UPDATES

വായന/സംസ്കാരം

പലായനം ചെയ്തവരോ, പീഡിപ്പിക്കപ്പെട്ടവരോ, കൊല്ലപ്പെട്ടവരോ ആയവരുടെ പരാജയമാണ് തന്റെ സൃഷ്ടി: ചിലിയന്‍ കവി റൗള്‍ സുറീത

കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ തന്റെ ഇന്‍സ്റ്റലേഷനിലൂടെ നടക്കുമ്പോള്‍ പാര്‍ക്കിന്‍സണ്‍സ് ബാധിതനായ റൗള്‍ സുറീതയുടെ ചുവടുകള്‍ മാത്രമേ ഇടറുന്നുള്ളു. സീ ഓഫ് പെയിന്‍ എന്നുപേരിട്ടിരിക്കുന്ന സൃഷ്ടിയുടെ ഉദ്ദേശലക്ഷ്യത്തിന് ഒരിടര്‍ച്ചയുമില്ല.

മെഡിറ്ററേനിയന്‍ കടല്‍തീരത്ത് മരച്ചുകിടന്ന രണ്ടരവയസുകാരന്‍ ഐലാന്‍ കുര്‍ദിയുടെ ചിത്രം സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധിയുടെ മുഖമുദ്രയായാണ്. എന്നാല്‍ ഐലാന്റെ സഹോദരനായ അഞ്ചുവയസുകാരന്‍ ഗാലിബ് കുര്‍ദിയുടെ മരണത്തിന് ചിത്രങ്ങളില്ല. ഗാലിബിന് സമര്‍പ്പിച്ചതാണ് സുറീതയുടെ സൃഷ്ടി. ഞാനവന്റെ അച്ഛനല്ല, പക്ഷേ ഗാലിബ് കുര്‍ദി എന്റെ മകനാണ് എന്നാണ് ഗാലിബിനെക്കുറിച്ചുള്ള സുറീതയുടെ അനുസ്മരണം.

അവഗണിക്കപ്പെട്ട ലോകത്തിന്റെ ഇരയാണ് സുറീതയെ സംബന്ധിച്ചിടത്തോളം ഗാലിബ്. ഗാലിബ് കുര്‍ദിയുടെ ഫോട്ടോഗ്രാഫുകളില്ല. അവനെ കേള്‍ക്കാനോ കാണാനോ അറിയാനോ പറ്റില്ല. ലോകത്തുടനീളം നടക്കുന്ന പ്രതിസന്ധികളുടേയും സംഘര്‍ഷങ്ങളുടേയും മുഖമില്ലാത്ത, മറവിയിലാണ്ടുപോയ ഇരകളുടെ പ്രതിനിധിയാണ് ഗാലിബ്. കടല്‍വെള്ളം കെട്ടിനിര്‍ത്തിയ മുറിയിലെ ചുവരിലെഴുതിയ തുടര്‍ച്ചകളില്ലാത്ത ചോദ്യങ്ങളുടെ പരമ്പരയായ കവിതയാണ് ഇരകള്‍ക്കായുള്ള സുറീതയുടെ സമര്‍പ്പണം.

പലായനത്തിന് വിധിക്കപ്പെട്ടവരോ, പീഡിപ്പിക്കപ്പെട്ടവരോ, കൊല്ലപ്പെട്ടവരോ ആയ ഓരോ വ്യക്തിയുടെയും മനുഷ്യരാശിയുടെയും ആകെ പരാജയമാണ് തന്റെ സൃഷ്ടി പ്രതിനിധാനം ചെയ്യുന്നതെന്ന് സുറീത പറയുന്നു. പ്രായമില്ലാത്തവര്‍വര്‍ക്കും പ്രായമായവര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടത് ചെയ്തുനല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ജനാധിപത്യമാകാന്‍ സാധിക്കില്ല. എന്നാല്‍ ഈ സ്ഥിതി മാറ്റേണ്ട ഉത്തരവാദിത്വം കവിയ്ക്കോ കലാകാരനോ അല്ല എന്നും എഴുപതുകളില്‍ ചിലിയന്‍ ഫാഷിസത്തിനെതിരെ പ്രവര്‍ത്തിച്ച സുറീത പറയുന്നു.

കലയുടെ ലോകം സ്വാതന്ത്ര്യത്തിന്റെ ലോകമാണ്. അവിടെ നിയന്ത്രണങ്ങള്‍ പാടില്ല. എന്നെ സംബന്ധിച്ചിടത്തോളം കല ലോകത്തിന്റെ ഭാഗമാണ്. എന്നാലത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാനും പാടില്ല. അത് ഫാഷിസത്തിനു തുല്യമാകും- സുറീത കൂട്ടിച്ചേര്‍ത്തു.
കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ട കലാകാരനായ സുറീതയ്ക്ക് ഫാഷിസമെന്ന സങ്കല്‍പ്പം പരിചിതമാണ്. 1973 സെപ്റ്റംബറില്‍ ചിലെയിലെ ജനാധിപത്യസര്‍ക്കാര്‍ പട്ടാളനീക്കത്തിലൂടെ അട്ടിമറിക്കപ്പെട്ടപ്പോള്‍ സുറീത അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആയിരത്തോളം പേര്‍ക്കൊപ്പം ഒരു കപ്പലില്‍ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കവിതാസാമാഹാരമായ പര്‍ഗേറ്ററിയോ പിടിച്ചെടുത്ത പട്ടാള ഉദ്യോഗസ്ഥന്‍ അത് വിധ്വംസകസാഹിത്യമാണെന്ന് പ്രഖ്യാപിച്ച് അവ കടലിലെറിഞ്ഞു. സെപ്റ്റംബറില്‍ നടന്ന രണ്ട് അനുഭവങ്ങളും (സുറീതയുടെ കവിതാനഷ്ടവും കുര്‍ദി സഹോദരന്‍മാരുടെ മരണവും) കടലിലെന്ന സമാനതയിലൂടെ ബന്ധിപ്പിക്കുകയാണ് സുറീത ബിനാലെയില്‍. വരിയിലൂടെയും ജലത്തിലൂടെയും വേദനയുടെ ഈ ദേഹം കാണാന്‍ അദ്ദേഹം കാണികളെ ക്ഷണിക്കുകയാണ്.

ഓഗസ്തോ പിനോഷെയുടെ സ്വേച്ഛാധിപത്വത്തിനെതിരെ കലാകാന്മാരുടെ സംഘടനയായ കലെക്റ്റിവോ ദ ആഷിയോണ്‍ ദ ആര്‍ട്ട (സിഎഡിഎ) എന്ന സംഘടന രൂപീകരിച്ച സുറീത ആസിഡുപയോഗിച്ച് തന്റെ കണ്ണ് നശിപ്പിക്കാന്‍ ശ്രമിച്ചും പ്രതിഷേധിച്ചിരുന്നു. 1982ല്‍ സുറീത എഴുതിയ ആന്റിപരാസിയോ എന്ന കവിതയുടെ 15 വരികള്‍ ന്യൂയോര്‍ക് നഗരത്തിലെ ആകാശത്തില്‍ വിമാനപ്പുകയിലൂടെ എഴുതപ്പെട്ടിരുന്നു. 1993ലെ നി പെന നി മിസാദോ എന്ന കവിത ചിലെയിലെ അറ്റക്കാമ മരുഭൂമിയിലെ മണലിലും എഴുതപ്പെട്ടു.

കലാകാരന് സവിശേഷമായി ഒന്നുമില്ലെന്നും, എന്നാല്‍ മാനാവരാശിയുടെ ആകെത്തുക കല സൃഷ്ടിക്കുന്ന പ്രക്രിയയില്‍ ഉള്‍പ്പെടുന്നുവെന്നും സുറീത പറയുന്നു. ആ ഉദ്യമത്തിന് പിന്നിലുള്ള പ്രചോദനം മാത്രമാണ് പ്രധാനം. കല കലാകാരന്റെ സ്വത്വമാണ് പ്രതിനിധാനം ചെയ്യുന്നത്. എനിക്ക് ഇത് കവിതയാണ്. കവിത, ഒരുപോലെ മനോഹരവും വേദനാജനകവുമാണ്. എന്നാല്‍ കവിതയെഴുത്ത് ശ്രേഷ്ഠമാണെന്നും സുറീത അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍