UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം രണ്ട് കോടി; കടല കൊറിക്കാന്‍ തികയില്ലെന്ന് രവി ശാസ്ത്രി

ബിസിസിഐയുടെ പുതിയ പ്രതിഫല വര്‍ദ്ധനവ് പോരെന്നാണ് രവി ശാസ്ത്രി പറയുന്നത്

ബിസിസിഐയുടെ പുതുക്കിയ കരാറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം രണ്ട് കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടും മുന്‍ ടീം ഡയറക്ടര്‍ കൂടിയായ രവി ശാസ്ത്രിക്ക് അതൃപ്തി. കടല കൊറിക്കാന്‍ പോലും ഈ കാശ് തികയില്ലെന്നും ശാസ്ത്രി പറയുന്നു.

ബിസിസിഐയുടെ പുതിയ പ്രതിഫല വര്‍ദ്ധനവ് പോരെന്നാണ് രവി ശാസ്ത്രി പറയുന്നത്. ‘അവര്‍ക്ക് കിട്ടാന്‍ പോകുന്നത് ഒന്നുമല്ല, രണ്ട് കോടി എന്നു പറഞ്ഞാല്‍ കടലക്കാശ് മാത്രമാണ്. വെറും നിസാരം. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് എത്രയാണ് കിട്ടുന്നത്’ ശാസ്ത്രി ചോദിക്കുന്നു. ഇന്ത്യന്‍ താരങ്ങളില്‍ പലരും പ്രതിഫലം കുറഞ്ഞതിന്റെ നിരാശയിലാണെന്നും അദ്ദേഹം പറയുന്നു. അവരും ചൂണ്ടിക്കാട്ടുന്നത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വന്‍ പ്രതിഫലമാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക കായിക ഇനങ്ങളിലും താരങ്ങള്‍ക്ക് തുച്ഛമായ പ്രതിഫലം മാത്രം കിട്ടുന്ന അവസ്ഥയുള്ളപ്പോഴാണ് രണ്ട് കോടി രൂപ വാര്‍ഷിക പ്രതിഫലവും ഓരോ മത്സരങ്ങള്‍ക്കും ലക്ഷങ്ങള്‍ മാച്ച് ഫീസും പരസ്യങ്ങളില്‍ നിന്നും കോടികളും സമ്പാദിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ പ്രതിഫലം പോരെന്ന പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ ഐപിഎല്ലില്‍ നിന്നും പലരും കോടികള്‍ സമ്പാദിക്കുന്നുണ്ട്.

കഴിഞ്ഞമാസം അവസാനമാണ് ബിസിസിഐ കളിക്കാര്‍ക്ക് ഗ്രേഡ് അടിസ്ഥാനത്തില്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. എ ഗ്രേഡ് കളിക്കാര്‍ക്ക് രണ്ട് കോടി, ബി ഗ്രേഡിന് ഒരു കോടി, സി ഗ്രേഡിന് 50 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ പ്രതിഫലം. ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷം, ഏകദിനത്തിന് ആറ് ലക്ഷം, ട്വന്റി 20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് പുതിയ മാച്ച് ഫീസ്. ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയെ ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി തന്റെ വാദത്തെ ന്യായീകരിക്കുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മാത്രം ഇടമുള്ള പൂജാരയെ ഐപിഎല്ലിലും ആരും ടീമിലെടുത്തില്ല. ടെസ്റ്റ് കളിക്കാര്‍ക്കുള്ള പ്രതിഫലം കൂട്ടണമെന്നും പൂജരയെ പോലുള്ള കളിക്കാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാത്തതിന്റെ നഷ്ടബോധമുണ്ടാകരുതെന്നും അദ്ദേഹം പറയുന്നു.

ഒമ്പത് ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (4.4 കോടി രൂപ) ആണ് പ്രതിഫലം ലഭിക്കുന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് 25 ശതമാനം അധികം പ്രതിഫലം ലഭിക്കും. ഓരോ ടെസ്റ്റിനും 14,000 ഡോളര്‍(6.9 ലക്ഷം രൂപ), ഏകദിനത്തിന് 7000 ഡോളര്‍(3.4 ലക്ഷം രൂപ), ട്വന്റി 20ക്ക് 5000 ഡോളര്‍(2.4 ലക്ഷം രൂപ) എന്നിങ്ങനെയാണ് മാച്ച് ഫീസ് ലഭിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറിയോ അഞ്ച് വിക്കറ്റോ നേടിയാല്‍ മാച്ച് ഫീസ് ഇരട്ടിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍