UPDATES

സിനിമ

ഞാന്‍: ക്ലീഷേകളുടെ ഘോഷയാത്രയ്ക്കപ്പുറം കാണികളെ കാണാന്‍ പഠിപ്പിക്കുന്ന സിനിമ

Avatar

രവിശങ്കര്‍

സ്ത്രീ കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു ചിത്രമാണ് ‘ഞാന്‍’.അതൊരു വലിയ വ്യത്യാസമാണ്. കാരണം, പറയപ്പെടുന്ന കഥ 1930-40 കളില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസത്തിന്റെ പച്ചപിടിക്കലും മറ്റ് സാമൂഹിക മാറ്റങ്ങളുമാണെങ്കിലും, യഥാര്‍ത്ഥത്തിലുള്ള അന്വേഷണം നടക്കുന്നത് ഈ പുറന്തോടിനുള്ളില്‍ നടക്കുന്ന വ്യക്തിസംര്‍ഘങ്ങളെ കുറിച്ചാണ്. സമൂഹത്തിന്റെ ഈ അടരില്‍ സ്വാഭാവികമായും നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീകള്‍ തന്നെയാണല്ലോ. അത് അന്നത്തെ പോലെ ഇന്നും പ്രസക്തമായി തുടരുന്നു. അമ്മ, വലിയമ്മ, പണിക്കാരി, മണ്ണാത്തി, കുറത്തി, കാമുകി, തമിഴത്തി, പേറ്റിച്ചി എന്നിങ്ങനെ വലിയൊലു സംഘം സ്ത്രീകള്‍ ഈ ബാഹ്യമായ സമൂഹ്യ ഇടപെടലുകളുടെ ഇടയില്‍ തങ്ങളുടെ ലോകങ്ങളില്‍ വസിക്കുകയും ഒരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കെ ടി എന്‍ കോട്ടൂര്‍ എന്ന, ഈ കാലഘട്ടത്തില്‍ ജീവിക്കുകയും ഇടപെടുകയും എഴുതുകയും ചെയ്തിരുന്ന, പ്രതിഭാശാലിയായ യുവാവിന് 1947ആഗസ്റ്റ് 15ന് ശേഷം എന്തു സംഭവിച്ചു എന്നുള്ളതിന്റെ അന്വേഷണവുമായാണ് രവിചന്ദ്രശേഖരന്‍ എന്ന ഐടി പ്രൊഫഷണല്‍ മുന്നോട്ട് പോകുന്നത്. ലക്ഷ്യം കോട്ടുരിനെ കുറിച്ചുള്ള നാടകമാണ്. റൂട്ട് എന്ന നാടക സംഘം ആ നാടകം അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നു. കോട്ടൂരിനെ അന്വേഷിച്ച് കോട്ടൂരിലെത്തുന്ന രവിക്ക് പല സത്യ/സത്യഭംഗങ്ങളിലൂടെ കോട്ടൂരിന്റെ മനസിന്റെ അടരുകളില്‍ പ്രവേശിക്കാന്‍ കഴിയുന്നു.

രവിക്ക് മനസിലാക്കാന്‍ കഴിയുന്നത് ഇന്നും ഏത് ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. അടിതെറ്റാത്ത എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കടിയില്‍, വ്യക്തിയുടെ മാനസികധാരകള്‍ എങ്ങിനെ കൊണ്ടുപോകുന്നു എന്നത് തന്നെയാണ് പ്രശ്‌നം.

സ്വാതന്ത്ര്യ സമര സേനാനിയാണെങ്കിലും കര്‍ഷകര്‍ക്കിടയിലാണ് കോട്ടൂര്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തില്‍, കമ്മ്യൂണിസ്റ്റെന്ന് പറയാവുന്ന ആശയങ്ങളാണ് അയാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അയാളുടെ ലേഖനങ്ങള്‍ പി കൃഷ്ണപ്പിള്ള വരെ അഭിനന്ദിച്ചവയാണ്. എന്‍ എന്ന ചുരുക്കപ്പേരില്‍ ലേഖനങ്ങളെഴുതുന്ന അയാളെ പലരും ആരാധിക്കുന്നുണ്ട്. അങ്ങിനെയുള്ള ഒരാള്‍ തന്നെയാണ് പണിക്കാരിയില്‍ ഗര്‍ഭമുണ്ടാക്കുകയും കാമുകിയെ ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്നത്. അതേസമയം, താന്‍ ഏത് കുറത്തിയുടെ മുല കുടിച്ചാണോ വളര്‍ന്നത് അവരുടെ മകന്‍ തന്റെ അച്ഛന്റെ തന്നെ മകനാണെന്ന ബോധവും അയാള്‍ക്കുണ്ട്. വ്യക്തിയാവുന്ന തന്നെ ഒരിക്കലും ഒളിപ്പിച്ച് വയ്ക്കാത്തതുകൊണ്ട് അയാളെ എയ്തുവീഴ്ത്താന്‍ സാമൂഹ്യശരീരത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവര്‍ക്ക് എളുപ്പം സാധിക്കുന്നു. താന്‍ കോണ്‍ഗ്രസുമല്ല കമ്മ്യൂണിസ്റ്റുമല്ല എന്ന് പ്രഖ്യാപിക്കുന്ന അയാളെ ആ രണ്ടു കൂട്ടരും അടിച്ചമര്‍ത്തുന്നു. പണിക്കാരിയെ തന്റെ അര്‍ദ്ധ സഹോദരനാണ് രക്ഷിച്ചതെന്നറിയുമ്പോള്‍ അയാളിലെ വ്യക്തിക്കും ഇടിവ് സംഭവിക്കുന്നു. അല്പ കാലത്തേക്കെങ്കിലും മദ്യത്തിലൂടെ ധര്‍മ്മ പദത്തിലെത്താന്‍ അയാള്‍ ശ്രമിയ്ക്കുന്നുണ്ട്. പിന്നീട് അന്ധയായ ഒരു പെണ്‍കുട്ടിയ്ക്ക് പുടവ കൊടുത്ത് തന്റെ വ്യക്തിത്വം സംരക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും.

ബെസ്റ്റ് ഓഫ് അഴിമുഖം 

പറയേണ്ട കഥകള്‍, കാണേണ്ട കാഴ്ചകള്‍; അഭ്രപാളിയിലെ മേരി കോം
ഫ്രോഡ് കളിക്കുന്ന നായകന്‍മാരും മൊത്തത്തില്‍ ഫ്രോഡാകുന്ന സമൂഹവും
സൂപ്പര്‍ചാഴി
രോഗികളും ഡോക്ടര്‍മാരും അറിയാന്‍: ഇത് നിങ്ങള്‍ക്കുള്ള ചിത്രമാണ്
യാതൊരു മുന്നറിയിപ്പും കൂടാതെ പ്രേക്ഷകനേറ്റുവാങ്ങുന്ന തലയ്ക്കടിയാണ് ഈ ചിത്രം

കുറെയേറെ സങ്കീര്‍ണമായ ഒരു കഥാപാത്രമാണ് കെ ടി എന്‍ കോട്ടൂര്‍. ചിരപരിചിതമായ ക്ലീഷേകളിലേക്ക് വഴുതിപ്പോവാന്‍ സാധ്യതയുണ്ടായിട്ടും അതില്ലാതെ കഴിച്ചുവെന്നതിന് സംവിധായകന്‍ രഞ്ജിത് അഭിനന്ദനമര്‍ഹിക്കുന്നു. ഒപ്പം ദുല്‍ഖര്‍ എന്ന നടനും. മികച്ച അഭിനയമാണ് ദുല്‍ഖര്‍ കോട്ടൂര്‍ എന്ന കഥാപാത്രത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്; ഒരു പക്ഷെ അയാളുടെ ഏറ്റവും മികച്ചത്. കോട്ടൂരിന്റെ ജ്ഞാനതൃഷ്ണയും വിപ്ലവവീര്യവും ശൃംഗാരവും ദുഃഖവും നഷ്ടബോധവുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ പകര്‍ത്താന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.

ഒരു നാടകത്തിന്റെ ചട്ടക്കൂട്ടില്‍ സിനിമയുടെ കഥ പറയുക എന്ന തന്ത്രമാണ് രഞ്ജിത് കൈക്കൊണ്ടിരിക്കുന്നത്. സമകാലിക ലോകത്തില്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്നവരുടെ ആദര്‍ശരഹിത ജീവിതവും കഥാപാത്രങ്ങളുടെ ആദര്‍ശജീവിതവും തമ്മില്‍ താരതമ്യത്തിന് ഇതുവഴി സാധിച്ചിട്ടുണ്ട്. പക്ഷെ, അവിടെയും, കോട്ടൂര്‍ എന്ന കഥാപാത്രത്തിന്റെ പുനര്‍ നിര്‍മ്മിതിയെന്ന പോലെ നിലകൊള്ളുന്ന രവിയുടെ നിഷ്‌കളങ്കതയും അര്‍പ്പണബോധവും ഒരു ചരടുപോലെ ദശാബ്ദങ്ങള്‍ താണ്ടി വന്നിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അവസാന രംഗത്തില്‍ കോട്ടൂര്‍ രവിക്കയച്ച ഒരു സാങ്കല്‍പിക ‘സ്നെയില്‍ മെയിലില്‍’ നാടകം അവസാനിപ്പിച്ചത് ഉചിതമാവുന്നു. കത്തില്‍ ഇത്രയേ പറയുന്നുള്ള: ‘അഭിവന്ദ്യനായ സഹോദരന്‍ രവിചന്ദ്രശേഖറിന്, നന്ദി, എന്ന് കെ ടി എന്‍ കോട്ടൂര്‍.’

സിനിമയില്‍ കുഴപ്പങ്ങളില്ലെന്നല്ല. വേണ്ടുവോളമുണ്ട്. പല ഭാഗങ്ങളും നാടകം പോലെയാവുന്നു. പല രംഗങ്ങളും വലിയുന്നു. മുഷിപ്പനാകുന്നു. പൂതപ്പാട്ടും മറ്റും കൊണ്ട് വന്ന ക്ലീഷേകളുടെ ഘോഷയാത്രയുണ്ടാവുന്നു. അതെല്ലാം ശരിതന്നെ. പക്ഷെ, ദുല്‍ഖര്‍ എന്ന നടനും കോട്ടൂര്‍ എന്ന കഥാപാത്രവും ഈ ദൗര്‍ബല്യങ്ങളെയൊക്കെ അതിജീവിക്കുന്നു. തങ്ങള്‍ അപകടകരമായ ഏതോ ലോകത്തുകൂടി സഞ്ചരിച്ച് രക്ഷപ്പെട്ടു പുറത്തിരിക്കയാണെന്ന ബോധമെങ്കിലും ചിത്രം കാണികളിലുണ്ടാക്കും. അങ്ങിനെയല്ലേ, കാണികള്‍ കാണാന്‍ പഠിക്കുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍