കാശ്മീരിനെതിരായ തീരുമാനം മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍
കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ തീരുമാനത്തെ പിന്തുണച്ച സിനിമാ താരം രജനികാന്തിനെതിരെ കോണ്‍ഗ്രസ്. മോദിയെ ശ്രീകൃഷ്ണനായും അമിത് ഷായെ അര്‍ജ്ജുനനായും താരതമ്യം ചെയ്തുകൊണ്ടുള്ള രജനീകാന്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് തമിഴ്നാട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഇത്തരത്തിലൊരു താരതമ്യം നടത്തുന്നതിന് മുമ്പ് രജനീകാന്ത് മഹാഭാരതം ഒന്നൂകൂടി വായിക്കണമായിരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ കെ എസ് അലഗിരി പറഞ്ഞു. മഹാഭാരതത്തിലെ കാര്യങ്ങള്‍ ശരിയാം വിധം മനസ്സിലാക്കിവേണമായിരുന്നു ഇത്തരത്തിലൊരു പ്രസ്താവന നടത്താനെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അവകാശങ്ങള്‍ ഉള്ള വേറെയും സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. ഇവയിലൊന്നും ഇടപെടാതെ കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തുമാറ്റിയത് അത് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുടെ അവകാശങ്ങള്‍ എടുത്തുമാറ്റുന്നവരെ എങ്ങനെയാണ് ശ്രീകൃഷ്ണനായും അര്‍ജ്ജുനനായും ചിത്രീകരിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. രജനീകാന്തിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും അലഗിരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് രജനീകാന്ത് പ്രസ്താവന ഇറക്കിയത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റിയ മോദിയും അമിത് ഷായും കൃഷ്ണനും അര്ജ്ജുനനുമാണെന്നായിരുന്നു പ്രസ്താവന.
തമിഴ്നാട്ടിലെ മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനത്തിനെതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആകുമ്പോള്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നായിരുന്നു ആ നാട്ടിലെ പ്രക്ഷോഭത്തെ പിന്തുണച്ച് എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് കാശ്മീരിനെതിരെ ബിജെപി സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം.