UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രബാങ്കിന്റെ കീര്‍ത്തി സംരക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ജീവനക്കാരോട്

റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്

കേന്ദ്രബാങ്കിന്റെ അഖണ്ഡതയും കീര്‍ത്തിയും സംരക്ഷിക്കണമെന്ന് റിസര്‍ ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഏതൊരു പ്രവര്‍ത്തിയും പൂര്‍ത്തിയാകണമെങ്കില്‍ നമ്മുടെ സമ്പൂര്‍ണ സഹനം ആവശ്യമാണെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

കേന്ദ്രബാങ്കിന്റെ കീര്‍ത്തിയ്ക്കനുസരിച്ച് നാം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴത്തെ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. കടന്നുപോകുന്ന സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ മാക്രോഎകണോമിക് സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം പറയുന്നു.

നയപരമായ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയതായി പറയുന്ന അദ്ദേഹം ഇപ്പോഴത്തെ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് ആര്‍ജ്ജവത്തോടെ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നു. നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ 1000 രൂപ, 500 രൂപ നോട്ടുകള്‍ നിരോധിച്ചതും റിസര്‍വ് ബാങ്ക് അത് കൈകാര്യം ചെയ്ത രീതി സംബന്ധിച്ചും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ന്നെന്ന ആരോപണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം, മുന്‍ റിസര്‍വ് ബാങ്ക്‌ ഗവര്‍ണര്‍മാരായ വൈ വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവര്‍ രംഗത്തെത്തിയതും റിസര്‍വ് ബാങ്കിന് തിരിച്ചടിയായി.

റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നു കയറുന്നുവെന്നും അധികാര പരിധി ലംഘിക്കുന്നുവെന്നും ആരോപിച്ച് റിസര്‍വ് ബാങ്ക് ജീവനക്കാരും രംഗത്തെത്തിയിരുന്നു. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിന്റെ പരമാധികാരിയെന്ന നിലയില്‍ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ജോയിന്റ് സെക്രട്ടറിയെ അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ജീവനക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് അയച്ചത്.

അതേസമയം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പരാമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും പൊതുതാല്‍പര്യാര്‍ത്ഥം റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ആലോചിച്ച് പ്രവര്‍ത്തിക്കുന്നത് പതിവാണെന്നുമാണ് ജീവനക്കാരുടെ കത്തിനെക്കുറിച്ച് ധനകാര്യമന്ത്രാലയം പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍