UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

പ്രതിസന്ധി എന്ന് തീരുമെന്ന് പറയാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്ക് മുന്നില്‍ ഹാജരായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായില്ല. നോട്ട് പിന്‍വലിച്ചതിന് ശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് കൃത്യമായി പറയാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചില്ലെന്ന് കമ്മിറ്റി അംഗം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു.

പ്രതിസന്ധി എന്ന് തീരുമെന്ന് പറയാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതേസമയം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് പട്ടേല്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനം തുകയായിരുന്നു ഇത്.

നോട്ട് അസാധുവാക്കലിനെക്കുറിച്ചും അത് സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്നും വ്യക്തമാക്കുന്നതിനാണ് ഉര്‍ജ്ജിത് പട്ടേല്‍ ഇന്ന് ഹാജരായതെങ്കിലും അതേക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. നോട്ട് അസാധുവാക്കലിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളെക്കുറിച്ചും അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വ്യാഴാഴ്ച വീണ്ടും ഹാജരാകണമെന്ന് ഉര്‍ജ്ജിത് പട്ടേലിന് പിഎസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍