UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2000 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത് നിര്‍ത്തി; 200 രൂപ നോട്ടുകള്‍ ഉടനെത്തും

നോട്ട് നിരോധനം ഒമ്പത് മാസം പിന്നിട്ടിട്ടും നോട്ട് ക്ഷാമം പൂര്‍ണമായും പരിഹരിക്കാനാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം

റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ പ്രിന്റിംഗ് അഞ്ച് മാസം മുമ്പ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. 200 രൂപയുടേത് ഉള്‍പ്പെടെ ചെറിയ തുകയുടെ നോട്ടുകള്‍ അച്ചടിക്കാനാണ് കേന്ദ്രബാങ്കിന്റെ ഈ തീരുമാനം. അടുത്തമാസം മുതല്‍ 200 രൂപ നോട്ടുകളും വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിലും 2000 രൂപ നോട്ടുകള്‍ അച്ചടിക്കുമെങ്കിലും അത് നാമമാത്രമായിരിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഒരു റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനെ അറിയിച്ചു. നോട്ട് അസാധുവാക്കലിന് പിന്നാലെ 2000 രൂപ നോട്ടുകള്‍ പ്രചരണത്തിനെത്തിയത് രാജ്യത്ത് രൂക്ഷമായ നോട്ട് ക്ഷാമത്തിന് ഇടയാക്കിയിരുന്നു. മൂല്യം കുറഞ്ഞ നോട്ടുകള്‍ വളരെ കുറച്ച് മാത്രം പ്രചാരത്തിലുണ്ടായത് മൂലം ജനങ്ങള്‍ ചില്ലറ നോട്ടുകള്‍ക്കായി ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.

നോട്ടുക്ഷാമം മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് നവംബറില്‍ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. എന്നാല്‍ അതിന് ശേഷം ഒമ്പത് മാസം പിന്നിട്ടിട്ടും രാജ്യത്ത് നോട്ടുക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും എടിഎം കൗണ്ടറുകളില്‍ നിന്നും മറ്റും രണ്ടായിരം രൂപ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്. അതേസമയം ആദ്യകാലത്ത് നോട്ടുക്ഷാമത്തിന് 500 രൂപ നോട്ടുകള്‍ പ്രചാരത്തിലെത്തിയതോടെ ഒരു പരിധിവരെ പരിഹാരമായിരുന്നു. എങ്കിലും ഇത് പൂര്‍ണമായും പരിഹരിക്കാനാകാത്ത സാഹചര്യത്തിലാണ് 200 രൂപ നോട്ടുകളും വിപണിയിലിറക്കുന്നത്.

7.4 ട്രില്യണ്‍ രൂപ വിലമതിക്കുന്ന 3.7 ബില്യണ്‍ 2000 രൂപ നോട്ടുകളാണ് ഇതുവരെ അച്ചടിച്ചിട്ടുള്ളത്. നവംബര്‍ എട്ടിന് പിന്‍വലിച്ച ആയിരം രൂപ നോട്ടുകളുടെ മൂല്യത്തേക്കാള്‍ കൂടുതലാണ് ഇത്. 6.3 ബില്യണ്‍ 1000 രൂപ നോട്ടുകളാണ് പിന്‍വലിച്ചത്. 500 രൂപയുടെ ഏകദേശം 14 ബില്യണ്‍ നോട്ടുകളാണ് നിലവില്‍ അച്ചടിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കിയപ്പോള്‍ 7.85 ട്രില്യണ്‍ രൂപ മൂല്യമുള്ള 500 രൂപയുടെ 15.7 ബില്യണ്‍ നോട്ടുകളാണ് പിന്‍വലിച്ചത്.

റിസര്‍വ് ബാങ്കിന്റെ മൈസൂരിലെ പ്രസിലാണ് 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത്. ഒരു ബില്യണ്‍ നോട്ടുകളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. അടുത്തമാസം മുതല്‍ 2000 രൂപ നോട്ടിന്റെ ക്ഷാമം ഉണ്ടാകുമെങ്കിലും പുതുതായി വിപണിയിലെത്താനുള്ള 500 രൂപയുടെ നോട്ടുകളുടെ ബാച്ച് ഈ പ്രശ്‌നം പരിഹരിക്കും. രണ്ട് മാസം മുമ്പ് റിസര്‍വ് ബാങ്ക് 500 രൂപ നോട്ടുകള്‍ അധികമായി പുറത്തിറക്കിയതോടെയാണ് രാജ്യത്തുണ്ടായിരുന്ന നോട്ടുക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍