UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേയിളകിയ മലയാളി പുരുഷനും ശാക്തീകരിക്കപ്പെട്ട മലയാളി സ്ത്രീയും

ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മിസ്. യൂണിവേഴ്‌സ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തിയ ഒരു സ്ത്രീയോട് ജൂറി അംഗമായ പുരുഷന്‍ ചോദിച്ചു: ”സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമെന്താണ്?”

ഉത്തരം ഇതായിരുന്നു: ”പുരുഷന്‍ നേര്‍വഴിയിലൂടെ എളുപ്പം എത്താമെന്ന് വിശ്വസിക്കുന്നു. വളഞ്ഞ വഴിയിലൂടെ പക്ഷേ സ്ത്രീ അവനെ തോല്‍പ്പിക്കുന്നു.”

മത്സരാര്‍ത്ഥി ഉദ്ദേശിച്ചത് പുരുഷന്റെ നേരിനെകുറിച്ചല്ലായിരുന്നു. പുരുഷാധിപത്യ സമൂഹത്തില്‍  അധികാരം കൈയ്യാളുന്ന പുരുഷന്റെ സഞ്ചാരപഥത്തെക്കുറിച്ചായിരുന്നു. വളഞ്ഞ വഴിയാകട്ടെ, അധികാരത്തിന്റെ ഇരയായി മാറുന്ന സ്ത്രീയുടെ നിലനില്‍പ്പിന്റെ ശ്വാസഗതിയും.

അധികാരം കൈയ്യാളുന്നയാള്‍ അധികാരമില്ലാത്തവന്റെ മേല്‍ അധികാരം ചെലുത്തുന്നത് വളരെ പ്രകടനപരമായിട്ടാണ്. സ്റ്റേഷനിലെത്തുന്നവരെ പോലീസുകാര്‍ ചീത്തപറയുന്നതുപോലെ. തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ അടിച്ചുപതം വരുത്തുന്നതുപോലെ.

എന്നാല്‍ അധികാരത്തിന്റെ ഇരകള്‍ വെറുതെ അങ്ങ് ഇല്ലാതാകുന്നില്ല. എതിര്‍പ്പിന്റെ കാണാത്തുള്ളികള്‍ ചെറുതുള്ളികളായി, തെളിനീര്‍ചാലുകളായി, ഒത്തുചേര്‍ന്ന് തിടംവച്ച് പുഴയായി, ആര്‍ത്തലറിവരുന്ന നദിയായി മാറുന്നു.

അടിയേറ്റുവളര്‍ന്ന അടിയാന്‍ ജന്മിത്തത്തിന്റെ  കടപുഴകി എറിഞ്ഞു. കവിളൊട്ടി, എല്ലുന്തിയ തൊഴിലാളി മുതലാളിത്തത്തിന്റെ ദുര്‍മേദസിനു മുകളില്‍ ചുടലനൃത്തം ചെയ്തു.

പക്ഷെ, എല്ലാ നദികളും ഒടുവില്‍ കടലില്‍ ചെന്നെത്തുന്നു. അധികാരത്തിന്റെ മത്തുപിടിച്ച,  പേപിടിച്ച കടലിലേയ്ക്ക്. വന്നെത്തുന്ന ഓരോ തുള്ളിയിലേക്കും കടല്‍ അതിന്റെ സന്ധിയില്ലാത്ത അധികാരസാഗരം നിറയ്ക്കും. അധികാരത്തിനു നേര്‍ക്കുള്ള എതിര്‍പ്പിന്റെ കാണാത്തുള്ളികള്‍, ഒടുവില്‍, അധികാരത്തിന്റെ വന്യമായ ശക്തിയായി മാറുന്നു.

അങ്ങനെയാണ് തൊഴിലാളി സര്‍വ്വാധിപത്യം  മുതലാളിത്തത്തേക്കാള്‍ വഷളായത്. ”ഒരുവന്‍ മറ്റൊരുവന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം” സ്വപ്നം കണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് സ്റ്റാലിനും പോള്‍വോട്ടും ഉണ്ടായത്.””Each according to his ability and each according to his need” എന്ന സ്വപ്നതുല്യമായ സംഘബോധത്തില്‍ നിന്ന് ചെഷസ്‌ക്യുവും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉണ്ടായത്.

ഈ രാസപരിണാമത്തിന് സാമൂഹ്യശാസ്ത്രപരമായ ഒട്ടേറെ വ്യാഖ്യാനങ്ങള്‍ ഉണ്ടാകാം. ചങ്ങല പൊട്ടിയ്ക്കുന്നവന് ആ ചങ്ങല മറ്റാരുടെയെങ്കിലും കഴുത്തിലേക്ക് വലിച്ചെറിയാതിരിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍, സ്വാതന്ത്ര്യം പ്രഖ്യാപിച്ച മനുഷ്യന്‍ അവന്റെ മോഡലായി അവനെ ചങ്ങലയില്‍ തളച്ചവനെത്തന്നെ കാണുന്നു. അങ്ങനെ പല വ്യാഖ്യാനങ്ങള്‍.

മനഃശാസ്ത്രപരമായി ഇതിന് മറ്റൊരു വ്യാഖ്യാനമുണ്ട്. നമ്മേക്കാളേറെ നമ്മളോട് ചേര്‍ന്നിരിയ്ക്കുന്നത് നമ്മുടെ ശത്രുവാണ്. നമ്മളെ അടിച്ചമര്‍ത്തുന്നവന്റെ അധികാരം നമ്മള്‍ പോലും അറിയാതെ നമ്മള്‍ സ്വപ്നം കാണുന്നു.

സ്ത്രീശാക്തീകരണത്തിന്റെ നാള്‍വഴികള്‍ ഈ സങ്കീര്‍ണ്ണസമസ്യയുടെ പുനരാവര്‍ത്തനമായി മാറുന്നത് ഇതുകൊണ്ടാണ്.

ഇന്ന് നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തിലുള്ള  സ്ത്രീത്വം പുരുഷനിര്‍മ്മിതമാണ്. കന്യകാത്വവും പാതിവൃത്യവുമാണ് അതിന്റെ നെടുംതൂണുകള്‍.  അവ രണ്ടും പുരുഷന്‍ പുരുഷനുവേണ്ടി സ്ത്രീയുടെ ചുമലില്‍ കെട്ടിയ നുകങ്ങളാണ്.

തന്റെ വധു കന്യകയാണെന്ന് പുരുഷന്‍ ശഠിയ്ക്കുന്നത് അവള്‍ മറ്റൊരാളുടെ ഗര്‍ഭം ധരിച്ചിട്ടില്ല എന്നുറപ്പുവരുത്താനാണ്. ഭാര്യ പതിവ്രതയായിരിയ്ക്കണമെന്ന് വാശിപിടിയ്ക്കുന്നത് മറ്റൊരാളുടെ കുട്ടിയെ സ്വന്തം കുട്ടിയായി വളര്‍ത്തേണ്ടി വരാനുള്ള സാധ്യത ഇല്ലാതാക്കാനാണ്.

കാരണം, ലളിതമാണ്. സ്വന്തം പണം സ്വന്തം  കുഞ്ഞിനുള്ളതാണ്. സ്വന്തം കുഞ്ഞിനെ ഉല്‍പാദിപ്പിയ്ക്കാനുള്ള ഉപകരണം മാത്രമാണ് ഭാര്യ. സ്വന്തം ഭാര്യയ്ക്കു പാതിവ്രത്യം വേണമെന്നു പറയുന്ന പുരുഷന്‍ ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയില്‍ തനിയ്ക്കു കുട്ടിയുണ്ടായാല്‍ ആ കുട്ടിയ്ക്ക് ചിലവിനു കൊടുക്കും.

അതിനപ്പുറം, കന്യകാത്വത്തെയോ പാതിവൃത്യത്തെയോ പുരുഷന്‍ ആദരവോടെ കാണുന്നില്ല. അതുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും പ്രായാധിക്യം ചെന്ന സ്ത്രീയേയും പുരുഷന്‍ ബലാല്‍സംഗം ചെയ്യുന്നത്. അന്യന്റെ ഭാര്യയുമായി, തരംകിട്ടിയാല്‍, ബന്ധം സ്ഥാപിക്കുന്നത്. ഭാര്യയെ തേവിടിശ്ശി എന്നു വിളിച്ചധിഷേപിയ്ക്കുമ്പോഴും തേവിടിശ്ശികളെ തേടിപ്പോകുന്നത്. കുടുംബത്തിനുള്ളില്‍ ഭാര്യയുടെ പവിത്രതയെക്കുറിച്ച് വാചാലനാകുമ്പോഴും കുടുംബത്തിന് പുറത്ത് വെപ്പാട്ടികളെ പോറ്റുന്നത്.

സ്വന്തം വെര്‍ജിനിറ്റിയെക്കുറിച്ചോ ചാസ്റ്റിറ്റിയെക്കുറിച്ചോ പുരുഷന്‍ വ്യാകുലപ്പെടാറില്ല. അതാരേയും ബോധ്യപ്പെടുത്തേണ്ട ഒരു സാമൂഹ്യബാധ്യത അവനില്ല. സീതയുടെ പാതിവൃത്യം  ഒന്നിലേറെ തവണ പരിശോധിച്ച മര്യാദപുരുഷനായ രാമനു പോലും അങ്ങനെ ഒരു ബോധ്യപ്പെടുത്തല്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു തോന്നിയിട്ടില്ല.

ശാക്തീകരിക്കപ്പെട്ട സ്ത്രീ സ്ത്രീത്വത്തിന്റെ ഈ നുകങ്ങള്‍ വലിച്ചെറിഞ്ഞവളാണ്. വിവാഹത്തിന് മുമ്പ് ഇഷ്ടമുള്ള പുരുഷനുമായി ലൈംഗികബന്ധമാകാം. അത് സ്വന്തം ശരീരത്തിനു മേലുള്ള അവകാശപ്രഖ്യാപനമാണ്. ഭാര്യയായ ശേഷവും മറ്റു പുരുഷനുമായി ബന്ധമാകാം. അതും സ്വന്തം ശരീരത്തിനു മേലുള്ള അവകാശപ്രഖ്യാപനമാണ്.

ഏത് ബന്ധവുമാകാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അത് ഉഭയകക്ഷി സമ്മതപ്രകാരമാകണം. ബലത്തിലൂടെയല്ല. തന്റെ ഇഷ്ടമില്ലാതെ ഒരു പുരുഷന്‍ തൊടുന്നത് – അത് ഭര്‍ത്താവാണെങ്കില്‍ പോലും – തന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കടന്നുകയറ്റങ്ങള്‍, അത് ആരുടേതാണെങ്കിലും, പ്രതിഷേധാര്‍ഹമാണ്.

അപ്പോള്‍, അതാണ് പ്രധാനം. തന്റെ ഇഷ്ടം. മറ്റാരാളുടെയല്ല. പുരുഷനിര്‍മ്മിത സമൂഹത്തിന്റേയും അല്ല.

ഈ വാദം സുന്ദരമാണ്. അത് സ്വാതന്ത്ര്യത്തിന്റെ ശംഖൊലിയാണ്. അതിന് മഴവില്ലിന്റെ കാല്‍പ്പനികതയും മഞ്ഞുതുള്ളിയുടെ വിശുദ്ധിയുമുണ്ട്. പക്ഷെ, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തുടര്‍ന്നുള്ള വാദങ്ങളിലൂടെ എങ്ങനെ ആ പഴയ ചങ്ങലയ്ക്കുള്ളില്‍ത്തന്നെ ആകുന്നു എന്നു നോക്കുക.

സ്ത്രീയുടെ അനുവാദമില്ലാതെ അവളെ തൊടുന്ന പുരുഷന്‍, കാമക്കണ്ണുകളോടെ അവളെ നോക്കുന്നവന്‍, അശ്ലീലച്ചുവയുള്ള സംസാരം നടത്തുന്നവന്‍, ഇവരൊക്കെ സ്ത്രീത്വത്തെ അപാമിക്കുന്നു അത്രെ. അതേ സ്ത്രീത്വത്തെ. നുകമാണെന്നു തിരിച്ചറിഞ്ഞശേഷം വലിച്ചെറിഞ്ഞ അതേ സ്ത്രീത്വത്തെ.

സ്ത്രീത്വത്തെ അപമാനിക്കുന്നതിനേക്കാള്‍ വലിയ തെറ്റ് മറ്റൊന്നുമില്ല എന്നാണ് ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ ഒന്നടങ്കം പറയുന്നത്. ആ ശബ്ദമാണ് ദില്ലിയില്‍ കൊടുങ്കാറ്റായി വീശിയത്. അതിനൊടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വിചിത്രമായൊരു ഭേദഗതി വരുത്തി. അതനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളില്‍, ബലാല്‍സംഗപ്രതിയ്ക്ക് വധശിക്ഷ നല്‍കാം.

കൊലപാതക കേസില്‍ പോലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അപ്പോഴാണ് ബലാത്സംഗത്തിന് വധശിക്ഷ. കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണോ ബലാല്‍സംഗം?

എന്താണി ബലാല്‍സംഗം?

ബലാല്‍സംഗം എന്നതിന് പകരം ലൈംഗികാതിക്രമം (sexual assault) എന്ന വാക്കാണ് 2013 ലെ ഭേദഗതിയിലൂടെ ഉപയോഗിക്കുന്നത്.

ലൈംഗികാതിക്രമം സ്ത്രീയോടാകുമ്പോള്‍ അത് അവളുടെ അനുവാദമില്ലാതെ പുരുഷന്‍ നടത്തുന്ന അതിക്രമമാണ്. ഇഷ്ടമുള്ള പുരുഷനാണെങ്കില്‍ അതിക്രമമല്ല. ഇഷ്ടത്തോടെയാണെങ്കിലും അതിക്രമമല്ല.

അപ്പോള്‍ പ്രവൃത്തിയല്ല, പ്രവര്‍ത്തിയിലേക്ക് നയിക്കുന്ന ഘടകമാണോ വിധിയുടെ ആക്കം കൂട്ടുന്നത്?

ഒരു സ്ത്രീയുടെ രണ്ടു കൈയും ഒരക്രമി വെട്ടി എടുത്തുവെന്നു വയ്ക്കുക. രണ്ടു കൈകളും  ഇല്ലാതെ ശിഷ്ടകാലം അവള്‍ക്ക് ജീവിക്കേണ്ടിവരുന്നു എന്നു കരുതുക. അവള്‍ permenantly and physically disabled ആണ്. എന്നാല്‍, അവളെ അങ്ങനെ ആക്കിയ പ്രതിയ്ക്ക് ശിക്ഷ മരണമല്ല.

ബലാല്‍സംഗത്തിന് വിധേയായ സ്ത്രീയെയും ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ permenantly and physically disabled ആകുന്നില്ല. കാരണം ഇതേ പ്രവൃത്തി-പ്രവൃത്തിയിലേക്കു നയിച്ച ഘടകങ്ങളല്ല-തന്നെയാണ് അവള്‍ ഇഷ്ടമുള്ള പുരുഷനോടും ചെയ്യുന്നത്.

കണ്ണിനു കണ്ണ് എന്നത് പ്രാകൃതനിയമമാണെങ്കില്‍, കണ്ണിന് തലയെന്നതോ?

കാരണം അതല്ല. ലൈംഗികാതിക്രമത്തിലൂടെ സ്ത്രീത്വത്തെ .ആക്രമിച്ചതിനുള്ള കാരണമാണ് ഈ കടുത്ത ശിക്ഷ.

ഏതു സ്ത്രീത്വം? പുരുഷന്‍ കെട്ടിവച്ച നുകമാണെന്ന സത്യം തിരിച്ചറിഞ്ഞ ശേഷം വലിച്ചെറിഞ്ഞ അതേ സ്ത്രീത്വമാണോ? ഈ സ്ത്രീത്വത്തില്‍ നിന്നാണ് ശാക്തീകരിക്കപ്പെട്ട സ്ത്രീ മോചനം നേടിയത്. ഇതേ നുകംതന്നെയാണ് ഇന്ന് അവളുടെ സ്വത്വമായി അവള്‍ വിലയിരുത്തുന്നത്.

ഇത്തരം ഇരട്ടത്താപ്പ് സ്ത്രീയുടെ കൂടെത്തന്നെയുണ്ട്. അതാണവളുടെ വളഞ്ഞവഴി എന്ന് മിസ് യൂണിവേഴ്‌സിന്റെ മത്സരാര്‍ത്ഥി പറഞ്ഞത്. തുല്യതയുടെ അവകാശവും സംവരണത്തിന്റെ ആനുകൂല്യവും തുല്യമായി അനുഭവിക്കുന്നവള്‍. ഇക്കാലമത്രയും പുരുഷനില്‍ ആരോപിച്ചിരുന്ന ‘സാമൂഹ്യതിന്മകള്‍’ അപ്പാടെ അനുകരിച്ച് പുരുഷന് തുല്യമായി മാറുന്നവള്‍.

നിയമത്തിന്റെ ഭേദഗതി സമയത്ത് സ്ത്രീയുടെ കാപട്യം പുറത്താകുന്ന മറ്റൊരു സംഭവം ഉണ്ടായി. ലൈംഗിക അതിക്രമം, കുട്ടികളുടെ കാര്യത്തിലെങ്കിലും, gender neutral ആക്കി. അതായത് പുരുഷനോ സ്ത്രീയോ ആണ്‍കുട്ടിയോടോ പെണ്‍കുട്ടിയോടോ മൂന്നാം ലിംഗത്തില്‍പ്പെട്ടവരോടോ ലൈംഗികാതിക്രമം കാട്ടിയാല്‍ അവര്‍ ശിക്ഷാര്‍ഹരാണ്. എന്നാല്‍, വനിതാ സംഘടനകള്‍ അതിനെ എതിര്‍ത്തു. കുറ്റവാളികള്‍ പുരുഷന്‍ മാത്രമേ ആകുന്നുള്ളു എന്നവര്‍ വാദിച്ചു. എന്തൊരു കല്ലുവച്ച നുണ.

ലൈംഗിക അതിക്രമത്തിന് 40 ശതമാനം പെണ്‍കുട്ടികളും വിധേയരാകുന്നുണ്ടെങ്കില്‍ അതില്‍ എല്ലായിടത്തും അക്രമി പുരുഷനല്ല. മുതിര്‍ന്ന സ്ത്രീയ്ക്കും അതില്‍ പങ്കുണ്ട്. പെണ്‍കുട്ടികളെപ്പോലെ തന്നെ, എന്നാല്‍ അതില്‍ എത്രയോ കൂടുതലായി ആണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നു. അവരോട്  അതിക്രമം കാട്ടുന്നത് വീട്ടിനുള്ളിലും പുറത്തുമുള്ള സ്ത്രീകളും മുതിര്‍ന്ന പുരുഷന്‍മാരുമാണ്.

പക്ഷെ, തന്നെ ലൈംഗികതയിലേക്ക് ഇന്‍ട്രഡ്യൂസ് ചെയ്ത വ്യക്തിയായിട്ടാണ് ആണ്‍കുട്ടികള്‍ സ്ത്രീയെ കാണുന്നതെങ്കില്‍, തന്റെ സര്‍വ്വസ്വവും നശിപ്പിച്ചയാളായിട്ടാണ് പെണ്‍കുട്ടി അവളോട് അതിക്രമം കാട്ടിയ പുരുഷനെ കാണുന്നത്. ഇത് സ്ത്രീയ്ക്കും പുരുഷനും ലൈംഗികതയോടുള്ള വ്യത്യസ്ത സമീപനം കാരണമാണ്.

എന്നിട്ടും ആരോടും ലൈംഗിക അതിക്രമം കാട്ടാത്ത മാലാഖയാണ് സ്ത്രീയെന്ന് പുരുഷ നിര്‍മ്മിതമായ ഈ മാലാഖപ്പട്ടം വലിച്ചെറിഞ്ഞ സ്ത്രീകള്‍ പോലും പറയുന്നിടത്താണ് സ്ത്രീശാക്തീകരണത്തിന്റെ വികലമായ മുഖം തെളിയുന്നത്.

ഏത് അതിക്രമവും ചെറുക്കപ്പെടേണ്ടതാണ്. അത് വ്യക്തിയുടെ, സിറ്റിസണിന്റെ, അവകാശമാണ്. അതാണ് ശ്വേതാമേനോന്‍ ചെയ്തത്. തന്റെ ഇഷ്ടമില്ലാതെ ശരീരത്തില്‍ തൊടുകയും തടവുകയും ചെയ്ത മുന്‍ എം.പി. പീതാംബരക്കുറുപ്പിനെതിരെ അവര്‍ പ്രതികരിച്ചു. കേരളത്തിലെ വളരെ ചെറിയ ഒരു ശതമാനം ജനങ്ങള്‍ ഒഴിച്ച് മറ്റെല്ലാവരും കുറുപ്പിന്റെ നടപടിയെ എതിര്‍ക്കുകയും ശ്വേതാമേനോന്റെ പ്രതിഷേധത്തെ ശ്ലാഘിക്കുകയും ചെയ്തു. വാസ്തവത്തില്‍ ശ്വേതാമേനോന്‍ കേസ് പിന്‍വലിക്കരുതായിരുന്നു. പൊതുസദസ്സില്‍ വച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ കാട്ടിയ അതിക്രമത്തിനെതിരെ നിയമയുദ്ധം നടത്തി അയാള്‍ക്ക് ശിക്ഷ ഉറപ്പാക്കണമായിരുന്നു.

പക്ഷെ, അതേ ശ്വേതാമേനോന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത എല്ലാ പുരുഷന്‍മാരെയും, അവരുടെ ഭാര്യമാരുടെയും മക്കളുടേയും മുന്നില്‍ വച്ച്, നെഞ്ചോടമര്‍ത്തി കെട്ടിപ്പിടിയ്ക്കുന്നതിന് മുമ്പ് അവരുടെ അനുവാദം വാങ്ങിയിരുന്നോ? ശ്വേതാമേനോനും ശാക്തീകരിക്കപ്പെട്ട മലയാളി സ്ത്രീകളും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. അതിലേതെങ്കിലും ഒരു പുരുഷന്  അതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍, അയാള്‍ക്ക് ശ്വേതാമേനോനെതിരെ പരാതി കൊടുക്കാനുള്ള  ഫോറം ഏതാണ്?

ഇഷ്ടമില്ലാത്ത പുരുഷന്‍ അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നത് അതിക്രമമാണ്. എന്നാല്‍ വെറുതെ തൊടുകയല്ല, രണ്ടു കൈകൊണ്ടും വാരിക്കോരി എടുത്ത് വാരിപ്പുണരുന്ന പുരുഷന്‍ തന്റെ ആരാധ്യപുരുഷനാണെങ്കിലോ? ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ ഷാരൂഖാന്‍  പാട്ടുപാടിയ റിമിടോമിയെ രണ്ടുകൈകൊണ്ടും കോരിയെടുത്തു. ഖാന്റെ കൈകളില്‍ കിടന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് റിമി ടോമി സദസ്സിലുണ്ടായിരുന്ന ഭര്‍ത്താവിനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: ”റോയിച്ചാ ഞാന്‍ പോവുകയാ.”

തീര്‍ന്നില്ല, ആ ചടങ്ങില്‍ വച്ച് അവതാരകയായ രഞ്ജിനി ഹരിദാസ് ഷാരൂഖാന്റെ ഉമ്മ ആഗ്രഹിക്കുന്ന സ്ത്രീകള്‍ സ്റ്റേജിലേക്ക് വരണമെന്നും വരിവരിയായി നില്‍ക്കണമെന്നും അനൗണ്‍സ് ചെയ്തു. ധാരാളം മലയാളിസ്ത്രീകള്‍, കാവ്യാമാധവന്‍ ഉള്‍പ്പെടെ ക്യൂവില്‍ നിന്നു. ചുംബിച്ച ഷാരൂഖാനും ചുംബനം ഏറ്റുവാങ്ങിയ മലയാളി സ്ത്രീകളും മാന്യദേഹങ്ങള്‍ ആണ്. ഒടുവില്‍ ഷാരൂഖാന്‍ പറഞ്ഞു:”It is why this is God’s own country” ഈശ്വരാ, എന്തൊരു നാണക്കേട്!

മറ്റൊരു സംഭവം കൂടി. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഒരു എപ്പിസോഡില്‍ അരുണ്‍ നായിക് എന്ന സുമുഖനായ ചെറുപ്പക്കാരന്‍ പാടുന്നു. വിശകലനഘട്ടത്തില്‍ ശരത്തും എം.ജി.ശ്രീകുമാറും  പാട്ടിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. അരുണ്‍ വിഷമിച്ച് സ്റ്റേജില്‍ നില്‍ക്കാനും സെലിബ്രിറ്റി ഗസ്റ്റ് ആയ ശ്വേതാമേനോന്‍ സ്റ്റേജിലേക്ക് നടന്നുചെന്ന് അരുണിനെ വാരിപ്പുണരുന്നു, ആശ്വസിപ്പിക്കുന്നു. മറ്റൊരു ദിവസം ഇതേ അരുണ്‍ ഗംഭീരപ്രകടനം നടത്തുന്നു. നല്ല സെക്‌സ് അപ്പീല്‍ ഉള്ള അരുണ്‍ അന്ന് സ്ലീവ്‌ലെസ് ബനിയനാണിട്ടിരുന്നത്. രജ്ഞിനി ഹരിദാസ് അരുണിനോട് ചേര്‍ന്ന് നിന്ന് അരുണിന്റെ നെഞ്ചിലെ രോമങ്ങളെ തഴുകുന്നു. ഇക്കിളിയാക്കുന്നു. രഞ്ജിനി അഭിനന്ദിക്കുകയായിരുന്നു.

അരുണിന്റെ സ്ഥാനത്ത് സുന്ദരിയായ ഒരു പെണ്‍കുട്ടിയാണെന്ന് കരുതുക. ആദ്യം പറഞ്ഞതുപോലെ ഒരു സാഹചര്യത്തില്‍ വിഷമിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയെ എം.ജി.ശ്രീകുമാറോ ശരത്തോ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? സുന്ദരിയായ ആ പെണ്‍ഗായികയോട് ചേര്‍ന്ന് നിന്ന് ഒരു പുരുഷ അവതാരകന്‍ നെഞ്ചില്‍ തടവി ഇക്കിളിയാക്കി അഭിനന്ദിച്ചാല്‍ എന്തായിരിക്കും സ്ഥിതി?

തീര്‍ച്ചയായും സാംസ്‌കാരിക കേരളം സംസ്‌കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത രീതിയില്‍ പ്രതിഷേധിക്കും. ആത്മീയരംഗത്തുപോലും അത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിനരികെ അഭേദാനന്ദാശ്രമം ഉണ്ട്. ആശ്രമം സ്ഥാപിച്ച അഭേദാനന്ദന്‍ സുമുഖനായിരുന്നു. നല്ല ഭംഗിയായി കീര്‍ത്തനം പാടുമായിരുന്നു. സന്ദര്‍ശകരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അഭേദാനന്ദനെതിരെ പ്രതിഷേധമുണ്ടാകാന്‍ കാരണം അതായിരുന്നു.  അഭേദാനന്ദന്‍ ഏതെങ്കിലും ഒരു ഭക്തയോട് അപമര്യാദയായി പെരുമാറിയതായി ആര്‍ക്കും പരാതിയില്ലായിരുന്നു. എന്നിട്ടും, ഒരു നാള്‍ അദ്ദേഹത്തിന് ആശ്രമം വിട്ടു പോകേണ്ടിവന്നു.

കാലംമാറി, ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം ശാക്തീകരിക്കപ്പെട്ട സ്ത്രീദൈവങ്ങളും ഉണ്ടായി. പ്രായഭേദമില്ലാതെ സ്ത്രീയേയും പുരുഷനേയും, അമൃതാനന്ദമയി മടിയിലിരുത്തി, ആലിംഗനം ചെയ്ത്, ഉമ്മനല്‍കി വിടുന്നു. ഒരു പ്രതിഷേധവും എങ്ങും ഇല്ല. കാരണം, സത്രീ അമ്മയാണ്. ദേവിയാണ്. പ്രകൃതിയാണ്.

ഈ പറഞ്ഞതൊക്കെ പിന്തിരിപ്പന്‍ ആശയങ്ങളാണെന്നും പുരോഗമനം തൊട്ടുതെറിച്ചിട്ടില്ല എന്നും വിമര്‍ശനമുണ്ടാകാം. അതിനു മറുപടിയെന്നോണം കേരളത്തിലെ തൊഴിലാളികളുടെ കഥ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.

ഒരുകാലത്ത് മറ്റെവിടെയും എന്നപോലെ, കേരളത്തിലും തൊഴിലാളി വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. അര്‍ഹതപ്പെട്ട കൂലിയില്ല. എതിര്‍ സ്വരം ഉയര്‍ന്നാല്‍ അത് ഇല്ലാതാക്കും.

എന്നാല്‍, തൊളിലാളികള്‍ സംഘടിച്ചു. ശാക്തീകരിച്ചു. അര്‍ഹമായ കൂലി അവകാശമാണെന്ന് തിരിച്ചറിഞ്ഞു. അതിനു വേണ്ടി വാദിച്ചു. തല്ലിന് ഉത്തരം തിരിച്ചുതല്ല് എന്ന് കാണിച്ചുകൊടുത്തു.  അടി മുതലാളിത്തത്തിന്റെ മസ്തകത്തില്‍ തന്നെ കൊടുത്തു. അതോടെ തൊഴിലാളിയ്ക്ക് അര്‍ഹമായ വേതനം കിട്ടി. തൊഴിലിനും തൊഴിലാളിയ്ക്കും അന്തസ്സും അഭിമാനവും ഉണ്ടായി. അതാണ് പുരോഗതി. ശരിയ്ക്കുള്ള ശാക്തീകരണം.

എന്നാല്‍ പിന്നീടെന്തുണ്ടായി?

തൊഴിലാളികള്‍ തൊഴിലില്‍ കള്ളം കാണിച്ചുതുടങ്ങി. മുതലാളിയെ തിരിച്ചു ചൂഷണം ചെയ്തു തുടങ്ങി. അര്‍ഹിയ്ക്കുന്നതിലേറെ കൂലി വാങ്ങി. അത് അവകാശമാണെന്ന് വാദിച്ചു. ഒടുവില്‍ ആ അവകാശവാദം നോക്കുകൂലി എന്ന പ്രതിഭാസത്തിലെത്തി. ചെയ്യുന്ന പണിയ്ക്ക് ശരിയാം വിധം  കൂലി തരാതിരുന്ന മുതലാളിയില്‍ നിന്ന് ചെയ്യാത്ത പണിയ്ക്ക് അമിത കൂലി.

എന്നിട്ടും, ആരും പ്രതിഷേധിച്ചില്ല. പുരോഗമനത്തിന്റെ പാതയില്‍ അതിനെതിരെ ആരും ഒന്നും പറഞ്ഞുകൂട. പറയാന്‍ തുനിഞ്ഞവരെ പണ്ട് അടിയേറ്റു വാങ്ങിയ അതേ തൊഴിലാളികള്‍ തന്നെ അടിച്ചു നിശബ്ദരാക്കി.

20-25 കൊല്ലം കഴിഞ്ഞപ്പോഴാണ് നോക്കുകൂലി ശരിയായിരുന്നില്ല എന്ന് പുരോഗമന പ്രസ്ഥാന ങ്ങള്‍ തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും വളരെ വൈകിയിരുന്നു. അടിച്ചമര്‍ത്തപ്പെടാന്‍ ഉപയോഗിച്ച അതേ വളഞ്ഞവഴിയിലൂടെ ഒരു കാലത്ത് അധികാരം കൈയ്യാളിയവന്‍ സഞ്ചരിച്ചു. അത് പുതിയതായി അധികാരം കൈയ്യാളിയ അടിയാളന്‍മാര്‍ അറിഞ്ഞില്ല. കേരളത്തില്‍ ഇന്ന് തൊഴിലാളി സംഘടനകള്‍ നോക്കുകുത്തികളാണ്. എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള എക്കണോമിക് ഫ്രീ സോണുകള്‍ ഉണ്ടാകുന്നു.

വളഞ്ഞ വഴി ആരുടേയും കുത്തകയല്ല. ചൂഷണം ആരുടേയും ജന്മാവകാശവുമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍