UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ പച്ച പിടിക്കുന്ന പച്ചകുത്തല്‍

ഉണ്ണികൃഷ്ണന്‍ വി

‘ആര്‍ട്ടിസ്റ്റ് അറ്റ് വര്‍ക്ക്, ബാക്ക് ഓഫ്’. ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ചുരുട്ടിപിടിച്ച മുഷ്ടിയുമായി ഒരു ചെറുപ്പക്കാരന്‍ ആര്‍ട്ടിസ്റ്റിന്റെ മുന്നിലിരിക്കുന്നു. പേടിക്കേണ്ട, ചുരുട്ടിയ മുഷ്ടിയില്‍ ടാറ്റൂ ചെയ്യുകയാണ് അയാള്‍. തിരികെ റിസപ്ഷനിലേക്ക്, ടാറ്റൂ ആര്‍ട്ടിസ്റ്റിനെ കാണാന്‍ അപ്പോയിന്‍മെന്റ് എടുത്ത് കാത്തിരിക്കുന്ന ഒരു ഫാമിലി. ഭര്‍ത്താവിന്റെ കഴുത്തിലൊരു നെടുനീളന്‍ ടാറ്റൂ, കൈയ്യില്‍ ഒരെണ്ണം വേറെ. ഭാര്യയ്‌ക്കൊരു ടാറ്റൂ ചെയ്യിക്കാന്‍ എത്തിയതാണ് ഇവിടെ. അപ്പൊ അതാ വരുന്നു ഫോണില്‍ അടുത്ത അപ്പോയിന്‍മെന്റ്. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റും സ്റ്റുഡിയോ ഉടമയുമായ സൂരജിന് ശ്വാസം വിടാന്‍ പോലും സമയമില്ല. ഇതു തിരുവന്തപുരത്തെ ഒരു ടാറ്റൂ സ്റ്റുഡിയോയിലെ കാഴ്ച.

വര്‍ദ്ധിക്കുന്ന ടാറ്റൂ പ്രേമം
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന ടാറ്റൂ സ്റ്റുഡിയോകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി അതുക്കും മേലെയാണ്. നഗരങ്ങളില്‍ തുടങ്ങി കേരളമാകെ വ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് തന്നെ പത്തോളം ടാറ്റൂ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കുറവെങ്കിലും ടാറ്റൂ ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നുണ്ട്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതുകഴിഞ്ഞവര്‍വരെ ആ കൂട്ടത്തിലുണ്ട്.

ടാറ്റൂ ചെയ്യുന്നതിന് ചാര്‍ജ്ജ് പലയിടങ്ങളിലും പല രീതിയിലാണ് വാങ്ങുന്നത്. ചില സ്റ്റുഡിയോകളില്‍ സ്‌ക്വയര്‍ ഇഞ്ച് കണക്കിലാണ് ചാര്‍ജ്ജ്. ചിലയിടങ്ങളില്‍ ഡിസൈന്‍ അനുസരിച്ചും. 400 രൂപ മുതല്‍ മുകളിലോട്ടാണ് ചാര്‍ജ്ജ് വരിക. വര്‍ക്ക് കൂടുന്നതിനനുസരിച്ചു ചാര്‍ജ്ജും കൂടും.

തിരുവനന്തപുരത്തു നിന്നും വടക്കോട്ട് പോയാല്‍ ദിനം പ്രതി ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം വീണ്ടും കൂടും. കൊച്ചിയിലാണ് ഈ കണക്ക് കൂടുന്നത്. ആരോഗ്യവകുപ്പിന്റെ അംഗീകാരം ഉള്ളതും ഇല്ലാത്തതും ആയ നിരവധി ടാറ്റൂ സ്റ്റുഡിയോകള്‍ കൊച്ചിയിലുയര്‍ന്നു വരുന്നത് ഇതിന്റെ പ്രത്യക്ഷ ലക്ഷണമാണ്.

കുട്ടി ടാറ്റൂ ടു ഫുള്‍ ബോഡി
അമ്പതു പൈസ വട്ടത്തിലെ ചെറിയ ടാറ്റൂ മുതല്‍ ശരീരത്തിന്റെ വലിയൊരു ഭാഗം മൂടുന്ന തരത്തില്‍ വരെ ചെയ്യുന്ന ടാറ്റുവിനു ഇന്ന് കേരളത്തില്‍ ആവശ്യക്കാരുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രം ചെയ്ത ടാറ്റൂ പോലെ തന്റെ അടുത്തും അങ്ങനെ ഹൈലി പ്രൊഫഷനല്‍ ആയവര്‍ എത്താറുണ്ടെന്നും ബ്ലാക്ക് ആര്‍ട്ട്‌സ് സ്റ്റുഡിയോ ഉടമ പ്രമോദ് പറയുന്നു.

ആദ്യകാലങ്ങളില്‍ ഡിസൈന്‍ കൊണ്ടു വരുന്നവര്‍ കുറവായിരുന്നു. തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാവാന്‍ പോകുന്ന ടാറ്റൂ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നു വ്യക്തമായ കാഴ്ച്ചപ്പാടുള്ളവരാണ് ഇന്ന് ടാറ്റൂ ചെയ്യാനെത്തുന്നവര്‍ എന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു.

പലരും വരാറുള്ളത് സ്വന്തം ഡിസൈനും കൊണ്ടാണ്, ചിലര്‍ വാക്കുകളാണ് ഉപയോഗിക്കുക. ഇത്തിരി കലാവാസന ഉള്ള ചിലര്‍ സ്വന്തം ഡിസൈന്‍ വരച്ചുണ്ടാക്കിയിട്ടാവും ആര്‍ട്ടിസ്റ്റിനെ സമീപിക്കുക.

താല്‍ക്കാലികം വേണോ, സ്ഥിരപ്പെടുത്തണോ
താല്‍ക്കാലികം, സ്ഥിരമായുള്ളത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ടാറ്റുവിലുള്ളത്. ഇതില്‍ താല്‍ക്കാലികത്തിന് ആവശ്യക്കാര്‍ തുലോം കുറവാണ്. പേരു സൂചിപ്പിക്കുന്നത് പോലെ ഇതിനായുസ്സ് കുറവാണ്. സിനിമാ താരങ്ങള്‍, മോഡലുകള്‍ എന്നിങ്ങനെ ഉള്ളവരാണ് താല്‍ക്കാലികമായി ടാറ്റൂ ചെയ്യുന്നത്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം ചെയ്യുന്ന ഈ ടാറ്റു രണ്ടു ദിവസം മുതല്‍ പതിനഞ്ചു ദിവസം വരെ നിര്‍ത്താനാകും.

സ്ഥിരമായി നില്‍ക്കുന്ന ടാറ്റൂ ഒരിക്കല്‍ ചെയ്താല്‍ പതിനെട്ടു വര്‍ഷം വരെ ശരീരത്തില്‍ ഉണ്ടാവും. പക്ഷെ പെര്‍മനന്റ് ടാറ്റു ചെയ്യുന്നതിന് ചില നിബന്ധനകള്‍ ഉണ്ട് (പലരും പാലിക്കുന്നില്ലെങ്കിലും). ടാറ്റു ചെയ്യുന്നയാള്‍ക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ അംഗീകൃതമായ ടാറ്റു സ്റ്റുഡിയോകള്‍ ടാറ്റു പതിച്ചു നല്‍കുകയുള്ളൂ.

ഇതെന്റെ സ്‌നേഹമാകുന്നു
ഈയിടെ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ ‘നീന’ എന്ന സിനിമ കണ്ടവര്‍, അതിലെ നായികയുടെ കഴുത്തിലെ ടാറ്റൂ ശ്രദ്ധിച്ചിട്ടുണ്ടാവണം. ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ആര്‍ട്‌സ് എന്ന ടാറ്റൂ സ്റ്റുഡിയോ ആയിരുന്നു അതിനു പിന്നില്‍. ബ്ലാക് ആര്‍ട്‌സിന്റെ ഉടമ പ്രമോദ് ഗ്രാഫിക് ഡിസൈനിംഗിന്റെ ലോകത്തു നിന്നാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മേഖലയിലേക്കു വരുന്നത്. ആദ്യമൊരു ഹോബിയായി തുടങ്ങിയ ടാറ്റൂ ചെയ്യല്‍ ഇപ്പോള്‍ തന്റെ പൂര്‍ണസമയ ബിസിനസ്സാണെന്ന് പ്രമോദ് പറയുന്നു. കൊച്ചിയില്‍ രണ്ടു ടാറ്റൂ സ്റ്റുഡിയോകളാണ് പ്രമോദിന് സ്വന്തമായിട്ടുള്ളത്.

‘പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സ്റ്റുഡിയോ തുറന്നപ്പോള്‍ വിദേശികള്‍ ആയിരുന്നു എന്റെ ക്ലൈയന്റ്‌സില്‍ 90 ശതമാനവും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൂടുതലും നമ്മുടെ ആളുകള്‍ തന്നെ. പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ഫോഴ്‌സുകളില്‍ ഉള്ളവര്‍ എന്നിങ്ങനെ ആ ലിസ്റ്റ് നീളും’.

പണ്ടൊക്കെ ടാറ്റൂ ചെയ്യുന്നത് ഒരു വ്യക്തി അയാളുടെ സ്വന്തം വ്യക്തിത്വത്തിനു കൂടുതല്‍ നിറം കൊടുക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. ഇന്ന് ടാറ്റൂവിനു പല അര്‍ഥങ്ങളാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന ഗിഫ്റ്റായിപ്പോലും ടാറ്റൂ ചെയ്യല്‍ മാറിയിരിക്കുന്നു.

മുത്തൂറ്റ് ഫിനാന്‍സില്‍ മാനേജരായ ഉമേഷ് തന്റെ ശരീരത്തില്‍ പതിച്ചിരിക്കുന്നത് നാലു ടാറ്റുകളാണ്. സ്വയം പ്രകാശനമാണ് ഈ ടാറ്റൂ പതിക്കലിലൂടെ താന്‍ നടത്തുന്നതെന്നാണ് ഉമേഷ് പറയുന്നത്. ടാറ്റൂ ചെയ്യണമെന്ന ആഗ്രഹം കൗമാര കാലത്തെ ഉടലെടുത്തതാണ്. സ്വന്തം കാലില്‍ നിന്നപ്പോള്‍ മാത്രമാണ് അതിന് സാധിച്ചത്. എന്റെ ഭാര്യയും ടാറ്റൂ ചെയ്തിട്ടുണ്ട്.

കൊല്ലത്ത് ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അരുണ്‍ കൈയില്‍ ഭാര്യയുടെ പേരാണ് പച്ചകുത്തിയിരിക്കുന്നത്. ‘ഇതു വെറുതെ ഒരു രസത്തിനു ചെയ്തതല്ല. ഭാര്യയോട് എനിക്കുള്ള ഇഷ്ടമാണ് ഇതിലൂടെ ഞാന്‍ പ്രകടിപ്പിക്കുന്നത്.

ടാറ്റു ആരോഗ്യത്തിന് ഹാനികരം?
തിരുവനന്തപുരത്ത് ത്വക് രോഗവിദഗ്ദ്ധയായ ഡോക്ടര്‍ മായാ വിന്‍സെന്റ് പറയുന്നത് ടാറ്റൂ ചിലരുടെ ശരീരത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാന്‍ കാരണമാവുമെന്നാണ്. ‘ചിലര്‍ക്ക് ടാറ്റൂ പിഗ്മെന്റ്‌റ് അലര്‍ജി ഉണ്ടാക്കാറുണ്ട് . ശുചിത്വം പാലിക്കാത്ത ഷോപ്പുകളില്‍ നിന്നും ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ഉണ്ടാകാന്‍ കാരണമാവും. ചിലര്‍ക്ക് ടാറ്റൂ ചെയ്യുന്ന ശരീരഭാഗത്ത് സോറിയാസിസ് വരാനും ഇത് വഴിയൊരുക്കും’

തിരുവനന്തപുരത്ത് കുറവന്‍കോണത്തെ ഡിസയര്‍ ടാറ്റൂസ് സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സൂരജിന് ഇക്കാര്യത്തില്‍ പറയാനുള്ളത് ഇതാണ്; ‘ടാറ്റൂ ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ വരുമെന്നും ആര്‍മിയില്‍ എടുക്കില്ലെന്നുമൊക്കെ പറയാറുണ്ട്. ടാറ്റൂ ചെയ്താല്‍ കാന്‍സര്‍ വരുമെന്ന് പറയുന്നതിന്റെ കാരണം, അതിലുപയോഗിക്കുന്ന വസ്തുക്കളിലെ രാസഘടകങ്ങളാണ്. നമ്മള്‍ ചൈനീസ് ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഒറിജിനല്‍ ആവില്ലല്ലോ. അതുപോലെ വിലക്കുറവുണ്ടെന്നു കരുതി ചിലര്‍ വിശ്വസ്ത ബ്രാന്‍ഡുകളുടെ അതേ പേരുള്ള ഡ്യൂപ്ലിക്കേറ്റ് ഇങ്ക് വാങ്ങും. അവയില്‍ ലെഡ് കണ്ടന്റ് കൂടുതലായിരിക്കും. ലെഡ് കൂടുതലായി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറിന് കാരണമാകും. വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ടാറ്റുവാണ് കാന്‍സറിന് കാരണമെന്നും ഒറിജിനല്‍ ടാറ്റൂ ശരീരത്തിന് ഒരുതരത്തിലും ദോഷം വരുത്തില്ലെന്നും എഞ്ചിനീയറിംഗ് പ്രൊഫഷനില്‍ നിന്നും ഈ രംഗത്തെത്തിയ സൂരജ് ഉറപ്പ് പറയുന്നു.

ടാറ്റൂ സ്റ്റുഡിയോ വരുന്ന വഴി
ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കേഷനാണ് ഒരു ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ ആദ്യം വേണ്ടത്. ഉപയോഗിക്കുന്ന മഷിയുടെയും ഉപകരണങ്ങളുടെയും ക്വാളിറ്റി, സ്റ്റുഡിയോയുടെ ശുചിത്വം എന്നിവ കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കുന്നത്. എന്നാല്‍ ഈ അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഷോപ്പുകളുണ്ട്. ഇവയില്‍ കയറുന്നവര്‍ക്കാണ് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് തങ്ങളുടെ ശരീരത്ത് പതിച്ച ടാറ്റൂ മാറുന്നത്. അംഗീകാരമില്ലാത്ത സ്റ്റുഡിയോകള്‍ പോലും ലാഭകരമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നതും ടാറ്റൂ വ്യവസായം ഇന്ന് കേരളത്തില്‍ വല്ലാതെ വേരുപിടിച്ചതുകൊണ്ടാണ്. തമാശയ്ക്കും കാര്യമായും ടാറ്റൂ ചെയ്യുന്നവര്‍ കൂടുകയാണ്. 

ആദ്യത്തെ ടാറ്റൂ വൈകാരിക റോളര്‍ കോസ്റ്റര്‍: ബ്ലോഗര്‍ ശ്രീദേവി
‘ടാറ്റൂ ചെയ്യുന്നത് ശരിക്കും വേദനയേറിയ ഒന്നാണ്, പക്ഷേ ആ ടാറ്റൂവിനു ശേഷമുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ എളുപ്പമല്ല.

ആദ്യത്തെ ടാറ്റൂ ഒരു വൈകാരിക റോളര്‍ കോസ്റ്റര്‍ ആണ്. വേദനാജനകമായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. അതുകൊണ്ട് തന്നെ ടാറ്റൂ ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പുമുണ്ടാവില്ല. മറ്റൊരു ആശങ്ക ശരിയായ ടാറ്റൂ ഡിസൈന്‍, പിന്നെ ഏറ്റവും അനുയോജ്യനായ ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നിവ തിരഞ്ഞെടുക്കലാണ്. നിങ്ങളുടെ ശരീരത്തിലെ തികച്ചും സ്വകാര്യമായ ആ വളരെ ചെറിയ അടയാളത്തിന്റെ പേരില്‍ ആള്‍ക്കാര്‍ (വിദ്വേഷികള്‍) നിങ്ങളെ എങ്ങനെ വിലയിരുത്തും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എല്ലാം ശരിയാക്കി, മുന്നോട്ടു പോകാനുള്ള തീരുമാനം നിങ്ങള്‍ ഉറപ്പിക്കുകയാണെങ്കില്‍ വേദനയെക്കുറിച്ചുള്ള ആ പരിഭ്രമത്തെ നിങ്ങള്‍ മറികടക്കും. ആര്‍ട്ടിസ്റ്റ് പതുക്കെ അയാളുടെ ജോലി തുടങ്ങുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും അതിനെ ഒരു വേദനയായി പോലും കണക്കാക്കാന്‍ പറ്റില്ല എന്ന്.

അടുത്തത് ഒരു എക്‌സൈറ്റ്‌മെന്റ് ആയിരിക്കും ടാറ്റൂ പൂര്‍ണ്ണമാവുമ്പോള്‍ എങ്ങനെയുണ്ടാവും, ഏറ്റവും പ്രധാനം ടാറ്റൂ കിട്ടിയിട്ടുള്ള ഡംഫ് കാണിക്കലാണ്. എന്നെ വിശ്വസിക്കൂ, ടാറ്റൂ ചെയ്യുന്നത് പരിപൂര്‍ണ്ണമായ സന്തോഷമേ നല്‍കൂ. അത് നിങ്ങള്‍ ആദ്യമായി ടാറ്റൂ ചെയ്തത് കൊണ്ടോ ,ആ ഡിസൈന്‍ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതു കൊണ്ടോ അല്ല, സൈലന്റ് ആയി ഇരിക്കാനനുവദിക്കാതെ ദൃഡമായ ഒരു തീരുമാനമെടുക്കാന്‍ അതു നിങ്ങളെ പ്രാപ്തനാക്കും. ഒരു പക്ഷേ സ്വന്തം ജീവിതസംബന്ധിയായ വിഷയങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാവുന്നതിന്റെ ആദ്യത്തെ പടി’.

ഫ്‌ളോറിഡയിലെ മന:ശാസ്ത്രവിദഗ്ധയായ ക്രിസ്റ്റിന ഫ്രെഡറിക് റെകാസിനോ ടാറ്റൂ ചെയ്ത നിരവധി പേരെ പഠനത്തിനു വിധേയരാക്കിയിരുന്നു. അവരില്‍ ഒരു യുവതി ക്രിസ്റ്റീനയോട് പറഞ്ഞതിങ്ങനെയാണ്;  ‘ഞാനെന്ന വ്യക്തിയുടെ ഒരു പ്രതിഫലനമാണ് എന്റെ ടാറ്റൂ. അതെന്റെ നിഗൂഢമായ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നു, എന്റെ താല്‍പ്പര്യങ്ങളെ, എന്റെ ജീവിത ലക്ഷ്യങ്ങളെ, എന്റെ ജീവിത തത്വശാസ്ത്രത്തെ’. ഇത് തന്നെയാണ് ടാറ്റൂ ചെയ്യുന്ന ഓരോ വ്യക്തിക്കും പറയാനുള്ളത്; അത് പലതരത്തില്‍ ആണെന്നു മാത്രം.

വിദേശരാജ്യങ്ങളിലും പിന്നെ സിനിമാ-മോഡലിംഗ് താരങ്ങളിലും കണ്ട്, അത്ഭുതപ്പെട്ടിരുന്ന പച്ച കുത്തലുകള്‍ ഇന്ന് കേരളത്തില്‍ പ്രായഭേദമില്ലാതെ ഏവരും സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയാണ്. ഹരം എന്നതിലുപരി ടാറ്റുവിനെ സ്വത്വപ്രതിഫലനത്തിന്റെ വൈകാരികതയിലേക്കുവരെ സ്വീകരിച്ചിരിക്കുകയാണ് മലയാളി ഇന്ന്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍