UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

കരിമ്പാറകളില്‍ കൊത്തിവച്ച ചില എഴുത്തുകള്‍

ഓര്‍മ്മകള്‍ക്ക് തെറ്റ് പറ്റില്ലെങ്കില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ ആണ് ബാലരമയില്‍ മായാവി പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കണ്ണൂരിലെ പഴയങ്ങാടി റയില്‍വേ സ്റ്റേഷന് സമീപമുള്ള ഹൌസിംഗ് കോളനിയില്‍ ഇരുനൂറു രൂപ വാടക കൊടുക്കുന്ന വീട്ടിലേക്ക് അച്ഛന്‍ വീട്ടു സാധനങ്ങളൊക്കെ വാങ്ങുന്നതിന്റെ കൂടെ ബാലരമയും വാങ്ങിച്ചു കൊണ്ട് വരുമായിരുന്നു. ഒരു കുപ്പിയില്‍ അകപ്പെട്ട മായാവിയെ രാജുവും രാധയും കൂടി രക്ഷപ്പെടുത്തി അവര്‍ കൂട്ടുകാരാകുന്ന ചിത്രകഥ എത്ര വായിച്ചാലും മതിയാകില്ലായിരുന്നു. അങ്ങനെ പത്താം ക്ലാസ് കഴിയുന്നത്‌ വരെ മായാവി വായിക്കാന്‍ വേണ്ടി എങ്ങനെയെങ്കിലും ബാലരമ വാങ്ങിച്ചു. പിന്നീട് അച്ഛനു ജോലിയില്‍ ഒരു ട്രാന്‍സ്ഫര്‍ കിട്ടി ഇടുക്കി ജില്ലയിലെ പീരുമേട് എന്ന സ്ഥലത്തേക്ക് പോയപ്പോള്‍ അവിടെ വീട്ടിനു തൊട്ടു മുമ്പിലെ പത്രം വില്പന നടത്തുകയും കോണ്‍ഗ്രസുകാരനുമായ ആസാദ് ചേട്ടന്റെ പീടികയില്‍ ബാലരമ വന്നാല്‍  ആദ്യം ഓടുന്ന ആള്‍ക്കാരില്‍ ഞങ്ങളും ഉണ്ടാകുമായിരുന്നു. പലപ്പോഴും “അച്ഛാ… ഒരു ബാലരമ വാങ്ങിച്ചു തരുവോ? “ എന്ന് നിവേദനം വെച്ചു കഴിഞ്ഞാലാണ് ആസാദ് ചേട്ടന്റെ പീടികയില്‍ നിന്ന് ബാലരമ വാങ്ങിക്കാന്‍ ഒന്നര രൂപ കിട്ടുക. മായാവിയും രാജുവും രാധയും നിരന്തരം ഡാകിനിയെയും കുട്ടൂസനെയും ലുട്ടാപ്പിയും വിക്രമനേയും മുത്തുവിനെയും തോല്‍പ്പിക്കുന്നത് വായിച്ചു ലഹരി പൂണ്ടു. മായാവിയുടെയും രാധയുടെയും രാജുവിന്റെയും ജയം അത് വായിക്കുന്ന ഞങ്ങളുടെയും ജയമായി.

 

പക്ഷെ ഡാകിനിക്കും കുട്ടൂസനും വിക്രമനും മുത്തുവിനും ലുട്ടാപ്പിക്കും ഒക്കെ ചില ജയങ്ങള്‍ ഉണ്ടാകാം എന്ന് ചിന്തിക്കാന്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. എന്നാലും കപീഷും ശിക്കാരി ശംഭുവിനെയും ഒക്കെ കൂട്ടുകാരാക്കി ആ കാലങ്ങളില്‍ സ്നേഹിച്ചു. ബാലരമാക്കും പൂമ്പാറ്റക്കും ശേഷം ബാലമംഗളം എന്നൊരു സാധനം ഉണ്ടെന്നും അതില്‍ ഡിങ്കന്‍ എന്നൊരു ഹീറോ ഉണ്ടെന്നും പീരുമേട്ടിലെ മരിയഗിരി സ്കൂളില്‍ പഠിക്കുമ്പോ ഏതോ ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അറിയുന്നത്. മായാവി ഒരു ബുദ്ധിമാന്‍ ആണെങ്കില്‍ ഡിങ്കന്‍ ഒരു ഇടിവീരന്‍ ആയിരുന്നു. മായാവിയുടെ ബുദ്ധിയേക്കാള്‍  പാവങ്ങളെ രക്ഷിക്കുന്ന ഡിങ്കന്റെ ഇടി ഞങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അക്കാലത്ത് ഡിങ്കന്റെ കഥ പറഞ്ഞ ഒരു കൂട്ടുകാരന്‍ പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ഒരു അമ്പതോളം ചിത്രകഥകള്‍ ബൈന്‍ഡ് ചെയ്ത ഒരു പുസ്തകം എനിക്ക് തന്നു. ജീവിതത്തില്‍ ആദ്യമായി ചെയ്ത ഒരു നല്ലതും ചീത്തയുമായ കാര്യം ആ പുസ്തകം ഇന്നും തിരിച്ചു കൊടുത്തില്ല എന്നതായിരുന്നു. ആ പുസ്തകം കാരണം ആ കൂട്ടുകാരനെ ഇന്നും ഓര്‍ക്കുന്നു. ചിത്രകഥകളെ സ്നേഹിച്ച് ബാലരമയിലെയും പൂമ്പാറ്റയിലെയും മറ്റു കഥകള്‍ ഒന്നും വായിക്കില്ലായിരുന്നു. അങ്ങനെ ബാലരമയുടെ കൂടെ ബാലരമയുടെ അമര്‍ ചിത്രകഥയും വാങ്ങിക്കാന്‍ നിവേദനം കൊടുത്തു സമരം ചെയ്തു അതിനുള്ള പൈസയും സാങ്ഷന്‍ ആക്കുമായിരുന്നു. പക്ഷെ അതിലൊന്നും ഹിന്ദു പുരാണങ്ങലോ ഹിന്ദു ചരിത്രമോ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നുമില്ല. കൂടുതല്‍ കൂടുതല്‍ ചിത്ര കഥകള്‍ എന്ന ഒരു അന്വേഷണത്തിലാണ് ടോംസിന്റെ ബോബനും മോളിയിലെക്കും എത്തുന്നത്.

 

 

അച്ചന്റെ ദേശം ആയ പെരിങ്ങീലിലെ അച്ഛന്റെ തലമുറയില്‍ പെട്ട  സ്ത്രീകള്‍ മിക്കവാറും അഞ്ചാം ക്ലാസിനപ്പുറം പഠിച്ചിരുന്നില്ല. അതില്‍ കൂടുതല്‍ പഠിച്ചവരും ഇല്ലെന്നല്ല. പക്ഷെ അവര്‍ കൃഷിയിലൂടെയും  കട്ട പൊളിക്കലിലൂടെയും മൂര്‍ച്ചയിലൂടെയും  ജീവിതത്തെ കീഴടക്കിക്കൊണ്ടിരുന്നു. റേഡിയോയിലെ ചലച്ചിത്രഗാനങ്ങളിലൂടെയും ഞായറാഴ്ച്ചത്തെ രഞ്ജിനിയിലൂടെയും  കൃഷി പാഠത്തിലൂടെയും വാര്‍ത്തകളിലൂടെയും ലോകത്തേക്കുള്ള ജനല്‍ തുറന്നു വെച്ചു. അതിന്റെ കൂടെ അവര്‍ പണിയെടുത്തു കൂലി കിട്ടുന്ന പൈസ സ്വരൂപിച്ചു മംഗളവും മനോരമയും വാങ്ങി വായിച്ചു. പത്രം വരാത്ത പെരിങ്ങീലില്‍ കോട്ടയം പുഷ്പനാഥും സുധാകര്‍ മംഗളോദയവും അവര്‍ വായിച്ചു. ഉച്ചക്ക് ചോറിനു ശേഷം പേന്‍നോക്കല്‍ ഹോബികളുടെ ഇടയില്‍ അവര്‍ അതിലെ പ്രണയ കഥകള്‍ ചര്‍ച്ച ചെയ്തു. അവര്‍ എവിടെയെങ്കിലും അത് വായിച്ചു കഴിഞ്ഞു ഇട്ടാല്‍ മനോരമയിലെ അവസാന പേജിലെ ടോംസിന്റെ ബോബനും മോളിയും കാര്‍ട്ടൂണ്‍ വായിച്ചു ഞാനും ഒക്കെ ചിരിച്ചു മരിച്ചു. ഫലിത ബിന്ദുക്കളും വിട്ടില്ലായിരുന്നു. കുട്ടികള്‍ മനോരമയും മംഗളവും വായിക്കരുതെന്ന് പറഞ്ഞാലും എങ്ങനെയെങ്കിലും കട്ടെടുത്ത് ബോബനും മോളിയും വായിച്ചു. അത് പോലെ വീട്ടില്‍ ആരും ഇല്ലെങ്കില്‍ അതിലെ നോവലുകളിലെ സെക്സും പ്രേമവും ഒക്കെ വായിച്ചു തീര്‍ത്തു. വിധിയുടെ ബാലിമൃഗങ്ങളും കൊലപാതക ഫീച്ചറുകളും വായിച്ചു. പീരുമേട്ടിലെ വീട്ടില്‍ “അമ്മേ ഞാന്‍ പഠിക്കാന്‍ പോവുകയാണ്” എന്ന് പറഞ്ഞ് റൂം അടച്ചിരുന്നു കോട്ടയം പുഷ്പനാഥിനെയും സുധാകര്‍ മംഗളോദയത്തെയും ഒക്കെ വായിച്ചു തള്ളി. മോന്‍ നന്നായിട്ടു പഠിക്കുകയാണെന്നു അമ്മ സന്തോഷം തീര്‍ത്തു. പരീക്ഷയില്‍ മാര്‍ക്ക് കിട്ടാത്തത് കൊണ്ട് എന്ത് സംഭവിക്കുന്നു എന്നായി അമ്മയുടെ ചിന്ത. ബോബനും മോളിയിലെ അപ്പി ഹിപ്പി എന്ത് കൊണ്ട് എന്നും തോറ്റു പോകുന്നു എന്നൊക്കെ ചെറുതായി ചിന്തിക്കാനും തുടങ്ങി. അക്കാലങ്ങളില്‍ പീരുമേട്ടിലെ സി പി എം എച്ച്എസ് എന്ന സ്കൂളില്‍ എസ് എഫ് ഐ ക്കാര്‍ മംഗളവും മനോരമയും പൈങ്കിളി വാരികകള്‍ ആണെന്ന് പറഞ്ഞു അതിന്റെ കോപ്പികള്‍ കത്തിച്ചു. ഇപ്പൊ ഓര്‍ക്കുമ്പോള്‍ അതാണ്‌ ഏറ്റവും  വലിയ കോമഡി എന്നും മനസ്സിലാകുന്നു.

 

എസ് എസ് എല്‍ സി കഴിഞ്ഞു കണ്ണൂരിലേക്ക് വീണ്ടും തിരിച്ചെത്തി പയ്യന്നൂര്‍ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. എനിക്കൊരു തേഡ് ഗ്രൂപ്പ് എടുത്ത് തന്നാ മതി എന്ന് അച്ഛനോട് പറഞ്ഞെങ്കിലും സെക്കന്‍റ് ഗ്രൂപ്പ് എടുത്ത് ഡോക്ടര്‍ ആകണം എന്ന് ഓര്‍ഡര്‍ വന്നു. ശരി സെക്കന്‍റ് എങ്കില്‍ സെക്കന്‍റ്. ഫിസിക്സ് എന്നത് വണ്‍ ഡിമന്‍ഷന്‍ മോഷന് അപ്പുറം എനിക്ക് പഠിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പോയിട്ട് ഒരു കമ്പൌണ്ടര്‍ പോലും ആകില്ലെന്ന് ഒരു മാസം കൊണ്ട് മനസ്സിലായി. കൂട്ടുകാരാരോ പറഞ്ഞാണ് ഞങ്ങളുടെ തൊട്ടടുത്ത രാമപുരം എന്നാ ഒരു ദേശത്ത് ഒരു വായനശാല ഉണ്ടെന്നറിഞ്ഞത്. പിന്നെ വൈകുന്നേരങ്ങളില്‍ അങ്ങോട്ടേക്ക് പോയി മെല്ലെ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകള്‍ തപ്പാന്‍ തുടങ്ങി. ഫിസിക്സിന്റെ റെക്കോഡ് ബുക്കിനുള്ളില്‍ പമ്മന്റെ നോവലുകള്‍ ആഹ്ലാദങ്ങളില്‍ ആറാടിച്ചു. നേരെ പിന്നെ നീലകണ്ഠന്‍ പാരമാരയിലേക്കും പിന്നെ പ്രേത, അപസര്‍പ്പക കഥകളിലേക്കും കേറി. ഇതിനിടയില്‍ കൂട്ടുകാര്‍ തരുന്ന നാലായി മടക്കിയ കൊച്ചു പുസ്തകങ്ങളും ഫിസിക്സ് റെക്കോഡില്‍ ഇടംപിടിച്ചു. ഷെര്‍ലക്ക് ഹോംസിന്റെ കമ്പ്ലീറ്റ് വോളിയം ഒരു സുഹൃത്ത് തന്നത് വായിച്ച് കഴിഞ്ഞും തിരിച്ചു കൊടുത്തില്ല.

 

പീരുമേട്ടിലെ ഞങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജനലിലൂടെ നോക്കിയാല്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഒരു നീല അല്ലെങ്കില്‍ പച്ച ഷാളും കഴുത്തിലൂടെ ചുറ്റി ഒറ്റയാനെ പോലെ ഒരാള്‍ നടന്നു പോകുമായിരുന്നു. വല്ലാത്തൊരു ഗാംഭീര്യം ഉണ്ടായിരുന്നു ആ മനുഷ്യന്റെ എല്ലാ നീക്കങ്ങള്‍ക്കും. ചിലപ്പോള്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്കും വന്നു. അച്ഛനോട് കുറെ അധികം സമയം സംസാരിച്ചിരിക്കും. ഒരിക്കല്‍ അച്ഛന്‍ എന്നെയും കൂട്ടി അദ്ധേഹത്തിന്റെ വീട്ടില്‍ പോയി. അന്ന് അദ്ദേഹം അച്ഛന്റെ കയ്യില്‍ “ഏകലവ്യന്റെ പെരുവിരല്‍” എന്ന ഒരു പുസ്തകം ഒപ്പിട്ടു സമ്മാനിച്ചു. അത് അദ്ദേഹം തന്നെ എഴുതിയ പുസ്തകമായിരുന്നു. കല്ലറ സുകുമാരന്‍ എന്ന കേരളത്തിലെ ഏറ്റവും ശക്തനായ ദളിത്‌ നേതാവായിരുന്നു അത്.

അങ്ങനെയിരിക്കുമ്പോഴാണ് എന്‍റെ തന്നെ പേരുള്ള ഒരു സുഹൃത്ത് പറഞ്ഞത്  “നീ മുന്‍പേ പറക്കുന്ന പക്ഷികള്‍” എന്ന നോവല്‍ വായിച്ചിട്ടുണ്ടോ? നല്ല നോവല്‍ ആണ്”. എല്ലാത്തിനോടും ദേഷ്യവും ഈ ലോകം എങ്ങനെ നന്നാകും എന്നൊക്കെ ഉള്ള കൌമാര ചിന്ത ചോര തിളപ്പിച്ചു നിക്കുമ്പോഴാണ് എഴുപതുകളുടെ നക്സലൈറ്റ് വിപ്ലവങ്ങളുടെ കഥ പറഞ്ഞ “മുന്‍പേ പറക്കുന്ന പക്ഷികള്‍” വായിക്കുന്നത്. ആ നോവല്‍ വല്ലാതെ അങ്ങ് ചോരയിലെക്ക് ഇരച്ചു കയറി. അര്‍ജുനനും അനുരാധയും നിഖിലിനെയും ഒക്കെ മറ്റാരെക്കാളുംഅധികം സ്നേഹിച്ചു. നോവലുകള്‍ വായിച്ചു തള്ളി.  അങ്ങോട്ട് വല്ലാതെ സ്നേഹിക്കാന്‍ തുടങ്ങി. പ്രീ ഡിഗ്രീക്ക് മറ്റേതൊരു ക്ലാസ്സില്‍ ഇരുന്നില്ലെങ്കിലും ഉച്ചക്ക് രണ്ടു മണിക്ക് ഉറക്ക സമയത്ത് “സൈലസ് മാര്‍നെര്‍” എന്ന നോവല്‍ക്ലാസില്‍ ഇരുന്നു. അത് പഠിപ്പിച്ച മാഷ്‌  ഞങ്ങളെ “റിസര്‍വേഷന്‍” എന്ന് പറഞ്ഞും നോവല്‍ വായിച്ചു വിട്ടും വെറുപ്പിച്ചു. പക്ഷെ നോവലിന്റെ ലോകത്തേക്ക് പയ്യന്നൂര്‍ കോളേജിലെ മുരളി മാഷ്‌ വീണ്ടും എന്നെയൊക്കെ കൂട്ടിക്കൊണ്ട് പോയി. “ദ ഗൈഡ്” എന്ന നോവല്‍ അദ്ദേഹം വളരെ മനോഹരമായി പഠിപ്പിച്ചു. പഠിപ്പിന്റെ ഇടയില്‍ അദേഹം ഞങ്ങള്‍ക്ക് ചായ വാങ്ങിച്ചു തന്നു. ഒരു നാട്ടില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ വരുമ്പോള്‍ മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

 

ഉച്ചക്കത്തെ ക്ലാസ് റൂമില്‍ ഇരുന്നു ചുവന്ന മണ്ണുള്ള ഒരു നാടും ഒരു കൊച്ചു റയില്‍വേ സ്റ്റേഷനും പിന്നെ ഒരു ആല്‍മരവും കാഴ്ചകളായി ഇങ്ങനെ കണ്‍മുന്നില്‍ തെളിഞ്ഞു. പിന്നീടെപ്പോഴോ “മുന്‍പേ പറക്കുന്ന പക്ഷികള്‍” എഴുതിയ സി. രാധാകൃഷ്ണന്‍ പയ്യന്നൂര്‍ കോളേജില്‍ വന്നപ്പോള്‍ ഗൈഡ് എന്ന പുസ്തകത്തില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചു. ഈ കാലയളവില്‍ “മുന്‍പേ പറക്കുന്ന പക്ഷികള്‍” ഒരു ഇരുപത് തവണയെങ്കിലും വായിച്ചു. പിന്നീട് അതിനെ പിന്‍തുടര്‍ന്ന് വന്ന “കരള്‍ പിളരും കാല”വും വായിച്ചു കരഞ്ഞു. അതിനെയും പിന്‍തുടര്‍ന്ന്‍ വന്ന “ഇനി ഒരു നിറകണ്‍ചിരി” ഭഗവദ്ഗീത ആണ് അവസാനത്തെ ഫിലോസോഫി എന്ന് പറഞ്ഞു വെച്ചതോടെ സി. രാധാകൃഷ്ണനെ വെറുത്തു. അങ്ങേരെ വായിക്കുന്നതും നിര്‍ത്തി. ഇതിന്റെ ഇടയില്‍ എവിടെയൊക്കെയോ വെച്ചു ഒന്നും മനസ്സിലാകാതെ “ഏകാന്തതയുടെ നൂറു വര്‍ഷ”വും വായിച്ചു തീര്‍ത്തു. പക്ഷേ എന്നെ ഞെട്ടിച്ച  ഒരു വായനാനുഭവം എന്ന് പറയുന്നത് തിരുവനന്തപുരത്തെ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സില്‍ പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ അന്ന് ഞങ്ങളുടെ സൂപ്പര്‍ സീനിയേഴ്സ്  ഇറക്കിയ “ലെസ് മിസറബള്‍സ്” എന്ന മാഗസീനില്‍ വന്ന സനല്‍ കുമാര്‍ എന്ന ഒരു കൂട്ടുകാരന്റെ ഓര്‍മ്മക്കറിപ്പ്‌ ആയിരുന്നു. മുഴുവന്‍ വരികളും ഓര്‍ക്കുന്നില്ലെങ്കിലും എന്റെ രാത്രികളിലെ ആരും കാണാത്ത ഒറ്റക്കുള്ള നിലവിളികളില്‍ ആ കുറിപ്പ് കൂട്ടായി. “ഹരിനീലരാത്രിയില്‍ കടുംനിഴലുകള്‍ എന്റെ അശരീര ഗൃഹത്തിലേക്ക് ചേക്കേറി… ദേശീയപാത ഒരു മരണം പോലെ ഇപ്പോള്‍ തണുത്തു കിടക്കുന്നുണ്ടാകും. പ്രിയപ്പെട്ടവളെ, പച്ചമരങ്ങള്‍ നിറഞ്ഞ ഒരു വന്‍ കരയില്‍ വെച്ചു നിനക്ക് തരാന്‍ വേണ്ടി മാത്രം ഞാന്‍ ഒരു പുസ്തകം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. “ലവ് ഇന്‍ ദിടൈം ഓഫ് കൊളറ” (ഓര്‍മ്മകള്‍ മുറിഞ്ഞു പോകുന്നത് പോലെ വരികളും മുറിഞ്ഞു പോകുന്നു; ക്ഷമിക്കുക). അങ്ങനെ “ലവ് ഇന്‍ ദി ടൈം ഓഫ് കൊളറ” ആ കുറിപ്പില്‍ വന്നത് കൊണ്ട് മാത്രം വായിച്ചു. ഈയിടെ ആണ് ആ നോവലിന്റെ സിനിമാരൂപം കാണുന്നത്. ഇതിന്റെ ഇടയില്‍ കോളേജ് ലൈബ്രറികളില്‍ കിട്ടുന്ന ഇക്കണോമിക് ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്ക്ലി ഉള്‍പ്പെടെയുള്ളവയും വായിച്ചു തള്ളി.

ബെസ്റ്റ് ഓഫ് അഴിമുഖം 

പണ്ട് പണ്ടൊരിടത്തൊരു പയ്യന്നൂര്‍ ശോഭയും പഴയങ്ങാടി ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു
ഓരോലച്ചൂട്ടു വെളിച്ചത്തോളം വരില്ല ഒരു പ്രഭാതവും പകലും

 തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തനം പഠിക്കുന്നതിനു മുമ്പ് എം എ ഇംഗ്ലീഷ്‌ സാഹിത്യം  എന്നൊരു രണ്ടു വര്‍ഷത്തെ എപ്പിസോഡ് തലശ്ശേരിയിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പാലയാട് ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് ക്ലാസ്മേറ്റില്‍ പറഞ്ഞത് പോലെ “ഇതാണല്ലേ ലൈബ്രറി” എന്ന അവസ്ഥ ആയിരുന്നു എന്‍റെതും. ബാക്കിയുള്ളവരൊക്കെ പുസ്തകം റെഫര്‍ ചെയ്തു പഠിച്ച് നോട്ടുകള്‍ ഉണ്ടാക്കിയപ്പോ ഡിഗ്രിക്ക് നാല്പത്തി അഞ്ചു ശതമാനം മാര്‍ക്ക് മാത്രം വാങ്ങിയ എനിക്ക് എങ്ങനെ പുസ്തകം എടുക്കണം, റെഫര്‍ ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു. ഒരു വര്‍ഷം കൊണ്ട് “മോബിഡിക്” എന്നാ ഹെമിങ്വേ നോവല്‍ വായിച്ച് തീര്‍ത്തതായിരുന്നു ആകെയുള്ള മെച്ചം. അവസാനം പരീക്ഷ വന്നപ്പോള്‍ ആകെ അന്തം വിട്ടു; സ്റ്റൈപ്പന്റ്റ് കിട്ടിയ കാശ് മുഴുവന്‍ ഗൈഡ് വാങ്ങി പഠിച്ച് ഒരു വിധം നാല്‍പത് ശതമാനം വാങ്ങി പാസായി. വൈവയ്ക്ക് എന്താണ് പോസ്റ്റ്‌ കൊളോണിയല്‍ ലിറ്ററേച്ചര്‍ എന്ന ചോദ്യം വന്നപ്പോള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരുന്നു. ഞങ്ങളുടെ പഠിപ്പിച്ച സി പി ശിവദാസന്‍ സാര്‍ വൈവ ബോര്‍ഡിന്റെ മുന്നില്‍ എന്നെക്കൊണ്ട് നാണംകെട്ടു.

 

 

ഇതിന്റെ ഇടയില്‍ എവിടെയോ വെച്ചാണ് കല്ലെന്‍ പൊക്കുടന്‍ എന്നാ മനുഷ്യനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റ്റെതായി വന്ന “കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം” എന്ന പുസ്തകം വായിച്ചു സന്തോഷിച്ചു. നമ്മുടെതായ ആത്മകഥകള്‍ പുറത്ത് വരുന്നു എന്ന സന്തോഷം ഉണ്ടായി. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചു നിരന്തരം ഡോ. അംബേദ്റെക്കറെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. പതുക്ക അംബേദ്ക്കറെ വായിച്ചു തുടങ്ങി. അതിന്നും തീര്‍ന്നിട്ടില്ല. ഇടയ്ക്കു “കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം” എന്ന പുസ്തകം എഡിറ്റ്‌ ചെയ്തവര്‍ അത് കല്ലെന്‍ പോക്കുടന്റെ ജീവിതത്തെ ഹൈജാക്ക് ചെയ്തതാണെന്ന ഒരു തോന്നല്‍ ഉണ്ടാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീജിത്ത് പൈതലെന്‍ തന്നെ “എന്റെ ജീവിതം” എന്ന പേരില്‍ കല്ലെന്‍ പോക്കുടന്റെ ഒരു ജീവചരിത്രം എഴുതി. എന്റെ ജീവിതത്തില്‍ ഇന്നേ വരെ വായിച്ചിട്ടുള്ള ഏറ്റവും ശക്തമായ മലയാളത്തിലെ രാഷ്ട്രീയ ആത്മകഥ ആയിരുന്നു അത്. അതിന്റെ ഇടയില്‍ ശ്രീജിത്ത് തന്നെ ദോസ്തോവിസ്കിയുടെ “കുറ്റവും ശിക്ഷയും” എന്ന കഥ എങ്ങനെ ഉണ്ടായതെന്ന് പറഞ്ഞു തന്നു. ഒരിക്കല്‍ ദോസ്തോവിസ്കി ഒരു പത്രത്തില്‍ കണ്ട ഒരു ചെറിയ കൊലപാതക വാര്‍ത്തയില്‍ നിന്നും ആണ്  “കുറ്റവും ശിക്ഷയും” ഉണ്ടായതെന്ന് പറഞ്ഞു. അത് പോലെ ശ്രീജിത്തും ഒരു കഥ പറഞ്ഞു. തലശേരിയില്‍ നടന്ന ഒരു സ്വവര്‍ഗ പ്രണയത്തിന്റെ ബാക്കിപത്രമായി വന്ന ഒരു കൊലപാതകത്തിന്റെ കഥ ഒരു തിരക്കഥ ആക്കി എനിക്ക് തന്നു. അത് ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ആകാന്‍ ശ്രമിച്ചു. “കുറ്റവും ശിക്ഷയും” എന്ന പേരില്‍ അത്  പൂര്‍ത്തി ആക്കിയെങ്കിലും ആ സംവിധാന  ശ്രമത്തില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടു. നല്ല ഒരു തിരക്കഥ ഞാന്‍ നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതി. 

 

പിന്നീട് ഓണ്‍ലൈന്‍ ലോകത്തെത്തുമ്പോഴാണ് വായനയുടെ ലോകം മാറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളുടെ എഴുത്തുകള്‍; ഓര്‍ക്കുട്ടിലും ജി മെയില്‍ ഗ്രൂപ്പിലും ഫെസ്ബൂക്കിലും ഉള്ള കുറിപ്പുകള്‍. അത് എന്നെപ്പോലുള്ളവരുടെ രാഷ്ട്രീയബോധത്തെ മാറ്റി മറിച്ചു. വായനയുടെ സ്വഭാവങ്ങളും മാറി. ബ്രാമണിക്കല്‍സ് ആയ ജാതിവാദികളെ ദളിതര്‍ ബൌദ്ധികമായി തന്നെ നേരിട്ട് സംവാദങ്ങള്‍ക്ക് തയ്യാറായി. ബ്രാഹ്മണിക് ജാതികേന്ദ്രങ്ങള്‍ വിറളി പൂകാന്‍ തുടങ്ങി. ഉത്തരകാലം, റൌണ്ട് ടേബിള്‍ മറ്റു ഓണ്‍ലൈന്‍ ഇടങ്ങളും എന്നെപ്പോലുള്ളവരുടെ വായനകളെ മാറ്റി മറിച്ചു.

 

പക്ഷെ ഒന്നുണ്ട്. ഏതു വായനക്കപ്പുറവും ഓര്‍മകളിലെ കരിമ്പാറകളില്‍ കൊത്തിവെച്ച ചില എഴുത്തുകള്‍ ഉണ്ട്. ഒരിക്കലും മായാത്ത ചില എഴുത്തുകള്‍. അച്ഛനും അമ്മയും അച്ചാച്ചനും അച്ചാമ്മയും ഒക്കെ പറഞ്ഞു തന്ന, അവര്‍ അനുഭവിച്ച, പലപ്പോഴും ബോംബ്‌ പോലെ പൊട്ടിത്തെറിക്കുകയും ചെയ്ത ജാതി അതിക്രമത്തിന്റെയും മറ്റും കഥകള്‍. അതൊന്നും ഇതുവരെ ഒരു പുസ്തകവും ആയിട്ടില്ലെങ്കിലും ജീവിതത്തില്‍  ഏറ്റവും ‘വായിച്ച്’ ഊര്‍ജം കൊണ്ടതും മുന്നോട്ടു പോയതും ശക്തനായതും ആ കഥകളുടെ പിന്‍ബലത്തില്‍ തന്നെ ആണ്.

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍