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് മോഹനന്‍ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇരയുടെയും അവരുടെ കുട്ടിയുടെയും ഭാവി കണക്കിലെടുത്ത്‌ പരസ്പര ധാരണയില്‍ എത്തട്ടെയെന്ന തീരുമാനത്തില്‍ കോടതി മോഹനന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തനിക്ക് പ്രതിയുടെ മുഖം പോലും കാണണ്ട എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണവും. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാവുകയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മോഹനന്‍ വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരും കടലൂര്‍ ജില്ലയില്‍ തന്നെയാണ് താമസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍