UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായനയുടെ ‘ഇരിപ്പുവശം’

Avatar

നിഷ് പ്രിഹ താക്കൂര്‍
(വിവര്‍ത്തനം: മീനാക്ഷി വിശ്വനാഥന്‍)

 
ചെറുപ്പം മുതലേ എങ്ങനെ വായിക്കണം എന്നെനിക്കറിയാമായിരുന്നുവെന്ന് അവകാശപ്പെടാനാവില്ല. ഇവിടെ എങ്ങനെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിലെ വാച്യമോ വ്യംഗ്യമോ ആയ അര്‍ത്ഥമൊന്നുമല്ല. എങ്ങനെ ‘ഇരുന്ന്’ വായിക്കണം എന്നത് മാത്രമാണ്. കുട്ടിക്കാലത്ത് വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തുന്ന അച്ഛന്‍ എന്നോടു ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്. ഗുണനപ്പട്ടിക മനപ്പാഠമാക്കിയോ എന്ന പതിവുചോദ്യത്തിന് ഇല്ലെന്ന് ഞാന്‍ തലയാട്ടുന്നതോടെ അച്ഛന് ദേഷ്യം വരും. നേരെയിരിക്ക്- വിരല്‍ നിലത്തേക്കു ചൂണ്ടിക്കൊണ്ട് ഒരു ആജ്ഞയാണ് പിന്നെ. ഞാന്‍ താനെ നിലത്ത് നിവര്‍ന്നിരുന്ന് പോകും. കാലുമടക്കി പത്മാസനത്തിലിരിക്കാനാവും അടുത്ത കല്പന. അങ്ങനെ നാലഞ്ചു വര്‍ഷങ്ങള്‍ ഇത് തുടര്‍ന്നു. അച്ഛനോട് മറുത്തു പറയാനുള്ള അവസരം കിട്ടിയപ്പോള്‍ ചോദിക്കാനുള്ള ആദ്യചോദ്യമായി എന്റെ മനസ്സിലുണ്ടായിരുന്നതിതായിരുന്നു. ‘കട്ടിലില്‍ കിടന്നുകൊണ്ട് കാല് നിലത്തേക്കിട്ട് പുസ്തകം വായിച്ചാല്‍ എന്താണ് കുഴപ്പം?’ അച്ഛന്‍ അപ്പോഴും ചൂടായി, പരീക്ഷക്കു പഠിക്കുമ്പോള്‍ ഞാന്‍ പത്മാസനത്തിലിരിക്കുന്നില്ലെന്ന് പരാതിപ്പെട്ട അമ്മയെ രൂക്ഷമായി നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിന്റെ ബുദ്ധി കെട്ടുപോയിരിക്കുന്നു, എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്നൊക്കെ ദൈവത്തിനറിയാം. ഇരിപ്പിന്റെ പ്രാധാന്യമെന്താണെന്നു പോലും ഇതിനറിയില്ല’. 
‘ പക്ഷെ ഉറങ്ങുന്നതിനുമുമ്പ് അച്ഛന്‍ പുസ്തകം വായിക്കാറില്ലേ, അങ്ങനെത്തന്നെ കിടന്ന് എനിക്ക് കഥ പറഞ്ഞ് തന്നിട്ടില്ലേ?’ ഞാന്‍ വിട്ടുകൊടുത്തില്ല. 
അതൊക്കെ ചുമ്മാ ഉള്ള വായനയാണ്, അതു പഠിത്തവും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു വിശദീകരണം.
ഇങ്ങനെയുള്ള നിരന്തര സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനെപ്പോഴും എന്റെ വഴി കണ്ടെത്താറുണ്ട്. ഇരിപ്പിനെ തമാശയാക്കുകയായിരുന്നു അതിലൊന്ന്. വായിക്കാനിരിക്കുമ്പോള്‍ ഞാന്‍ കാണിക്കുന്ന കോമാളിത്തങ്ങള്‍ കണ്ട് അച്ഛനുമമ്മയും ചിരിക്കും, പിന്നെ അവരതേക്കുറിച്ച് മറക്കും. പിറ്റേന്നും ബാത്ത്‌റൂമിനുള്ളില്‍ പത്രങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരും. പോകെപ്പോകെ, നിഷ്പ്രിഹാ, നീ ഈ വീടാകെ അശുദ്ധമാക്കി എന്ന പ്രാക്കില്‍ നിന്ന്, നിന്നോടൊക്കെ പറഞ്ഞിട്ടെന്ത് കാര്യം, വാ നമുക്ക് അത്താഴം കഴിക്കാം എന്ന നിസ്സംഗതയിലേക്ക് ഞങ്ങള്‍ക്കിടയിലെ സംഭാഷണങ്ങള്‍ പരുവപ്പെട്ടു. 
 
എവിടെയിരുന്നും ഞാന്‍ വായിക്കുമായിരുന്നു. അടുക്കളയില്‍ മാങ്ങ പൂളിത്തിന്നുകൊണ്ടും ട്രെയിനിന്റെ വാതുക്കലിരുന്നുകൊണ്ടും കുറിപ്പുകടലാസ്സുകള്‍ സഹയാത്രികരുടെ തോളില്‍ വച്ചുകൊണ്ടും, ബസ്സുകാത്തു നില്‍ക്കുമ്പോഴും വെറുതെ കാത്തുനില്‍ക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും വണ്ണംകൂടിയ ഉടുപ്പ് തുന്നി ശരിയാക്കുമ്പോളുമെല്ലാം ഞാന്‍ വായിച്ചുകൊണ്ടിരുന്നു. വെള്ളത്തില്‍ കാലിട്ടിരിക്കുമ്പോഴും പുഴകളെക്കുറിച്ച് സ്വപ്‌നം കാണുമ്പോഴും ഞാന്‍ വായിച്ചു. പ്രണയത്തിലും നിരാശയിലും ഞാന്‍ വായിച്ചുകൊണ്ടിരുന്നു. ഏത് മനോനിലയിലും ഏവിടെ വച്ചും, കടലാസില്‍ കണ്ണെത്താവുന്നിടം കിട്ടുമ്പോഴെല്ലാം ഞാന്‍ വായിച്ചു. പക്ഷെ ഇതൊന്നും തന്നെ എന്നെ ഒരു നല്ല വായനക്കാരിയാക്കുന്നില്ലെന്ന് എനിക്കറിയാം. എങ്കിലും ആ ‘ഇരുന്നു’ള്ള വായനയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും മായ്ച്ചു കളയാന്‍, എന്റെ കയ്യും കാലുമെല്ലാം ‘ശരിക്കുമുള്ള’ ആ വായന മറന്നു പോകാന്‍ വേണ്ടി ഞാന്‍ കണ്ടയിടത്തു നിന്നെല്ലാം വായിച്ചുകൊണ്ടിരുന്നു.
 
 
എന്നെ സംബന്ധിച്ചിടത്തോളം എന്ത് വായിക്കുന്നുവെന്നതോ എന്തിന് വായിക്കുന്നുവെന്നതോ പ്രസക്തമായിരുന്നേയില്ല. വാരികകളിലെ ‘വ്യക്തിഗത പ്രശ്‌നങ്ങള്‍’മുതല്‍ കടല പൊതിഞ്ഞ കടലാസും സ്‌കൂളുകളുടേയും ഓഫീസുകളുടേയും നോട്ടീസ് ബോര്‍ഡും ഹോട്ടലുകളിലെ വിലവിവരപ്പട്ടികയുമെല്ലാം ഞാന്‍ വായിച്ചു. നാട്ടിലുള്ള ഡോക്ടര്‍മാരുടെയെല്ലാം ബോഡുകളും അവരുടെ ഫോണ്‍ നമ്പറും , എന്തിന് മെട്രോ ട്രെയ്‌നിലെ സഹയാത്രികര്‍ വായിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടവരെ ഞാന്‍ ഒളിഞ്ഞുവായിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഞാന്‍ പഠിക്കാന്‍ വായിക്കുകയാണോ അതോ വായിക്കാന്‍ പഠിക്കുകയാണോ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
എനിക്ക് വായിക്കാനിഷ്ടമാണോ അല്ലയോ, ഞാനെങ്ങനെയാണ് വായിക്കുന്നത് -ഇതൊന്നും തന്നെ എന്റെ ഗവേഷണ പഠനത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമേ ആയിരുന്നില്ല. എങ്ങനെയായാലും എനിക്ക് വായിച്ചേ മതിയാകുമായിരുന്നുള്ളൂ. അപ്പോഴേക്കും പക്ഷെ ഞാന്‍ വായന ആസ്വദിച്ചു തുടങ്ങിയിരുന്നു.
സര്‍വകലാശാലാ ലൈബ്രറിയിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനം രസകരമായിരുന്നു. സെന്‍ട്രലൈസ്ഡ് ഏസി, കുഷ്യനിട്ട കസേരകള്‍, മനോഹരമായ പേസ്റ്റല്‍ കളറടിച്ച ചുവരുകള്‍, കാപ്പികുടിക്കാന്‍ ക്ഷണിക്കുന്ന ഭംഗിയുള്ള പോസ്റ്ററുകള്‍ നിറഞ്ഞ കോഫിഷോപ്പ്, തനിച്ചിരുന്ന പഠിക്കാനുള്ള ക്യാബിനുകള്‍, വിദ്യര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സുരക്ഷാഭടന്മാര്‍, ഓരോ മണിക്കൂറിലും വൃത്തിയാക്കുന്ന ടൈലിട്ട തറ, കാര്‍പ്പെറ്റിട്ട മുറികള്‍, എല്ലാം ചേര്‍ന്ന് ഒരു എയര്‍പോര്‍ട്ടിന്റെ ലോഞ്ച് പോലെ തോന്നിച്ചുവെങ്കിലും സംഗതി നിരാശപ്പെടുത്തിയില്ല. ആസ്വദിച്ച് വായിക്കാന്‍ ഇതിലും നല്ലൊരിടം മറ്റെവിടെക്കിട്ടാന്‍. എനിക്കാണെങ്കില്‍ വായിക്കാനൊരു കൂന പുസ്തകങ്ങളുമുണ്ടായിരുന്നു. 
എന്നാല്‍ ആ ശാന്തസുന്ദരമായ സ്ഥലത്തേക്ക് കടക്കുംമുമ്പ് തന്നെ സുരക്ഷാഭടന്‍ എന്നെ തടഞ്ഞു. ബാഗ് അകത്തേക്ക് കൊണ്ടു പോകാന്‍ പറ്റില്ല. പുസ്തകങ്ങള്‍ മോഷ്ടിക്കപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ടത്രെ! ശരിയായിരിക്കും, ഞാന്‍ ബാഗ് അവിടെയേല്‍പ്പിച്ചു. എന്നാല്‍ വായനാമുറികളില്‍ ഈ നിയമമൊന്ന് മാറ്റിക്കൂടേയെന്ന് ലൈബ്രേറിയനോട് ഞാന്‍ ചോദിച്ചു. എന്റെ ബാഗില്‍ പഴ്‌സ്, ലിപ് ബാം, ഷോള്‍, പെന്‍സിലുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളാണുണ്ടായിരുന്നത്. 
‘മാളുകളില്‍ പോകുമ്പോള്‍ നിങ്ങള്‍ ബാഗ് കൗണ്ടറിലേല്‍പ്പിക്കില്ലേ, അതിന് നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?
 
ലൈബ്രറി മാളല്ലല്ലോ, ഞാന്‍ തിരിച്ചു ചോദിച്ചു.
 
ഞാന്‍ പോയി മിഷേല്‍ ഫൂക്കോയുടെ ഒരു പുസ്തകം കയ്യിലെടുത്തു. ഫൂക്കോയെ മനസ്സിലാക്കാന്‍ എനിക്ക് നല്ല സമയം വേണമായിരുന്നു. പുസ്തകം മടിയില്‍ വച്ച് പതുക്കെ നോട്ടുകള്‍ കുറിച്ചു കൊണ്ട് ഞാന്‍ വായിച്ചു തുടങ്ങി. ഫൂക്കോ തന്നെയാണ് കാരണം, എന്റെ കാലുകള്‍ പതുക്കെ മുന്നിലുള്ള കസേരയിലേക്ക് പൊങ്ങി വരാന്‍ തുടങ്ങി. ഞാന്‍ കാലുകളൊതുക്കി വച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറെങ്കിലുമായിരുന്നു. ഉടന്‍ തന്നെ കാല് താഴ്ത്തി വക്കണമെന്നാവശ്യപ്പെട്ട് ഒരു സുരക്ഷാഭടനെത്തി, ‘ഇതൊന്നും ഇവിടെ അനുവദനീയമല്ല’. 
 
ആര് പറഞ്ഞു ?
പറ്റില്ല, ഇങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റില്ല 
 
ഒന്നു കൂടി അന്വേഷിച്ചപ്പോള്‍ അയാള്‍ മറ്റൊരു സുരക്ഷാഭടനെ കൂട്ടിക്കൊണ്ടു വന്നു. അയാളും അതു തന്നെ ആവര്‍ത്തിച്ചു. കാഫ്കയുടെ കഥാ സന്ദര്‍ഭത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇത് തുടര്‍ന്നുകൊണ്ടിരുന്നു. വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അവരെന്നെ സുരക്ഷാവിഭാഗം മേധാവിയുടെ അടുക്കലേക്ക് കൊണ്ടുപോയി. സാമാന്യം ഉയരമുള്ള മുടി ഇരുവശത്തേക്കും ചീകി വച്ചിരുന്ന അയാള്‍ ധരിച്ചിരുന്ന നീല ഷര്‍ട്ടിന്റെ കൈയില്‍ ഒരു സ്വസ്തിക ചിഹ്നം തയ്ച്ചുവച്ചിരുന്നു. കസേരയിലിരിക്കുന്ന അയാള്‍ക്കു ചുറ്റും മറ്റ് സുരക്ഷാഭടന്മാര്‍ നില്‍ക്കുകയായിരുന്നു. അയാളെന്നോട് വിനയത്തോടെ ചോദിച്ചു, മാഡം, നിങ്ങള്‍ തന്നെ പറയൂ.. ഇതാണോ പഠിക്കാനുള്ള ശരിയായ രീതി? ഇങ്ങനെയാണോ വായിക്കേണ്ടത്? ജ്ഞാനം സമ്പാദിക്കുന്നത് ഇങ്ങനെയാണേ? എങ്ങനെയാണ് ഒരാള്‍ക്ക് ഇത്തരത്തില്‍ പഠിക്കാന്‍ പറ്റുക ?
 
ഞാനെത്രയോ കാലമായി ഇങ്ങനെയാണ് വായിക്കുന്നത്. ഇതിനെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയിട്ടുമില്ല .എനിക്കിങ്ങനയേ വായിക്കാന്‍ പറ്റൂ. ഇപ്പോള്‍ തന്നെ എന്റെ കാലുവേദനിച്ചു തുടങ്ങി. അയാള്‍ എന്റെ മുഖത്തേക്കു നോക്കി, എന്റെ മുഖത്ത് സ്ഫുരിച്ച ആത്മാര്‍ത്ഥത കൊണ്ടാവണം അയാളത് വിശ്വസിച്ചെന്നു തോന്നി. പക്ഷെ ചുറ്റും നില്‍ക്കുന്ന സുരക്ഷാഭടന്മാരാവട്ടെ, പറ്റില്ലെന്ന് എന്നോട് പറയൂ എന്ന മട്ടില്‍ അയാളെ നോക്കി നില്‍ക്കുകയാണ്. അവരെ പറഞ്ഞയച്ച ശേഷം സുരക്ഷാവിഭാഗം മേധാവി മുന്നോട്ടാഞ്ഞുകൊണ്ട് രഹസ്യമെന്നവണ്ണം പോലെ പറഞ്ഞചോദിച്ചു.
വായിക്കുമ്പോള്‍ നിങ്ങള്‍ രണ്ടുകാലും പൊക്കി വച്ചിരുന്നോ ?
ഉവ്വ്, എന്തേ? ഞാന്‍ ചോദിച്ചു.
ഒരു കാലായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു, എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരുന്നു. 
ഫ്‌ലമിംഗോ നര്‍ത്തകിയെ പോലെ ഒറ്റക്കാലില്‍ ഇരുന്ന വായിക്കുക എനിക്ക് അസാധ്യമായ കാര്യമല്ലായിരുന്നു. 
എന്തായാലും നിരന്തരമായ അഭ്യര്‍ത്ഥന ഫലം കണ്ടു. ഞങ്ങള്‍ സോഷ്യോളജിക്കാര്‍ക്ക് വായിക്കാനായി ഒരു പ്രത്യേക മുറി അനുവദിക്കപ്പെട്ടു. കാര്യങ്ങള്‍ നല്ല നിലയ്ക്ക് പോവുകയായിരുന്നു. 
 
 
ഒരു ദിവസം ഞാനും എന്റെ സുഹൃത്തും ചേര്‍ന്ന് അന്നയും റസൂലും എന്ന മലയാളസിനിമ കാണുകയായിരുന്നു. ഫീല്‍ഡ് വര്‍ക്കിനായി കേരളത്തിലെ ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവേണ്ടതുള്ളതിനാല്‍ ആപ്രദേശത്തെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു ഈ സിനിമ കാണാനുണ്ടായ പ്രേരണ. മുറിയില്‍ കസേരയൊന്നുമില്ലായിരുന്നതിനാല്‍ ഞാന്‍ നിലത്തു കിടന്നുകൊണ്ട് സിനിമ കാണാന്‍ തുടങ്ങി. ഉടനെയെത്തി സുരക്ഷാഭടന്‍. ഇങ്ങനെ നിലത്തുകിടന്നുരുളാന്‍ പാടില്ല. ഇവിടെ ഇതൊന്നും അനുവദനീയമല്ല.
 
ഞാന്‍ ഉരുളുകയല്ല, ഇവിടെ കിടന്ന് സിനിമകാണുകയാണ്. 
 
ഇതൊരു സര്‍വകലാശാലയാണ്, ഇവിടെ കിടക്കുന്നത് ശരിയാണോ… എന്തുകൊണ്ട് എന്ന എന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ അയാള്‍ സ്ഥലം വിട്ടു.
പിറ്റേന്ന് സുരാക്ഷാ മേധാവി അടിയന്തിരമായി എന്നെ വിളിപ്പിക്കുന്നു.
നിങ്ങള്‍ മറ്റുകുട്ടികള്‍ക്ക് ശല്യമുണ്ടാക്കിയതായി പരാതിയുണ്ട്. ഈ ഗാര്‍ഡാണ് നിങ്ങളെ പറ്റി പരാതിപ്പെട്ടിരിക്കുന്നത്. 
ഞാനൊരു സിനിമകാണുകയായിരുന്നു. എങ്ങനെ സിനിമ കാണണം എന്ന് നിഷ്‌കര്‍ഷിക്കാനുള്ള ഒരു കാര്യവും അയാള്‍ക്കില്ലായിരുന്നു
ഒരു സര്‍വകലാശാലയില്‍ അങ്ങനെ കിടക്കുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു. പത്മാസനത്തിലിരിക്കാന്‍ അച്ഛന്‍ പറയുമ്പോള്‍ പില്‍ക്കാലത്ത് തിരിച്ചു പറഞ്ഞിരുന്ന തമാശകളൊന്നും എനിക്കോര്‍മ്മ വന്നതുമില്ല. 
സത്യമായിട്ടും ഞാനിതെഴുതുന്നത് നിവര്‍ന്നിരുന്നിട്ടാണ്. ലാപ്‌ടോപ്പ് മേശപ്പുറത്താണ്. കാലുകള്‍ താഴേക്കു തന്നെ വച്ചാണ്, വലതു കൈകൊണ്ടാണ്. എല്ലാം ശരിയായ കാര്യങ്ങള്‍.
ഞാന്‍ കിടക്കയില്‍ കിടക്കുകയല്ല കേട്ടോ, ലാപ്‌ടോപ്പ് എന്റെ വയറ്റത്തുമല്ല, നിലത്ത് കുറച്ച് ബിസ്‌കറ്റുകള്‍ വീണുകിടക്കുന്നേയില്ല.
 
*ശരിയായ നിലയില്‍ ഇരുന്നുകൊണ്ടാണ് നിങ്ങളീ കുറിപ്പ് വായിച്ചു തീര്‍ത്തതെങ്കില്‍ ഇതൊന്ന് ഷെയര്‍ ചെയ്‌തോളൂ
 
(ഗവേഷണ വിദ്യാര്‍ത്ഥിയാണ് നിഷ്പ്രിഹ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍