UPDATES

വായന/സംസ്കാരം

വായനശാലകളെ കാക്കേണ്ടതുണ്ട്

ഇന്ന് പി എൻ പണിക്കർ ദിനം, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനയിതാവും നവോത്ഥാന നായകനും ആയിരുന്നു പണിക്കർ സാർ. വായന ശാലകൾ ഗ്രാമങ്ങളിലെ അനൌദ്യോഗിക വിദ്യാലയങ്ങൾ ആണെന്നും അവ വിജ്ഞാനത്തിന്റെ കെടാ വിളക്കുകൾ ആണെന്നും സാർ നിരീക്ഷിച്ചിട്ടുണ്ട്. ഒരു വായനശാല തുറന്നാൽ ഒരു ഗ്രാമത്തിന്റെ അജ്ഞത അത്രയും കുറയും എന്നും അദ്ദേഹം തന്നെ പറഞ്ഞു. സാക്ഷരത യജ്ഞം പൂർത്തിയാക്കാൻ കേരളത്തിൽ കഴിഞ്ഞതും ഗ്രന്ഥശാലകളുടെ പിൻബലം കൊണ്ട് കൂടിയാണ്.

അടുത്തിടെ നടന്ന ഒരു വിവാദവും ആയി ബന്ധപ്പെട്ട് ലൈബ്രറി കൌണ്‍സിൽ തന്നെ പിരിച്ചു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധം വായനശാല പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ എന്താണ് ഒരു വായനശാലയുടെ പ്രസക്തി?വിപണി വല്ക്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നും മാറി ജാതി, മത, വർഗ, വര്‍ണ്ണ, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്‍ക്കും കടന്നു ചെല്ലാവുന്ന ഒരു പൊതു മതേതര ഇടമാണ് വായനശാല.

പണ്ടൊക്കെ എല്ലാ മാസങ്ങളിലും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചു സാംസ്‌കാരിക രംഗത്തെ വഴി വിളക്കുകൾ ആയി മാറിയ വായന ശാലകൾ, ഇപ്പോൾ അപചയത്തിന്റെ വക്കിലാണ്. വായന കുറഞ്ഞു, ടി വി , ഇന്റർനെറ്റ്‌ , മൊബൈൽ തുടങ്ങിയ സാങ്കേതിക സ്വാധീനങ്ങൾ   കൂടിയപ്പോൾ വായനശാല അവഗണിക്കപ്പെട്ടു. മതസ്ഥാപനങ്ങൾക്ക്‌ വാരിക്കോരി കൊടുക്കാൻ ആളുകള് വരി നിൽക്കുമ്പോൾ കൈത്താങ്ങുകൾ ഇല്ലാതെ വിഷമിക്കുകയാണ് വായനശാലകൾ. “ഞാൻ മാത്രം” എന്ന മനോഭാവത്തിൽ സംഘാടകരും കുറയുന്നു.

സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും, നല്ല വായനയിലൂടെ മനസിലെ ഭാവനകൾ തൊട്ടുണർത്താനും, സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതാനും, ഉയർന്ന ബോധത്തിലൂടെ ഒരു മികച്ച മനുഷ്യൻ ആകാനും  നമ്മുടെ പൂർവികർ നിര്‍മ്മിച്ചിട്ടുപോയ അടിത്തറ ആണ് വായനശാലകൾ. അവയെ ഇടപെടലുകളിലൂടെ അപചയത്തിൽ നിന്ന് കര കയറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്.   

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍