UPDATES

കായികം

പത്ത് ടെസ്റ്റ് പോലും കളിക്കാത്ത ഒരു കളിക്കാരനാണ് കപിലിന്റെ മനസില്‍ ഏറ്റവും പ്രതിഭയുള്ള ഇന്ത്യന്‍ താരം

ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകിരീടം നേടിക്കൊടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ഇന്നു പറഞ്ഞ ചില കാര്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുന്നതാണ്. 1983 ലെ ലോകകപ്പ് വിജയത്തില്‍ തന്റെ ടീം അംഗമായിരുന്ന മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെ കുറിച്ച് കപില്‍ പറയുന്നത്, രവി പ്രതിഭ ഇല്ലാത്ത ഒരു ക്രിക്കറ്റര്‍ ആണെന്നാണ്. പക്ഷേ വിജയിക്കണം എന്ന ആഗ്രഹവും അതിനായി കഠിനമായി ശ്രമിക്കുന്ന ആളുമായിരുന്നു രവി ശാസ്ത്രിയെന്നും കപില്‍ വ്യക്തമാക്കുന്നു.

മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് അനലിറ്റിക്‌സ് കമ്പനിയായ ഇംപാക്ട് ഇന്‍ഡെക്‌സും ചേര്‍ന്ന് എഴുതിയ നമ്പേഴ്‌സ് ഡു ലൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കപില്‍. കഴിവും മനോഭാവവും ഒരു നല്ല ക്രിക്കറ്റ് താരത്തെ രൂപപ്പെടുത്തുന്നതില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന വിഷയം പരാമര്‍ശിക്കുമ്പോഴായിരുന്നു ശാസ്ത്രിയുടെ കാര്യം കപില്‍ ഉദ്ദാഹരണമാക്കിയത്.

രണ്ടുതരം കളിക്കാരാണുള്ളത്. ഒരു കൂട്ടര്‍ക്ക് കഴിവുണ്ട് , പക്ഷേ അതിനൊത്ത കളി അവരില്‍ നിന്നുണ്ടാവില്ല, മറ്റൊരു കൂട്ടര്‍ക്ക് കഴിവ് കുറവാണെങ്കിലും അവര്‍ നന്നായി കളിക്കാന്‍ ശ്രമിക്കും. രവി ശാസ്ത്രിയെ പോലെ ചിലര്‍ക്ക് പ്രതിഭ ഇല്ലെങ്കിലും അവര്‍ മികച്ച ക്രിക്കറ്റ് കളിച്ചു. അതണാവരുടെ നേട്ടവും. ഞങ്ങള്‍ രവിയോട് എപ്പോഴും പറയുമായിരുന്നു, നിങ്ങള്‍ എടുക്കുന്നത് വെറും പത്തു റണ്‍സ് ആണെങ്കില്‍ കൂടി 30 ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. കാരണം അവസാനസമയത്ത് പന്ത് സോഫ്റ്റ് ആകും അപ്പോള്‍ എത്രവലിയ ഫാസ്റ്റ് ബൗളര്‍ ആണെങ്കിലും നമുക്ക് അടിച്ചു പരത്താം; കപില്‍ പറയുന്നു.

ഞാന്‍ രവിയുടെ മുഖത്തു നോക്കി തന്നെ പറഞ്ഞിട്ടുണ്ട്, ഞാന്‍ നിങ്ങളെ ആരാധിക്കുന്നതിനു കാരണം, നിങ്ങള്‍ ഒരു പ്രതിഭ അല്ലാത്തതുകൊണ്ടാണെന്ന്. രവി ഒരിക്കലും ഒരു നല്ല അത്‌ലറ്റ് ആയിരുന്നില്ല. അതുപോലുള്ള മറ്റൊരാളാണ് അനില്‍ കുംബ്ലെ. കുംബ്ലെയെ ഒരു അത്‌ലറ്റായെ കാണാന്‍ കഴിയില്ല. പക്ഷേ കുംബ്ലെയുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നാറുള്ളത് അദ്ദേഹത്തെക്കാള്‍ മികച്ചൊരാള്‍ ഇല്ലെന്നാണ്; കപില്‍ പറയുന്നു.

മുപ്പതു നാപ്പതു വര്‍ഷത്തെ തന്റെ ക്രിക്കറ്റ് അനുഭവത്തില്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണനക്കാള്‍ പ്രതിഭയുള്ള മറ്റൊരു കളിക്കാരനും തന്റെ മനസില്‍ ഇല്ലെന്നും കപില്‍ പറയുന്നു. പക്ഷേ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന് പത്ത് ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിക്കാന്‍ കഴിഞ്ഞില്ലെന്നും കപില്‍ ഓര്‍മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍