UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേന എംപി ചെരിപ്പ് കൊണ്ടടിച്ചത് മലയാളിയെ; ഇപ്പോള്‍ യാത്ര ട്രെയിനില്‍

കുറ്റകരമായ നരഹത്യാശ്രമം, കടന്നാക്രമണം തുടങ്ങിയ വകുപ്പുകളാണ് ശിവസേന എംപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെരിപ്പ് കൊണ്ടടിച്ചത് മലയാളിയെ. എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരായ കണ്ണൂര്‍ സ്വദേശി ആര്‍ സുകുമാരനാണ് മര്‍ദ്ദനമേറ്റത്. സുകുമാരന്റെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറി. കുറ്റകരമായ നരഹത്യാശ്രമം, കടന്നാക്രമണം തുടങ്ങിയ വകുപ്പുകളാണ് ശിവസേന എംപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം താന്‍ മാപ്പ് ചോദിക്കില്ലെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്നത് തുടരുമെന്നും ഗെയ്ക്ക്‌വാദ് പറഞ്ഞു. മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല. അയാളാണ് എന്നോട് മാപ്പ് ചോദിക്കേണ്ടത്. തന്റെ പെരുമാറ്റം പാര്‍ലമെന്റിന് അഭിമാനകരമാണെന്നും രവീന്ദ്ര ഗെയ്ക്ക്‌വാദ് വിശദീകരിച്ചു.

എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഏഴ് വിമാനക്കമ്പനികള്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിന് ഇന്നലെ ആശ്രയം ട്രെയിനായിരുന്നു. എന്നാല്‍ ഗെയ്ക്ക്‌വാദുമായ ബന്ധപ്പെട്ട നാടകീയ സംഭവങ്ങള്‍ ട്രെയിന്‍ യാത്രയിലും പിന്തുടര്‍ന്നു. ഗെയ്ക്ക്‌വാദിന്റെ സഹായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഏറെ നേരം ട്രെയിന്‍ മഥുരയില്‍ പിടിച്ചിട്ടു. ഒടുവില്‍ റെയില്‍വേ ഡോക്ടര്‍ വന്ന് പരിശോധന നടത്തി യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്ന് അറിയിച്ചതോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

നേരത്ത എയര്‍ ഇന്ത്യാ വിമാനത്തില്‍ ഗെയ്ക്ക്‌വാദ് മുംബൈയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യ ഇത് റദ്ദാക്കി. തുടര്‍ന്ന് ട്രാവല്‍ ഏജന്റ് വഴി ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും അവരും എം.പിയെ കൊണ്ടു പോകാന്‍ വിസമ്മതിച്ചു. ഇതോടെ ഓഗസ്റ്റ് ക്രാന്തി രാജധാനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു എം.പി. നേരത്തെ എം.പിയെ സ്വീകരിക്കാന്‍ന്‍ റോസാപ്പൂക്കളും ചെരിപ്പുകളുമായി വിമാനത്താവള ജീവനക്കാരും മറ്റും തയാറായി നിന്നെങ്കിലും എം.പി യാത്ര ട്രെയിനിലാക്കിയതോടെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപെട്ടു.

അപമര്യാദയായി പെരുമാറുന്ന യാത്രക്കാരുടെ ലിസ്റ്റ് തയാറാക്കാന്‍ എയര്‍ ഇന്ത്യക്ക് പിന്നാലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പെട്ട മറ്റു വിമാന കമ്പനികളും തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ ഗെയ്ക്ക്‌വാദിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതിനു പിന്നാലെ ഫെഡറേഷനില്‍ പെട്ട ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, ഗോ എയര്‍, എയര്‍ ഏഷ്യ, ജറ്റ് എയര്‍വേസ് എന്നിവരും ഇതോ പാത പിന്തുടര്‍ന്നു. വിസ്താരയും പിന്നീട് എം.പിയെ തങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു.

അതേ സമയം, സംഭവത്തില്‍ താന്‍ ക്ഷമ പറയാന്‍ ഒരുക്കമല്ലെന്നും പകരം ഒരു ഉന്നതതല കമ്മിറ്റി അന്വേഷണം നടത്തണമെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് നല്‍കിയ കത്തില്‍ ഗെയ്ക്ക്‌വാദ് ആവശ്യപ്പെട്ടു. ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത താന്‍ അവിടെ എത്തിയപ്പോള്‍ മാത്രാണ് അതില്‍ ബിസിനസ് ക്ലാസ് ഇല്ലെന്ന് അറിഞ്ഞത്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായ എകണോമി ക്ലാസ് മാത്രമാണ് വിമാനത്തില്‍ ഉള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍ എന്തുകൊണ്ട് അക്കാര്യം നേരത്തെ അറിയിക്കുന്നില്ല എന്നാരാഞ്ഞപ്പോള്‍ അങ്ങനെയൊക്കെയേ പറ്റൂ എന്നും താന്‍ ഇതിനു മുമ്പും എം.പിമാരെ കണ്ടിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ പരാമര്‍ശം. എം.പി സംസാരം ഇവിടെ വേണ്ടെന്നും വേഗം വിമാനത്തില്‍ നിന്നിറങ്ങാനും ഇല്ലെങ്കില്‍ മോദിയോട് പരാതിപ്പെടുമെന്നും വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സുമിത്ര മഹാജന് നല്‍കിയ കത്തില്‍ ഗെയ്ക്ക്‌വാദ് പറയുന്നു.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രവീന്ദ്ര ഗെയ്ക്ക്‌വാദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍