UPDATES

വിവാഹ ആവശ്യത്തിനുള്ള പണം പിന്‍വലിക്കല്‍; കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ ബി ഐ

അഴിമുഖം പ്രതിനിധി

വിവാഹാവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കി ഇന്നലെ ആര്‍ബിഐ രംഗത്തെത്തി. 2.5 ലക്ഷം രൂപ വിവാഹാവശ്യത്തിനായി പിന്‍വലിക്കാമെങ്കിലും നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് മുമ്പ് അക്കൗണ്ടില്‍ കാശുണ്ടായിരുന്നവര്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ. പിന്‍വലിച്ച പണം ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ കൈമാറാവു എന്നും അവരുടെ പേരുകള്‍ നിക്ഷേപം പിന്‍വലിക്കുനുള്ള അപേക്ഷ നല്‍കുമ്പോള്‍ സൂചിപ്പിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരന്‍, വധു എന്നിവരുടെ പേര്, തിരിച്ചറിയല്‍ രേഖ, വിവാഹത്തീയതി എന്നിവയും അപേക്ഷയില്‍ വ്യക്തമായി സൂചിപ്പിക്കണം. ഈ വര്‍ഷം ഡിസംബര്‍ 30ന് മുമ്പ് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ പിന്‍വലിക്കലിലുള്ള ഇളവുകള്‍ ബാധകമാകൂ.

വിവാഹം കഴിക്കുന്നവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ മാത്രമാണ് പണം പിന്‍വലിക്കാന്‍ അനുമതി. ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു. പണം ഏറ്റുവാങ്ങുന്നവരുടെ കൃത്യമായ പട്ടികയും തങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന അവരുടെ സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം. എന്ത് ഉദ്ദേശത്തിനാണ് പണം കൈമാറുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കണം.

വിവാഹാവശ്യങ്ങള്‍ക്കുള്ള ചിലവുകള്‍ പരമാവധി ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയിലൂടെ കൈമാറാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കണം. അതായത് പണം കൈമാറ്റത്തിലൂടെ മാത്രം നടക്കുന്ന ഇടപാടുകള്‍ക്ക് മാത്രമേ പണം ഉപയോഗിക്കാവു എന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടണം. ഇത്തരം പിന്‍വലിക്കലുകളുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന രേഖകള്‍ ബാങ്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് പരിശോധിക്കേണ്ട ആവശ്യം വരികയാണെങ്കില്‍ അവ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. ആധികാരികതയുടെയോ ഉദ്ദേശശുദ്ധിയുടെയോ അടിസ്ഥാനത്തില്‍ പദ്ധതി പിന്നീട് പുനഃപരിശോധിക്കപ്പെടാമെന്നും ആര്‍ബിഐ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍